മാസം: നവംബര്‍ 2015

ആദരപൂര്‍വ്വം, ചിന്മയ വിദ്യാലയം, വടുതല

yellowവേദിയിലും സദസ്സിലും ഇരിക്കുന്ന മാന്യ വ്യക്തികള്‍ക്ക് എന്റെ വിനീതമായ നമസ്ക്കാരം. വന്ദ്യവയോധികരെ, സ്നേഹിതരെ, വിദ്യാര്‍ത്ഥീ-വിദ്യാര്‍ത്ഥിനികളെ,

സദസ്സില്‍  ഇരിക്കുന്ന വയോധികര്‍  മുത്തശ്ശിയോ, മുത്തശ്ശനോ; അമ്മമ്മയോ, അപ്പൂപ്പനോ; അമ്മാമ്മയോ, അപ്പാപ്പനോ; ഉമ്മമ്മയോ, ഉപ്പാപ്പനോ ആയിരിക്കാം. ആരുമാകട്ടെ. ചിന്മയ വിദ്യാലയം, വടുതല നമ്മെ ഇവിടെ ക്ഷണിച്ച് ആദരിച്ചിരിക്കുകയാണ്.  നമുക്ക് അത് സ്നേഹപൂര്‍വ്വം  സ്വീകരിച്ച്   ഓരോകുട്ടിക്കും നല്ല ബുദ്ധി എപ്പോഴും തോന്നിക്കണേ എന്നും നന്‍മയുണ്ടാകണേ എന്നും പ്രാര്‍ത്ഥിക്കാം.  അവരെ  അനുഗ്രഹിക്കാം. മുതിര്‍ന്നവരെ  ബഹുമാനിക്കുക എന്നത് ആര്‍ഷ ഭാരതത്തിന്റെ സംസ്കൃതിയാണ്. കര്‍ണ്ണാടകയിലും, വടക്കേ ഇന്ത്യയിലും മുതിര്‍ന്നവര്‍ അവരുടെ വീട്ടില്‍ ചെന്നാലോ അല്ലെങ്കില്‍ അവര്‍ മുതിര്‍ന്നവരുള്ളിടത്തുചെന്നാലോ ആദ്യം ചെയ്യുന്നത്  അവരെ നമസ്കരിച്ച് അനുഗ്രഹം വാങ്ങുക എന്നതാണ്. കുട്ടികളും അതുപോലെ ചെയ്യണം എന്നത് അലിഖിത നിയമമാണ്. യുഗാദി (വിഷു) നാളില്‍ അടുത്തുള്ള ബന്ധുക്കളെല്ലാം മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങാനായി എത്തിയിരിക്കും. മുതിര്‍ന്നവരെ ആദരിക്കുക എന്ന  പാരമ്പര്യം നിലനിര്‍ത്തുവാന്‍  ചിന്മയ വിദ്യാലയം, വടുതല നടത്തുന്ന ശ്രമങ്ങള്‍ തീര്‍ച്ചയായും ശ്ലാഘനീയമാണ്.

ഇനി നമുക്ക് നമ്മുടെ പേരക്കുട്ടികളുമായുള്ള ബന്ധം  ഒന്ന്‍ വിലയിരുത്തി നോക്കാം.

ഒന്നാമത്തെ കൂട്ടര്‍: മകന്റെയോ മകളുടെ കൂടെയോ താമസിക്കുന്നു. അതുകൊണ്ടുതന്നെ പേരക്കുട്ടിയുടെ ഓരോ ചലനങ്ങളും കുസൃതികളും ആസ്വദിക്കുവാന്‍ അവസരം ലഭിക്കുന്നു. പേരക്കുട്ടിക്ക് സാരോപദേശകഥകള്‍ പറഞ്ഞുകൊടുക്കുവാന്‍ കൂടുതല്‍ സമയം കിട്ടുന്നു.  അങ്ങനെ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വ്യക്തിയെ രൂപപ്പെടുത്തുവാനുള്ള  സാധ്യത കൂടുതല്‍ ഉള്ളതായി ഞാന്‍ കരുതുന്നു. ഒരു പരാതി കേള്‍ക്കുവാന്‍ ഇടയുണ്ട്. ‘കൊഞ്ചിച്ചുകൊഞ്ചിച്ചു അവനെ/അവളെ വഷളാക്കി’.

