മാസം: ഫെബ്രുവരി 2016

ഒരു യാത്രാനുഭവം കൂടി

2016 ജനുവരിമാസം 18 -ം തീയതി ഞാന്‍ 12677 എന്ന ബെംഗളൂരു സിറ്റിയില്‍നിന്നും എറണാകുളം ജംക്ഷന്‍ വരെ പോകുന്ന Intercity എറണാകുളം എക്സ്‌പ്രസ്സിൽ യാത്ര ചെയ്യുവാന്‍ ടിക്കറ്റ് എടുത്തിരുന്നു. അന്ന് അതിരാവിലെ 5 മണിക്ക് ജെ പി നഗറിലുള്ള എന്റെ സഹോദരിയുടെ വീട്ടില്‍നിന്നും പുറപ്പെടുവാന്‍ തീരുമാനിച്ചു. 6 മണി 20 മിനിട്ടാകുമ്പോള്‍ കന്‍റോണ്‍മെന്‍റ്ല്‍ തീവണ്ടി എത്തേണ്ടതാണ്. കുറെനാള്‍ അവരുടെ ഡ്രൈവറായിരുന്ന ആനന്ദ് എന്നെ കൊണ്ടുപോകുവാന്‍ വരാമെന്ന് പറഞ്ഞു. ആനന്ദ് ഇപ്പോള്‍ സ്വന്തം ഓട്ടോ ഓടിക്കുകയാണ്. ആനന്ദ് കൃത്യ സമയത്തുതന്നെ എത്തി. ബെംഗളൂരില്‍ തന്നെ താമസിക്കുന്ന എന്റെ ഏറ്റവും ഇളയ സഹോദരിയും ആ ദിവസം അവിടെ ഉണ്ടായിരുന്നു. അങ്ങനെ, ഞങ്ങള്‍ 5 – മണിക്കുതന്നെ കാറില്‍ പുറപ്പെട്ടു. എന്നെ റെയില്‍വേ സ്റ്റേഷനില്‍ വിട്ടിട്ട്, എന്റെ സഹോദരിയെ വീട്ടില്‍ വിടുക എന്നതായിരുന്നു ആനന്ദിന്റെ ദൌത്യം. അത്ര വിജനമായിട്ട് ഇതുവരെ ഞാന്‍ ബെംഗളൂരുവിനെ കണ്ടിട്ടില്ല. അരമണിക്കൂറിനകം കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ എത്തി. രണ്ടാം പ്ലാറ്റ്ഫോമിലാണ് വണ്ടി വരിക എന്നറിഞ്ഞു. ഞാന്‍ തനിയെ പോകാം എന്നു പറഞ്ഞിട്ടും ആനന്ദ് സമ്മതിച്ചില്ല. എന്റെ ഇടത്തരം ബാഗ് കയ്യിലെടുത്ത് എന്നെ C-1 നിറുത്തുവാന്‍ സാധ്യതയുള്ള ഇടത്തില്‍ ഇരുത്തിയിട്ടാണ് ആനന്ദ് മടങ്ങിയത്. ഞാന്‍ സസന്തോഷം നല്കിയ നൂറു രൂപ പോലും വളരെ മടിച്ചാണ് വാങ്ങിയത്. താരതമ്യേന വിജനമായിരുന്ന മേല്‍പ്പാലത്തിലൂടെ ബാഗും തൂക്കി നടക്കുവാന്‍ ഞാന്‍ ബുദ്ധിമുട്ടുമായിരുന്നു.

തീവണ്ടി കൃത്യ സമയത്തുതന്നെ എത്തി. എനിക്ക് നടപ്പാതയുടെ അടുത്തുള്ള ഇരിപ്പടമാണ് കിട്ടിയത്. രാവിലെ നാലുമണിക്കുതന്നെ ഉണര്‍ന്നതുകൊണ്ടും കംപാര്‍ടുമെന്റില്‍ നല്ല തണുപ്പുണ്ടായിരുന്നതുകൊണ്ടും കണ്ണൊന്നടച്ചപ്പോള്‍ത്തന്നെ ഉറങ്ങിപ്പോയി. ഏതാണ്ട് എട്ടുമണിയായപ്പോഴാണ് ഉണര്‍ന്നത്. ഞാന്‍ മുഖം കഴുകുവാന്‍ വേണ്ടി സദാ അടച്ചിടുന്ന വാതില്‍ തുറന്നിറങ്ങി. തീവണ്ടി ആ സമയം ഏതോ സ്റ്റേഷന്റെ പുറത്ത് സിഗ്നല്‍ കാത്ത് നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഒരച്ഛനും മകനും വാതിലിനടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അച്ഛന്‍ എന്തോ കാര്യമായിട്ട് മകന് പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. അവന്‍ രണ്ടു കൈയ്യും കമ്പിയില്‍ പിടിച്ച് പുറത്തേക്ക് ആസ്വദിച്ച് എത്തി നോക്കുന്നുണ്ടായിരുന്നു. കുട്ടിക്ക് ഏതാണ്ട് ആറോ ഏഴോ വയസ്സുകാണും. പെട്ടെന്ന്, എനിക്കെന്തോ ഒരു ഭയം തോന്നി. ഞാന്‍ അച്ഛനോടായിട്ട് ചോദിച്ചു: ‘നിങ്ങള്‍ എന്തിനാണ് ഇങ്ങനെ വാതില്‍ക്കല്‍ നില്‍ക്കുന്നത്?’. അച്ഛന്‍ എന്നോട് ചോദിച്ചു:

