കവിതിലകന്‍ പണ്ഡിറ്റ് കെ. പി. കറുപ്പന്‍ – ഒരു അനുസ്മരണം

PanditKaruppan.ഡോ. ബി. പ്രഭാറാവു

(23 മാര്‍ച്ച് 2016)

ആമുഖം

ഇന്ന്‍ മാര്‍ച്ച് 23. 78 വര്‍ഷങ്ങള്‍ക്കു മുമ്പ് അതായത് 1938  മാര്‍ച്ച് 23 ന് (1113 മീനം 10) കവിതിലകന്‍ പണ്ഡിറ്റ് കെ പി കറുപ്പന്‍  53 വയസ്സു തികയുന്നതിനു തൊട്ടുമുമ്പ് അകാലത്തില്‍ അന്തരിച്ചു.  ആ  മഹാപ്രതിഭയെ, ആ നവോത്ഥാന നായകനെ  ഇന്ന്‍ നാം ഒരിക്കല്‍ കൂടി അനുസ്മരിക്കുകയാണ്.  യാഥാസ്ഥിതിക രീതിയില്‍ ജനനം, വിദ്യാഭ്യാസം, സാഹിത്യം, സാമൂഹ്യം, ഔദ്യോഗികം, അന്ത്യം  എന്നീ വീഥികളിലൂടെയായിരിക്കും എന്റെ പ്രയാണം. പക്ഷേ കൃത്യമായ അതിര്‍ വരമ്പുകള്‍  ഉണ്ടായിരിക്കുന്നതല്ല. ഇനി തുടങ്ങട്ടെ.

ജനനം, ബാല്യം, വിദ്യാഭ്യാസം

1885 മെയ് മാസം 24 ന് (1060 ഇടവം 12, ചിത്തിര) നമ്മുടെ തൊട്ടയല്‍വക്കമായ ചേരാനെല്ലൂരില്‍ അരയ കുടുംബമായിരുന്ന  കണ്ടത്തിപ്പറമ്പ് വീട്ടില്‍ പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും മകനായി  കെ പി  കറുപ്പന്‍ ജനിച്ചു. അന്ന് ചേരാനല്ലൂര്‍ കൊച്ചിയുടെ ഭാഗവും ഇടപ്പള്ളി വേറെ നാട്ടുരാജ്യവുമായിരുന്നു. നല്ലൊരു വിഷഹാരിയും അത്യാവശ്യത്തിന് സംസ്കൃത ജ്ഞാനവും ഉണ്ടായിരുന്ന പാപ്പുവിനെ അത്തോപൂജാരി  വൈദ്യന്‍ എന്നാണ് സ്ഥലവാസികള്‍ വിളിച്ചിരുന്നത്.

ഇടയ്ക്കിടെ അവിടെയൊക്കെ വരുമായിരുന്ന ഒരു തമിഴ് ജ്യോത്സ്യന്‍, മകന്‍ മിടുമിടുക്കനാവുമെന്നും വലിയ ഒരാളാവുമെന്നും പ്രവചിച്ചു. ആ അര്‍ത്ഥം വരുന്ന ‘കര്‍പ്പന്‍’ എന്ന പേരും നിര്‍ദ്ദേശിച്ചു. വാക്യഭേദം വന്ന്‍ നല്ല വെളുത്ത് സുമുഖനായ കര്‍പ്പന്‍ ‘കറുപ്പ’നായി.  അങ്ങനെ കണ്ടത്തിപ്പറമ്പു വീട്ടില്‍ പാപ്പു മകന്‍ ശങ്കരന്‍, കെ. പി. കറുപ്പനായി. സ്ഥാനമാനങ്ങള്‍ വാരിക്കൂട്ടിയപ്പോള്‍ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പനായി.