രണ്ടാമത്തെ കൂട്ടര്‍: ഏതാണ്ട് 5 വയസ്സുവരെ പേരക്കുട്ടിയോടൊപ്പം ചിലവഴിക്കുവാനുള്ള അവസരം ലഭിക്കുന്നു. പിന്നീട് മകനോ / മകളോ പുതിയ വീടുവെച്ച്  മാറി താമസിക്കുകയോ ജോലിയില്‍ മാറ്റം വന്ന്‍ അകലേക്ക് പോകുകയോ ചെയ്യുന്നു.  എന്റെ ഒരു സഹപാഠി ഇതുപോലൊരു ചുറ്റുപാടിലായിരുന്നു.  ഒരു ദിവസം കൊച്ചുമോനോട്  സംസാരിക്കണമെന്ന അതികലശലായ മോഹം തോന്നി. ഫോണെടുത്ത്  വിളിച്ചു. കിട്ടിയത് മകനെയാണ്: ‘എടാ, നീ ഒന്ന്‍ മോനേ വിളിക്ക്’. ‘അപ്പാ, അവന്‍ കളിക്കുവാ. ഇപ്പ വരുംന് തോന്നണില്ല’.’ ഞാന്‍ വിളിക്കണൂന് പറ’. ‘ അപ്പാപ്പാ, ഞാന്‍ കള്ളനും പോലീസും കളിക്കുവാ’. ഫോണ്‍ താഴെ വച്ച്  അവന്‍ പോയി. എന്റെ സഹപാഠിക്ക് വലിയ സങ്കടമായി. തലയില്‍ വച്ചാല്‍ പേനരിക്കും; തറയില്‍   വച്ചാല്‍ ഉറുമ്പരിക്കും എന്നു പറഞ്ഞതുപോലെ വളര്‍ത്തിയതാണ്. കുട്ടികള്‍ വലുതാകുന്നതും അവരുടെ കാഴ്ചപ്പാടുകള്‍ മാറുന്നതും നാം മനസ്സിലാക്കണം.

മൂന്നാമത്തെ കൂട്ടര്‍: എന്നെ പോലെയുള്ളവര്‍. ദൂരെയുമാണ് ; അടുത്തുമാണ്. വലുതാകുംതോറും പേരക്കുട്ടിയെ കാണുന്ന സമയം കുറയും. അവരും തിരക്കിലല്ലേ? അതിഥികളായി നമ്മുടെ അടുത്ത് വരുമ്പോള്‍ സന്തോഷിക്കുക. അവസരം കിട്ടിയാല്‍ ഉപദേശ രൂപത്തിലല്ലാതെ നല്ല കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുവാന്‍ ശ്രമിക്കുക. കൂടുതല്‍ സമയം ഒപ്പം ചിലവഴിക്കുവാന്‍ ശ്രമിക്കുക.

നാലാമത്തെ കൂട്ടര്‍: പേരക്കുട്ടികള്‍ വിദേശത്തു ജനിച്ചവരോ അല്ലെങ്കില്‍ ചെറു പ്രായം മുതലേ അവിടെ വളര്‍ന്നവരോ ആണ്.  ഈയിടെ ഞാന്‍ എന്റെ ഒരു ബന്ധുവിന്റെ  വീട്ടില്‍ പോയിരുന്നു. അവിടെ അവരുടെ വിദേശത്തുള്ള  മകളും അവളുടെ  മൂന്നു പെണ്‍കുട്ടികളും ഉണ്ടായിരുന്നു. അന്ന് പാതിരാത്രിയോടെ അവര്‍ മടങ്ങും. മൂത്ത കുട്ടിക്ക്  പതിനാറും ഏറ്റവും ഇളയതിന്   പത്തും  വയസ്സുണ്ട്. മകള്‍ സാധനങ്ങള്‍ എടുത്തുവെക്കുന്ന തിരക്കിലാണ്. മൂന്നു കുട്ടികളൂം  ‘ടാബ്ലറ്റ്’ കയ്യില്‍ പിടിച്ച് അതീവ ശ്രദ്ധയോടെ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നു.  ഞാന്‍ കുട്ടികളോട് സംസാരിക്കുവാന്‍ ഒരു വൃഥാ ശ്രമം നടത്തി. ഒന്നും ചെയ്യാനില്ലാതെ ഞാന്‍ വെറുതെ ഇരുന്നു.  പാതിരാത്രിയായപ്പോള്‍  ഞാനും ഉണര്‍ന്നു. എന്നെയും  കെട്ടിപ്പിടിച്ച്  ബൈ പറഞ്  അവര്‍ യാത്രയായി.   ബഹിര്‍മുഖ വ്യക്തിത്വമുള്ള എന്റെ ബന്ധുവിന് പേരക്കുട്ടികള്‍ സംസാരിക്കുന്നില്ല, അവര്‍ ഉണ്ടാക്കുന്നതൊന്നും ഇഷ്ടമാകുന്നില്ല എന്നൊക്കെയുള്ള പരാതികളായിരുന്നു. തൊട്ടും  തലോടിയും  അനുഭവിച്ചുമാണ്  ബന്ധങ്ങള്‍ ഉണ്ടാവുന്നതും ഊഷ്മളമാവുന്നതും. അതിനിവിടെ അവസരം കിട്ടുന്നില്ല എന്നതല്ലേ സത്യം.

