മാസം: ഒക്ടോബര്‍ 2015

പച്ചമുളക്

kanthari1ഇന്ന് രാവിലെ ഉപ്പുമാവ് ഉണ്ടാക്കുവാന്‍ നോക്കുമ്പോള്‍ പച്ചമുളകില്ല.  അപ്പോഴാണ്  ഞാന്‍ പലകാരണങ്ങളാല്‍   ഈയിടെ ശ്രദ്ധിക്കാതെ ഇട്ടിരുന്ന എന്റെ അടുക്കള തോട്ടത്തിനെ കുറിച്ച് ഓര്‍ത്തത്. ഓടിച്ചെന്ന്  പ്രതീക്ഷയോടെ നോക്കിയപ്പോള്‍ കാട് പോലെ വളര്‍ന്നിരിക്കുന്ന പുല്ലുകള്‍ക്കിടയില്‍  മുളകിന്‍തൈ കണ്ടു.  ഏതായാലും എനിക്ക് ആവശ്യത്തില്‍ കൂടുതല്‍ മുളക് കിട്ടി. തലേ ദിവസം രാത്രിയും നല്ല മഴ പെയ്തിരുന്നു.  എന്നാലും  ഒരു ശീലം പോലെ അത് കഴുകിയെടുത്തു. പലകപ്പുറത്ത് വെച്ചു ചെറുതായി  മുറിച്ചപ്പോള്‍ വന്ന പ്രത്യേക ഗന്ധം  ഇപ്പോഴും എന്റെ മൂക്കില്‍ തങ്ങി നില്‍ക്കുന്നു.  പിന്നീട് ഞാന്‍ ആദ്യം ചെയ്തത് ആ മുളകിന്‍ ചുവടുവൃത്തിയാക്കി വളം ഇട്ടുകൊടുക്കുക എന്നതാണ്. ചുറ്റും ഉള്ള  പുല്ല് പറിച്ചു കളഞ്ഞപ്പോള്‍ പണ്ട് നട്ടിരുന്ന വഴുതിനയും കൂടുതല്‍ മുളകിന്‍ തൈകളും തെളിഞ്ഞു വന്നു.  അന്നേ ദിവസം മുളക് പറിക്കാന്‍ ഇടയായത് കൊണ്ട്  ഞാന്‍ ആലസ്യത്തില്‍നിന്നും ഉണരുവാന്‍ ഇടയായി.

എന്റെ തോട്ടത്തില്‍ നാലു തരം മുളകുകളാണ് ഉണ്ടാകുന്നത്.  ഒന്ന്‍  താഴേക്ക് തൂങ്ങി കിടക്കുന്ന നീളമുള്ള സാക്ഷാല്‍ പച്ചമുളക്.  രണ്ടാമത്തെ ഇനം  മാനം നോക്കിയാണ്.  മൂന്നാമത്തേത് നര്‍ത്തകിയെപ്പോലെ  അരക്കെട്ട് മലിഞ്ഞു ബാക്കി  ഭാഗം വീര്‍ത്തിരിക്കുന്നതാണ്. അത് കൂടുതല്‍ എരിവുള്ള ഇനമാണ്.  നാലാമത്തേത്  മുത്തുമണികള്‍ പോലെയാണ്.  മകളുടെ വീട്ടില്‍ വെള്ളനിറത്തിലും  പച്ചനിറത്തിലുമുള്ള കാന്താരി മുളകുണ്ട്. കൂടാതെ വയലറ്റ് നിറത്തിലും,  വയലറ്റും പച്ചയും ചേര്‍ന്ന നിറത്തിലുമുള്ള മുളകുമുണ്ടാകുന്നുണ്ട്.   ഞാന്‍ ഈയിടെ ഒരു കാര്യം മനസ്സിലാക്കി. അതായത് മുളക്  ഏതാണ്ട് മൂത്താല്‍  അതില്‍ പിടിച്ചാലുടന്‍ പറിഞ്ഞുപോരും.  അല്ലെങ്കില്‍ വലിക്കേണ്ടിവരും. അപ്പോഴാകട്ടെ കൂമ്പൊടുകൂടിയായിരിക്കും പോരുക. അതില്‍ പൂവും ഇളം കായും ഉണ്ടാകും.  സങ്കടവും വരും.  കേരളത്തില്‍ കൂടുതലായി കൃഷിചെയ്യപ്പെടുന്ന ഇനങ്ങള്‍ ജ്വാല, ചമ്പ, കെ-1, സി ഒ – 1 തുടങ്ങിയവയാണ്.  ഞാന്‍ വളമായി ചേര്‍ക്കുന്നത് വേപ്പിന്‍ പിണ്ണാക്കും കടല  പിണ്ണാക്കും ബയോഗാസിന്റെ സ്ലറി നേര്‍പ്പിച്ചതുമാണ്.  ഉണങ്ങിയ ഇലകളും ഇടാറുണ്ട്.  ബ്യുവേറിയം അണുക്കള്‍ 10 ഗ്രാം ഒരു ലിറ്ററിന് എന്ന തോതില്‍ വൈകുന്നേരം നനച്ച് കഴിഞ്ഞു തളിച്ചുകൊടുക്കുന്നത്  കീടങ്ങളെ പ്രതിരോധിക്കുവാന്‍ ഒരു പരിധി വരെ നല്ലതായി കാണുന്നുണ്ട്.  മടി വരുമ്പോള്‍ ഉപേക്ഷ  കാണിക്കാറുള്ളതുകൊണ്ട് ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല.

ലുലു മാളില്‍ പോയപ്പോഴാണ്  പച്ച കൂടാതെ  മഞ്ഞ വയലറ്റ് തുടങ്ങി പല വര്‍ണ്ണങ്ങളിലുള്ള കാപ്സികം മുളക്  കാണാനിടയായത്.  നല്ല നീളമുള്ള  ഇളം മഞ്ഞ നിറത്തിലുള്ള  ബജി മുളകും നീളം കുറഞ്ഞുരുണ്ട കൊണ്ടാട്ടം മുളകും എപ്പോഴും അവിടെ കാണാം.  കടയില്‍ നിന്നും വാങ്ങുന്ന മുളക് കൊണ്ടാട്ടത്തില്‍  ഇത്രയേറെ ഉപ്പ് നിറച്ചിരിക്കുന്നത്  എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ആളുകളുടെ  രക്ത സമ്മര്‍ദം കൂടുവാന്‍ അത് കാരണമായേക്കാം.   ഞാന്‍ അഞ്ചു വര്‍ഷത്തോളം കര്‍ണ്ണാടകയിലെ ബീജാപൂരില്‍ ബി എം പാട്ടില്‍ മെഡിക്കല്‍ കോളേജില്‍ ഫാര്‍മകോളോജി വിഭാഗം മേധാവിയായി ജോലിചെയ്തുകൊണ്ടിരുന്നപ്പോള്‍ മിക്കവാറും ദിവസങ്ങളീല്‍ മുളകു ബജി കഴിക്കുമായിരുന്നു.  കോളേജിന്റെ മുമ്പില്‍ വൈകുന്നേരം നാലുമണിമുതല്‍ ഒരാള്‍ എന്നും  മുളകു ബജി ഉണ്ടാക്കി വില്‍ക്കുമായിരുന്നു.  ഓരോരുത്തര്‍ മാറിമാറി അത് വാങ്ങിപ്പിക്കുമായിരുന്നു.