അഞ്ചു വയസ്സായപ്പോള്‍ അഴീക്കല്‍ വേലുവൈദ്യന്‍ എഴുത്തിനിരുത്തി. അന്ന്,  ഈ കുരുന്നു ബാലന്റെ നാവിലും കൊച്ചുകൈവിരല്‍ത്തുമ്പിലും സരസ്വതീ പ്രസാദം ഇത്രയേറെ ഉണ്ടാകുമെന്ന്  ആശാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരിക്കാന്‍ ഇടയില്ല. പിന്നീട്, വടക്കേ വാലത്ത് അപ്പു ആശാന്‍ സംസ്കൃത പഠനത്തിന് തുടക്കം കുറിച്ചു.  അമരകോശം, സിദ്ധരൂപം, ശ്രീരാമോദന്തം തുടങ്ങിയ പ്രാഥമിക ഗ്രന്ഥങ്ങള്‍ അക്കാലത്ത് ഹൃദിസ്ഥമാക്കി. കൂടാതെ ഇതിഹാസങ്ങളും പുരാണങ്ങളും വായിച്ചു തുടങ്ങി. 1896-ല്‍, 11-)0 വയസ്സില്‍ ദേവിയെ സ്തുതിക്കുന്ന ‘സ്തോത്രമന്ദാരം’ എഴുതി. ഗുരു വന്ദനത്തോടുകൂടിയായിരുന്നു തുടക്കം. അതിങ്ങനെ:

മുന്നം മാം ഹരിയെന്ന് തണ്ഡുലമതില്‍
തുഷ്ട്യാ വരപ്പിച്ചഹോ
പിന്നെ സ്വാന്തമതിങ്കലെന്നുമനിശം
സൂക്ഷിച്ചു രക്ഷിച്ചിടും;
ധന്യന്‍ താനഴിയിക്കല്‍ വാഴുമമലന്‍
വൈദ്യൌഘവീരന്‍, മഹാ
മാന്യന്‍, വേലുവതെന്ന മാതുലസുതന്‍
മേലും തുണച്ചീടണം
(തണ്ഡുലം = അരി; തുഷ്ട്യാ  = സന്തോഷത്തോടുകൂടി; സ്വാന്തം = മനസ്സ്, ഹൃദയം; അമലന്‍ = നിര്‍മ്മലന്‍; ഓഘ = കൂട്ടം)

ഇതില്‍ കാണുന്ന ദേവീഭക്തിയും, വിവേകവും, വിനയവും  ജീവിതാവസാനം വരെ അദ്ദേഹം കാത്തുസൂക്ഷിച്ചശീലങളായിരുന്നു.
പിന്നീട്, കറുപ്പനെ സംസ്കൃത പഠനം  കുറെക്കൂടി ഗൌരവത്തോടെ നടത്തുന്നതിന് ചെറായിയിലെ വിദ്വാന്‍ മംഗലപ്പിള്ളി കണ്ടന്‍ കുമാരന്‍ കൃഷ്ണന്‍ ആശാന്റെ അടുക്കലേക്കയച്ചു. സംസ്കൃത കാവ്യങ്ങള്‍ വായിക്കുവാന്‍ തുടങ്ങിയത് അവിടെ വെച്ചാണ്.  ചെറായിയിലെ പഠനം പൂര്‍ത്തിയാക്കി ചേരാനെല്ലൂരില്‍ തിരിച്ചെത്തിയ കറുപ്പന്‍ അന്നമനട രാമപ്പൊതുവാളിന്റെ കീഴില്‍ സംസ്കൃത പഠനം തുടര്‍ന്നു. ഒരു പക്ഷെ,  അവര്‍ണ്ണനായതുകൊണ്ടുമാത്രം മുറിയുടെ ഒരു മൂലയ്ക്കിരുന്ന് പഠിക്കേണ്ടി വന്നപ്പോള്‍ വര്‍ണ്ണവിവേചനത്തിന്റെ വികൃത രൂപം മനസ്സില്‍ പതിഞിട്ടുണ്ടാവാം.

തന്റെ 12-ം വയസ്സില്‍ ശാര്‍ദ്ദൂലവിക്രീഡിതം  വൃത്തത്തില്‍  ‘ലങ്കാമര്‍ദ്ദനം’ എന്ന സംഗീത നാടകം രചിച്ചു. അത് വായിച്ചവരെല്ലാം അത്ഭുതപ്പെട്ടുപോയി. അതില്‍ സൂത്രധാരന്‍ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:

