ടീച്ചേഴ്സ് കോളനി

ടീച്ചേഴ്സ് കോളനി

 

31/12/2015

അവതരണം – സിന്ദൂരം

രചന – ഡോ. ബി. പ്രഭാറാവു

ആമുഖം

‘കൊണ്ടുപോകില്ല ചോരന്മാര്‍

കൊടുക്കുംതോറും ഏറിടും

മേന്മ നല്‍കും മരിച്ചാലും

വിദ്യതന്നെ മഹാധനം’

എന്ന പഴഞ്ചൊല്ല്  കേള്‍ക്കാത്തവരായിട്ട് ആരുമുണ്ടാവാന്‍ വഴിയില്ല. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തുടച്ചുമാറ്റി മൂല്യാധിഷ്ഠിതമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചിട്ടുള്ളവരായിരുന്നു ചരിത്രത്തിന്റെ ഏടുകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന പല  അദ്ധ്യാപകരും. സമൂഹത്തിന്റെ അംഗീകാരം മാത്രമായിരുന്നു അവരുടെ സമ്പത്ത്. നമ്മുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബെര്‍ 5,  അദ്ധ്യാപക ദിനമായി നാം ആചരിക്കുന്നു.  സമസ്ത മേഖലകളിലുമെന്നതുപോലെ ഇവിടെയും മൂല്യച്യുതി വന്നുചേര്‍ന്നിട്ടില്ലേ എന്നൊരു സംശയമുണ്ട്.

ഡോ. ബി. പ്രഭാറാവു രചിച്ച് സിന്ദൂരം അംഗങ്ങള്‍  അവതരിപ്പിക്കുന്ന ഈ ആഖ്യാന ഹാസ്യ ഹൃസ്വനാടകം നിങ്ങളോരോരുത്തര്‍ക്കും  ഒരു നിമിഷം സ്വയം വിലയിരുത്തുവാന്‍  പ്രേരണയാകട്ടെ എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.

ടീചേഴ്സ് കോളനിയിലെ റോസമോള്‍ എന്ന അദ്ധ്യാപികയുടെ അമ്മച്ചിയാണ് കുഞ്ഞന്നാമ്മ.  വീടിന്റെ വരാന്തയിലിട്ടിരിക്കുന്ന കസേരയില്‍ ഏതുസമയതും കുഞ്ഞന്നാമ്മയെ കാണാം. മുന്നിലുള്ള ഇടവഴിയിലൂടെ ആര് പോയാലും അവരുടെ ശ്രദ്ധയില്‍പ്പെടും. അവരോട് രണ്ടുവര്‍ത്തമാനം പറഞ്ഞില്ലെങ്കില്‍ കുഞ്ഞന്നാമ്മയ്ക്കുറക്കം വരികയില്ല.

ഇന്നവര്‍ മലയാള മനോരമ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വാര്‍ത്താശകലം അവര്‍ വീണ്ടും വീണ്ടും വായിക്കുന്നു. ശുദ്ധഗതിക്കാരിയും അല്പ്പം പൊങ്ങച്ചക്കാരിയുമായ കുഞ്ഞന്നാമ്മ എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളിലൂടെ ‘ടീചേഴ്സ് കോളനി’ എന്ന ഈ നാടകത്തിന്റെ കഥയുടെ ചുരുളുകള്‍ നിവരുകയായി. എല്ലാവരും

കാതോര്‍ക്കുക.

കുഞ്ഞന്നാമ്മ: റോസാമോളേ, നീ ഇതൊന്നുകേട്ടെ. “വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ വിലയിരുത്തുന്ന സമ്പ്രദായം ഈ അധ്യയനവര്‍ഷം  മുതല്‍ക്കുതന്നെ നടപ്പിലാക്കുവാനുള്ള എല്ലാ നടപടിക്രമങ്ങളും എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി”.

എന്തുവാ മോളെ, ഇപ്പറയണത്. അമ്മച്ചിക്കൊന്നും മനസ്സിലാകണില്ല.

റോസമോള്‍: ഒന്നുമില്ലമ്മച്ചി. ഇനി മുതല്‍ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകര്‍ക്ക് മാര്‍ക്കിടുമെന്നാ ഈ റയണത്.

കുഞ്ഞന്നാമ്മ: ഇങ്ങനൊന്ന് ഞാനിതുവരെ കേട്ടിട്ടില്ലേയ്. ഇങെനാണെങ്കി സാറമ്മാരു പറേണത് വല്ലോം കുട്ടികള് കേക്കുവാ? പണ്ട് ഞാമ്പടിക്കണ കാലത്ത് മൂന്നുമുഴം നീളോള്ള ചൂരലല്ലെ ടീച്ചര്‍മ്മാരുടെ കയ്യില്. കണക്ക് പഠിപ്പിക്കണ സാറാ ടീച്ചറ് നുള്ളിയാ അവിട ചോര പൊടിക്കും.

റോസമോള്‍: പണ്ടൊക്കെ കാരണവന്മാര് വന്ന്‍  മക്കളെ തല്ലി പഠിപ്പിക്കണം എന്നാ ഞങ്ങളോടുപറയാറ്. ഇന്ന്‍ മക്കളെ ഒന്ന്‍ വഴക്കു പറഞ്ഞാല്‍ മതി, പേരന്‍സ് ഞങ്ങളെ വന്ന്‍ തല്ലും.

കുഞ്ഞന്നാമ്മ: മോളൊരു കാരിയം ചെയ്യ്. ഈ ശനിയാഴ്ച കുറച്ചു പിള്ളേരോട് നുമ്മട വീട്ടിലൊന്ന് വരാന്‍ പറ.

റോസമോള്‍: മുപ്പതു പേരെന്‍റെ ക്ലാസ്സിലുണ്ടമ്മച്ചി.

കുഞ്ഞന്നാമ്മ: മൂന്ന്‍ ശനിയാഴ്ച്ചെയിട്ട് നമുക്കെല്ലാരേം വിളിക്കാന്നേയ്.

കര്‍ട്ടണ്‍

വിവരണം: കുഞ്ഞന്നാമ്മ വരാന്തയിലെ കസേരയിലിരുന്ന് മലയാള മനോരമ പത്രം വായിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് നോക്കുന്നുമുണ്ട്. അകത്തുനിന്ന് റോസമോള്‍  ഒരു കൃസ്തീയ ഗാനം മൂളുന്നത് കേള്‍ക്കാം.

കുഞ്ഞന്നാമ്മ: റോസമോളേ, നിന്‍റ പണി ഇതുവരെ തീര്‍ന്നില്ലേ?