എന്താ കാര്യം?’ ഞാന്‍ പറഞ്ഞു: ‘നിങ്ങളാണ് കുട്ടിയുടെ രക്ഷിതാവ്. എനിക്ക് യാതൊരു കാര്യവുമില്ല.’ ‘തീര്‍ച്ചയായും’ എന്ന മറുപടി മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ ഞാന്‍ അകത്തേക്ക് കടന്നു. പലപ്പോഴും ആവശ്യമില്ലാത്തിടത്ത് പ്രതികരിക്കുക അല്ലെങ്കില്‍ അഭിപ്രായം പറയുക എന്നത് എന്റെ ഒരു ദുഃശ്ശീലമായി മാറിയിരിക്കുന്നു. അധ്യാപികമാര്‍ അങ്ങനെയാണെന്നാണ് എന്റെ വീട്ടുകാരുടെ അഭിപ്രായം. എന്റെ ഇരിപ്പടം മുഖാമുഖം വരുന്നയിടത്ത് നടപ്പാതയ്ക്കടുത്തായിരുന്നു. മുന്നില്‍ നീളത്തിലുള്ള തീന്‍ മേശ. മേശയുടെ എതിര്‍വശത്ത് മൂന്നു സ്ത്രീകളാണ് ഇരുന്നിരുന്നത്. അധികം താമസിയാതെ ആ ആണ്‍കുട്ടി ജനലിനടുത്തായി ഇതുപോലെ തന്നെ മറ്റെ വശത്ത് ഇട്ടിരുന്ന ഇരിപ്പടത്തില്‍ വന്ന്‍ ഇരുന്നു. പുറകെ എതിരെയുള്ള ഇരിപ്പടത്തില്‍ അച്ഛനും ഇരുന്നു. കുട്ടിയുടെ അടുത്തിരുന്ന കൌമാരക്കാരനായിരുന്ന സഹോദരന് (ചേട്ടന്) ഏതാണ്ട് പതിനാലോ പതിനഞ്ചോ വയസ്സു കാണും. അച്ഛന്‍ പൊക്കവും ഒത്ത വണ്ണവുള്ള ഒരാളായിരുന്നു. പോരാത്തതിന് വലിയൊരു കുടവയറും. കൌമാരക്കാരനായിരുന്ന മകനേയും തടിയുള്ള കൂട്ടത്തില്‍ തന്നെ പെടുത്താം. കുട്ടി പക്ഷേ മെലിഞ്ഞിട്ടായിരുന്നു.

എന്റെ ശ്രദ്ധ മുഴുവന്‍ ഇവരുടെ ചലനങ്ങളിലായിരുന്നു. കുട്ടികള്‍ രണ്ടുപേരും മൊബൈലിന്റെ ചെവിയില്‍ വെക്കുന്ന സൂത്രം പങ്കിട്ട് ചേട്ടന്റെ മൊബൈലില്‍ എന്തോ ഗെയിം കളിച്ചു തുടങ്ങി. ഇടയ്ക്കിടെ കുട്ടി ഉറക്കെ പൊട്ടിചിരിച്ചു. അച്ഛന്‍ ഈ സമയമൊക്കെ കണ്ണുമടച്ച് നല്ലതുപോലെ ചാരി ഇരിക്കുകയായിരുന്നു. ഇടയ്ക്കു കണ്ണുതുറന്ന്‍ കുട്ടികളെ നോക്കി മന്ദഹസിക്കും. വീണ്ടും കണ്ണടയ്ക്കും. അങ്ങനെയിരിക്കെ, ഇഡ്ഡലി വടയുടെ വരവായി. കുട്ടി അച്ഛനെ നോക്കി. അച്ഛന്‍ മൂവര്‍ക്കും അത് വാങ്ങി. കുട്ടി വേഗം 30 x 3 = 90 എന്ന്‍ ഉറപ്പാക്കിയതിനുശേഷം കീശയില്‍നിന്നും നൂറുരൂപ നോട്ടെടുത്ത് നീട്ടി. ബാക്കി തുകയായ പത്തുരൂപ കീശയിലിട്ടു. അച്ഛന്‍ ഒരു പത്രക്കടലാസെടുത്ത് മേശപ്പുറത്ത് ഭംഗിയായി വിരിച്ച് മൂന്നു പാക്കറ്റുകളും അതിനുമുകളില്‍ വെച്ചു. സ്പൂണ്‍ ഉപയോഗിച്ച് ഓരോരുത്തരും കഴിച്ചു തുടങ്ങി. കുട്ടി വാതോരാതെ അച്ഛനോട് ഇംഗ്ലീഷില്‍ വര്‍ത്തമാനം പറയുന്നുണ്ടായിരുന്നു. കുട്ടിക്ക് നല്ലപോലെ വിശകലനം ചെയ്യുവാനുള്ള കഴിവുണ്ടെന്ന് എനിക്കു തോന്നി. അച്ഛന്‍ ക്ഷമയോടെ ഒരുപാട് കാര്യങ്ങള്‍ കുട്ടിക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിഞ്ഞപ്പോള്‍ അച്ഛന്‍ മൂന്നു പാക്കറ്റുകളും പത്രക്കടലാസില്‍ വൃത്തിയായി പൊതിഞ് ചേട്ടന്റെ കയ്യില്‍ കൊടുത്തു. മൂന്നുപേരും കൈ കഴുകുവാന്‍ പോയി.