 
പരിചിനൊടു = പരിചൊടു = ഭംഗിയായി); പാരാതെ = മടിയില്ലാതെ) ഇതിലെ  ആത്മവിശ്വാസം ശ്രദ്ധിക്കൂ.
അതിലെ നാലു  വരികള്‍ നോക്കാം:
സ്വര്‍ല്ലോകത്തു കടന്നു ദേവ വനിതാവൃന്ദത്തിനും കല്യതാം
സ്വര്‍ല്ലോകാധിപനും നിശാചരവരന്‍ ദുഃഖങ്ങള്‍ ചേര്‍ക്കുന്നതും
എല്ലാമിങ്ങറിവുണ്ടവന്റെ നഗരം രോഷേണ തട്ടിത്തകര്‍
ത്തല്ലാതിങ്ങു വരില്ല  ഞാനൊരുവനെന്നാലും കുറയ്ക്കില്ലഹോ.
(കല്യതാം= ശക്തനായ) ഹനുമാന്റെ ആത്മവിശ്വാസം, എപ്പോഴും ആരോടും സത്യം തുറന്നു പറയാനുള്ള തന്റേടം, വിമര്‍ശ്ശനങ്ങളെ നേരിടാനുള്ള ധൈര്യം  അതെല്ലാം അന്നേ ഉണ്ടായിരുന്നു. തനിച്ചുള്ള പോരാട്ടം തന്നെയായിരുന്നു എപ്പോഴും.

കറുപ്പന്റെ കഴിവുകള്‍ ഏറ്റവും ഉന്നതമായ തലത്തില്‍  പരിപോഷിപ്പിക്കപ്പെട്ടത് അക്കാലത്ത് ഒരു സംസ്കൃത സര്‍വ്വകലാശാല എന്നു തന്നെ വിശേഷിപ്പിക്കാവുന്ന കൊടുങ്ങല്ലൂര്‍ കോവിലകത്തു വെച്ചായിരുന്നുവെന്ന്‍ നിസ്സംശയം പറയാം. മഹോപാദ്ധ്യായ ഗോദവര്‍മ്മ ഭട്ടന്‍ തമ്പുരാന്‍, ശാസ്ത്ര വിശാരദന്‍ വലിയ കൊച്ചുണ്ണി തമ്പുരാന്‍, കവിസാര്‍വ്വഭൌമന്‍ ചെറിയ കൊച്ചുണ്ണി  തമ്പുരാന്‍, കേരള വ്യാസന്‍ രാമവര്‍മ്മ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, കൊച്ചുണ്ണി തമ്പുരാന്‍ എന്നിവരൊക്കെ കൊടുങ്ങല്ലൂര്‍ കോവിലകത്തെ അതിപ്രശക്തരായിരുന്നു.

കാലക്രമേണ, ഭട്ടന്‍ തമ്പുരാന്റെ അടുക്കല്‍ തര്‍ക്ക ശാസ്ത്രം പഠിക്കാനെത്തിയ കറുപ്പന്റെ പ്രിയ ഗുരു കുഞ്ഞിക്കുട്ടന്‍ തമ്പുരാനായി മാറി.  ഒരു ദിവസം കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പറഞ്ഞുകൊടുക്കുന്ന ശ്ലോകമോ കവിതയോ പിറ്റെന്നു~ മനഃപാഠമാക്കി ചൊല്ലുവാന്‍  കറുപ്പനുള്ള കഴിവ്~ അപാരമായിരുന്നു.  ലളിതമായ ഭാഷാശൈലിയായിരുന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മുഖമുദ്ര. അത് തന്നെയായിരുന്നു  ശിഷ്യനും സ്വാംശീകരിച്ചത്. രണ്ടാമക്ഷര പ്രാസ നിബന്ധ ശ്ലോകങ്ങളിലൂടെയും നിമിഷകവിതകളിലൂടെയും തമ്പുരാക്കന്മാരെ വിസ്മയിപ്പിച്ചിരുന്ന കറുപ്പന്‍ അവരുടെ പ്രിയ ശിഷ്യനായിത്തീര്‍‌ന്നു. തമ്പുരാക്കന്മാര്‍ കൊട്ടാരത്തില്‍ ഇല്ലാത്ത സമയത്ത് അന്തഃപുരത്തിലെ തമ്പുരാട്ടിമാര്‍ ശിഷ്യന്മാരെ അക്ഷരശ്ലോക മത്സരത്തിന് വിളിക്കും. തമ്പുരാട്ടിമാര്‍ വരാന്തയിലും  ശിഷ്യന്മാര്‍ മുറ്റത്തു വെറും കാലിലും നില്ക്കും. എല്ലാവരും തോറ്റാലും കറുപ്പന്റെ ആവനാഴിയില്‍ നിന്നും ശ്ലോകങ്ങള്‍ ബഹിര്‍ഗ്ഗമിച്ചുകൊണ്ടേയിരിക്കും.