റോസമോള്‍: തീര്‍ന്നമ്മച്ചീ. മേശവിരീം മാറ്റി പ്ലേറ്റും കൂടി വെച്ചാമതി. ഫോറിന്‍ പ്ലേറ്റാ, പൊട്ടാതിരുന്നാ മതിയായിരുന്നു.

കുഞ്ഞന്നാമ്മ: (മനോഗതം) ജോസൂട്ടി  ഇന്നാള് ഗള്‍ഫീന്ന് വന്നപ്പ കൊണ്ടുവന്നതാ ഈ മേശവിരീo  പ്ലേറ്റും. തെകച്ചും പന്ത്രണ്ടെണ്ണോണ്ട്. റോസമോള് എന്തുചെയ്താ അതെടുക്കത്തില്ലെന്നെയ്. അങ്ങനെ വിചാരിച്ചാ പറ്റുവാ, പിള്ളേരല്ലേ വരണത്. അവര് മാര്‍ക്കിടാനൊള്ളതല്ലേ? അവക്കാവിചാരോന്നുമില്ലെയ്.

വിവരണം: അതാ പത്ത് വിദ്യാര്‍ത്ഥികള്‍ റോസമോള്‍ ടീച്ചറുടെ വീട്ടുമുറ്റത്ത് വന്നു നില്‍ക്കുന്നു. കൂട്ടത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്.  കുഞ്ഞന്നാമ്മ സംഭാഷണം തുടങ്ങുകയായി. തുടര്‍ന്നുകാണുക.

കുഞ്ഞന്നാമ്മ: റോസമോള് പഠിപ്പിക്കണ കൊച്ചുങ്ങളല്ലെ നിങ്ങള്. റോസമോള്‍ട അമ്മച്ചിയാ ഞാന്‍. നിങ്ങട കാരിയം അവളെപ്പോഴുമെന്നോടുപറയും. എന്നാപ്പിന്നെ എല്ലാരേം ഒരു ദിവസം വീട്ടിലോട്ട് വിളീന്ന് ഞാമ്പറഞ്ഞു.

റോസമോള്‍: അമ്മച്ചീ,  അവരോട് അകത്തോട്ട് വരാന്‍ പറ.

കുഞ്ഞന്നാമ്മ: നിങ്ങള ദേ ടീച്ചറ് വിളിക്കണുണ്ട്. എന്നാ എല്ലാവരും ചെല്ല്.

റോസമോള്‍: എല്ലാവരും  ഇരിക്ക്. വീടുകണ്ടുപിടിക്കുവാന്‍ പ്രയാസമുണ്ടായില്ലല്ലോ?

കുഞ്ഞന്നാമ്മ: റോസമോളെ, ഇനി ആരെങ്കിലും വരാനുണ്ടോ?

റോസമോള്‍: ഇല്ലമ്മച്ചി.

കുഞ്ഞന്നാമ്മ: റോസമോളെ, മെശേടെ അറ്റത്തിരിക്കണ വെളുത്ത പെങ്കൊച്ച് വട്ടപ്പറമ്പിലെ മറിയേടെ മോന്ട മോളല്ലെ? ഇവള പണ്ട് പള്ളീല് വെച്ചപ്പോഴും കാണൂവാരുന്ന്. പുതിയ വീടുവെച്ച് മാറിയെപ്പിന്നെ കണ്ടിട്ടില്ല. കൊച്ചിന്‍റ പേര് ഞാനങ് മറന്നുപോയി.

റോസമോള്‍: ലില്ലിക്കുട്ടീന്നാ പേരമ്മച്ചി. രഹസ്യമായിട്ട് തല്ലിക്കുട്ടിയെന്നാ എല്ലാവരും വിളിക്കണത്. നല്ല മിടുക്കിക്കുട്ടിയായിട്ട് പഠിക്കും.

കുഞ്ഞന്നാമ്മ: ലില്ലിക്കുട്ടിയെ, നിന്‍റ വല്യമ്മച്ചിയും ഞാനും ഒരേ ബെഞ്ചിലിരുന്നാ പുല്ലുവഴി സ്കൂളില് പഠിച്ചത്. മറിയക്കുട്ടി ടി‌ടി‌സി പാസായി ടിച്ചറായി. പത്തു കഴിഞ്ഞപ്പഴേ എന്ന കെട്ടിച്ചുവിട്ട്. ഞാന്‍ വീട്ടിലായി.

റോസമോള്‍: ലില്ലിക്കുട്ടി, വീട്ടില്‍ എത്തിക്കഴിയുമ്പൊ വല്യമ്മച്ചിയോട്  മൂലേപ്പറമ്പിലെ കുഞ്ഞന്നാമ്മ ചോദിച്ചെന്ന് പറയണം കേട്ടോ.

കുഞ്ഞന്നാമ്മ: കൊച്ചുങ്ങള്‍ക്ക് വെശക്കണുണ്ടാകും. എന്നാപ്പിന്നെ കുരിശു വരച്ചിട്ട് നമുക്ക് കഴിക്കാനിരിക്കാം. റോസമോളെ, നീ ചൊല്ലിക്കൊടുക്ക്.

പ്രാര്‍ഥന:

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകേണമെ; അങ്ങയുടെ രാജ്യം വരേണമേ; അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗ്ഗത്തിലെ പോലെ ഭൂമിയിലുമുണ്ടാകേണമേ; അന്നന്നുവേണ്ട ആഹാരം എന്നും ഞങ്ങള്‍ക്കു തരേണമെ; ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ; ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ; തിന്‍മയില്‍നിന്നും ഞങ്ങളെ രക്ഷിക്കേണമേ; ആമേന്‍

റോസമോള്‍: നമുക്കിനി തുടങ്ങാം. അമ്മച്ചി പിന്നെ എന്റെ കൂടെ ഇരുന്നാല്‍ മതി. ഈ ആഴ്ചത്തെ മനോരമ വന്നിട്ടുണ്ട്. അത് വായിച്ചോണ്ടിരുന്നോ.

കുഞ്ഞന്നാമ്മ: ശരി. നീണ്ടകഥ ആദ്യം വായിക്കട്ടെ. ആ വാസു ചതിയനാണെന്നാ എന്റ മനസ്സ് പറയണത്. അവനവളുടെ ആഭരണോക്കെ തട്ടിച്ചെടുത്ത് പൊയ്ക്കളയൂന്നുറപ്പാ.

റോസമോളെ, നല്ലോണം വിളമ്പി ക്കൊടുക്കണം. നിങ്ങട ടീച്ചറിന്നു മുഴുവനും അടുക്കളേലാര്‍ന്ന്. ഞാനൊരു കാരിയം പറഞ്ഞേക്കാം; എല്ലാരും വയറ് നിറച്ചു കഴിച്ച് ഏമ്പക്കവും വിട്ടേ ഏണീക്കാന്‍ പാടൊള്ള്.