മൂവരും തിരിയെ വന്ന്‍ അതാത് സ്ഥലത്തിരുന്നു. ചേട്ടന്‍ മൊബൈലില്‍ ചെസ്സ് കളിക്കുവാന്‍ തുടങ്ങി. കുട്ടിയാകട്ടെ, അവന്റെ സഞ്ചിയില്‍നിന്നും ചെറിയൊരു പ്ലേയര്‍ പോക്കിയെടുത്തു. അച്ഛന്‍ തന്റെ സഞ്ചിയില്‍ നിന്നും ഒരു കാസെറ്റ് എടുത്ത് പ്ലേയറില്‍ ഇട്ടു കൊടുത്തു. അച്ഛന്‍ കണ്ണുമടച്ച് വീണ്ടും കിടന്നു. ആ സമയത്താണ് ചായ എത്തിയത്. ചേട്ടന് ചായ വേണ്ടെന്ന്‍ പറഞ്ഞതുകൊണ്ട് കുട്ടി ഒരു ചായ മാത്രം വാങ്ങി. പത്തു രൂപ കുട്ടി എടുത്ത് കൊടുത്തപ്പോള്‍, രണ്ടുരൂപ ചില്ലറയുണ്ടോ എന്നായി ചായക്കാരന്‍. ഇല്ല എന്നവന്‍ ഒരു കൊച്ചു നുണ പറഞ്ഞു. പിന്നെത്തരാം എന്നു പറഞ്ഞു അയാള്‍ പോയി. കുറച്ചു കഴിഞ്ഞു ചായക്കാരന്‍ വീണ്ടും വന്നപ്പോള്‍ കുട്ടി രൂപ ചോദിച്ചു വാങ്ങി. ‘മിടുക്കന്‍’ എന്ന്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു. ലഞ്ചിന് കുട്ടിക്ക് എഗ്ഗ് ബിരിയാണിയും ചേട്ടനും അച്ഛനും ചിക്കന്‍ ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു.

ഞാന്‍ രാവിലെ പൊങ്കല്‍ ആണ് കഴിച്ചത്. എല്ലാം കൂടി ഒരു കുറുക്ക് പോലെ ഇരുന്നു. വൈകുന്നേരം 4.55 ന് വണ്ടി എറണാകുളം സൌത്തില്‍ എത്തും. അതുകൊണ്ട് ഉച്ചഭക്ഷണം വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. പകരം രണ്ടു പാക്കറ്റ് ബിസ്കറ്റ് വാങ്ങി. ഉച്ചയോടെ തണുപ്പ് കുറഞ്ഞു. ഞാന്‍ പുതച്ചിരുന്ന ഷാള്‍ എടുത്തുമാറ്റിയപ്പോള്‍ ബിസ്കറ്റിന്റെ ഒരു കഷണം മേശപ്പുറത്ത് വീണു. എണീക്കുമ്പോള്‍ എടുത്തുമാറ്റാം എന്ന്‍ മനസ്സില്‍ വിചാരിച്ചു. അടുത്തുതന്നെ എന്റെ എതിരെ ഇരുന്ന സ്ത്രീയുടെ ഒഴിഞ്ഞ ചായക്കപ്പും ഉണ്ടായിരുന്നു. എന്റെ മുമ്പിലിരുന്ന സ്ത്രീ ഇറങ്ങിയപ്പോള്‍ ചായക്കപ്പെടുത്തെങ്കിലും ബിസ്ക്കറ്റിന്റെ കഷണം കപ്പുകൊണ്ട് നീക്കി താഴേക്ക് ഇടുകയയായിരുന്നു ചെയ്തത്. ബിസ്ക്കറ്റിന്റെ കഷണം ഒരിയ്ക്കലും എച്ചിലായിരുന്നില്ല. ഞാന്‍ അവരുടെ സ്ഥാനത്തായിരുന്നുവെങ്കില്‍ എന്തു ചെയ്യുമായിരുന്നു? അറിയില്ല.