അഞ്ചാമത്തെ കൂട്ടര്‍: മക്കളെ മാതാപിതാക്കളെ ഏല്‍പ്പിച്ചു പോയവരാണിവര്‍. ഭാരിച്ച ഉത്തരവാദിത്വമാണിത്. ഒരു ചെറിയ പനി വന്നാല്‍ ആധിയാവും. അപകടം വന്നുപോയാല്‍ പിന്നെ  മാതാപിതാക്കള്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല.   മാതാപിതാക്കള്‍ മക്കളുടെ സുഖത്തിനുവേണ്ടി ചെയ്യുന്ന വലിയ ത്യാഗമായി ഞാന്‍ ഇതിനെ കാണുന്നു.

ഇനി നമുക്ക് സന്തോഷത്തോടെ ചെയ്യുവാന്‍ പറ്റുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ന്‍ പൊതുവേ ഷഷ്ഠിപൂര്‍ത്തി ആരും ആഘോഷിക്കാറില്ല. സര്‍ക്കാരിന് പരിമിതികള്‍ ഉള്ളതുകൊണ്ട് അറുപതുവയസ്സോടടുത്ത്  ജോലിയില്‍നിന്നും വിരമിക്കേണ്ടിവരുന്നു.  ഇത്രയും വര്‍ഷത്തെ ജീവിതാനുഭവങ്ങള്‍ കൊണ്ടുനേടിയ പക്വതയും വിവേകവും ജോലിയില്‍നിന്നുള്ള പരിചയവും സമൂഹനന്മയ്ക്കായി ഉപയോഗപ്പെടുത്തുന്നത് നല്ലതായിരിക്കുമെന്ന് എനിക്കു തോന്നുന്നു. സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെങ്കില്‍ വീണ്ടും എന്തെങ്കിലും തൊഴിലില്‍ ഏര്‍പ്പെടുന്നത് നന്നായിരിക്കും. സാമ്പത്തിക ഭദ്രതയുണ്ടെങ്കില്‍ വേതനമോ പാരിതോഷികമോ പറ്റാതെ തന്നെ സാമൂഹ്യസേവനം നടത്തുവാന്‍ സാധിക്കും.  ഡേകെയര്‍  ഉണ്ടെങ്കില്‍ പിഞ്ചു കുഞ്ഞുക്കള്‍ക്ക് മുത്തശ്ശി കഥകള്‍ പറഞ്ഞു കൊടുക്കാം. അനാഥാലയമുണ്ടെങ്കില്‍ ടൂഷന്‍ എടുക്കാം. മൂല്യ വര്‍ദ്ധിത ക്ലാസ്സുകള്‍ എടുക്കാം. കലാവാസനയുള്ളവര്‍ക്ക്  അതുസംബന്ധിച്ച പരിശീലനങ്ങള്‍ നല്‍കാം.  ബാങ്ക് പരീക്ഷകള്‍ക്ക് പരിശീലനം.  ജൈവ കൃഷി, കന്നുകാലി സംരക്ഷണം, കോഴി വളര്‍ത്തല്‍, മത്സ്യ കൃഷി, കൂണ്‍ കൃഷി, ക്ഷേത്ര പരിപാലനം തുടങ്ങി നമുക്ക് ആനന്ദം നല്‍കുന്നതെന്തും ചെയ്യാവുന്നതാണ്.   ധാരാളം വൃദ്ധസദനങ്ങളും പകല്‍വീടുകളും ഉയര്‍ന്നു വരുന്നുണ്ട്. കുറച്ചു സമയം അവരുടെ കൂടെ ചിലവാക്കാവുന്നതാണ്.  അടുത്തുള്ള രോഗികളെ വൈദ്യസഹായം തേടുവാന്‍ സഹായിക്കാം.  വിഷാദ ചിന്തകള്‍ ഒഴിവാക്കുവാന്‍ ഇതെല്ലാം സഹായകരമാണ്.