റോസമോള്‍: അമ്മച്ചി ആ കഥ വായിച്ചിരിക്ക്. ഇവരുടെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം.

കുഞ്ഞന്നാമ്മ: ആ ഇസ്റ്റൂ കൂട്ടി വെള്ളേപ്പം ഒന്ന്‍ കഴിച്ചുനോക്കിക്കേ.  നല്ല കിളുന്ത് ആട്ടിറച്ചികൊണ്ടാ ഒണ്ടാക്കിയത്. നിങ്ങള് വരണുണ്ടെന്ന് അറിഞ്ഞപ്പതന്നെ ഞാന്‍ ഔസേപ്പ് മാപ്ലട കടേല് പറഞ്ഞ് ഏര്‍പ്പാടാക്കി.  വലിയ വലിയ കാറില് വന്നല്ലേ അവിടന്ന്‍ എറച്ചീo വേള്ളേപ്പോം ആള്‍ക്കാര് കൊണ്ടുപോണത്.

പിന്ന, ഇവിട വന്നോരെല്ലാം പറയും ബീഫ്ഫ്രൈയുടെ കാര്യത്തില് കുഞ്ഞാന്നാമ്മയെ തോല്‍പ്പിക്കാന്‍ ആരൂല്ലാന്ന്.

റോസമോള്‍: അവരൊന്ന് കഴിക്കട്ടമ്മച്ചി.

കുഞ്ഞന്നാമ്മ: ശരി ശരി. ഞാമ്പറഞ്ഞില്ലേ വാസു അവള പറ്റിക്കൂന്ന്. മീനേനോട് സ്വര്‍ണ്ണോo എടുത്തോണ്ട് വരണോന്നാ അവന്‍ പറഞ്ഞേക്കണത്. കച്ചേരീലാണ് കല്യാണം. പൊന്നനാണ് സാക്ഷി.

മോളേ, പോര്‍ക് വിന്താലു വെളമ്പിയോ? എടപ്പള്ളീലും പാലാരിവട്ടത്തും  കിട്ടാഞ്ഞിട്ട് എറണാകുളത്തുചെന്നാ പോര്‍ക് മേടിച്ചത്.

റോസമോള്‍: (കുറച്ചീര്‍ഷ്യയോടെ) മിണ്ടാണ്ടിരിക്കമ്മച്ചി.

കുഞ്ഞന്നാമ്മ: നിന്‍റപ്പനിപ്പോഴും ഗല്‍ഫിലാണോ ലില്ലിക്കുട്ടി. നിന്‍റപ്പനും എന്ട മോന്‍ ആന്‍റപ്പനും ഒരേ കമ്പനീലാര്‍ന്നു ജോലി. അവിടന്നാ രണ്ടു പേരും ഗല്‍ഫിലോട്ടുപോയത്. വലിയ ചൂടാണെന്നും പറഞ്ഞ് ആന്റപ്പന്‍ തിരിച്ചു പോന്നു. അവന് കേട്യോളെ വിട്ട് നിക്കാന്‍ കഴിയൂല്ല; അതാ കാരിയം. തിരിച്ചു വന്നപ്പം കമ്പനീല ജോലീം പോയി. എന്തക്ക വിസ്സിനസ്സാ അവന്‍ തൊടങ്ങിയത്! ഒന്നും ശരിയായില്ല. ഒടേംബ്രാന്‍ എന്തെങ്കിലും കണ്ടിട്ടൊണ്ടാകും.

റോസമോള്‍: (ഈര്‍ഷ്യയോടെ) അമ്മച്ചി ഇതൊക്കെ എന്തിനാ ഇവരോട് പറയണത്?  ആ മീനയ്ക്കെന്തായി എന്നന്വേഷിക്ക്.

കുഞ്ഞന്നാമ്മ: എന്നാ ഞാനിനിയൊന്നും പറേണില്ലേ.

മോളെ, ചിക്കന്‍ കറി ബാക്കി വെച്ചേക്കണ്ട. നാടന്‍ കോഴി എത്ര അന്വേഷിച്ചിട്ടും കിട്ടിയില്ല. മമ്മൂട്ടി പറയണ ഈസ്റ് മസാലപ്പൊടിയാ ഇട്ടത്.

റോസമോള്‍: ചിക്കനും ഇടിയപ്പവും നല്ല കോംമ്പിനേഷനാ. കരിമീന്‍ മപ്പാസും ചേരും. നെയ്മീന്‍ മീങ്കാരന്‍റെ കയ്യില്‍ കുറച്ചേ ഉണ്ടായിരുന്നുള്ളു. അതാ കഷണം ചെറുതായിപ്പോയത്. പുഡ്ഡിംഗ് കൈ കഴുകിയിട്ട് കഴിക്കാം. പോരേ?

കുഞ്ഞന്നാമ്മ: റോസമോളുടെ  സ്പെഷലാ പുഡ്ഡിംഗ്.

കര്‍ട്ടണ്‍

വിവരണം: ടീച്ചറേയും അമ്മച്ചിയേയും വാനോളം പുകഴ്ത്തി കുട്ടികള്‍ യാത്രയായി.  ഇവിടെ വന്ന വിവരം മറ്റു ടീച്ചര്‍മാരോട് പറയുകയില്ല എന്ന ഉറപ്പ് നല്‍കിയാണ് അവര്‍ പോയത്. പിന്നീട്, അമ്മച്ചിയും മോളും കൂടി ആ ദിവസത്തെ ചിലവൊന്ന് കൂട്ടി നോക്കി. അധ്വാനത്തിനൊഴിച്ച് മറ്റെല്ലാത്തിനും വിലയിട്ടു. രണ്ടായിരത്തി നാന്നൂറ്റി നാല്‍പ്പതു രൂപ അമ്പതു പൈസ. കുഞ്ഞന്നാമ്മ ഒരു നെടുവീര്‍പ്പിട്ടു. രണ്ടുവട്ടം കൂടി കുട്ടികളെ വിളിച്ച് സത്ക്കരിച്ചു. കൃത്യമായി പറഞ്ഞാല്‍ ആ വകയില്‍ ചിലവ് ആറായിരത്തിതൊള്ളായിരത്തിതൊണ്ണൂറ്റിഒമ്പതുരൂപ തൊണ്ണൂറ്റിഒമ്പതുപൈസ.

കുഞ്ഞന്നാമ്മ: എന്‍റീശോയെ, ഈ രൂപ കൊണ്ട് രണ്ടുമാസത്തെ ചിട്ടിപ്പണം അടയ്ക്കാമായിരുന്നു!