എരിവില്ലാത്തതും നിറം  പകരുന്ന  കാപ്സാന്തിന്‍ കൂടുതലുള്ളതുമായ  പിരിയന്‍ മുളാകുപയോഗിച്ചാണ്  എന്റെ മംഗലാപുരത്തുള്ള അമ്മമ്മ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കിക്കൊണ്ടിരുന്നത്.   നല്ല  മാര്‍ദ്ദവമുള്ള  ചൂടുള്ള  ഇഡ്ഡലിയില്‍ നിറയെ നെയ്യ് പുരട്ടി കണ്ണിമാങ്ങ അച്ചാര്‍ കൂട്ടി കഴിക്കുവാന്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു.  ചട്ട്നിയും സാമ്പാറുമുള്ളപ്പോള്‍ എന്തിനാണ് അച്ചാര്‍ എന്ന്‍ അമ്മ ചോദിക്കും.   യുഗാദി  (വിഷു)സമയത്ത് ഞങ്ങള്‍   മംഗലാപുരത്തായിരിക്കും. യുഗാദിക്ക്  തൊട്ടുമുമ്പായി പാട്ടക്കാരന്‍ രണ്ടു കാളകളെ പൂട്ടിയ വണ്ടിയില്‍  അരി കൊണ്ടുവരും. വൈക്കോല്‍ നീളത്തില്‍ വച്ച് അതിന്റെ അറ്റം കൂട്ടീകെട്ടും.  വൈക്കോല്‍ തന്നെ  കയറിന്റെ രൂപത്തില്‍ തെറുത്തെടുത്ത് ചുറ്റും കെട്ടി ഒരു കൊട്ടയുണ്ടാക്കി  അതില്‍ അരി നിറച്ചു അറ്റം ഉള്ളിലേക്ക്  കുത്തിതിരുകുന്നു.   അങ്ങനെയുള്ള  ഒരു കൊട്ടഅരിക്ക് ഒരു മൂട എന്നാണ് പറയുന്നത്. 25 മൂടയാണ് കണക്കെങ്കിലും 20-ല്‍ കൂടുതല്‍ കൊണ്ടുവരാറില്ല. അതില്‍ പകുതിയില്‍ കൂടുതല്‍ പച്ചരിയും ബാക്കി ചുവന്ന കുത്തരിയുമായിരിക്കും.  ‘ഇന്ന്  കൊയ്യും വയലേലകളെല്ലാം നമ്മുടേതാകും പൈങ്കിളിയേ’ എന്ന്‍ പാടിയതുപോലെ Land Reform Act വന്നപ്പോള്‍ അരിയുടെ വരവ് പൂ ര്‍ണ്ണമായും  നിലച്ചു.  പച്ചരിയാണ്  ചോറുവെക്കാനും പലഹാരത്തിനും ഉപയോഗിക്കുന്നത്.  കുത്തരി  കന്നുകാലികള്‍ക്കുള്ളതാണ്. ഞാന്‍ പലപ്പോഴും  അവക്കുള്ള കഞ്ഞിയില്‍നിന്നും കുറച്ചെടുത്ത് നെയ്യ് ഒഴിച്ച്  അമ്മമ്മ പച്ചമാങ്ങ കൊത്തിയരിഞ്ഞു നല്ല എരിവുള്ള ചുവന്ന ഉണക്കമുളകുപൊടി ചേര്‍ത്തുണ്ടാകിയ അച്ചാറുകൂട്ടി  കഴിക്കും. അരി കഴുകിക്കാണുകയില്ല എന്നെനിക്കിന്നുറപ്പാണ്.  അത് അമ്മാവന്മാരാരെങ്കിലും കണ്ടാല്‍ പറയും ‘നീയും ചുണയില്ലാതെ അതുപോലെ കഞിയായിപ്പോകുമെന്ന്’.’  കേരളത്തില്‍  ജനിച്ചു വളര്‍ന്ന ഞാന്‍ അന്നേ മലയാളിയാകുവാന്‍ വിധിക്കപ്പെട്ടിരുന്നുവെന്ന് എനിക്കു  തോന്നുന്നു. ഞങ്ങളുടെ വീട്ടില്‍ സാധാരണയായി കഞ്ഞി വെക്കാറില്ല.  കഞ്ഞിയും കപ്പയും കാന്താരി മുളകുമുടച്ചു  കഴിക്കുന്ന ശീലം മലയാളിക്കുണ്ടായിരുന്നു.  എന്റെ ഒരു ഭര്‍തൃസഹോദരന്‍ എന്തുണ്ടാക്കിയാലും എരിവില്ല എന്നു പറഞ്   ഒരു പിടി കാന്താരി മുളകുമായിട്ടാണ് ചോറുണ്ണാന്‍ ഇരിക്കുന്നത്. ‘എരിവേറിയാല്‍ വയറും എരിയും’  എന്നത്  അത്ര ശരിയാണെന്ന്  തോന്നുന്നില്ല.  ഇന്ന്‍  ബിരിയാണിയും ചില്ലി ചിക്കനും  വളരെ വിശിഷ്ടമായി കണക്കാക്കപ്പെടുന്നു. ഏതാണ്ട് ഇടിയപ്പം പോലെയുള്ള ഒരു വിഭവം വിശേഷമായി  അമ്മമ്മ തയ്യാറാക്കാറുണ്ടായിരുന്നു.  അത് മൂന്നുതരത്തിലാണ്  കഴിക്കാറുള്ളത്.  ഒന്നാമത്  കണ്ണിമാങ്ങ അച്ചാര്‍ കൂട്ടി; രണ്ടാമത് പുളിശ്ശേരി കൂട്ടി; മൂന്നാമത് ശര്‍ക്കരചേര്‍ത്ത തേങ്ങാപാലോ, അതില്‍ മാമ്പഴം കൂടി നുറുക്കിയിട്ടതോ കൂട്ടി.  ഇന്നതെല്ലാം നാവില്‍ വെള്ളമൂറും ഓര്‍മ്മകള്‍ മാത്രം.

പച്ചമുളക് കറിയില്‍ ചേര്‍ക്കുന്നത്   എരിവിന് വേണ്ടി മാത്രമല്ല അതിന്റെ പ്രത്യേകമായ വാസനയ്ക്കുവേണ്ടി കൂടിയാണ്.  അത്ഭുത സുഗന്ധ വ്യഞ്ജനം  എന്നാണ് മുളകിനെ വിശേഷിപ്പിക്കാറുള്ളത്. ലോകമെമ്പാടും മുളക് പച്ചയായോ ഉണക്കിയോ ഉപയോഗിക്കപ്പെടുന്നുണ്ട്.  വേനല്‍ക്കാലത്ത്  ദാഹശമനത്തിന് പച്ചമുളക് മാത്രം ചേര്‍ത്ത സംഭാരമായാലും വേണ്ടില്ല   വീണ്ടും വീണ്ടും കുടിക്കുവാന്‍ തോന്നും. ആയിരം കുപ്പി  കൊക്കകോളകള്‍ക്ക്  അതിന് പകരം വെക്കാനാവില്ല.  വിറ്റാമിന്‍ എ സി, പൊട്ടാസിയം, മഗ്നിസിയം, ഇരുമ്പ് തുടങ്ങിയവ ഇതിലടങ്ങിയിട്ടുണ്ട്.  കൊളോസ്ട്രോള്‍  കുറക്കാനും രക്തം കട്ട പിടിക്കാതെയിരിക്കാനും ഇത് സഹായകമാണെന്ന് കരുതപ്പെടുന്നു.

5000 ബി സി യില്‍ തന്നെ  തെക്കേ അമേരിക്കയില്‍ മുളക് കൃഷിചെയ്തിരുന്നതായി ഖനനത്തില്‍നിന്നും കിട്ടിയ അവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നു. Chilli എന്ന നാമം പുരാതന ഭാഷയായ ആസ്ടെക്  നാഹ്വാടി  ഭാഷയിലെ  chiltepin, xilli എന്നീ  വാക്കുകളില്‍ നിന്നും  ഉത്ഭവിച്ചതാണ്.  ദേശാടനക്കിളീകളും പോര്‍ത്തുഗീസുകാരുമാണ്  മുളകിനെ ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയത്.  കാപ്സികം ആനം എല്‍,  കാപ്സികം ഫ്രൂടെസെന്‍സ് എല്‍ എന്നിങ്ങനെയാണ് സാധാരണ കാണപ്പെടുന്ന മുളകുകളുടെ ശാസ്ത്രനാമങ്ങള്‍.   കാപ്സൈസിന്‍ (Capsaicin) എന്ന    പദാര്‍ത്ഥമാണ്  ( alkaloid)   മുളകിന്റെ എരിവിന്  കാരണം.  അതിന്റെ 90%   തൊലിയുടെ അടിയിലുള്ള പാടയിലും ബാക്കി വിത്തിനോട് ചേര്‍ന്നുള്ള മാംസളമായ ഭാഗത്തിലുമാണുള്ളത്.  ഇന്ത്യയില്‍ ഏറ്റവും എരിവുകുടിയ ഇനമായ നാഗ ജോലോകിയ  കൃഷിചെയ്യപ്പെടുന്നത്  അസമിലെ  ഒരു കുഗ്രാമമായ  തേജ് പൂരിലാണ്. ഇന്ന്‍  ഇന്ത്യയാണ്  ഏറ്റവും കൂടുതല്‍ മുളക് ഉല്‍പ്പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതുമായ രാജ്യം.   51,000 ടണ്ണില്‍ കൂടുതല്‍ മുളക് പ്രതിവര്‍ഷം  ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. ആന്ധ്ര, തെലുങ്കാന, കര്‍ണ്ണാടക. ഒഡിഷ, മഹാരാഷ്ട്ര   തുടങ്ങിയ സംസ്ഥാനങ്ങളിലാണ്  മുളകു കൃഷി  കൂടുതലായിട്ടുള്ളത്.     കാപ്സൈസിന്‍ (Capsaicin) ക്രീം  വാത രോഗങ്ങള്‍ക്ക് പൊതുവെ ഒരു  വേദന സംഹാരിയായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ചുരുക്കത്തില്‍  പച്ചമുളക് എനിക്ക്  എഴുതുവാന്‍ തന്നെ  പ്രചോദനമായതില്‍ ഞാന്‍ സന്തോഷിക്കുന്നു.

Advertisements

വയോജനദിന ചിന്തകള്‍

boquetഅങ്ങനെ 2015 ലെ വയോജന ദിനം കൂടി കടന്നുപോയി. മുതിര്‍ന്ന പൌരന്മാരെ കുറി‌ച്ച്‌ ചിന്തിക്കേണ്ട സമയമായി­രിക്കുന്നു എന്നൊരു തോന്നല്‍ സമൂഹത്തിനു­ണ്ടായിരിക്കുന്നു എന്നുവേണം കരുതുവാന്‍. ഇന്ന്‍ ഷഷ്ഠിപൂര്‍ത്തി അധികമാരും ആഘോഷിക്കാറില്ല. പക്ക്വത വന്ന ഒരു പ്രായമാണ് അറുപത് വയസ്സ് എന്നത്. പണ്ടൊക്കെ ഷഷ്ഠിപൂര്‍ത്തി­കഴിഞ്ഞാല്‍ ‘കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുക’ എന്നതായിരുന്നു പതിവ്. നമ്മുടെ ശരാശരി ആയുസ്സ് 72-75-ല്‍ എത്തിനില്‍ക്കുന്നതില്‍ നമുക്ക് പ്രത്യേകിച്ചു കേരളത്തിന് അഭിമാനിക്കാം. സരസ കവിയായിരുന്ന കുഞ്ചന്‍ നമ്പ്യാരുടെ ‘കാലന്‍ ഇല്ല്ലാക്കാലം’ എന്ന കവിത പാഠശാലയില്‍ പഠിച്ചവരും രസത്തിനുവേണ്ടി വായിച്ചവരും ധാരാളമുണ്ടാവും.

ഇന്ന്‍ പൊതുവെ സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ /ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ 56 നും 60 നും ഇടയ്ക്ക് ജോലിയില്‍­നിന്നും വിരമിക്കുന്നു. അതുകൊണ്ട് അവരുടെ പ്രവൃത്തിപരിചയത്തിന്റെ പ്രയോജനം സര്‍ക്കാരിനും ജനങ്ങള്‍ക്കും കിട്ടാതെ പോകുന്നു എന്നത് ഒരു വസ്തുതയാണ്. അവര്‍ അലസരായി ഇരിക്കാതെ അവരുടെ പരിചയസമ്പത്ത് സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്താം എന്ന്‍ സ്വയം ചിന്തിക്കേണ്ടതും പ്രാവര്‍ത്തികമാക്കേണ്ടതുമാണ്. അതൊരു ധനാഗമമാര്‍ഗ്ഗവുമാകാനിടയുണ്ട്. അനേകം വയോജനങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി തുടരുന്നുണ്ട്. ഉദ്യോഗത്തില്‍ നിന്നും വിരമിച്ചവര്‍ സന്നദ്ധസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്തിത്തിരി കത്തിക്കുവാന്‍ പോലും വകയില്ലാതിരുന്ന പല ക്ഷേത്രങ്ങളും ഉദ്ധരിക്കപ്പെട്ടത് വയോജനങ്ങളുടെ കൂടി സഹകരണം ഒന്നു കൊണ്ടുമാത്രമാണ്.