വിദ്യാര്‍ത്ഥികളെ,  മുതിര്‍ന്നവരെ ആദരിക്കുക എന്നത് ഒരു ശീലമാകട്ടെ എന്ന്‍ ഞാന്‍ ആഗ്രഹിക്കുന്നു.    അത്താഴ സമയത്ത് അവര്‍ കഴിച്ചുകഴിഞ്ഞതാണെങ്കില്‍ പോലും  അവരെ കൂടി ഇരുത്തണം. വീട്ടില്‍ മരുന്നുകള്‍ കഴിക്കുവാന്‍ അവരെ സഹായിക്കാം .കൈ പിടിച്ച് വര്‍ത്തമാനം പറഞ്ഞുകൊണ്ടു കുറച്ചുസമയം നടക്കാം. നടക്കാന്‍ പറ്റാത്തവരാണെങ്കില്‍ ദിവസവും പത്തു മിനിറ്റ്  നേരമെങ്കിലും അവരുടെ മുറിയില്‍ ചിലവഴിക്കുക.  ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ എഴുന്നേറ്റ് ഇരിപ്പടം നല്‍കുന്നതും, തിരക്കേറിയ സമയത്ത് അവരെ റോഡ് മുറിച്ച് കടക്കുവാന്‍ സഹായിക്കുന്നതും നല്ല കാര്യങ്ങള്‍ തന്നെ.

പ്രസിദ്ധ എഴുത്തുകാരനായ കെ. എല്‍. മോഹന വര്‍മ്മ യുടെ ‘വര്‍മ്മാജി വിത്ത് ലവ്” എന്ന പരമ്പരയില്‍ നിന്നും ഓര്‍മ്മയില്‍ വരുന്ന രണ്ടു ഏടുകള്‍ പറയട്ടെ. പേരക്കുട്ടിയും വര്‍മ്മാജിയും കൂടി ഡര്‍ബാര്‍ ഗ്രൌണ്ടില്‍ അതിരാവിലെ പോയി. വര്‍മ്മാജി പത്തുവട്ടം ഗ്രൌണ്ടിനുചുറ്റും വളരെ സാവധാനം നടക്കണം. ആ  സമയത്ത് പേരക്കുട്ടി ക്രിക്കറ്റ് കളിക്കും. പിന്നീട്, വീട്ടില്‍ച്ചെന്ന്  പ്രഭാത ഭക്ഷണം.  അതായിരുന്നു കരാര്‍. കുറെ നടന്നു  കഴിഞ്ഞപ്പോള്‍ വര്‍മ്മാജി പേരക്കുട്ടിയെ ഓര്‍മ്മിപ്പിച്ചു: ‘ ഇനി രണ്ടു ചുറ്റേയുള്ളൂ; പോകാറായി. പേരക്കുട്ടി വിളിച്ചുപറഞ്ഞു: ‘അപ്പൂപ്പാ, ഞാന്‍ ശ്രദ്ധിക്കുന്നുണ്ട് – അഞ്ചേ ആയിട്ടുള്ളൂ.’

മറ്റൊരു ദിവസം – അപ്പൂപ്പന്‍ പേരക്കുട്ടിക്ക് ഒരു കഥ പറഞ്ഞു കൊടുക്കുവാന്‍ തുടങ്ങി. കുന്തിയുടെ മൂത്തപുത്രനായി,  കാതില്‍ കുണ്ഡലം ധരിച്ച  കര്‍ണ്ണന്‍ ജനിച്ച കാര്യം പറഞ്ഞു. ഇനി പറയേണ്ടത് കര്‍ണ്ണനെ ഉപേക്ഷിച്ച കാര്യമാണ്. അപ്പോള്‍ ഒരു സംശയം;  പെട്ടിയിലാണോ കൊട്ടയിലാണോ പിഞ്ചുകുഞ്ഞിനെ കിടത്തിയത്. കഥ തുടര്‍ന്നു. പെട്ടിയില്‍ കിടത്തി. അത്രയേ ആയുള്ളു.പേരക്കുട്ടി ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ‘ ഈ അപ്പൂപ്പന് ഒന്നും  അറിയില്ല. കൊട്ടയിലാ കിടത്തിയത്. ‘ അപ്പൂപ്പന്‍ പതുക്കെ ചോദിച്ചു:’ നിനക്കെങ്ങിനെ അറിയാം ? അവന്‍ മറുപടി പറഞ്ഞു: ‘ കാര്‍ടൂണ്‍ കഥ ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ കൊട്ടയാണ് വരച്ചിരുന്നത്.

വന്ദ്യ വയോധികരെ,  നിങ്ങളെയെല്ലാവരെയും  നേരില്‍ കാണുവാനും സംവദിക്കുവാനും അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്.   അതിന് വേദി  ഒരുക്കിത്തന്ന  ചിന്മയ വിദ്യാലയം ഭാരവാഹികള്‍ക്കും  മുന്‍കൈ എടുത്ത വിദ്യാര്‍ത്ഥികള്‍ക്കും  ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ടു നിറുത്തട്ടെ. എവര്‍ക്കും നമസ്ക്കാരം.

ബി. പ്രഭാറാവു

07 നവംബര്‍ 2015

Advertisements