കര്‍ട്ടണ്‍

വിവരണം: ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍,  കുഞ്ഞന്നാമ്മ ഒരു ദിവസം കോലായിലിരുന്ന് അന്നത്തെ അങ്ങാടി വിവരം നോക്കുകയായിരുന്നു. സ്വര്‍ണ്ണത്തിന്റെ വില കുറഞ്ഞിരിക്കുന്ന സമയമായിരുന്നു.

കുഞ്ഞന്നാമ്മ:  എന്‍റീശോയേ, 80 രൂപയാ ഇന്ന്‍ ഒരു ഗ്രാമിന് കൂടിയത്. മോളെ, ഇനീം കൂടനേനുമുമ്പ് എന്റ രണ്ടരപ്പവന്‍റ മാലയിങ് മേടിച്ചു താ.

റോസമോള്‍: അമ്മച്ചി ക്ഷമിക്ക്. ജോസൂട്ടിച്ചായന്‍ ഒന്ന്‍ വന്നോട്ടേ. ബിസ്കറ്റും കൊണ്ടല്ലേ ഇത്തവണ വരണത്.

കുഞ്ഞന്നാമ്മ: നീ ഇതിനുമുമ്പും ഇതുതന്നേല്ലേ പറഞ്ഞത്. എന്റ പൊട്ടിയ രണ്ടു മടക്കുള്ള മണിമാലേം ഏഴുകല്ലുള്ള കാതീപ്പുവും കൂടി വിറ്റിട്ടല്ലേ നീ ‘ജയമാല’ നിന്‍റ മോള്‍ക്ക്  മേടിച്ചുകൊടുത്തത്. എനിക്ക് മാല മേടിക്കാമെന്ന് പറഞ്ഞാ നിങ്ങള് രണ്ടാളും കൂടി ഇവിടന്ന് പോയത്. നിന്ന വിശ്വസിക്കാന്‍ കൊള്ളത്തില്ലേയ്.

റോസമോള്‍: എന്റെ പൊന്നമ്മച്ചിയല്ലേ? ജോസൂട്ടിച്ചായന്‍ വന്നാ ഉടനെ തന്നെ ഇഷ്ടമുള്ള മാല മേടിച്ചു തരാം.

കുഞ്ഞന്നാമ്മ: റോസമോളെ, ഇങ്ങോട്ടോന്നോടിവാ. നുമ്മട ഔസേപ്പ്മാപ്ലയല്ലേ തലേല് വലിയ കൊട്ടേo ചുമന്ന്‍ പോണത്! നീ ഒന്ന്‍ വേഗം എറങ്ങി നോക്കിക്കേ എങ്ങോട്ടാ പോണതെന്ന്.

റോസമോള്‍: എന്റെ കര്‍ത്താവേ, ഞാനെന്താണീ  കാണണത്. അമ്മച്ചി, അയാള്‍ അയ്യരുസാമീടെ വീട്ടിലെക്കാണല്ലൊ പോയത്.

കുഞ്ഞന്നാമ്മ: സാമീം അമ്യാരും എറച്ചിo മീനും കൂട്ടത്തില്ല.  അവിട മീനൂം എറച്ചിയുമൊന്നും കേറ്റാന്‍ അമ്യാരൊട്ട് സമ്മതിക്കത്തൂമില്ല. പിന്ന, ഔസേപ്പ്മാപ്ലയ്ക്കവിട എന്തോ കാരിയം?

 റോസമോള്‍: വല്ലതും പണയം വെക്കാനായിരിക്കും. കൊള്ള പലിശയാണെന്നാ എല്ലാവരും പറയണത്.

കുഞ്ഞന്നാമ്മ: അല്ല മോളെ, വേറെന്തോ കാരിയമുണ്ട്. ഞാനിവിടതന്നെ നിക്കാന്‍ പോകുക. ഔസേപ്പ്മാപ്ല തിരിച്ചുപോകുമ്പം ചോദിക്കണം.

റോസമോള്‍: അമ്മച്ചി, ദേ ജോസൂട്ടിച്ചായന്റെ അമ്മച്ചി വിളിക്കണ്. എന്റെ നാത്തൂന്‍ ഏല്‍സി അമേരിക്കേന്ന് വന്നിട്ടുണ്ട്. അവളുടെ മന:സമ്മതത്തിന് വിളിക്കാനാ.

കുഞ്ഞന്നാമ്മ: ഞാന്‍ ദേ, വരണ്ന്ന് പറ.  (വിളിക്കാന്‍ കണ്ട നേരം എന്നു പറഞ്ഞ് അവര്‍ അകത്തേക്ക് പോയി).

വിവരണം: കുഞ്ഞന്നാമ്മ ഫോണ്‍ വിളി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഔസേപ്പ് മാപ്ലയുടെ പൊടിപോലുo കാണാനില്ലായിരുന്നു. അവര്‍ക്ക് കരച്ചിലുപോലും വന്നു.

ഒരാഴ്ച കഴിഞ്ഞു.  കുഞ്ഞന്നാമ്മ പതിവുപോലെ  കോലായിലിരിപ്പാണ്.

റോസമോള്‍: അമ്മച്ചി, എല്‍സീട മന:സമ്മതത്തിന് വരുന്നുണ്ടോ?

കുഞ്ഞന്നാമ്മ: നുമ്മട ടൈഗറിന തനിച്ചാക്കീട്ട് എങ്ങനാ വരണത്? ഓ,  അവന കൂട്ടീന്ന് ഇറക്കിവിടുകേം തീറ്റ കൊടുക്കേം ഒക്കെ വേണ്ടേ. വേറാരുകൊടുത്താലും അവന്‍ തിന്നത്തില്ല. കല്യാണത്തിന് ഒറപ്പായിട്ടും വരാമെന്ന് പറ.

റോസമോള്‍: അമ്മച്ചി, ഒരു പെട്ടി ഓട്ടോയുടെ ഒച്ച കേള്‍ക്കുന്നുണ്ടല്ലോ. പൈനാപ്പിള് വണ്ടിയാണെങ്കില്‍ രണ്ടെണ്ണം വാങ്ങിച്ചേക്ക്.

കുഞ്ഞന്നാമ്മ: അയ്യോ,  അത് പൈനാപ്പിള് വണ്ടിയല്ലല്ലാ. ദേ, ആ പെട്ടി ഓട്ടോ അയിശുമ്മാന്‍റ  പോരേട മുമ്പില് നിര്‍ത്തണ്. ഞാന്‍ ഓടിചെന്നൊന്ന് നോക്കട്ടെ. വലിയ ബിരിയാണിചെമ്പും വാര്‍പ്പും മരച്ചട്ടുകോം ഗാസടുപ്പും മേശേം കസേരേം എക്ക ഏറക്കണ്.  അയിശുമ്മാന്‍റ   പുന്നാരമോള് ഹാജിറാന്റെ നിക്കാഹ് ഒറപ്പിക്കാനായിരിക്കും.