ഈയിടെ നിര്യാതനായ ബഹുമാന്യനായ മുന്‍ രാഷ്ട്രപതി ഡോ. എ‌പി‌ജെ അബ്ദുള്‍ കലാം ഷില്ലോങ്ങില്‍ ബിസിനസ്സ് മാനേജ്മെന്‍റ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുത്തുകൊണ്ടിരുന്നപ്പോഴല്ലെ പെട്ടെന്ന് കുഴഞ്ഞുവീണത്. എണ്പതു കഴിഞ്ഞ ചെറുപ്പക്കാരനായിരുന്നില്ലേ അദ്ദേഹം. അദ്ദേഹത്തെ ആദരിക്കാത്തവര്‍ ഇന്ത്യയില്‍ ആരുമുണ്ടെന്നു തോന്നുന്നില്ല. കലാം സാറിന്റെ ജീവിതം ഒരു ഉത്തമ മാതൃകയായി എക്കാലവും ചൂണ്ടിക്കാണിക്കപ്പെടും എന്നതിന് യാതൊരു സംശയവുമില്ല.

എറണാകുളം വയോജന സൌഹൃദ ജില്ലയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. അത്രയും നല്ലത്. ഇക്കുറി വളരെയേറെ പദ്ധതികളാണ് വായോജനങ്ങള്‍ക്കായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അഞ്ചു കൊല്ലം കൊണ്ട് എല്ലാം പ്രവര്‍ത്തികമാക്കുവാന്‍ സാധിക്കുമെന്ന്‍ അവര്‍ വിശ്വസിക്കുന്നു. എന്തൊക്കെയാണ് അവ എന്നറിഞ്ഞിരിക്കുന്നത് എല്ലാവര്‍ക്കും പ്രത്യേകിച്ചു വയോജനങ്ങള്‍ക്ക് പ്രയോജനപ്പെടും. ജില്ല്ലാ പഞ്ചായത്തും, ലേക്ക് ഷോര്‍ ആശുപത്രിയും, ഒരു സര്‍ക്കാരിതര സന്നദ്ധ സംഘടനയായ മാജിക്സും ചേര്‍ന്നാണ് ഇവ നടപ്പിലാക്കുന്നത്.
പത്രത്തില്‍ വന്ന വിവരങള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയാണ്.

1. University of Third Age (യൂണിവേര്‍സിറ്റി ഓഫ് തേര്ഡ് ഏജ്- യു3എ): മുതിർന്ന പൌരന്മാരുടെ സേവനം സമൂഹത്തിന് പ്രയോജനമാക്കുന്ന പദ്ധതിയാണിത്. വയോജനങ്ങള്‍ക്ക് സ്വയം തൊഴില്‍ പഠിക്കുവാനും തൊഴിലവസരങ്ങള്‍ കണ്ടെത്തുവാനുമുള്ള പദ്ധതി. സ്കോളര്‍ഷിപ്പും അത്യാവശ്യത്തിന് കിട്ടും.
2. elderlineindia (എല്‍ഡെര്‍ലൈന്‍ ഇന്ത്യ): ഇതൊരു സഹായ ഹസ്തമാണ്. 2707023 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ഉടന്‍ സഹായമെത്തും. വെബ്സൈറ്റ്: http://www.elderlineindia.org
3. Senior taxi (സീനിയര്‍ ടാക്സി) ജില്ലയില്‍ മികച്ച സേവനങ്ങള്‍ങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം ലഭിച്ചിട്ടുള്ള ഓട്ടോ – ടാക്സി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണിത്.
ഇവ കൂടാതെ ധാരാളം പെന്‍ഷന്‍ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്. സ്വത്ത് മക്കള്‍ക്ക് വീതിച്ചുകൊടുത്തത് തിരിച്ചു വാങ്ങുവാന്‍ പോലും നിയമം അനുവദിക്കുന്നുണ്ട്. വിഭാവനം ചെയ്യപ്പെട്ടിരിക്കുന്ന പദ്ധതികളെല്ലാം തീര്‍ച്ചയായും നല്ലവതന്നെയാണ്. എന്നാല്‍ പ്രായോഗിക തലത്തില്‍ എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

തലചായ്ക്കാന്‍ ഒരിടം, സുരക്ഷ, പോഷകാഹാരം, ചികിത്സ തുടങ്ങിയവ കീറാമുട്ടികള്‍ തന്നെയാണ്. വളരെ ചെറിയ വരുമാനമുള്ളവര്‍ക്ക് ഈ പറഞ്ഞവയെല്ലാം തീര്‍ത്തും അപ്രാപ്യമായി തന്നെ തുടരും. വര്‍ഷത്തില്‍ കൂണ് മുളക്കുന്നതുപോലെയല്ലേ വൃദ്ധസദനങ്ങളും പകല്‍ വീടുകളും പെരുകുന്നത്. പലതും വൃത്തിഹീനമായാണ് പ്രവൃത്തിക്കുന്നത്. ഇതിന്റെ പേരില്‍ പിരിവെടുക്കുന്ന വിരുതന്മാരുമുണ്ട്. നല്ല നിലയില്‍ ശരിക്കും സേവന മനസ്ഥിതിയോടെ നടത്തുന്നവരും ഉണ്ട്.

എന്റെ ഒരു സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവിനെ പകല്‍ വീട്ടില്‍ ആക്കുമായിരുന്നു. രാവിലെ 8 മണി മുതല്‍ സന്ധ്യയ്ക്ക് 6 മണി വരെ നോക്കും എന്നാണ് പറഞ്ഞിരുന്നത് . വാക്കൊന്നും പാലിക്കപ്പെട്ടില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ അവര്‍ ജോലി വേണ്ടെന്ന് വെച്ചു. ഹോം നര്‍സ് എന്ന പേരില്‍ കുറെ പേര്‍ വരുന്നുണ്ട്~. അവരുടെ ശമ്പളവും, കമ്മീഷനും മറ്റും താങ്ങാന്‍ പറ്റുന്നവര്‍ വളരെ ചുരുക്കമാണ്. ഞാന്‍ അറിയുന്ന ഒരു ജഡ്ജി തനിച്ചു വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഒരു സഹായി ഇടയ്ക്കിടെ വരും. . ഒരു ദിവസം പ്രവാസിയായിരുന്ന മകന്‍ വന്ന്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ അഛനെ ഒരു വൃദ്ധസദനത്തിലാക്കി തിരിച്ചുപോയി. പിന്നെ ജഡ്ജി അധികം നാള്‍ ജീവിച്ചിരുന്നില്ല.

എന്റെ ഒരു അമ്മാവന്‍ മംഗലാപുരത്തുണ്ട്. മക്കള്‍ രണ്ടുപേരും വിദേശത്താണ്. അമ്മായി മരിച്ചതിനുശേഷം മക്കള്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം പോയില്ല. ഇന്ന്‍ അദ്ദേഹത്തിന് . വയസ്സ് തൊണ്ണൂറു കഴിഞ്ഞു. സാമ്പത്തികമായി യാതൊരു അല്ലലുമില്ല. വളരെ ആരോഗ്യത്തോടെ ഇരിക്കുന്നു. ചിട്ടയായ ജീവിതം, സ്വയം പാചകം, വ്യായാമം ഇവയൊക്കെയാണ് ആരോഗ്യ രഹസ്യങ്ങള്‍. പണ്ടൊക്കെ കാറോടിച്ച് കടപ്പുറത്തുപോയി അവിടെയായിരുന്നു നടത്തം. യാതൊരു ഓര്‍മ്മക്കുറവുമില്ല. ബന്ധുക്കള്‍ ക്ഷണിക്കുന്നിടത്തൊക്കെ പോകാറുണ്ട്. മകള്‍ ഈയിടെ കുടക്കൂടെ വരുന്നുണ്ട്. മകന്‍ ഇടയ്ക്കൊക്കെ വരും. അവര്‍ അച്ഛനും അമ്മയും മകളും അടങ്ങുന്ന ഒരു ഒരു കുടുംബത്തിനെ അദ്ദേഹത്തിനോടൊപ്പം വാടകയില്ലാതെ താമസിപ്പിച്ചിട്ടുണ്ട്. ഈ കുടുംബം ഏതോ ഗ്രാമത്തില്‍ നിന്നും പണി തേടി എത്തിയതാണ്. കൂടാരത്തിലായിരുന്നു താമസം. മകള്‍ വാങ്ങിയ ഫ്ലാറ്റിന്റെ പണിക്കിടെ കണ്ടുമുട്ടിയതാണ്. കാര്‍ഷെഡ്ഡിനോട് ചേർന്ന്‍ ഒരു അടുക്കള, രണ്ട് ചെറിയ കിടപ്പുമുറികള്‍, ശൌചാലയം, കുളിമുറി തുടങ്ങിയവ ഇവര്‍ക്കായി പണിതു. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുതെന്നും മറ്റുള്ളവരെ യാതൊരു കാരണവശാലും അവിടെ താമസിപ്പിക്കരുതെന്നുമുള്ള കര്‍ശനമായ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചിരുന്നു. ആ തൊടിയിലുള്ള എല്ലാ സാധനങ്ങളും അവര്‍ക്ക്` യഥേഷ്ടം എടുക്കുവാനുള്ള സ്വാതന്ത്ര്യവും കൊടുത്തു. അവരുടെ പെണ്‍കുട്ടി ഇക്കഴിഞ്ഞ പത്താംതരം പരീക്ഷ 92% മാര്‍ക്കോടെ പാസായി. അമ്മാവനാണ് അവളെ പഠിപ്പിച്ചത്. മക്കളുടെ നിര്‍ബന്ധപ്രകാരം അദ്ദേഹം താമസം ഫ്ലാറ്റിലേക്ക് മാറ്റുകയാണ്. അവിടെയാകുമ്പോള്‍ പകലും സുരക്ഷ കൂടുതല്‍ ഉറപ്പാണല്ലോ. സഹായവും കിട്ടും.

