എല്ലാവരെയും നന്ദി അറിയിക്കട്ടെ!

changalamparanda1

ലോക വയോജനദിവസത്തില്‍ ‘ദുന്ദുഭി’ എന്നൊരു ബ്ലോഗ്സൈറ്റ് കൂടി ബഹുശതം കോടികളില്‍ ഒന്നായി വായനക്കാര്‍ക്കുമുമ്പില്‍ എത്തുകയാണ്. പെരുമ്പറയുടെ ഡും ഡും എന്ന ഇടിമുഴക്കം ധ്വനിപ്പിക്കുവാന്‍ ക്ഷീണിതമായ വിരലുകള്‍ക്കാവുമോ എന്നൊരു സംശയം ഇല്ലാതില്ല. ഏതായാലും ഇതില്‍പരം നല്ലൊരു ദിവസം എനിക്ക് കിട്ടാനിടയില്ല. മറവി രോഗം വരുന്നത് താമസിപ്പിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ ഓര്‍മ്മയുടെ ചെപ്പേട് തുറന്ന്‍ മിനുക്കി എഴുതുകയാണ്. വന്ദ്യവയോധികര്‍ക്കെല്ലാം ഇതൊരു പ്രചോദനമാകട്ടെ എന്ന്‍ ആശംസിച്ചുകൊണ്ട് തുടങ്ങട്ടെ.

വളരെയേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് ജാനസ് എന്ന ഗ്രീക് ദേവനെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ജനുവരി മാസത്തിന്റെ ആദ്യവാരം. അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞു പുക മറ സൃഷ്ടിച്ചിരിക്കുന്നു. മരങ്ങളെല്ലാം തണുത്തുവിറങ്ങലിച്ച് നില്‍ക്കുന്നു. ചെടികളുടെ അറ്റം കൂമ്പിയിരിക്കുന്നു. ഇലകളിലെല്ലാം ജലകണികകള്‍ തുളുമ്പി നില്‍ക്കുന്നു. സൂര്യനാകട്ടെ ഉദിക്കുവാന്‍ മടിച്ച് നില്‍ക്കുകയാണ്. അധികം ആളുകളും പുതപ്പിനടിയില്‍നിന്നും പുറത്തേക്ക് ഇറങ്ങി വരുവാന്‍ മടിച്ച് കിടക്കുകയാണ്. ആ സമയത്ത് വെളുത്ത് ചുവന്ന നിറവും ഉയര്‍ന്ന നെറ്റിയും തലയില്‍ അവിടവിടെ പൂട പോലെ മിനുത്ത മുടിയുമുള്ള ഒരു പെണ്‍കുഞ്ഞുകുടി ലോക ജനസംഖ്യയുടെ അക്കങ്ങളില്‍ ഒന്നായി. ആ കുഞ്ഞ് ഞാനായിരുന്നു. അച്ഛനും അമ്മയ്ക്കും നിരാശതോന്നിയോ എന്നറിയില്ല. ഞാന്‍ മൂന്നാമത്തെ പെണ്‍കുട്ടിയും ആ വീട്ടിലെ നാലാമത്തെ കുട്ടിയുമായിരുന്നു. പിന്നീട് രണ്ടംഗങ്ങള്‍ കൂടി വന്നു. മിടുക്കനായ ഒരാണ്‍കുട്ടിയും ഏറ്റവും ഇളയ ഒരു സുന്ദരിക്കുട്ടിയും.

എന്നെ പച്ചാളത്ത് ചേച്ചിമാര്‍ പഠിക്കുന്ന മൌണ്ട് കാര്‍മ്മല്‍ ചാത്ത്യാത് സ്കൂളില്‍ ചേര്‍ത്തു. സര്‍ക്കാര്‍ സ്കൂള്‍ അടുത്തൊന്നും ഉണ്ടായിരുന്നില്ല. നാലാം ക്ലാസ്സുവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം നേടിയ അമ്മയ്ക്ക് പെണ്‍കുട്ടികള്‍ പഠിക്കണം എന്നത് നിര്‍ബന്ധമായിരുന്നു. സാമ്പത്തികമായി നല്ല ഞെരുക്കമുണ്ടായിരുന്നിട്ടും അച്ഛന്‍ എതിരുനിന്നില്ല.