റോസമോള്‍: അമ്മച്ചി കാര്യമന്വേഷിക്കുവാന്‍ ഇപ്പ അവിടെ പോകണ്ട.

കുഞ്ഞന്നാമ്മ: ടൈഗറിന്‍റ തലേല് ഇടിത്തീവീഴട്ടെ. അവന്‍ കാരണോല്ലേ, റോസമോള് ഇങ്ങന  അവിട പോകണ്ടാന്ന് പറേണത്. അയലത്തൊരു വിശേഷോണ്ടായ നുമ്മ പോയി അന്വേഷിക്കണ്ടേ?

റോസമോള്‍: കാര്യമന്വേഷിക്കുവാന്‍ അമ്മച്ചി ഇപ്പ പോകണ്ട. ടൈഗറ് കൊന്നത് അവരുടെ പൊന്‍മുട്ട ഇട്ടോണ്ടിരുന്ന താറാവിനെയായിരുന്നുവെന്നാ അവരെല്ലാരോടും ഇന്നും പറഞ്ഞോണ്ടുനടക്കണത്.

കുഞ്ഞന്നാമ്മ: ഒരു തരത്തില് നീ പറയണത് ശരിയാ. എന്നാ പിന്നെ ഞാനങ്ങോട്ട് പോണില്ല. ടൈഗറിന് അവരുടെ പ്രാക്കേക്കാതിരിക്കാന്‍ ഒരു കുട് മെഴുകുതിരിയല്ലേ ഞാന്‍ അന്തോണീസുപുണ്യാളച്ചന്‍റവിട കത്തിച്ചത്. എന്‍റീശോയെ, എന്തായിരുന്നു അന്നത്ത പുകില്!

റോസമോള്‍: അമ്മച്ചി, ദേ നോക്ക്; കുറെ കുട്ടികള്‍ നമ്മുടെ ഇടവഴിയിലേക്ക് തിരിയുന്നുണ്ടല്ലോ. വല്ല പിരിവിനുമായിരിക്കും. അവരെന്നെ കണ്ടെന്നാ തോന്നുന്നത്. കര്‍ത്താവേ, നുറുരൂപ പോക്കാ.

കുഞ്ഞന്നാമ്മ: ഇങ്ങോട്ട് കേറാതെ ദേ, അവര് അയിശുമ്മാന്റെ പോരേലേക്ക് കേറിപ്പോണ്. നിക്കാഹുറപ്പിക്കാനാണെങ്കി കാരണോന്മാരല്ലേ വേണ്ടത്. ചെലപ്പ പിള്ളേരേo വിളിച്ച് കാണുവായിരിക്കും. അവിടന്ന്‍ പാട്ടും കൂത്തുമൊക്കെ  കേക്കണുണ്ടല്ല. ഇവിടന്ന് ശരിക്ക് കാണാമ്മേല. (എത്തി എത്തി നോക്കുന്നു).

കര്‍ട്ടണ്‍

വിവരണം: കുറെ ദിവസങ്ങള്‍ കൂടി കടന്നുപോയി. പെട്ടെന്നൊരുദിവസം ടീച്ചേഴ്സ് കോളനിയില്‍ ശ്മശാനമൂകത അനുഭവപ്പെടുന്നു. കരിയില അനങുന്ന ഒച്ചപോലും കേള്‍ക്കാനില്ല. ഓരോ വീട്ടില്‍നിന്നും ഇടയ്ക്കിടയ്ക്ക് തേങ്ങലുകളും വിതുമ്പലുകളും അമര്‍ത്തിപ്പിടിച്ചുള്ള കരച്ചിലുകളും മുക്കുചീറ്റുന്ന ഒച്ചകളും അടക്കം പറച്ചിലുകളും മുറുമുറുപ്പുകളും മാത്രം ഉയര്‍ന്നുകേള്‍ക്കാം. നമ്മുടെ കുഞ്ഞന്നാമ്മ ചേടത്തി തലയ്ക്ക് കൈയ്യുംവെച്ച് ഒരേ ഇരുപ്പാണ്. ഇടയ്ക്ക് നെഞ്ചത്തടിക്കുന്നുമുണ്ട്.

കുഞ്ഞന്നാമ്മ: കാലമാടന്മാര്, ആറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതു രൂപ തൊണ്ണൂറ്റിഒമ്പതു പൈസയുടെ സാധനങ്ങളല്ലെ അവമ്മാര് തിന്നുമുടിച്ചത്. ആ കാശൊണ്ടായിരുന്നെങ്കി അരപ്പവന്‍റ മോതിരം മേടിക്കായിരിന്ന്. റോസമോളെ, കുറച്ച് വെള്ളമിങ്ങെടുക്ക്. അമ്മച്ചീട നെഞ്ചില തീയൊന്ന് കെടട്ടെ.

റോസമോള്‍: ദേ, വരുന്നമ്മച്ചി.

കുഞ്ഞന്നാമ്മ: അയ്യരുട വീട്ടിന്ന് അമ്യാരുട മുറവിളിയല്ലേ ഈ കേക്കണത്. എന്താണെന്ന് ഒന്ന്‍ ചെന്ന്‍ നോക്കിക്കേ.

റോസമോള്‍: വേണ്ടമ്മേ.

അമ്മ്യാര്‍: “ഭഗവാനേ, ഹേ, രാമകൃഷ്ണാ! നാന്‍ എന്ന പാപം പണ്ണിനേന്‍, ഇന്തമാതിരി ഒരു ഗതികേട് വരാന്‍. എന്നും ഗായത്രീമന്ത്രം ചൊല്ലണ ഇന്ത വീട്ടില്‍ ഒരു നോണ്‍വെജ് ശാപ്പാട് കൊടുക്കവേണ്ടി വന്തതേ.  എല്ലാം അന്ത റോസമോളും കുഞ്ഞണ്ണാമ്മയും കാരണമാക്കും. റോസമോള്‍ സ്റ്റുഡന്‍സിനു സദ്യ കൊടുത്തതുപോലെ എന്റെ മോള്‍ കാവേരിയും അവളുടയ സ്റ്റുഡന്‍സിന് സദ്യ കൊടുക്കണമെന്ന് മാപ്പിളയ്ക്ക് നിര്‍ബന്ധം. Students-ന~ ഒരു സദ്യ കൊടുക്കണം എന്നു ചൊന്ന ഇന്തമാതിരി മട്ടണ്‍ കിട്ടണ്‍ ബിരിയാണി കൊടുക്കണമാ. നല്ല ബ്രാഹ്മണാള്‍ ശാപ്പാട് കൊടുക്കലാമെന്ന് എത്തിനേ വാട്ടി നാന്‍ മാപ്പിളകിട്ടേ  ചൊന്നേന്‍. ചെവിയിലെ വിഴുന്താ താനെ! അമ്മ ഒട്ടും കവലപ്പെടണ്ട. നാന്‍ എല്ലാം അറേഞ്ച് പണ്ണിയാച്ച്, ഹോട്ടലിലെരുന്ത് ശാപ്പാടുവരും എന്നെല്ലാം മാപ്പിളയും പൊണ്ണും ചൊന്നാങ്കെ ഇന്ത മാതിരി ഒരു നോണ്‍വെജ് ശാപ്പാട് ഇന്ത വീട്ടിലെ വെച്ച് കൊടുക്കേണ്ടിവരുമെന്ന് നാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. വീടെല്ലാം അശുദ്ധമായി. ഇനി ശുദ്ധികലശം പണ്ണി, ഞാന്‍  ഗംഗാസ്നാനം ചെയ്താലും ഈ പാപമെല്ലാം തീരുമാ?കഷ്ടം. കഷ്ടം. കഷ്ടം. കണ്‍ട്രാവി.