ഒരിക്കല്‍ ഞാന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു. ഒരു കൂട്ടുകുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹം. അതില്‍ ഭാര്യക്കും മക്കള്‍ക്കും പരാതിയില്ലേ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘ഞാന്‍ ഭാര്യയെ ബലമായി പിടിച്ചുകൊണ്ടുവന്നതല്ല. ഇന്ന്‍ അവശരായി ഞങ്ങളോടൊപ്പം കഴിയുന്നവര്‍ ഒരുകാലത്ത് എന്നെ കൈ പിടിച്ച് നടത്തിയവരാണ്. എന്റെ ഇന്നത്തെ ഉയര്‍ച്ചയില്‍ അവരുടെ പങ്കും അനുഗ്രഹവുമുണ്ട്. അത് മനസ്സിലാക്കി എന്റെ കുട്ടികള്‍ വളരട്ടെ’. ആ ചിന്തയാണ് മഹത്തരം എന്ന്‍ എനിക്ക് തോന്നുന്നു. വൃദ്ധജനങ്ങളും അനാവശ്യ ശാഠ്യങ്ങള്‍ ഒഴിവാക്കണം.

ഓണസന്ദേശം

butterflyഓണം എന്ന വാക്ക് സരളവും മധുരവും ആണ്. സങ്കല്‍പ്പ­മാകട്ടെ വികാര­സാന്ദ്രവും. ഓണത്തി­നോട­നുബന്ധി­ച്ചിട്ടുള്ള ചടങ്ങുക­ളാകട്ടെ ലളിതവും പ്രകൃതി­യോട് ചേര്‍ന്നു­നില്‍ക്കുന്നതും ഗൃഹാതു­രത്വം സമ്മാനി­ക്കുന്നതും.

ഏതാണ്ട് ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ആദിമ മനുഷ്യന്‍ ഫലമൂലാദികളും കായ്കനികളും ഇലകളും തിന്ന്‍ വിശപ്പടക്കി. ജലാശയങ്ങളിലെ തെളിനീര്‍ കുടിച്ച് ദാഹമടക്കി. മരത്തണലിലും മരക്കൊമ്പിലും കായല്‍തീരത്തും ഗുഹകളിലും കിടന്നുറങ്ങി. ആകാശത്തു അരുണിമ പറക്കുമ്പോള്‍ സൂര്യന്‍ അസ്തമിക്കുന്നതും പിന്നെ കുറെ സമയത്തേക്ക് ഇരുട്ടാവുന്നതും കണ്ടു അവര്‍ പകച്ചുനിന്നു. വെട്ടം വീഴുമ്പോള്‍ ചുവന്ന സൂര്യന്‍ തേജോമയനായി ഉദിക്കുന്നതും പതുക്കെ പതുക്കെ ചുവപ്പ് മാറി സൂര്യകിരണങ്ങള്‍ ചൂട് വമിക്കുന്നതും ചിലപ്പോള്‍ അത് അസഹ്യമാകുന്നതും വീണ്ടും സൂര്യന്‍ ശാന്തമാകുന്നതും അവര്‍ അനുഭവിച്ചറിഞ്ഞു. സൂര്യന്‍ ഒരു മന്ത്രവാദിയാകാം എന്നവന്‍ ധരിച്ചു. മന്ത്രവാദിയായ സൂര്യനെ അവര്‍ ഭയന്നു. പ്രത്യേകിച്ചു സൂര്യന്‍ അസ്തമിക്കുമ്പോളുള്ള ഇരുട്ടിനെ. ആ സമയത്തായിരുന്നു ഇഴജന്തുക്കള്‍ കൂടുതലായി അവന്റെ ദേഹത്തുകൂടി കയറിഇറങ്ങിയിരുന്നത്. എവിടെ ഭയമുണ്ടോ അവിടെ ആരാധനയുണ്ട്. അതുകൊണ്ടായിരിക്കാം അവര്‍ ഇരുവര്‍ക്കും ദൈവത്തിന്റെ പരിവേഷം ചാര്‍ത്തി നല്‍കിയത്. അങ്ങനെ സൂര്യ ഭഗവാനുണ്ടായി; നാഗാരാധനയും തുടങ്ങി. ഒരു പക്ഷെ, ഉയര്‍ത്തെഴുന്നേല്‍പ്പ് എന്ന സങ്കല്‍പ്പത്തിന് സൂര്യന്റെ ഉദയാസ്തമയ ക്കാഴ്ചയുമായി ബന്ധമുണ്ടാവാമെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു.

ഇരുട്ടത്ത് ആകാശം നോക്കി കിടക്കുമ്പോള്‍ നക്ഷത്രങ്ങള്‍ തെളിയുന്നതും ചന്ദ്രന്‍ ഉദിക്കുന്നതും അപ്പോള്‍ നിലാവ് പരക്കുന്നതും അവര്‍ കണ്ടു. അതുപോലെ തന്നെ ചന്ദ്രന്‍ ചെറുതായി വരുന്നതും ഒരു ദിവസം ഇല്ലാതാകുന്നതും, പിന്നെ വീണ്ടും വലുതായി വലുതായി ഒരു വട്ടമായി തീരുന്നതും അവനെ അത്ഭുതപ്പെടുത്തി.

മന്ദമാരുതന്റെ തലോടല്‍ അവനെ കോരിത്തരിപ്പിച്ചു. പക്ഷെ, കൊടുങ്കാറ്റ് അവനെ ഭയചകിതനാക്കി. അങ്ങനെ വായു ഭഗവാനുണ്ടായി. കടല്‍തീരത്ത് തിരമാലകള്‍ വന്ന്‍ പാദത്തിനടിയില്‍നിന്നും മണല്‍ നീക്കിയപ്പോള്‍ തിരയില്‍പ്പെട്ട അവര്‍ ചിരിച്ചുചിരിച്ച് മണ്ണുകപ്പി. പക്ഷെ, കടല്‍ക്ഷോഭം അവരെ ഭയവിഹ്വയലനാക്കി. അങ്ങനെ വരുണന്‍ ഭഗവാനായി.

രണ്ടുകല്ലുകള്‍ കൂട്ടി ഉരച്ചാല്‍ തീയുണ്ടാകുമെന്ന് അവര്‍ ഒരു നാള്‍ മനസ്സിലാക്കി. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെ അത് കൂരിരുട്ടില്‍ ചിലപ്പോള്‍ സഹായിച്ചു. അതിലുമുപരി ഒരു പുതിയ സ്വാദ് അഗ്നി അവര്‍‌ക്കു നല്‍കി. ചെറുമത്സ്യങ്ങളെയും, പക്ഷികളെയും, മുയല്‍ കീരി തുടങ്ങിയ മൃഗങ്ങളെയും, കായ്കനികളെയും ചുട്ടും വേവിച്ചും തിന്നാന്‍ അവര്‍ ശീലിച്ചു. കാട്ടുതീ അവരെ ഭയപ്പെടുത്തിയെങ്കിലും അഗ്നി അവരുടെ ഇഷ്ട ദേവനായി മാറി. കാലാന്തരത്തില്‍ അജ്ഞാനത്തെ തമസ്സായിട്ടും (ഇരുട്ടായിട്ടും) ജ്ഞാനത്തെ വെളിച്ചമായിട്ടും അവര്‍ കണ്ടു. എല്ലാ ശുഭകാര്യങ്ങളും അവര്‍ അഗ്നിസാക്ഷിയായി നടത്തുവാന്‍ തുടങ്ങി. പിന്നീട്, അത് നിലവിളക്ക് കൊളുത്തിവയ്ക്കുക എന്ന സമ്പ്രദായമായി മാറി.

ഒരു നാള്‍ മാനം കറുത്തു. മഴ തുടങ്ങി. ഗുഹകളില്‍ അവര്‍ അഭയം തേടി. ആകാശം ഇരുണ്ടു തന്നെ ഇരുന്നു. മഴ തോരാതെ മാസങ്ങളോളം പെയ്തു. ഭക്ഷണo കമ്മിയായി. ദൂരെ പോകുവാന്‍ നിവൃത്തിയില്ല. അവര്‍ ക്ഷീണിതരായി. അങ്ങിനെയിരിക്കെ, ഒരു നാള്‍ മാനം വെളുത്തു. സൂര്യനെ കാണാറായി. അവര്‍ പ്രതീക്ഷയോടെ പുറത്തേക്കിറങ്ങി. കുറച്ചു നടന്നപ്പോള്‍ ഒരു വിസ്മയ കാഴ്ച അവര്‍ കണ്ടു. ഒരു തരം പുല്ല് നീളത്തില്‍ വളര്‍ന്ന് ചാഞ്ഞു നില്‍ക്കുന്നു. അറ്റത്ത് സ്വര്‍ണ്ണനിറത്തില്‍ കതിരുകള്‍. അതില്‍ നിറയെ സുവര്‍ണ്ണ മണികള്‍. സംശയിച്ചുസംശയിയിച്ച് മുതിര്‍ന്നവര്‍ ഓരോരുത്തരും ഒരു മണിയെടുത്ത് തിന്നുനോക്കി. ഉമി വായില്‍ തടഞ്ഞപ്പോള്‍ തുപ്പികളഞ്ഞു. വീണ്ടും വിരലുപയോഗിച്ച് ഉമി കളഞ്ഞു തിന്നപ്പോള്‍ നല്ല സ്വാദ്. നെല്ലായിരുന്നു അതെന്ന് പറയേണ്ടതില്ലല്ലോ. അവര്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. കൈകൊട്ടി പാട്ടു പാടി. നൃത്തം ചെയ്തു. ആര്‍പ്പു വിളിച്ചു. കുരവയിട്ടു.