ഏതാണ്ട് മൂന്നു മണിയായിക്കാണും കുട്ടിയുടെ അച്ഛന്‍ രണ്ടു കപ്പ് ചായ വാങ്ങി. ഒന്ന്‍ കുട്ടിക്ക് കൊടുത്തു. മറ്റേത് തനിക്കായി മേശപ്പുറത്ത് വെച്ചു. ചേട്ടന്‍ കുടിക്കാറില്ല എന്നു തോന്നുന്നു. ചായ തറയില്‍ വെച്ചു ഒഴിച്ചയിടത്ത് കുറച്ച് തൂകിയിട്ടുണ്ടായിരുന്നു. അച്ഛന്‍ വേഗം പത്രമെടുത്ത് ഒരു താളിന്റെ പകുതി കീറി ചായ തുകിയിരുന്നയിടത്തിട്ടു. കാലുകൊണ്ട് അമര്‍ത്തിയപ്പോള്‍ ചായ മുഴുവനും കടലാസ് ഒപ്പിയെടുത്തു. അതിന്റെ മുകളില്‍ താളിന്റെ മറ്റേ പകുതി വെച്ച് അടിയിലുള്ള കടലാസുകൂടി കൂട്ടിയെടുത്ത് പുറത്തുകൊണ്ടുപോയി കളഞ്ഞു. കുറെ കഴിഞ്ഞപ്പോള്‍ പുറകിലുള്ളവര്‍ ചായ വാങ്ങിയപ്പോഴും ചായത്തുള്ളികള്‍ ഇവരുടെ സീറ്റിനടുത്തു തറയില്‍ വീഴുകയും ഇതുപോലെ തന്നെ അച്ഛന്‍ വീണ്ടും കടലാസുകൊണ്ടൊപ്പിക്കളയുകയും ചെയ്തു. ഞാന്‍ അതുകണ്ട് സ്തബ്ധയായിപ്പോയി. പിന്നീട് അച്ഛന്‍ കുട്ടികളോട് എല്ലാം എടുത്തുവെക്കുവാന്‍ പറഞ്ഞു. ചേട്ടന്‍ മടി കാണിച്ചപ്പോള്‍ അച്ഛന്‍ രൂക്ഷമായി ഒന്ന്‍ നോക്കി.

ഒരിക്കല്‍ രാഷ്ട്രത്തിന്റെ പ്രിയങ്കരനായിരുന്ന അന്തരിച്ച അബ്ദുള്‍ കലാം പറഞ്ഞു: “പലപ്പോഴും അറപ്പില്ലാതെ തന്നെ എടുത്തുമാറ്റാവുന്ന കടലാസുകഷണങ്ങളും പ്ലാസ്റ്റിക്കുമെല്ലാം നാം കാണാറുണ്ട്. ആര് എടുത്തുമാറ്റും എന്നതാണ് ചോദ്യം? ദുരഭിമാനം നമ്മെ സ്വയം ആ കൃത്യം ചെയ്യുവാന്‍ അനുവദിക്കുകയില്ല. അങ്ങനെ അതും പിന്നീട് മാലിന്യത്തിന്റെ ഭാഗമായി മാറുന്നു”.

മണി നാലായിക്കാണും. അച്ഛന്‍ തുകല്‍ സഞ്ചിയില്‍നിന്നും മൂന്നു ഗുളികകള്‍ എടുത്ത് ചേട്ടന്റെ നേരെ നീട്ടി. ഗുളികകള്‍ പിടിച്ചിരുന്ന ചേട്ടന്റെ കൈപത്തി തന്റെ വലിയ കൈപ്പത്തിക്കുള്ളിലാക്കി പതുക്കെ അമര്‍ത്തി. അച്ചന്റെ കണ്ണുകളില്‍ വാത്സല്യവും ആര്‍ദ്രതയും ഞാന്‍ കണ്ടു. ആ ദൃശ്യം കണ്ണില്‍ നിന്നും മായുന്നില്ലകുട്ടികള്‍ക്ക് അമ്മയില്ലേ? അറിയില്ല. ചേട്ടന്‍ എന്തിനാണ് ഗുളികകള്‍ വിഴുങ്ങുന്നത്? അറിയില്ല.

 

Advertisements