ശാപ്പാടുക്കപ്പുറം മാപ്പിളയും കാവേരിയും സ്റ്റുഡന്‍സിന്റെ കൂടെ വെളിയെ പോയാച്ചു. അമ്മ ഒന്നും ക്ലീന്‍ പണ്‍ണേണ്ട. നാങ്കള്‍  തിരിച്ചുവന്നു എല്ലാം ക്ലീന്‍ പണ്ണറേണ്‍ എന്നു~ പൊണ്ണും മാപ്പിളയും പറഞ്ഞു. But, അവള്‍ മാപ്പിളെകൂടെ cinema theatreക്ക~ പോയാച്ച്. അങ്കേ ഇരുന്ത് ഫോണ്‍ പണ്ണിനാ ഇന്ത വീട്ടില്‍ എല്ലാം ക്ലീന്‍ ആകുമോ? ഞാനും സാമിയും നോണ്‍വെജ് സ്മെല്‍ കൊണ്ട് എത്ര നേരം കഴിയണം? കഷ്ടം. കഷ്ടം ഗുരുവായൂരപ്പാ! ഞാന്‍ തന്നെ വീടെല്ലാം ക്ലീന്‍ ചെയ്തു. അനന്തരം കുന്തിരിക്കം പുകച്ചു. പെര്‍ഫ്യൂം അടിച്ചു. എന്നിട്ടും സ്മെല്‍ പോകമാട്ടെ. ഗംഗാസ്നാനം പണ്ണിനാലും ചെയ്ത പാപം പോകുമാ? But, ഇപ്പോ ‘teachers പഴയ മാതിരി students-നെ assess പണ്ണിനാമതി’ എന്ന പുതിയ വാര്‍ത്ത കേക്കിറത്.  ഞാന്‍ ചെയ്ത വേലയെല്ലാം പാഴ്വേലയായല്ലോ ഭഗവാനെ! ഞാന്‍ ചെയ്ത പാപമെല്ലാം പൊറുക്കണേ. കടവുളെ കാപ്പാത്തുങ്കോ. എന്റെ പൊണ്ണുടെ ജോലിക്ക് ഒന്നുമേ പറ്റകൂടാത്. എന്ന വേണമെങ്കിലും ചെയ്തിടേന്‍. ശിവ ശിവ!

വിവരണം:
‘നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍

നരകവാരിധി നടുവില്‍ ഞാന്‍

നരകത്തില്‍ നിന്നും കരകേറ്റീടണം

തിരുവൈക്കം വാഴും ശിവ ശംഭോ’

കര്‍ട്ടണ്‍

കുഞ്ഞന്നാമ്മ: റോസമോളെ, അയിശുമ്മാന്‍റ മോള് ഹാജിറാന്‍റ ഒച്ചയല്ലേ ഈ കേക്കണത്.  അവടന്നോരൊച്ചേo നുമ്മ കേക്കാറില്ലല്ലാ.  നീ ഒന്നു പോയി നോക്കിക്കേ.

റോസമോള്‍: ഇവിടന്ന് കേള്‍ക്കാല്ലോ, പിന്നെന്തിനാ അങ്ങോട്ട് പോകണത്?

ഹാജിറാ:  ഉമ്മാനോട് ആയിരം വട്ടം ഞാന്‍ പറഞ്ഞതല്ലെ, ഇതൊന്നും വേണ്ടാ വേണ്ടാന്ന്. അയല്‍പക്കത്തെ രണ്ടു വീടുകളിലും students-നെ ക്ഷണിച്ചുവരുത്തി എന്നു പറഞ്ഞ് ഉമ്മയല്ലെ എന്നെ നിര്‍ബന്ധിച്ച് അവരെ വിളിപ്പിച്ചത്. ആകെ നാണക്കേടായി. കുടിയിരുപ്പിനും കൂടി വരാന്‍ പറഞേക്കുവല്ലെ.  ഉമ്മ തന്നെ അനുഭവിക്ക്.

അയിശുമ്മ: എന്റ റബ്ബെ, ഇങ്ങനൊക്കെ വരൂന്ന് ഞമ്മക്കറിയായിരുന്നോ? പടിപ്പും പത്രാസുമുള്ള ന്റ മോള്‍ക്ക് ഉയര്‍ച്ചേണ്ടാകാനല്ലെ ഉമ്മ അവരോട് വരാമ്പറഞ്ഞത്. ന്റ മോളൊരു കാരിയം  ചെയ്യ്. പോരേടെ പണി മുയുവനായില്ലെന്ന്‍ അവരോട് മയത്തിലൊന്ന്പറ.  ചെലവായ കായി  നാലഞ്ച് യത്തീമുകള്‍ക്ക് കൊടുത്തൂന്നങ് വിചാരിച്ചാമതി. ഉമ്മാനോട് മാപ്പാക്ക്.

കര്‍ട്ടണ്‍

വിവരണം: പത്രക്കാര്‍ വന്നിരിക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ വന്നിരിക്കുന്നു. കുഞ്ഞന്നാമ്മ ദാ ദ്വേഷ്യത്തില്‍ പുറത്തേക്ക് വരുന്നു. കയ്യിലൊരു  പത്രവുമുണ്ട്. നാട്ടുകാര്‍ ചോദിക്കുന്നു ‘ടീച്ചേഴ്സ് കോളനിയില്‍ എന്തു സംഭവിച്ചു’? കഥ തുടരുന്നു.