പിന്നീട് എല്ലാവരും ചേര്‍ന്ന് ഉമി മാറ്റി അരിയെടുക്കാന്‍ തീരുമാനിച്ചു. കുഞ്ഞികുട്ടികളെ എന്തുചെയ്യും? അപ്പോഴാണ് ശരിക്കൊന്ന് ചുറ്റും നോക്കിയത്. മഞ്ഞപ്പുനിറഞ്ഞ് മുക്കുറ്റിയും വെള്ളപ്പൂക്കള്‍ വിടര്‍ത്തി തുമ്പപ്പൂകുടവും, നില കാക്കപ്പുവും മറ്റ് പൂക്കളും തുമ്പികളെയും പൂമ്പാറ്റകളെയും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഒരാള്‍ പറഞ്ഞു: ‘കുട്ടികളെ, പോയി പൂ പറിച്ചോണ്ടുവാ’. കേട്ടപാതി കേള്‍ക്കാത്ത പാതി കുട്ടികള്‍ ഓടി. കൌമാരപ്രായക്കാരാകട്ടെ കുറച്ചുനേരം നെന്മണിയില്‍ നിന്നും അരി വേര്‍തിരിച്ചു. പിന്നെ മതിയാക്കി. അവര്‍ കുറെ വള്ളിയെടുത്തുപിരിച്ച് കയറുണ്ടാക്കി വലിയൊരു മരക്കൊമ്പില്‍ ഊഞ്ഞാല്‍ കെട്ടി ആടാന്‍ തുടങ്ങി. കുട്ടികളാകട്ടെ പൂവ് ഇല കുമ്പിളുകളിലാക്കി തിരിച്ചെത്തി. അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു: ‘ഇപ്പോള്‍ പൂവെല്ലാം കൂടിക്കലര്‍ന്നാണിരിക്കുന്നത്. അതെല്ലാം വേര്‍തിരിച്ചു ഭംഗിയാക്കി വെക്ക്’. ഒടുവില്‍, അതൊരു മനോഹരമായ പൂക്കളമായി മാറിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. അന്നായിരുന്നു ആദ്യത്തെ ശരിയായ ഓണം. അന്നുമുതല്‍ ഭൂമി ദേവി അന്നപൂര്‍ണ്ണേശ്വരിയായി.

അവര്‍ സ്വയം കൃഷിയിറക്കുവാന്‍ പഠിച്ചു. മനുഷ്യരുടെ പ്രപഞ്ച രഹസ്യങ്ങളറിയുവാനുള്ള ജിജ്ഞാസ കുടികൂടി വന്നു. അവര്‍ ഋതുഭേദങ്ങള്‍ മനസ്സിലാക്കി. ഞാറ്റുവേലയുടെ പ്രാധാന്യമറിഞ്ഞു. എന്നാലും എല്ലാ വര്‍ഷവും പെരുമഴ കഴിയുമ്പോള്‍, ഭൂമിദേവി അക്ഷരാര്‍ത്ഥത്തില്‍ പുഷ്പ്പിണിയാകുമ്പോള്‍, അവരുടെ വിളവെടുപ്പ് കഴിയുമ്പോള്‍ അവര്‍ കൊയ്ത്തുത്സവമായി ഓണം ആഘോഷിച്ചു. മാത്രമല്ല, ഓണാഘോഷത്തിന്റെ മാറ്റ് അവര്‍ കൂട്ടി. തൂശനിലയില്‍ ഓണക്കോടിയുടുത്തൊരു ഓണസദ്യ, ചന്ദ്രന് ഏറ്റവും പ്രഭയുള്ള ഓണനിലാവാസ്വദിക്കല്‍, തലപ്പന്തുകളി, ഓണത്തുമ്പി തുള്ളല്‍, ഓണവില്ല്, ഓണപ്പൊട്ടന്‍ – എല്ലാം പ്രകൃതിയുമായി നല്ലതുപോലെ ഇണങ്ങുന്നവ.

കാലം കുറെ കഴിഞ്ഞപ്പോള്‍ മഹാബലി എന്ന അസുരചക്രവര്‍ത്തിയുടെ വരവേല്‍പ്പുത്സവമായി ഓണം മാറി. സമത്വ സുന്ദരമായ ഭരണം കാഴ്ചവെച്ച സര്‍വ്വസമ്മതനായ ഭരണാധികാരിക്കെങ്ങനെ രാജ്യം നഷ്ടമായി? എന്തുകൊണ്ട് നഷ്ടമായി? കര്‍മ്മഫലം എന്ന്‍ ഒറ്റവാക്കില്‍ ഉത്തരം പറയാം. ഈശ്വരന്‍ (മഹാവിഷ്ണു) വാമാനാവതാരമെടുത്ത് ഒരു കുറിയ താപസബ്രാഹ്മണന്റെ വേഷത്തില്‍ വന്ന്‍ മൂന്നടി മാത്രം മണ്ണ് തപസ്സുചെയ്യുവാന്‍ വേണ്ടി ചോദിച്ചു. മഹാബലിചക്രവര്‍ത്തിയാകട്ടെ യാതൊരു മടിയും കൂടാതെ അത് കൊടുക്കാമെന്ന് സമ്മതിച്ചു. പിന്നീട്, ഈ അഭ്യര്‍ത്ഥനയില്‍ ചതിയുണ്ടെന്നറിഞ്ഞിട്ടും മഹാബലി വാക്ക് മാറ്റുവാന്‍ വിസമ്മതിച്ചു. വാമനന്‍ പെട്ടെന്ന് വലുതായി വലുതായി വന്നു. രണ്ടു ചുവടുവെച്ചപ്പോള്‍ തന്നെ ആകാശവും ഭൂമിയും അളന്നുതീര്‍ന്നു. ഇനിയെവിടെ? എന്ന് വാമനന്‍ ചോദിച്ചപ്പോള്‍ മഹാബലി ശിരസ്സ് കുനിച്ചു. ന്റെ പാദം മഹാബലിയുടെ ശിരസ്സില്‍ വെക്കുന്നതിനുമുമ്പ് ഒരു വരo വാമനന്‍ മഹാബലിക്ക് കൊടുത്തു: ‘എല്ലാവര്‍ഷവും തിരുവോണo നാളില്‍ തന്റെ പ്രിയപ്പെട്ട പ്രജകളെ വന്നു കണ്ടുമടങ്ങാം‘. വാമനന്‍ മഹാബലിയുടെ ശിരസ്സില്‍ വലതുകാല്‍പാദം വെച്ചു. മഹാബലി കൈകള്‍ കൂപ്പി. പിന്നീട് പാതാളത്തിലേക്ക് താണുതാണു പോയി. വളരെയേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് മഹാബലി ദേവാസുര യുദ്ധത്തില്‍ ദേവന്മാരുടെ രാജ്യം സ്വന്തമാക്കിയിരുന്നു. അത് മഹാബലി തിരിച്ചുകൊടുത്തിരുന്നില്ല. അത് തെറ്റായ പ്രവൃത്തിയായിരുന്നു. അതിന്റെ തിക്ത ഫലമായാണ് ഇപ്പോള്‍ പ്രൌഢിയും സൌഭാഗ്യവുമെല്ലാം നഷ്ടപ്പെട്ട് പാതാളത്തില്‍ കഴിയേണ്ടിവന്നത്. കര്‍മ്മo (പ്രവൃത്തി) നന്നായാല്‍ മാത്രമേ ഫലം നന്നാവുകയുള്ളു എന്നൊരു ഗുണപാഠം കൂടി ദു:ഖപര്യവസായിയായ ഈ കഥയില്‍ അടങ്ങിയിരിക്കുന്നു. മഹാബലി എന്ന സങ്കല്‍പ്പം ഓണത്തെ വികാരഭരിതമായ ഒരു ആഘോഷമാക്കി മാറ്റി. എല്ലാ വര്‍ഷവും മഹാബലിയെ തിരുവോണം നാളില്‍ വരവേല്‍ക്കുവാന്‍ ആഹ്ലാദത്തോടെ കാത്തിരുന്നു. ചടങ്ങുകള്‍ ഏതാണ്ട് പഴയതുപോലെ തന്നെ ലളിതവും സുന്ദരവും പ്രകൃതിയോട് ഇണങ്ങുന്നതുമായി തുടര്‍ന്നു.

ശാസ്ത്രം പുരോഗമിച്ചു. ചിന്തകള്‍ ചിറകു വിടര്‍ത്തി ആകാശത്തോളം പറന്നുയര്‍ന്നു. ജീവിത രീതികള്‍ മാറി. മനുഷ്യന്‍ പ്രകൃതിയില്‍ നിന്നുമകന്നു. ഭൂമിയെ ദേവിയായി കണ്ടിരുന്നവര്‍ ഭൂമിയെ ചൂഷണo ചെയ്യുവാന്‍ തുടങ്ങി. കുന്നുകള്‍ നിരപ്പായി. മണല്‍ ഊറ്റി ഊറ്റി പുഴയില്‍ ചെളി നിറഞ്ഞു. കണ്ടല്‍ക്കാടുകള്‍ ഇല്ലാതായി. പാടങ്ങളെല്ലാം തരിശായി. അമിതമായ കീടനാശിനി പ്രയോഗം പാരിസ്ഥിതി പ്രശ്നങ്ങള്‍ ഉളവാക്കി. ഏതെങ്കിലും ഒരു കുട്ടി മണ്ണുവാരി കളിക്കുന്നതുകണ്ടാല്‍ അമ്മമാര്‍ പറയും: ‘that boy/girl is a bad boy/girl’ എന്ന്‍.

പെട്ടെന്നാണ് ഒരു മാറ്റം ദൃശ്യമായത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, അര്‍ബുദം എന്നീ രോഗങ്ങള്‍ കേരളീയര്‍ക്കിടയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചുവന്നു. ഈ രോഗങ്ങളെ ആരാധിക്കുവാന്‍ പറ്റുകയില്ലല്ലോ! വിദഗ്ദര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു: ‘ജീവിത ശൈലി മാറ്റിയെ പറ്റു. പ്രകൃതിയിലേക്ക് മടങ്ങുക എന്നതാണ് പോംവഴി‘.

ഓണസന്ദേശം ഇതാണ്:

കണ്ണേ, മടങ്ങുക പ്രകൃതിയിലേക്കതിജീവനത്തിനായി

ചാര്‍ത്തുക നിന്‍ കൈയൊപ്പുകൂടി അതിനായി‘.

കൈയൊപ്പ് ഒരു ഗ്രോബാഗ് ആയിട്ടാകാം അല്ലെങ്കില്‍ ഏക്കര്‍ കണക്കിന് തരിശ്ശായിക്കിടക്കുന്ന പുരയിടത്തിലോ പാടത്തോ കൃഷിയിറക്കി ആകാം; ഒരു കോഴിയാകാം ഒരു കുളത്തില്‍ കുറച്ച് ചെറു മിനുകളാകാം അല്ലെങ്കില്‍ പൊക്കാളിയാകാം; ഒരു നാടന്‍ വെച്ചൂര്‍ പശുവോ കാസറഗോഡ് പശുവോ ആകാം അല്ലെങ്കില്‍ ഒരു വലിയ കന്നുകാലി സംരംഭം തന്നെയാകാം.