എന്റെ ഉയര്‍ന്ന നെറ്റിയില്‍ തലോടി മഠത്തിലെ സിസ്റ്റര്‍മാര്‍ പറയും: ‘ഇത് മുഴുവനും ബുദ്ധിയാണ്. പക്ഷേ മുടിക്ക് തീരെ ഉള്ളില്ല.’ ആ പ്രസ്താവനകള്‍ ഒരു അപകര്‍ഷതാബോധം എന്നില്‍ ഉളവാക്കിയോ എന്നൊരു സംശയം എനിക്കുണ്ട്. അതെന്തെങ്കിലുമാകട്ടെ, എല്ലാവരും എന്നെ പഠിക്കുവാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു എന്നതൊരു സത്യമാണ്. പണ്ഡിറ്റ് മാഷാണ് മലയാളഭാഷയുടെ ഭംഗി മനസ്സിലാക്കിത്തന്നത്. ഇംഗ്ലീഷിന്റെ മഹത്വമാകട്ടെ അച്ഛനും മദര്‍ ഡൊമിനിക്കും സിസ്റ്റര്‍ ഡൊറോത്തിയുമാണ്.

ഹിന്ദു പത്രം വീട്ടില്‍ വരുത്തിയിരുന്നു. അച്ഛന്‍ മരത്തിന്റെ ഫ്രെയ്മില്‍ തുണിവിരിച്ച ഒരു ചാരുകസേരയില്‍ കിടക്കും. എന്നോട് അടുത്ത് തറയില്‍ ഇരിക്കുവാന്‍ ആവശ്യപ്പെടും. പിന്നെ എഡിറ്റോറിയല്‍ വായനയാണ് എന്റെ ജോലി. വായന പകുതിയാകുമ്പോള്‍ അച്ഛന്‍ നല്ല ഉറക്കമായിരിക്കും. നിര്‍ത്തിയാല്‍ പെട്ടെന്ന് കണ്ണു തുറക്കും. സാവധാനം പത്രപാരായണം ഒരു ശീലമായി മാറി. ആ ശീലം ഇന്നുമുണ്ട്. സ്കൂളില്‍ മദര്‍ ഡൊറോത്തി ഇംഗ്ലിഷ് പാഠങ്ങളും പദ്യങ്ങളും വായിപ്പിക്കും. പലരും തപ്പിത്തടഞ്ഞു വായിക്കുമ്പോള്‍ എനിക്ക് വേഗത്തില്‍ തെറ്റില്ലാതെ വായിക്കുവാന്‍ സാധിക്കുമായിരുന്നു. അതുകൊണ്ടായിരിക്കാം അവര്‍ എന്നെക്കൊണ്ട് വീണ്ടും വീണ്ടും വായിപ്പിച്ചിരുന്നത്.

ഏതോ ഒരു സഹൃദയന്‍ വായനാശീലം വളര്‍ത്തുന്നതിനായി വീടുകള്‍തോറും പുസ്തകം എത്തിക്കുന്ന ഒരു സംരംഭം തുടങ്ങി. ഒരു പൈ ആയിരുന്നു എന്ന്‍ തോന്നുന്നു രണ്ടുസഞ്ചികളിലാക്കി പുസ്തകങ്ങള്‍ കൊണ്ടുവരും. വളരെ തുച്ഛമായ തുക മാത്രമേ വരിസംഖ്യയായി നല്‍കേണ്ടതുണ്ടായിരുന്നുള്ളു. ഇംഗ്ലീഷും മലയാളവും ഉണ്ടാവും. അമ്മയാണ് കൂടുതല്‍ വായിച്ചിരുന്നത്. ഞാനും കുറേശ്ശെ വായിച്ചുതുടങ്ങി. എസ് കെ പൊറ്റക്കാട്, ഉറൂബ്, പാറപ്പുറത്ത്, പോഞ്ഞിക്കരറാഫി, പേള്‍ എസ് ബക്, തോമസ് ഹാര്‍ഡി, വോഡ്ഹൌസ് തുടങ്ങിയ പേരുകള്‍ പരിചിതമായി തുടങ്ങി.