കുഞ്ഞന്നാമ്മ: ഇവിടെ ഇങ്ങനെയെല്ലാം ഉണ്ടായത് ആ മന്ത്രി ഒരുത്തന്‍ കാരണമാ. അയാള്‍ക്ക് ഭ്രാന്താ. ഒരു ദിവസം നേരം വെളുത്തപ്പം തോന്നി കുട്ടികളെക്കൊണ്ട്  സാറമ്മാര്‍ക് മാര്‍ക്കിടീക്കണോന്ന്. അതൊണ്ടല്ലേ ഞങ്ങള് കുട്ടികളെ വീട്ടി വിളിച്ച് സത്ക്കരിച്ചത്. ഇപ്പപ്പറയുവ, അത് വേണ്ടെന്ന്‍. സാറമ്മാര് കുട്ടികള്‍ക്ക് മാര്‍ക്കിട്ടാമതിയെന്ന്‍. കുട്ടികള്‍ അങ്ങനെയിപ്പ  സാറമ്മാര്‍ക് മാര്‍ക്കിടണ്ടാന്ന്. അല്ലേ തന്നെ സാറമ്മാര് പറഞ്ഞ കുട്ടികള്‍ വല്ലതും കേള്‍ക്കണുണ്ടോ? മാര്‍ക്കിടാന്‍ തുടങ്ങിയാല്‍ പിന്ന നല്ല ശേലായി. എല്ലാരും ഇതൊന്ന്‍ വായിച്ചു നോക്ക്. (മനോരമ പത്രമെടുത്ത് ഒരേറുകൊടുക്കുന്നു).

വിവരണം: മനോരമ പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്. വാര്‍ത്തയെന്താണെന്നല്ലേ? ശ്രദ്ധിച്ച് കേള്‍ക്കൂ

“മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ  മന്ത്രിസഭായോഗം വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ വിലയിരുത്തുന്ന സമ്പ്രദായം നടപ്പില്‍ വരുത്തുന്ന വിഷയം ചര്‍ച്ച ചെയ്തു. തല്‍ക്കാലം വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ വിലയിരുത്തുന്ന സമ്പ്രദായം നടപ്പിലാക്കേണ്ടാ  എന്നും മറിച്ച് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വിലയിരുത്തുന്ന സമ്പ്രദായം പഴയപടി നിലനിര്‍ത്തുവാനും ഐകകണ്ഠേന തീരുമാനമെടുത്തു. ഈ വാര്‍ത്ത ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി തന്നെ പത്ര സമ്മേളനം നടത്തി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതാണ്. ഏതോ മൂരാച്ചി ഉദ്യോഗസ്ഥന്മാര്‍ വിദ്യാഭ്യാസ മന്ത്രിയെ കരിതേച്ചുകാണിക്കുവാന്‍ വേണ്ടി മന:പൂര്‍വ്വം അടിച്ചിറക്കിയതാവാം ആദ്യത്തെ ഉത്തരവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അദ്ധ്യാപകര്‍ പാരിതോഷിതങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്നു എന്ന പരാതികള്‍ ഗൌരവപൂര്‍വ്വം കാണുന്നതാണ്.  ചായ സത്ക്കാരത്തിനുശേഷം പത്ര സമ്മേളനം അവസാനിച്ചു”.

കര്‍ട്ടണ്‍

വിവരണം: കുറെ ദിവസങ്ങള്‍ കടന്നുപോയി. റോസമോളും കാവേരിയും ഹാജിറായും അവധിയെടുത്ത് വീട്ടില്‍ ഇരിക്കുകയാണ് ആകപ്പാടെ നാണക്കേടായില്ലേ? നാട്ടിലെങ്ങും പാട്ടായില്ലേ?എല്ലാറ്റിനും കാരണക്കാരി കുഞ്ഞന്നാമ്മയാണത്രെ! കുഞ്ഞന്നാമ്മയും വിഷാദിച്ചിരിക്കുകയാണ്.

ഒരു ദിവസം കുഞ്ഞന്നാമ്മ സട കുടഞ്ഞെഴുന്നേറ്റു. എന്തോ തീരുമാനിച്ചുറച്ചപ്പോലെയുണ്ട്. എന്താണത്? വീണ്ടും കാണുക.

കുഞ്ഞന്നാമ്മ: റോസമോളെ, റോസമോളെ

റോസമോള്‍: എന്താണമ്മച്ചി?

കുഞ്ഞന്നാമ്മ: മോളമ്മച്ചീടടുത്തൊന്ന് വന്നിരിക്ക്. എനിക്ക് നിന്നോടോരു കാരിയം പറയാനൊണ്ട്.

റോസമോള്‍: എനിക്കൊന്നും കേള്‍ക്കണ്ട.

കുഞ്ഞന്നാമ്മ: ഇന്നല പള്ളീപ്പോണ വഴിക്ക് മാധവന്‍ സാറിന കണ്ട്. സാറ് നുമ്മട വീട്ടിലോട്ട് വരാനിരിക്കേര്‍ന്ന്. നിന്നോട് വേഗം സ്കൂളീ ചെല്ലണോന്ന് പറഞ്ഞ്.

റോസമോള്‍: കുറച്ചു കഴിയട്ടെ.

കുഞ്ഞന്നാമ്മ: അങ്ങനല്ല മോളെ. ഞാമ്പറഞിട്ടല്ലേ നീ പിള്ളേരെ വിളിച്ചത്. ഞാന്‍ സ്കൂളി വന്ന്‍ എല്ലാരോടും മാപ്പ് പറയാം.

  റോസമോള്‍: അതൊന്നും വേണ്ടമ്മച്ചി.

കുഞ്ഞന്നാമ്മ: അമ്മച്ചിക്ക് നിന്‍റ ഇരുപ്പ് കാണാന്‍ മേലാഞ്ഞിട്ടാ. മോളമ്മിച്ചിയോട് പൊറുക്ക്.

 റോസമോള്‍: അമ്മച്ചി ഇങ്ങനെ ആരോടും മിണ്ടാതെ ഇരിക്കണത് കണ്ട് സഹിക്കണില്ല. അമ്മച്ചി പറയണതുകൊണ്ടു മാത്രം നാളെ മുതല്‍ ഞാന്‍ സ്കൂളില്‍ പോകാം.

കുഞ്ഞന്നാമ്മ: ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ. (കുരിശ് വരക്കുന്നു). റോസമോളെ, നീ ചെന്ന്‍ അപ്രത്ത ആമ്യാരോട് നുമ്മട  പടിക്ക വരെ ഒന്ന്‍ വരാന്‍ പറ.  എനിക്കവരോട് ഒരു കാരിയം പറയാനൊണ്ട്.

റോസമോള്‍: ശരി അമ്മച്ചി.