‘അവര്‍ണ്ണനായ കറുപ്പനെ കൊട്ടാരപ്പൂമുഖത്ത് പ്രവേശിപ്പിക്കുന്നത് ശരിയാണോ?’- ഒരിക്കല്‍ ഒരു നമ്പൂതിരി ചോദിച്ചതിന് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഉത്തരം: ‘വിദ്യയ്ക്ക് അസ്പൃശ്യതയില്ല.’ തീണ്ടല്‍ പോലുള്ള ദുരാചാരങ്ങളെ അനുകൂലിക്കാതിരുന്ന മഹാനായിരുന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.

1903-ല്‍ കറുപ്പനെ പില്‍ക്കാലത്ത് പ്രസിദ്ധിയുടെ കൊടുമുടിയിലേക്ക്  നയിച്ച ഒരു യാദൃശ്ചിക സംഭവം ഉണ്ടായി. അക്കാലത്തൊരു ദിവസം കൊച്ചിരാജ്യം വാഴുന്ന വലിയതമ്പുരാന്‍ രാജര്‍ഷി സര്‍ രാമവര്‍മ്മ പതിനഞ്ചാമന്‍  അവരുടെ മൂലകുടുംബപ്രതിഷ്ഠയായ കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം മഹാദേവക്ഷേത്ര ദര്‍ശനത്തിനായ് കൊടുങ്ങല്ലൂരെത്തി.  ആ സമയത്ത് കറുപ്പന്‍ ഒരു മംഗളപത്രം എഴുതി അംഗരക്ഷകന്‍ വശം വലിയതമ്പുരാന് സമര്‍പ്പിച്ചു.

ഇതായിരുന്നു കറുപ്പന്റെ രചന:

സീമാതീത പ്രയത്നം ദിശിദിശി ദിവസന്തോറുമാത്താനുമോദം
ധീമാന്മാരായമന്ത്രി പ്രവരരൊടു നിയോഗിച്ചു ചെയ്യിച്ചു രാജ്യേ
ക്ഷേമം തിങ്ങിച്ചു ഭാമാവരനെ മനസി ചിന്തിച്ചു ചിന്തിച്ചു വാഴും
ശ്രീമാടക്ഷോണിപാലന്‍തിരുവടി വിജയിക്കട്ടെ വിഷ്ണു പ്രസാദാല്‍
സാനന്ദം ധര്‍മ്മമാര്‍ജ്ജിച്ചഴകൊടു വിലസും
സജ്ജനൌഘത്തിനെച്ചെറ്റൂനം കൂടാതെകാക്കുന്നതിലതിരതനായ്-
സ്സന്തതം വാഴ്കകൊണ്ടും
നാനാദിക്കിങ്കലാളും കുമതിനിരകളെശ്ശിക്ഷ ചെയ്യുന്നകൊണ്ടും
മാനം ചേര്‍ന്നുള്ള മാടക്ഷിതിപതി വിജയിക്കട്ടെ വിഷ്ണു പ്രസാദാല്‍
നാടകമതിലദി  മോദത്തോടുവിളങ്ങും കവീന്ദ്രമൌലികളെ
കേടണയാതിഹ കാക്കും മാടമഹീശന്‍ ജയിച്ചിടട്ടെന്നും.
സീമാതീത പ്രയത്നം= അതിരുകടന്ന / കഠിന പ്രയത്നം;  ഭാമാവരന്‍ = ശ്രീകൃഷ്ണന്‍;  സന്തതം = എല്ലായ്പ്പോഴും; ആത്താനുമോദം/ദനം= കൂടിയുള്ള സന്തോഷിക്കല്‍;  ക്ഷോണിപാലന്‍ =  മാടക്ഷിതിപതി = രാജാവ്)

സംസ്കൃതത്തിലും ഇംഗ്ലീഷിലും ഒരുപോലെ പ്രാവീണ്യം നേടിയിരുന്ന വലിയ തമ്പുരാന്‍, ഇത് വായിച്ച ഉടന്‍, കറുപ്പന്‍ അരയനാണെന്നറിഞ്ഞിട്ടും  കല്‍പ്പിച്ചു: ‘തൃപ്പൂണിത്തുറയില്‍ വന്ന്‍  മുഖം കാണിക്കൂ’.