വര്‍ഷങ്ങള്‍ കടന്നുപോയി. എസ് എസ് എല്‍ സി പരീക്ഷ അടുത്തു. ഒരുനാള്‍ പ്രധാനാദ്ധ്യാപകനായിരുന്ന ലക്ഷ്മണ അയ്യർ എന്നെ വിളിച്ച് പറഞ്ഞു: ‘കുട്ടിയുടെ ജനന തീയ്യതി ഇവിടത്തെ രേഖകളില്‍ കുറിച്ചിരിക്കുന്നത് തെറ്റായിട്ടാണെന്ന് തോന്നുന്നു. ജാതകമോ മറ്റോ കൊണ്ടുവന്നാല്‍ ശരിയാക്കാം. വീട്ടില്‍ ചെന്ന്‍ വിവരം പറയൂ’. എന്റെ ജാതകം എഴുതിയിട്ടില്ലായിരുന്നു. ഒരു പക്ഷേ അന്നേ വിധിക്ക് അറിയാമായിരുന്നു ജാതകം വേണ്ടിവരില്ല എന്ന്‍. സ്വയംവരത്തിന് ജാതകം കൈമാറുന്ന ചടങ്ങ് ഇല്ലായിരുന്നു. ഞാന്‍ ജനിച്ച കാലത്ത് അച്ഛന്‍ നിരീശ്വരവാദിയായിരുന്നു. എപ്പോഴും ഈശ്വരസേവ ചെയ്യുന്ന ശാന്തികുലത്തില്‍ ജനിച്ച പലരും പൂണൂല്‍ വലിച്ചെറിഞ്ഞ് ഈശ്വരനില്‍ വിശ്വാസമില്ല എന്നു പറയുന്നത് ഒരു പരിഷ്ക്കാരമായി കാണുന്ന ഒരു കാലമായിരുന്നു അത്. പിന്നീട് അച്ഛന്‍ കടുത്ത ഈശ്വരവാദിയായി എന്നത് വേറെ കാര്യം. അമ്മയുടെ നിര്‍ബന്ധ പ്രകാരം ഒരു ജാതകമൊക്കെ ഉണ്ടാക്കി. നിയമത്തിന്റെ കുരുക്കുകള്‍ അറിയാത്ത അവര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്കു പോലും ജോലിക്കുപോകാന്‍ വീട്ടുകാരുടെ അനുമതിലഭിക്കുവാന്‍ സാദ്ധ്യതയില്ലാതിരുന്ന അക്കാലത്ത് ജനനത്തീയതിക്ക് അത്ര വലിയ പ്രസക്തിയൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ അന്നു മുതല്‍ എന്റെ ജന്മദിനം 2-1-1943 ആയി. എന്നെ ഞാനാക്കിയതില്‍ അവര്‍ക്ക് വളരെ വലിയ പങ്കുണ്ട്. അതുപോലെ തന്നെ ധാരാളം പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ആ കടപ്പാടുകള്‍ ഇന്ന്‍ ഞാന്‍ ബഹുമാനപൂര്‍വം സ്മരിച്ചില്ലെങ്കില്‍ അത് കൃതഘ്നതയാവും. നന്ദി, നന്ദി, നന്ദി!

1 thoughts on “എല്ലാവരെയും നന്ദി അറിയിക്കട്ടെ!

Leave a reply to അജ്ഞാതന്‍ മറുപടി റദ്ദാക്കുക