കര്‍ട്ടണ്‍

കുഞ്ഞന്നാമ്മ: സാമിയൊള്ളത് കൊണ്ടാ ഞാനങ്ങോട്ട് വരാതിരുന്നത്. അമ്യാര് കാവേരികുഞ്ഞിനോട്  ഒരു കാരിയം പറയണം.

അമ്യാര്‍: അവള വര ചൊല്ലണമാ?

കുഞ്ഞന്നാമ്മ: എയ്, അത് വേണ്ട.

അമ്യാര്‍: അവള്‍ ലീവ് പോട്ടിയതുകൊണ്ട് മാപ്പിളവീട്ടുക്ക് പോയിരുക്ക്. കാവേരിക്കിട്ടെ എന്ത ചോല്ല വേണം? ചൊല്ലുങ്കോ.

കുഞ്ഞന്നാമ്മ: നാളെ മുതല്‍ സ്കൂളില്‍ പോണംന്ന്‍ പറയണം. റോസ മോള് പോണുണ്ട്.

 അമ്യാര്‍: നാന്‍ കണ്ടിപ്പാ ചൊല്ലേന്‍.  പൊണ്ണ് കേള്‍ക്കുമോ എന്തൊ?

കുഞ്ഞന്നാമ്മ: കാവേരികുഞ്ഞിനോട് മറ്റൊന്നുകൂടി പറയണം ഞാന്‍ കാലേ പിടിച്ച് ക്ഷമ ചോദിക്കാംന്ന്‍.

മൂന്നാലുകൊല്ലോയിട്ട് എന്നും ഞങ്ങട പടി കടന്നല്ലേ കാവേരികുഞ്ഞ് വരികേം പോകേം ചെയ്യണത്. അത് കാണാഞ്ഞിട്ട് എന്തൊരു വെഷമമാണെനിക്കെന്നോ.

അമ്യാര്‍: അവളുക്ക് നല്ലതു വരാന്‍താനേ ചൊന്നത്.  കുഞ്ഞന്നാമ്മ ചേടത്തി ഒന്നുകൊണ്ടും കവലപ്പെടേണ്ട. കാവേരിയും ഹാജിറാവുo റോസമോളും നല്ല friends ആകും.

കര്‍ട്ടണ്‍

വിവരണം: ഇതുകൊണ്ടവസാനിച്ചില്ല. അയിശുമ്മയെ കാണുവാന്‍ തന്നെ കുഞ്ഞന്നാമ്മ തീരുമാനിച്ചു. അവരുടെ വീട്ടില്‍ നിന്നും ഉറക്കെ വിളിച്ചാല്‍ മതി അയിശുമ്മ വിളികേള്‍ക്കും.

കുഞ്ഞന്നാമ്മ: അയിശുമ്മാ, അയിശുമ്മാ,

അയിശുമ്മ: ഇതാരാണ് റബ്ബെ, എന്ന വിളിക്കണത്? പെരുത്തു നാളായി ഇങ്ങളോട് വര്‍ത്താനം പറഞ്ഞിട്ട്.

കുഞ്ഞന്നാമ്മ: അയിശുമ്മ ഹാജിറമോളോട് ഒരു കാരിയം പറയണം.

അയിശുമ്മ: എന്താച്ചാ പറഞ്ഞോളി.

കുഞ്ഞന്നാമ്മ: ഹാജിറമോളോട് നാള മുതല് സ്കൂളീ പോണോന്ന് പറയണം.  റോസമോളും കാവേരികുഞ്ഞും പോണൊണ്ട്. മൂന്നുപേരും കൂടി പോണതു കാണാന്‍ അവള കുഞ്ഞുന്നാളിലെതൊട്ട് അറിയണ കുഞ്ഞന്നാമ്മ ചേടത്തീട ഒരാശയാണെന്ന്‍ പറയണം.

അയിശുമ്മ: ഓളോട് ചേടത്തി തന്നെ പറയ്. ങ്ങളെ പെരുത്ത് ഇഷ്ടാ അവക്ക്. ചേടത്തി ബേജാറാകണ്ട. ഓള് കേക്കും. ഹാജിറാ മോളേ ഹാജിറാ

കര്‍ട്ടണ്‍

വിവരണം: പിറ്റേദിവസം റോസമോളും കാവേരിയും ഹാജിറയും ഒരുമിച്ചാണ് സ്കൂളിലേക്ക് പോയത്. അവര്‍ പോകുന്നത് നോക്കിനില്‍ക്കുമ്പോള്‍ അമ്മമാര്‍ മൂവരുടെയും കണ്ണുകള്‍ നിറഞ്ഞു. അങ്ങനെ കുഞ്ഞന്നാമ്മ വീണ്ടും മൂന്നു കുടുംബങ്ങളെയും കൂട്ടി ഇണക്കി.

പ്രധാനപ്പെട്ട ഒരു വിഷയമുണ്ട്. എല്ലാവരും ശ്രദ്ധിക്കുക.

അധ്യാപികമാര്‍ മൂന്നുപേരും ചേര്‍ന്ന് ഒരു പുതുവത്സരപ്രതിജ്ഞ എടുക്കുന്നു:  ‘ഞങ്ങളുടെ സിദ്ധിയും സാമര്‍ത്ഥ്യവും സമയവും ലാഭേച്ഛയില്ലാതെ വിദ്യാര്‍ത്ഥികളുടെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും നന്മയ്ക്കും  വേണ്ടി പ്രയോജനപ്പെടുത്തുന്നതാണ്’.

കുടുംബാംഗങ്ങള്‍ ഏറ്റുപറഞ്ഞു: ഞങ്ങളും അതുപോലെ തന്നെ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കും.

വിവരണം:

‘‘കൊണ്ടുപോകില്ല ചോരന്മാര്‍

കൊടുക്കുംതോറും ഏറിടും

മേന്മ നല്‍കും മരിച്ചാലും

വിദ്യതന്നെ മഹാധനം’

എന്ന പഴഞ്ചൊല്ല് അര്‍ത്ഥവത്താക്കിക്കൊണ്ട് ടീച്ചേഴ്സ് കോളനി ഒരു ആദര്‍ശ കോളനിയായി മാറി.

ടീച്ചേഴ്സ് കോളനി എന്ന നാടകം ഇവിടെ അവസാനിക്കുന്നു. രചന ഡോ. ബി. പ്രഭാറാവുവും അവതരണം  സിന്ദൂരം അoഗങ്ങളും നിര്‍വ്വഹിച്ചിരിക്കുന്നു.  മൂല്യം വിലയിരുത്തേണ്ടത് ഇനി പ്രേക്ഷകരാണ്. നന്ദി. നമസ്കാരം.

 

 

 

 

 

 

 

 

 

 

 

 

 

 

 

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )