ഇതല്ലേ ശരിയായ മതേതരത്വം?

Ganeshതലയെടുപ്പുള്ള ആനയായിരുന്നു ആദ്യത്തെ അവയവയദാതാവ്. സ്വീകര്‍ത്താവാകട്ടെ ഗണപതിയും. ശസ്ത്രക്രിയ നടത്തിയതോ സാക്ഷാല്‍ മഹാശിവനും.

ഒരു നാള്‍  പാര്‍വതി കുളിക്കുവാന്‍ പുറപ്പെട്ടപ്പോള്‍ ഒരാഗ്രഹം തോന്നി. ശിവന് വിശ്വസ്തനായി ‘നന്ദി’ എന്ന കാള ഉള്ളതുപോലെ തനിക്ക് ഒരു മകന്‍ വേണം. ഉടന്‍ കയ്യിലുണ്ടായിരുന്ന മഞ്ഞളും ഭസ്മവുമെടുത്ത് ഗണേശനെ സൃഷ്ടിച്ചു. എന്നിട്ട്  ഗണേശനോട് പറഞ്ഞു: ‘മകനെ, നീ ആരെയും അകത്തു കടത്തരുത്’. അങ്ങനെ കാവല്‍ നില്‍ക്കുമ്പോള്‍ മഹാശിവന്‍ വന്നു. ഗണേശന്‍ അകത്തു കയറ്റിയില്ലെന്നുമാത്രമല്ല  കണ്ട ഭാവം പോലും നടിച്ചില്ല. ധിക്കാരിയായ ഇവനാരാണെന്ന് മനസ്സിലാകാതെ ക്ഷുഭിതനായ ശിവന്‍ തന്റെ സേനയോട് ഗണപതിയെ മാറ്റുവാന്‍ ആജ്ഞാപിച്ചു. അവര്‍ക്കത് സാധ്യമാകാതെ വന്നപ്പോള്‍ തന്റെ തൃശൂലം കൊണ്ടൊരു കുത്തു കൊടുത്തു. ഗണപതിയുടെ തല ദൂരേക്ക് തെറിച്ചുപോയി. ബഹളം കേട്ട് പാര്‍വതി ഓടി വന്നു.  മകന്‍ തലയില്ലാതെ കബന്ധമായി കിടക്കുന്നു. അവര്‍ വാവിട്ട് കരഞ്ഞു. സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് മധ്യസ്ഥം പറയുവാന്‍ ഓടിയെത്തി. ഒടുവില്‍, വടക്കോട്ടുനോക്കി കിടക്കുന്ന ആദ്യം കാണുന്ന തല കൊണ്ടുവരുവാന്‍ ശിവന്‍ തന്റെ സൈന്യത്തോട് ആജ്ഞാപിച്ചു. ഒരു ഒറ്റകൊമ്പന്‍ ആനത്തലയുമായിട്ടാണവര്‍ തിരിച്ചെത്തിയത്.  (മറ്റെ കൊമ്പ്  മുറിഞ്ഞ നിലയിലായിരുന്നു). ശിവന്‍ ആ തലയെടുത്ത് ഗണപതിയുടെ തലയ്ക്കുപകരം കൂട്ടിച്ചേര്‍ത്തു. എന്നിട്ട് താന്‍ അഛനാണെന്നും പ്രഖ്യാപിച്ചു. അന്നുമുതല്‍ ഗണേശന്‍ ഗജാനനനും സകല ചരങ്ങളുടെയും (ഗണങ്ങള്‍, കൂട്ടങ്ങള്‍) അധിപതിയുമായി. ആനയുടെ മസ്തകം ബുദ്ധിശക്തിയുടെയും വിവേകത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ്. വലിയ ചെവികള്‍  സശ്രദ്ധം കേള്‍ക്കുവാനാണ്. ചെറിയ കണ്ണുകള്‍ സൂക്ഷ്മ ദൃഷ്ടിക്കുവേണ്ടിയാണ്. കുടവയര്‍ മഹാമനസ്കതയെ, ദയാവായ്പ്പോടെ വിഘ്നങ്ങള്‍ ആവാഹിച്ചെടുക്കുവാനുള്ള കഴിവിനെ സൂചിപ്പിക്കുന്നു. ഒറ്റക്കൊമ്പ് ലക്ഷ്യബോധത്തെ പ്രതിനിധാനം ചെയ്യുന്നു. തടസ്സങ്ങള്‍  നീക്കി ഏത്  സംരംഭവും വിജയിപ്പിക്കുവാന്‍ കഴിവുള്ള ഗണേശനെ നാം ആദ്യം വന്ദിക്കുന്നു. ഗണപതിയെ ആരാധിക്കുന്ന ഹിന്ദുക്കള്‍ അവയവദാനം ഒരു പുണ്യ കര്‍മ്മമായി കരുതണം എന്നു സാരം.

