മാസം: മാര്‍ച്ച് 2016

വാ കുരുവീ വരു കുരുവീ

ഇന്നലെ രാവിലെ ഏതാണ്ട് ഒന്‍പതുമണിയോടടുപ്പിച്ച് ഞാന്‍ വെറുതെ അലസമായി ജനലിനടുത്തുള്ള മേശയ്ക്കരികില്‍ കസേരയിൽ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു. അടുത്ത വീട്ടുകാരുടെ വcity birdലിയൊരു വളപ്പ്. കാടുകയറിക്കിടക്കുന്നു. ഒരു കുളവുമുണ്ട്. അങ്ങിങ്ങായി കുറെ കൊന്നത്തെങ്ങുകള്‍ കാണാം. കാര്യമായി തേങ്ങകള്‍ ഇല്ല. എന്റെ ജനലിനടുത്തായിട്ട് ചെറിയോരു വാഴക്കൂട്ടം കാട്ടു വള്ളികള്‍ പടര്‍ന്ന് കയറി ചാഞ്ഞും ചെരിഞ്ഞുമൊക്കെ നില്‍പ്പുണ്ടായിരുന്നു. ഞാന്‍ അങ്ങനെ നോക്കിയിരിക്കെ പെട്ടെന്ന് വാഴക്കൈയില്‍ ഒരു ചെറിയ പക്ഷി വന്നിരുന്നു. നല്ല പോലെ കറുത്ത ചിറകുകള്‍. അതിനടിയില്‍ വെളുപ്പ് കാണാം. ഉദരഭാഗം ഇളം മഞ്ഞ നിറത്തിലാണ്. വാഴക്കൈ അക്ഷരാര്‍ത്ഥത്തില്‍ ഒന്നുലഞ്ഞു. പെട്ടെന്ന് മനസ്സില്‍ വന്നത് ഏഴുദശാബ്ദങ്ങള്‍ക്കുമുമ്പ് എന്റെ ബാല്യകാലത്ത് പ്രൈമറി ക്ളാസ്സില്‍ പഠിച്ച ഒരു കവിതയുടെ ഏതാനും വരികളായിരുന്നു.

വാ കുരുവീ വരു കുരുവീ

വാഴക്കൈമേല്‍ ഇരി കുരുവീ

നാരു തരാം ചകിരി തരാം

കൂടുണ്ടാക്കാന്‍ കൂടെ വരാം

വെയിലല്ലേ ചൂടല്ലേ

തണലിലിരിക്കുക സുഖമല്ലേ

നീ വെറുതേ പോകരുതേ

നിഴല്‍ കിട്ടാതെ വലയരുതേ”

എത്രയോ നാളുകളായി ഞാന്‍ ഒരു കുരുവിയെ കണ്ടിട്ട്! പണ്ടുപണ്ട്, ഒരു ഗ്രാമചന്ത കടന്നാണ് ഞാന്‍ സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്. പ്രധാന തെരുവില്‍നിന്നും പടിഞ്ഞാറേക്ക് തിരിയുന്ന വഴിയുടെ ഇരുവശത്തുമായിട്ടായിരുന്നു ചന്ത. തിരിയുന്നിടത്ത് കവലയുടെ മൂലയ്ക്കായിരുന്നു കൊങ്ങിണിയുടെ പലചരക്കുകട. അവിടെ ധാരാളം കുരുവികള്‍ ധാന്യമണികള്‍ കൊത്തിപ്പെറുക്കുന്നത് എപ്പോഴും കാണാമായിരുന്നു. എറണാകുളത്തുള്ള വലിയ ചന്തയിലാകട്ടെ കുരുവിക്കൂട്ടങ്ങളെ തട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയായിരുന്നു. ഇന്നാകട്ടെ, എറണാകുളം വലിയ ചന്തയില്‍പോലും കുരുവികള്‍ വിരളമായിരിക്കുന്നു. ദേശാടനത്തിനുപോയതല്ല; മറിച്ച് വംശനാശം സംഭവിച്ചതാണ്. അണു കുടുംബം എന്ന സങ്കല്‍പ്പവും ഫ്ലാറ്റ് സംസ്കാരവും ഒത്തുചേര്‍ന്നപ്പോള്‍ കൂടുണ്ടാക്കാന്‍ മരച്ചില്ലകള്‍ ഇല്ലാതെയായി. പ്ലാസ്റ്റിക് ചാക്കുകളില്‍ ധാന്യങ്ങള്‍ നിറക്കാന്‍ തുടങ്ങിയപ്പോള്‍ ചണം കൊണ്ടുള്ള ചാക്കുകളേക്കാള്‍ കൊഴിഞ്ഞുപോക്ക് കുറഞ്ഞു. അങ്ങനെ ഭക്ഷണത്തിന്റെ ലഭ്യത കുറഞ്ഞു. ജീവിതം ദുസ്സഹമായി എന്നുപറഞ്ഞാല്‍ മതിയല്ലോ.

ഈയിടെയാണ് ഒരു നല്ല വാര്‍ത്ത പത്രത്തില്‍ വായിച്ചത്. കുരുവികള്‍ക്ക് കൂടുണ്ടാക്കാന്‍ കലവും കുടിക്കുവാന്‍ ശുദ്ധജലം വെക്കുവാന്‍ ചട്ടിയും താല്പര്യമുള്ളവര്‍ക്ക് നല്കുവാന്‍ മട്ടാഞ്ചേരിയിലെ ജൈന സമൂഹം തീരുമാനിച്ചിരിക്കുന്നു. വളരെ നല്ല കാര്യം തന്നെ. മാര്‍ച്ച് 20 കുരുവി ദിനമാണ്.

Advertisements