  *     *    *    *    *

നോര്‍ത്ത് മണിമല റോഡ് റെസിഡെന്‍സ് അസോസിയേഷനന്റെ (NMRRA) 2015 – ലെ ഓണാഘോഷപരിപാടികളില്‍നിന്നൊരേട്

ഓര്‍മ്മയില്‍ തിളങ്ങുന്നവര്‍

canopyഓര്‍മ്മയുടെ വേലിയേറ്റം പോലെ എന്നെ സ്വാധീനിച്ച  പല  കുടുംബങ്ങളെ കുറിച്ചും എഴുതുവാന്‍ തോണുന്നു.  സഫാരി ചാനലിലെ ചരിത്രം എന്നിലൂടെഎന്നതുപോലെ എന്റെ ജീവിതവും മാറി വരുന്ന സാമൂഹ്യ വ്യവസ്ഥിതികളും ഇതില്‍ നിഴലിച്ചുവെന്നുവരാം.

അച്ഛന്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ എടുത്തിരുന്നുവെങ്കിലും ഒരു ജോലിയിലും സ്ഥിരമായി നില്‍ക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. അതുകൊണ്ടു തന്നെ വീട്ടുകാര്യങ്ങള്‍ നടത്തുവാന്‍ അമ്മ ഏറെ വിഷമിച്ചു. സ്വതസിദ്ധമായിരുന്ന പ്രായോഗിക ബുദ്ധി ഉപയോഗിച്ച് അമ്മ ചിലതൊക്കെ ആസൂത്രണം ചെയ്തു. ആദ്യപടിയെന്നോണം കയ്യിലുണ്ടായിരുന്ന നല്ലൊരു സ്വര്‍ണത്തിന്റെ അരപ്പട്ട വിറ്റു. അങ്ങനെ കിട്ടിയ പണത്തിന്റെ ഒരു ഭാഗംകൊണ്ട് എന്റെ ഏറ്റവും മൂത്തസഹോദരിക്ക് സാമാന്യം തൂക്കമുള്ള ഒരു മാലയും ലോക്കറ്റും വാങ്ങി. ബാക്കി പൈസ പിന്നീട് പലിശയ്ക്ക് പണം കടം കൊടുക്കുന്നതിനായി മാറ്റിവച്ചു. വളരെ തുച്ഛമായ പലിശക്ക് സ്ത്രീകള്‍ക്ക് സ്വര്‍ണ്ണപ്പണ്ടം ഈടിന്‍മേല്‍ കടം കൊടുത്തുതുടങ്ങി. പരമാവധി വായ്പ്പാ തുക രണ്ടു രൂപയായിരുന്നു. ആറുമാസത്തിനുള്ളില്‍ എടുക്കണമെന്നായിരുന്നു വ്യവസ്ഥ. ഇന്നാണെങ്കില്‍ ‘കുബേര’ എന്നു പറഞ്ഞു ഇരുമ്പഴിക്കുള്ളില്‍ കഴിയേണ്ടി വന്നേനെ.

പച്ചാളത്ത് കൊപ്രാപറമ്പന്‍ എന്നൊരു പണക്കാരന്റെ വാടക വീട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. അധികവും അയാളുടെ കുടികിടപ്പുകാരായിരുന്നു ചുറ്റും. ഗൃഹനാഥന്മാര്‍ക്ക് പലര്‍ക്കും ടാറ്റ ഓയില്‍ മില്‍സില്‍ ചെറിയ ജോലികളുണ്ടായിരുന്നു. അവരുടെ ഭാര്യമാരാണ് പലപ്പോഴും കടം വാങ്ങുവാന്‍ വന്നിരുന്നത്. കുളിക്കാന്‍ ഹമാം റെക്‍സോണാ മോട്ടി തുടങ്ങിയ സോപ്പുകള്‍, അലക്കാന്‍ 501 ബാര്‍സോപ്, തലയില്‍ തേക്കാന്‍ മുല്ലപ്പൂവിന്റെയും റോസാപ്പൂവിന്റെയും സുഗന്ധമുള്ള വെളിച്ചെണ്ണയും ആവണക്കെണ്ണയും ടാറ്റ ഓയില്‍ മില്‍സില്‍ നിര്‍മ്മിച്ചിരുന്നു. അമ്മ ഓരോ ഈട് ഉരുപ്പടിയും മൂന്നു തവണ കടലാസുകഷണങ്ങള്‍കൊണ്ട് പൊതിഞ്ഞതിനുശേഷം ഒരു ഇരുമ്പുപെട്ടിയില്‍ സൂക്ഷിക്കും. ആ ഇരുമ്പുപെട്ടി ഇന്നും ഞാന്‍ ഒരു നിധിപോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഓരോ കടലാസിലും ഈടിന്റെ വിവരണങ്ങൾ, വാങ്ങിയ ആളിന്റെ പേർ, കൈപറ്റിയ തുക, തീയതി, പുതിയ ആളാണെങ്കില്‍ പരിചയപ്പെടുത്തിയ ആളിന്റെ പേര് തുടങ്ങിയ അവശ്യവിവരങൾ കൃത്യമായി കുറിച്ചിടും. അതായത് ‘Know Your Customer’ എന്ന ഓമനപ്പേരിലല്ലെങ്കിലും അത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ നടപ്പിലാക്കിയിരുന്ന വ്യക്തിയായിരുന്നു എന്റെ അമ്മ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. ആറുമാസമാണ് വായ്പയുടെ കാലാവധിയെങ്കിലും പലപ്പോഴും രണ്ടോ മൂന്നോ കൊല്ലമൊക്കെ അവയെ സൂക്ഷിക്കുമായിരുന്നു.

ഇനി എടുക്കുവാന്‍ വരില്ല എന്ന്‍ ഏതാണ്ടുറപ്പായപ്പോള്‍ ഒരിക്കല്‍ അര്‍ദ്ധഗോളകൃതിയില്‍ ഒരു കുമിള പോലെ തോന്നിക്കുന്ന ഒരു കമ്മല്‍ അമ്മ എനിക്ക് ഇട്ടു തന്നു. ന്റെ ചെറിയ ചുവന്ന ഒറ്റക്കല്‍ കമ്മല്‍ പൊട്ടിയിരുന്നു. ഏതാണ്ട് ഒരു മാസം ഇട്ടു കാണും അപ്പോള്‍ അതെടുക്കുവാന്‍ ആള്‍ വന്നു. അത് കഴിഞ്ഞപ്പോള്‍ ഇതുപോലെ തന്നെ ആള്‍ വരാതെയിരുന്ന സന്ദര്‍ഭത്തില്‍ ചെറിയ മൂന്നു മൊട്ടുകളുള്ള മറ്റൊരു കമ്മല്‍ എനിക്ക് തന്നു. മേല്‍പ്പറഞ്ഞ അനുഭവം തന്നെ അതിനുമുണ്ടായി. അന്നെനിക്ക് എന്തോ തോന്നി സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുവാനുള്ള ഭാഗ്യം ഒരുപക്ഷേ എനിക്കുണ്ടാകുകയില്ല എന്ന്‍. അത് ഭാഗികമായി ശരിയായി.

ന്റെ ചേച്ചിമാര്‍ രണ്ടുപേരും കോളേജിലായി. ചേട്ടന്‍ മംഗലാപുരത്ത് അമ്മമ്മയുടെ അടുത്തായിരുന്നു. ഞാനുള്‍പ്പെടെ മൂന്നുപേര്‍ സ്കൂളിലും. പണത്തിന് വീണ്ടും നല്ല ഞെരുക്കമായി. ഒടുവില്‍ മടിച്ചുമടിച്ചാണെങ്കിലും അമ്മ, അമ്മാവന്റെ അതായത് തന്റെ സഹോദരന്റെ സഹായം തേടി. അദ്ദേഹം സൈന്യത്തില്‍ ഭിഷഗ്വരനായിരുന്നു. ആദ്യകാലത്ത് 50 രൂപയും പിന്നീട് 75 രൂപയും എല്ലാമാസവും കൃത്യമായി മണിഓഡര്‍ വന്നു. അമ്മായി എതിര്‍ത്തിരുന്നുവെങ്കില്‍ ഒരു പക്ഷേ അമ്മാവനത് സാധ്യമാവുമായിരുന്നില്ല എന്ന്‍ ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ആ അമ്മായി ഇന്ന്‍ സ്വന്തം മകള്‍ ശോഭ മരിച്ച വിവരം പോലും മനസ്സിലാക്കാനാവാതെ മറവി രോഗം ബാധിച്ച് പുണെയില്‍ ഇളയ മകനോടും മരുമകളോടും ഒപ്പം കഴിയുന്നു. അവര്‍ ആവുംവിധം അവരെ ശുശ്രുഷിക്കുന്നുണ്ട്.

ഈ പറഞ്ഞതുകൂടാതെ ഒരു കടപ്പാടുകൂടി എനിക്കവരോടുണ്ട്. സ്വയംവരത്തോടുകൂടി ഏതാണ്ട് ഭ്രഷ്ടയായിരുന്ന എന്നെ ഈ അമ്മായിയാണ് ആദ്യമായി മകളുടെ (ശോഭ) വിവാഹത്തിന് ക്ഷണിച്ചത്. അമ്മാവന്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. അക്കാലത്ത് ഇന്നത്തെപ്പോലെ നൂതന ചികില്‍സകള്‍ ലഭ്യമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം ശോഭയുടെ പുത്രിയുടെ മംഗല്യത്തില്‍ പങ്കുചേരാനും അവളെ ആശീര്‍വദിക്കുവാനുമുള്ള അവസരം എനിക്കു ലഭിക്കുകയുണ്ടായി. ആ കുടുംബത്തിലെ ഇന്നത്തെ തലമുറയ്ക്ക് ആയുരാരോഗ്യവും സമ്പത്തും നേരുവാന്‍ മാത്രമേ എനിക്കു സാധിക്കുകയുള്ളു.