ഫാദര്‍ ഡേവിസ് ചിറമേല്‍ തൃശൂരില്‍ വാടാനപ്പള്ളി സെയിന്‍റ് ഫ്രാന്‍സിസ് സേവിയര്‍ പള്ളിയുടെ വികാരിയായിരുന്ന സമയത്ത്  രണ്ടു വൃക്കകളും തകരാറിലായി  ഏത് സമയവും മരണം   സംഭവിക്കാം എന്ന നിലയില്‍  കിടന്നിരുന്ന  ഗോപിനാഥന്‍ സി ജി  എന്ന ഇലക്ട്രീഷ്യന്,  അതും ഒരു ഹിന്ദു യുവാവിന്,  ഒരു വൃക്ക നല്‍കാന്‍ തയ്യാറായി എന്നത്  ഒരു മഹാത്യാഗം തന്നെയായിരുന്നു. 2009 സെപ്തംബര്‍ മാസം 30-ആം തീയതി  വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയയ്ക്ക്   ഇരുവരും വിധേയരായി.  പിന്നീട്  ഫാദര്‍ ഡേവിസ് ചിറമേല്‍ Kidney Federation of India (K F I) എന്ന  ഒരു Trust രൂപവത്ക്കരിച്ചു.  പക്ഷേ, പ്രതീക്ഷയ്ക്കൊത്ത് ഇതിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോയില്ല.  അങ്ങനെയിരിക്കെ, അപ്രതീക്ഷിതമായിട്ട് കൊച്ചിയിലെ പ്രമുഖ വ്യവസായിയായ (വി-ഗാര്‍ഡ് ഗ്രൂപ്പ്) കൊച്ചൌസേഫ് ചിറ്റിലപ്പിള്ളി 2010-ല്‍ ഫാദര്‍ ഡേവിസ് ചിറമേലുമായി ഫോണില്‍ ബന്ധപ്പെട്ടു. വൃക്ക കിട്ടുവാനുണ്ടോ എന്ന പതിവന്വേഷണമായിരിക്കും എന്നു വിചാരിച്ച വികാരി, വൃക്കദാതാവാകുവാന്‍ ആഗ്രഹിക്കുന്ന വലിയ വ്യവസായിയാണ് ചിറ്റിലപ്പിള്ളി എന്നു കേട്ടപ്പോള്‍,  അതിശയിച്ചുപോയി. 2011 ഫെബ്രുവരി മാസം 59 കാരനായ   ചിറ്റിലപ്പിള്ളി 49 കാരനായ ജോയ് ഉലഹന്നാന്‍ എന്ന ലോറി ഡ്രൈവറിന്  കുടുംബാംഗങ്ങളുടെ അനുവാദത്തോടെയും അനുഗ്രഹത്തോടെയും ഒരു വൃക്ക നല്‍കി, മരണവക്‌ത്രത്തിൽ നിന്നും അദ്ദേഹത്തെ രക്ഷിച്ചു.   ഈ സംഭവം മാധ്യമങ്ങള്‍ ആഘോഷിച്ചു.  കെ‌എഫ്‌ഐ യ്ക്ക് ഒരു ദിശാബോധം നല്‍കുവാന്‍ ചിറ്റിലപ്പിള്ളിയുടെ ഈ ജീവകാരുണ്യപ്രവൃത്തി സഹായിച്ചു.  ഉലഹന്നാനിന്റെ  ഭാര്യ  ജോളി,  ഫാദര്‍ ഡേവിസ് ചിറമേലിന്റെ  പ്രേരണമൂലം, അരുണ്‍ രാജ്  എന്ന വ്യക്തിക്ക് വൃക്ക ദാനം ചെയ്യുവാന്‍ മുന്നോട്ടുവന്നു.   അരുണ്‍ രാജിന്റെ അമ്മ ലീല,  മുരളീധരന്‍ എന്നൊരാള്‍ക്ക്  വൃക്ക നല്‍കി.  മുരളീധരന്റെ ഭാര്യ നീന  ഉണ്ണികൃഷ്ണന്‍ എന്നൊരാള്‍ക്ക് വൃക്ക നല്‍കി. പക്ഷ്, ഇടക്കാലത്ത് ഈ ചങ്ങല പൊട്ടിപ്പോയെങ്കിലും KFI യുടെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.  2013-ല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ വൃക്ക നല്‍കിയത്` റസാദ് മൊഹമ്മദിനാണ്. 13 കത്തോലിക്കാ വികാരിമാരും 6 കന്യാസ്ത്രിമാരും 67 പൊതുജനങ്ങളും  KFI വഴി വൃക്ക ദാനം ചെയ്തവരില്‍ ഉള്‍പ്പെടുന്നു. 6 ലക്ഷത്തില്‍പരം  ആളുകള്‍ മസ്തിഷ്കമരണം സംഭവിച്ചാല്‍ വൃക്ക മാത്രമല്ല മറ്റവയവങ്ങളും ദാനം ചെയ്യുവാന്‍ സമ്മതപത്രം നല്‍കിയിട്ടുണ്ട്.

കൊച്ചൌസേഫ് ചിറ്റിലപ്പിള്ളി K  Chittilappilly Foundation മുഖാന്തിരം അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അര്‍ഹിക്കുന്നവര്‍ക്ക്  സഹായവും നല്‍കുന്നുണ്ട്. കൊച്ചൌസേഫ് ചിറ്റിലപ്പിള്ളി മറ്റ് കാരുണ്യ പ്രവര്‍ത്തനങ്ങളും ധാരാളം ചെയ്യുന്നുണ്ട്~. അഞ്ചു ലക്ഷം രൂപയാണ് സഹായ പരിധി  എന്നുതോന്നുന്നു.

ഗൌഡ സാരസ്വത് ബ്രാഹ്മണരുടെ ഇടയില്‍ സുപരിചിതനായ  ഒരു വ്യക്തിയാണ്  ശ്രീ. വസന്ത ഷേണായി.  അദ്ദേഹം  Society for Organ Retrieval and Transplant (SORT) എന്ന അവയവദാനം പ്രോത്സാഹിപ്പിക്കുന്ന സംഘടനയുടെ ഒരു പ്രധാന ഭാരവാഹികളില്‍ ഒരാളാണ്.  ഈയിടെ സ്ത്രീകളുള്‍പ്പെടെ 250 പേരടങ്ങുന്ന ഒരു ഗൌഡ സാരസ്വത് ബ്രാഹ്മണരുടെ കൂട്ടായ്മയില്‍വച്ച്   35 പേര്‍ നിലവിളക്ക് കൊളുത്തിവെച്ചുകൊണ്ട്  അഗ്നിസാക്ഷിയായി മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്തുകൊള്ളാമെന്ന സമ്മതപത്രം ഒപ്പിടുകയുണ്ടായി. ഇതില്‍ ഏതാനും പേര്‍  ശരീരം മെഡിക്കല്‍ കോളേജിന് പഠനാവശ്യത്തിന്  നല്‍വാന്‍  ആഗ്രഹിക്കുന്നവരാണ്. ഇങ്ങനെ ലഭിക്കുന്ന സമ്മതപത്രത്തിന്റെ ഒരു പകര്‍പ്പ് ചില്ലിട്ട് ബന്ധുക്കളുടെ അറിവിലേക്കായി ആ  ആളുടെ  താമസസ്ഥലത്ത്  പ്രദര്‍ശിപ്പിക്കാറുണ്ട്.

ഈയിടെ   തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിട്യൂട്ടില്‍ വെച്ചു മസ്തിഷ്ക്ക മരണം സംഭവിച്ച   നീലകണ്ഠ  ശര്‍മ്മ എന്ന യുവഅഭിഭാഷകന്റെ ഹൃദയം നേവിയുടെ air ambulance-ല്‍  എറണാകുളം ലിസി ആശുപത്രിയിയില്‍ എത്തിച്ച് ഹൃദ്രോഗിയായ മാത്യു അച്ചാടന്‍  എന്ന ഓട്ടോ ഡ്രൈവറിനാണ് നല്‍കിയത്. വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു അത്. ആ ശസ്ത്രക്രിയ നടന്നതിന്റെ പിറ്റേ ദിവസം രാത്രിയില്‍ ഏഴ് അവയവമാറ്റ ശസ്ത്രക്രിയകളാണ് ഒരേസമയം ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ നടന്നത്. എന്തുകൊണ്ടോ അധികം പേര്‍ ഇതറിഞ്ഞില്ല.

അപകടമരണത്തിന്റെ വാര്‍ത്തകളില്ലാത്ത ദിവസങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. സ്വയം കണ്ണുനീരടക്കി തന്റെ മകന്‍ അല്ലെങ്കില്‍ മകള്‍ മാറ്റള്ളവരിലൂടെയെങ്കിലും ജീവിക്കട്ടെ എന്നു കരുതി ഒരുപാടുപേര്‍ അവയവദാനത്തിനായി അനുമതി നല്‍കുന്നുണ്ട്.

ആദ്യകാലങ്ങളില്‍  മധ്യവര്‍ത്തികള്‍ മുഖേനയാണ്  പലരും വൃക്ക സംഘടിപ്പിച്ചിരുന്നത്. 25000 മുതല്‍ 50000 വരെ വൃക്ക നല്കാന്‍ തയ്യാറാകുന്ന പാവപ്പെട്ടവര്‍ക്കും ലക്ഷങ്ങള്‍ മധ്യവര്‍ത്തികള്‍ക്കും  കിട്ടും.   തമിഴ്‌നാട്ടില്‍ ദക്ഷിണചെന്നൈയില്‍   വിള്ളിവാക്കത്തുള്ള ചേരിപ്രദേശം വൃക്കവ്യാപാരത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. സ്ത്രീകളീല്‍  പലരും  കുടുംബത്തിന്റെ  കടം വീട്ടുവാന്‍ വേണ്ടിയാണ് ഇതിന് തയ്യാറായിരുന്നത്.  ഇന്ന്‍  അവയവങ്ങളുടെ ക്രയവിക്രയം നിയമം മൂലം നിരോധിച്ചിരിക്കുകയാണ്.  ഈ നിയമം 1994 -ല്‍  നിലവില്‍ വന്നതാണെങ്കിലും ഇപ്പോഴാണ് ശക്തമായി നടപ്പില്‍ വരുത്തിയിരിക്കുന്നത്. ഇന്ന്‍ വിള്ളിവാക്കം അവയവദാതാക്കളാണ് വില്‍പ്പനക്കാരല്ല.

നവംബര്‍ മാസം 28)o തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി വര്‍ധിച്ചുവരുന്ന അവയവദാനത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. ചിറ്റൂര്‍ സെന്‍റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിനികള്‍ നടത്തുന്ന ബോധവത്ക്കരണ പരിപാടിയെ പ്രതേകം പ്രശംസിക്കുകയുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ വിഭാഗത്തിന്റെ 1800 1147 70 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ അവയവദാനത്തെക്കുറിച്ചുള്ള വിവരങള്‍ ലഭ്യമാണ്.

രക്തദാനത്തിലൂടെ സ്നേഹം പകര്‍ന്നുനല്‍കുവാന്‍ ആഹ്വാനം ചെയ്തിരുന്ന കാലഘട്ടത്തില്‍ നിന്നും നാം വളരെയേറെ മുന്നോട്ടുപോയിരിക്കുന്നു. നേത്രം ദാനം ചെയ്യുമ്പോള്‍  കണ്ണുകള്‍ ചൂഴ്ന്നെടുത്ത്  മൃതശരീരത്തിന്റെ മുഖം വികൃതമാക്കുമെന്ന് ഇന്ന്‍ ആരും വിശ്വസിക്കുന്നില്ല.  എല്ലാ കോശങ്ങളും അവയവങ്ങളും മാറ്റി വെക്കാം. ഇതിന് പ്രായം ഒരു തടസ്സമല്ല. ഈ കൊടുത്തുവാങ്ങലില്‍ വിലപേശലില്ല; രാഷ്ട്രീയമില്ല; ഉച്ചനീചത്വമില്ല; ജാതിമതവിവേചനമില്ല; ശത്രു – മിത്രങ്ങളില്ല. എന്തിനേറെ പറയുന്നു വംശ ഭേദങ്ങളോ, രാജ്യ ഭേദങ്ങളോ പോലുമില്ല. അഫ്ഘാന്‍കാരന്റെ അറ്റുപോയ കൈപ്പത്തിക്കുപകരം മറ്റൊരു കൈ തുന്നിപിടിപ്പിച്ചത് അമൃതയിലല്ലേ! ഇതെല്ല്ലേ ശരിയായ മതേതരത്വം?

തമാശ രൂപത്തിലാണെങ്കിലും ഞാന്‍ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. ഒരു ഹിന്ദുവിന്റെ ഹൃദയം അന്യമതസ്ഥനില്‍ തുടിക്കുമ്പോള്‍, കരള്‍ കവിതയെഴുതുമ്പോള്‍, വൃക്ക നിര്‍വൃതിയേകുമ്പോള്‍, മജ്ജ പുനര്‍ജ്ജനിക്കുമ്പോള്‍, കണ്ണുകള്‍ ദൃശ്യം പകര്‍ത്തുമ്പോള്‍, pancreas മധുരം നല്‍കുമ്പോള്‍ അയാള്‍ പൂര്‍ണ്ണമായും ഒരു പ്രത്യേക മത വിഭാഗ ക്കാരനല്ലാതായിത്തീരുന്നു. അപ്പോള്‍ ഒരു ന്യൂജെന്‍  ജാതി കൂടി വേണ്ടതല്ലേ? കേരളമല്ലേ,  എല്ലാത്തിനും സാധ്യതയുണ്ട്.

അവയവം വെച്ചുപിടിപ്പിക്കാം എന്ന ആശയത്തിന് തുടക്കം കുറിച്ച ഗജാനനെ സ്മരിച്ചുകൊണ്ട് നിര്‍ത്തുന്നു.

ഡോ. ബി. പ്രഭാറാവു

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w