ഇനിയും കുടുംബങ്ങള്‍ ബാക്കിയുണ്ട്. അതില്‍ ഒന്ന്‍ എന്റേതു തന്നെയാണ്. ന്റെ ഭര്‍ത്താവ് ഡോ. ശ്രീനിവാസന്‍ ത്യാഗം ചെയ്യുവാന്‍ തയ്യാറായതുകൊണ്ടുമാത്രമാണ് എനിക്ക് ഉപരിപഠനം സാധ്യമായത്. അക്കാലത്ത് ഒരു വര്‍ഷം ഞാന്‍ തിരുവനന്തപുരത്ത് ജഗതിയില്‍ കുക്കിലിയാ ലേയ്നില്‍ എന്റെ ചെറിയമ്മയുടെ വീട്ടില്‍ ആണ് താമസിച്ചത്. അവരുടെ വലിയ മനസ്സ് ഞാന്‍ അതില്‍ കാണുന്നു. കുക്കിലിയാ എന്നത് അവരുടെ കുടുംബപേരാണ്.

ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു കുടുംബമുണ്ട്. അത് പരേതരായ നെടുമുടി നാരായണ പിള്ള സാറിന്റെയും പൊന്നമ്മ ടീച്ചറിന്റേതുമാണ്. അക്കൂട്ടത്തില്‍ എന്റെ ഭര്‍ത്താവിന്റെ ഒരു സഹോദരിയും ഉള്‍പ്പെടുന്നു. മറവി രോഗത്തെ ഒരു പരിധിവരെയെങ്കിലും ചെറുക്കണമെന്ന ഉദ്ദേശമാണ് വെറുതെയുള്ള ഈ എഴുത്തിന് പിന്നിലെങ്കിലും അതിനുള്ള പ്രേരണയും ആര്‍ജ്ജവവും ആ കുടുംബത്തില്‍നിന്നും കിട്ടിയതാണ്

ഒരു സംഭവം ഇവിടെ വിവരിക്കാതെ വയ്യ. പൊന്നമ്മ ടീച്ചര്‍ അന്ത്യകാലത്ത് അവരുടെ മൂത്ത പുത്രന്‍ പി എന്‍  വേണുഗോപാലിന്റെ കൂടെയായിരുന്നു താമസം. അദ്ദേഹത്തിന്റെ പത്നി എന്റെ ഭര്‍തൃസഹോദരിയാണ്.  ഞങ്ങള്‍ അക്കാലത്ത് നേപ്പാളിലായിരുന്നതുകൊണ്ട്  അമൃതയില്‍ ജോലിയായി ഞങ്ങളുടെ മകളും അവരുടെ കൂടെയായിരുന്നു താമസം. ടീച്ചറിന്റെ മരണശേഷം ഏതാണ്ട്  രണ്ടു മാസത്തിനകം  മകളുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. കല്യാണ ഒരുക്കങ്ങളും  അന്നത്തെ പുറപ്പെടലുമെല്ലാം അവിടെനിന്നു തന്നെയായിരുന്നു. യുക്തിസഹജമായ അവരുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ‘അവളുടെ കല്യാണം നടന്നുകാണണമെന്നത് അമ്മ ആഗ്രഹിച്ച കാര്യമാണ്. അതുകൊണ്ട്  ആര്‍ക്കും  ഒരു ദോഷവും വരികയില്ല’.

ഞാന്‍ ഓര്‍മ്മിക്കുവാന്‍ ഇഷ്ടപ്പെടുന്ന ഒരു കുടുംബം തിരുവല്ല അടുത്ത് നീരേറ്റുപുറത്തുള്ള ഡോ. സുലോചനയുടേതാണ്. അവര്‍ ഏറെ നാള്‍ മുംബായിയില്‍ സ്ത്രീരോഗവിദഗ്ദ്ധയായി സ്വന്തം ആശുപത്രി നടത്തിയിരുന്നു. ഇപ്പോള്‍ എല്ലാം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. 1994-ല്‍ ഞാന്‍ നേപ്പാളില്‍ മണിപ്പാല്‍ ഗ്രൂപ്പിന്റെ പൊഖറയിലുള്ള മെഡിക്കല്‍ കോളേജില്‍ ഫാര്‍മക്കോളോജി വിഭാഗം വകുപ്പ് മേധാവിയായി നിയമിതയായി. അവിടെ ചെന്നപ്പോള്‍ ഒരു വിദ്യാര്‍ത്ഥി വന്ന്‍ തന്നെ സ്വയം പരിചയപ്പെടുത്തി: ‘ ഞാന്‍ ഋഷികേശ് നായര്‍, ഡോ. സുലോചനയുടെ മകന്‍’. അന്നുമുതല്‍ ഞങ്ങള്‍ ഋഷികേശ് നായരുടെ നേപ്പാളിലെ രക്ഷിതാക്കളായി.

ഏതാണ്ട് ഒരു മാസം കഴിഞ്ഞുകാണും പെട്ടെന്ന് ഒരു സായാഹ്നത്തില്‍ അവിടെ ഉണ്ടായിരുന്നവരെയെല്ലാം പരിഭ്രാന്തരാക്കിക്കൊണ്ട് ഒരു വാര്‍ത്ത വന്നു: ‘ഋഷികേശ് നായരെ പോലീസ് ഭരത്പൂരില്‍ ഇന്ത്യ(ഗോരഖ്പൂര്‍) – നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് അറസ്റ്റ് ചെയ്തിരിക്കുന്നു’. അന്നത്തെ ദിവസം കുറച്ചു ദിവസത്തെ അവധിയായതിനാല്‍ ഒട്ടു മിക്ക വിദ്യാര്‍ത്ഥികളും വീട്ടിലേക്ക് തിരിച്ചിരുന്നു. പെട്ടെന്നുതന്നെ ഡോ. ശ്രീനിവാസനും മണിപ്പാല്‍ ഗ്രൂപ്പിന്റെ അവിടത്തെ പ്രതിനിധിയും അസോസിയേറ്റ് ഡീനുമായിരുന്ന ഡോ. ആര്‍. പി. പൈയും കൂടി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ഇവര്‍ ചെല്ലുമ്പോള്‍ ഋഷികേശ് ആകെ തകര്‍ന്ന്‍ ജയിലിലായിരുന്നു. സംഭവം എന്തായിരുന്നു എന്നുവച്ചാല്‍ ഏതോ ഒരു ഇന്ത്യക്കാരന്‍ ‘ഋഷികേശ് നായക്ക്’ തന്റെ നേപ്പാളി കാമുകിയെ ഹോട്ടല്‍ മുറിയിവച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞിരുന്നു. ‘ഋഷികേശ് നായര്‍’ എന്നത് ‘ഋഷികേശ് നായക്ക്’ എന്ന്‍ തെറ്റിദ്ധരിച്ചതാണ്. കയ്യാമം വെച്ചാണെത്രേ ജയിലിലേക്ക് കൊണ്ടുപോയത്. നല്ല ചുറ്റുപാടില്‍ വളര്‍ന്ന പതിനെട്ടോ പത്തൊന്‍പതോ വയസ്സുള്ള ഒരു ചെറുപ്പകാരനെ വെറും സംശയത്തിന്റെ പേരില്‍ കയ്യാമം വെച്ച് നടത്തിക്കൊണ്ടുപോയത് ഒട്ടും ശരിയായില്ല എന്ന ശക്തിയായ അഭിപ്രായമാണ് എനിക്കുള്ളത്. അന്നുണ്ടായ മുറിവുകളില്‍ നിന്നും രക്ഷപ്പെടുവാന്‍ ഏറെ സമയമെടുത്തു. ഇന്ന്‍ ഋഷികേശ് മനോരോഗ വിദഗ്ദ്ധനായി ഇംഗ്ലണ്ടില്‍ ജോലിനോക്കുന്നു. ‘ഇന്നാര്‍ക്ക് ഇന്നാരെന്ന് പറഞ്ഞു വെച്ചു ദൈവം’. ഋഷികേശിന് ഇത്രനാളായിട്ടും ആളെ കണ്ടുപിടിക്കാനായിട്ടില്ല.

ഇനി ഒരു കുടുംബം കൂടി ഓര്‍മ്മയില്‍ വരുന്നുണ്ട്. അത് ആലപ്പുഴ ഡിസ്ട്രിക്ട് കോഓപറേറ്റീവ് ബാങ്കിന്റെ മാനേജരായി വിരമിച്ച ഗോപിനാഥന്‍ നായരെയും അദ്ദേഹത്തിന്റെ പത്നി രാധാബായിയെയുമാണ്. അവര്‍ ഒരു പെണ്‍കുട്ടിയെ നിയമപ്രകാരം ദത്തെടുത്ത് വളര്‍ത്തുകയുണ്ടായി. പഠിക്കാന്‍ വളരെ സമര്‍ത്ഥയായിരുന്ന ആ കുട്ടി ഇന്ന്‍ ഐ ടി മേഖലയിലാണ്. ഒരു പെണ്‍കുട്ടിക്ക് മാന്യമായി ജീവിക്കുവാനുള്ള വഴി അവര്‍ തുറന്നുകൊടുത്തു. അഭിനന്ദനീയം തന്നെ.

ഇനിയുള്ളത് വ്യക്തികളാണ്. സന്ദര്‍ഭം വരുമ്പോള്‍ അവരെക്കുറിച്ച് പറയാം. തല്‍ക്കാലം നന്ദി ഒരിക്കല്‍ക്കൂടി പറഞ്ഞുകൊണ്ട് വിട ചൊല്ലുന്നു.

എല്ലാവരെയും നന്ദി അറിയിക്കട്ടെ!

changalamparanda1

ലോക വയോജനദിവസത്തില്‍ ‘ദുന്ദുഭി’ എന്നൊരു ബ്ലോഗ്സൈറ്റ് കൂടി ബഹുശതം കോടികളില്‍ ഒന്നായി വായനക്കാര്‍ക്കുമുമ്പില്‍ എത്തുകയാണ്. പെരുമ്പറയുടെ ഡും ഡും എന്ന ഇടിമുഴക്കം ധ്വനിപ്പിക്കുവാന്‍ ക്ഷീണിതമായ വിരലുകള്‍ക്കാവുമോ എന്നൊരു സംശയം ഇല്ലാതില്ല. ഏതായാലും ഇതില്‍പരം നല്ലൊരു ദിവസം എനിക്ക് കിട്ടാനിടയില്ല. മറവി രോഗം വരുന്നത് താമസിപ്പിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ഓര്‍മ്മയുടെ ചെപ്പേട് തുറന്ന്‍ മിനുക്കി എഴുതുകയാണ്. വന്ദ്യവയോധികര്‍ക്കെല്ലാം ഇതൊരു പ്രചോദനമാകട്ടെ എന്ന്‍ ആശംസിച്ചുകൊണ്ട് തുടങ്ങട്ടെ.

വളരെയേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ജാനസ് എന്ന ഗ്രീക് ദേവനെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ജനുവരി മാസത്തിന്റെ ആദ്യവാരം. അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞു പുക മറ സൃഷ്ടിച്ചിരിക്കുന്നു. മരങ്ങളെല്ലാം തണുത്തുവിറങ്ങലിച്ച് നില്‍ക്കുന്നു. ചെടികളുടെ അറ്റം കൂമ്പിയിരിക്കുന്നു. ഇലകളിലെല്ലാം ജലകണികകള്‍ തുളുമ്പി നില്‍ക്കുന്നു. സൂര്യനാകട്ടെ ഉദിക്കുവാന്‍ മടിച്ച് നില്‍ക്കുകയാണ്. അധികം ആളുകളും പുതപ്പിനടിയില്‍നിന്നും പുറത്തേക്ക് ഇറങ്ങി വരുവാന്‍ മടിച്ച് കിടക്കുകയാണ്. ആ സമയത്ത് വെളുത്ത് ചുവന്ന നിറവും ഉയര്‍ന്ന നെറ്റിയും തലയില്‍ അവിടവിടെ പൂട പോലെ മിനുത്ത മുടിയുമുള്ള ഒരു പെണ്‍കുഞ്ഞുകുടി ലോക ജനസംഖ്യയുടെ അക്കങ്ങളില്‍ ഒന്നായി. ആ കുഞ്ഞ് ഞാനായിരുന്നു. അച്ഛനും അമ്മയ്ക്കും നിരാശതോന്നിയോ എന്നറിയില്ല. ഞാന്‍ മൂന്നാമത്തെ പെണ്‍കുട്ടിയും ആ വീട്ടിലെ നാലാമത്തെ കുട്ടിയുമായിരുന്നു. പിന്നീട് രണ്ടംഗങ്ങള്‍ കൂടി വന്നു. മിടുക്കനായ ഒരാണ്‍കുട്ടിയും ഏറ്റവും ഇളയ ഒരു സുന്ദരിക്കുട്ടിയും.

എന്നെ പച്ചാളത്ത് ചേച്ചിമാര്‍ പഠിക്കുന്ന മൌണ്ട് കാര്‍മ്മല്‍ ചാത്ത്യാത് സ്കൂളില്‍ ചേര്‍ത്തു. സര്‍ക്കാര്‍ സ്കൂള്‍ അടുത്തൊന്നും ഉണ്ടായിരുന്നില്ല. നാലാം ക്ലാസ്സുവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം നേടിയ അമ്മയ്ക്ക് പെണ്‍കുട്ടികള്‍ പഠിക്കണം എന്നത് നിര്‍ബന്ധമായിരുന്നു. സാമ്പത്തികമായി നല്ല ഞെരുക്കമുണ്ടായിരുന്നിട്ടും അച്ഛന്‍ എതിരുനിന്നില്ല.

എന്റെ ഉയര്‍ന്ന നെറ്റിയില്‍ തലോടി മഠത്തിലെ സിസ്റ്റര്‍മാര്‍ പറയും: ‘ഇത് മുഴുവനും ബുദ്ധിയാണ്. പക്ഷേ മുടിക്ക് തീരെ ഉള്ളില്ല.’ ആ പ്രസ്താവനകള്‍ ഒരു അപകര്‍ഷതാബോധം എന്നില്‍ ഉളവാക്കിയോ എന്നൊരു സംശയം എനിക്കുണ്ട്. അതെന്തെങ്കിലുമാകട്ടെ, എല്ലാവരും എന്നെ പഠിക്കുവാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു എന്നതൊരു സത്യമാണ്. പണ്ഡിറ്റ് മാഷാണ് മലയാളഭാഷയുടെ ഭംഗി മനസ്സിലാക്കിത്തന്നത്. ഇംഗ്ലീഷിന്റെ മഹത്വമാകട്ടെ അച്ഛനും മദര്‍ ഡൊമിനിക്കും സിസ്റ്റര്‍ ഡൊറോത്തിയുമാണ്.

ഹിന്ദു പത്രം വീട്ടില്‍ വരുത്തിയിരുന്നു. അച്ഛന്‍ മരത്തിന്റെ ഫ്രെയ്മില്‍ തുണിവിരിച്ച ഒരു ചാരുകസേരയില്‍ കിടക്കും. എന്നോട് അടുത്ത് തറയില്‍ ഇരിക്കുവാന്‍ ആവശ്യപ്പെടും. പിന്നെ എഡിറ്റോറിയല്‍ വായനയാണ് എന്റെ ജോലി. വായന പകുതിയാകുമ്പോള്‍ അച്ഛന്‍ നല്ല ഉറക്കമായിരിക്കും. നിര്‍ത്തിയാല്‍ പെട്ടെന്ന് കണ്ണു തുറക്കും. സാവധാനം പത്രപാരായണം ഒരു ശീലമായി മാറി. ആ ശീലം ഇന്നുമുണ്ട്. സ്കൂളില്‍ മദര്‍ ഡൊറോത്തി ഇംഗ്ലിഷ് പാഠങ്ങളും പദ്യങ്ങളും വായിപ്പിക്കും. പലരും തപ്പിത്തടഞ്ഞു വായിക്കുമ്പോള്‍ എനിക്ക് വേഗത്തില്‍ തെറ്റില്ലാതെ വായിക്കുവാന്‍ സാധിക്കുമായിരുന്നു. അതുകൊണ്ടായിരിക്കാം അവര്‍ എന്നെക്കൊണ്ട് വീണ്ടും വീണ്ടും വായിപ്പിച്ചിരുന്നത്.

ഏതോ ഒരു സഹൃദയന്‍ വായനാശീലം വളര്‍ത്തുന്നതിനായി വീടുകള്‍തോറും പുസ്തകം എത്തിക്കുന്ന ഒരു സംരംഭം തുടങ്ങി. ഒരു പൈ ആയിരുന്നു എന്ന്‍ തോന്നുന്നു രണ്ടുസഞ്ചികളിലാക്കി പുസ്തകങ്ങള്‍ കൊണ്ടുവരും. വളരെ തുച്ഛമായ തുക മാത്രമേ വരിസംഖ്യയായി നല്‍കേണ്ടതുണ്ടായിരുന്നുള്ളു. ഇംഗ്ലീഷും മലയാളവും ഉണ്ടാവും. അമ്മയാണ് കൂടുതല്‍ വായിച്ചിരുന്നത്. ഞാനും കുറേശ്ശെ വായിച്ചുതുടങ്ങി. എസ് കെ പൊറ്റക്കാട്, ഉറൂബ്, പാറപ്പുറത്ത്, പോഞ്ഞിക്കരറാഫി, പേള്‍ എസ് ബക്, തോമസ് ഹാര്‍ഡി, വോഡ്ഹൌസ് തുടങ്ങിയ പേരുകള്‍ പരിചിതമായി തുടങ്ങി.

വര്‍ഷങ്ങള്‍ കടന്നുപോയി. എസ് എസ് എല്‍ സി പരീക്ഷ അടുത്തു. ഒരുനാള്‍ പ്രധാനാദ്ധ്യാപകനായിരുന്ന ലക്ഷ്മണ അയ്യർ എന്നെ വിളിച്ച് പറഞ്ഞു: ‘കുട്ടിയുടെ ജനന തീയ്യതി ഇവിടത്തെ രേഖകളില്‍ കുറിച്ചിരിക്കുന്നത് തെറ്റായിട്ടാണെന്ന് തോന്നുന്നു. ജാതകമോ മറ്റോ കൊണ്ടുവന്നാല്‍ ശരിയാക്കാം. വീട്ടില്‍ ചെന്ന്‍ വിവരം പറയൂ’. എന്റെ ജാതകം എഴുതിയിട്ടില്ലായിരുന്നു. ഒരു പക്ഷേ അന്നേ വിധിക്ക് അറിയാമായിരുന്നു ജാതകം വേണ്ടിവരില്ല എന്ന്‍. സ്വയംവരത്തിന് ജാതകം കൈമാറുന്ന ചടങ്ങ് ഇല്ലായിരുന്നു. ഞാന്‍ ജനിച്ച കാലത്ത് അച്ഛന്‍ നിരീശ്വരവാദിയായിരുന്നു. എപ്പോഴും ഈശ്വരസേവ ചെയ്യുന്ന ശാന്തികുലത്തില്‍ ജനിച്ച പലരും പൂണൂല്‍ വലിച്ചെറിഞ്ഞ് ഈശ്വരനില്‍ വിശ്വാസമില്ല എന്നു പറയുന്നത് ഒരു പരിഷ്ക്കാരമായി കാണുന്ന ഒരു കാലമായിരുന്നു അത്. പിന്നീട് അച്ഛന്‍ കടുത്ത ഈശ്വരവാദിയായി എന്നത് വേറെ കാര്യം. അമ്മയുടെ നിര്‍ബന്ധ പ്രകാരം ഒരു ജാതകമൊക്കെ ഉണ്ടാക്കി. നിയമത്തിന്റെ കുരുക്കുകള്‍ അറിയാത്ത അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്കു പോലും ജോലിക്കുപോകാന്‍ വീട്ടുകാരുടെ അനുമതിലഭിക്കുവാന്‍ സാദ്ധ്യതയില്ലാതിരുന്ന അക്കാലത്ത് ജനനത്തീയതിക്ക് അത്ര വലിയ പ്രസക്തിയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ അന്നു മുതല്‍ എന്റെ ജന്മദിനം 2-1-1943 ആയി. എന്നെ ഞാനാക്കിയതില്‍ അവര്‍ക്ക് വളരെ വലിയ പങ്കുണ്ട്. അതുപോലെ തന്നെ ധാരാളം പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആ കടപ്പാടുകള്‍ ഇന്ന്‍ ഞാന്‍ ബഹുമാനപൂര്‍വം സ്മരിച്ചില്ലെങ്കില്‍ അത് കൃതഘ്നതയാവും. നന്ദി, നന്ദി, നന്ദി!