വലിയ തമ്പുരാന്‍ പോയപുറകെ,  കറുപ്പന്‍ ആനാപ്പുഴത്തോട്ടിലൂടെ കോട്ടപ്പുറം കായയിലെത്തി, എറണാകുളം കായല്‍ വഴി തേവരത്തോട്ടിലെത്തി അതിലൂടെ യാത്രചെയ്ത് തൃപ്പൂണിത്തുറയിലെത്തി. കനകക്കുന്ന്  എന്നറിയപ്പെട്ടിരുന്ന ഹില്‍പാലസായിരുന്നു കൊട്ടാരം. അവിടെയെത്തി വലിയ തമ്പുരാനെ മുഖം കാണിച്ചു. കൊട്ടാരത്തിലെ ആസ്ഥാനപണ്ഡിതനായിരുന്ന സഹൃദയതിലകന്‍ രാമപ്പിഷാരടിയെ കറുപ്പന്റെ സംസ്കൃതഭാഷയിലെ ഉപരിപഠനത്തിനായി നിയോഗിച്ചു. രാമപ്പിഷാരടി രാജകീയ മഹാപാഠശാലയിലെ (മഹാരാജാസ് കോളേജിലെ) സംസ്കൃതാദ്ധ്യാപകന്‍ കൂടിയായിരുന്നു.

കറുപ്പന്‍  ഓര്‍മ്മക്കുറിപ്പില്‍ ഇങ്ങനെ എഴുതി: “എനിക്ക് ജീവിതത്തില്‍ വല്ല കയറ്റങ്ങളും  ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാത്തിന്റെയും പ്രഥമ സോപാനം കനകക്കുന്നിലേക്കുള്ള ആ കയറ്റമായിരുന്നുവെന്ന് ഭക്തിപുരസ്സരം ഞാന്‍ ഇവിടെ രേഖപ്പെടുത്തുന്നു.” ഈ വാചകത്തിലെ  വിനയവും ആത്മാര്‍ത്ഥതയും സ്ഫുരിക്കുന്ന വാക്കുകള്‍ ശ്രദ്ധിക്കുക.

കവിതാപരീക്ഷ:

1908ല്‍  തൃശ്ശൂരിലെ ഭാരതീവിലാസം സാഹിത്യസംഘം വാര്‍ഷികദിനത്തില്‍   ഒരുനിമിഷകവിതാചാതുര്യപ്പരീക്ഷ നടത്തി. അതിന്  5 ചോദ്യങ്ങളാണുണ്ടായിരുന്നത്.

 1. ശ്രുതവിളംബരം വൃത്തത്തില്‍ യമകം പ്രയോഗിച്ച് മൂന്നുസന്ധ്യകളെ വര്‍ണ്ണിക്കുന്ന മൂന്നുശ്ലോകങ്ങള്‍

 2. ഹിരണി വൃത്തത്തില്‍ ഉപമാലങ്കാരം പ്രയോഗിച്ച് ശൃംഗാരരസപ്രധാനമായ ഒരു ശ്ലോകം

 3. സ്രഗ്ധ വൃത്തത്തില്‍ രൂപകാലങ്കാരം  പ്രയോഗിച്ച്  വീരരസപ്രധാനമായ ഒരു ശ്ലോകം

 4. വിയോഗിനി  വൃത്തത്തില്‍ ഉത്പ്രേക്ഷാലങ്കാരം  പ്രയോഗിച്ച് കരുണരസപ്രധാനമായ ഒരു ശ്ലോകം

 5. ശ്മശാനത്തില്‍ വെച്ച് മൃതപുത്രനോടുകൂടിയ ഭാര്യയെ കണ്ടെത്തിയപ്പോള്‍ ഹരിശ്ചന്ദ്രനുണ്ടായ സ്തോഭത്തെപ്പറ്റി ശാര്‍ദ്ദൂലവിക്രീഡിതം വൃത്തത്തില്‍ സജാതീയ ദ്വിതീയാക്ഷരപ്രാസം പ്രയോഗിച്ച് ഒരു ശ്ലോകം

കുഞ്ഞിക്കുട്ടന്‍   തമ്പുരാനായിരുന്നു  അദ്ധ്യക്ഷന്‍. ഉള്ളൂര്‍ പരമേശ്വരയ്യര്‍, വള്ളത്തോള്‍ നാരായണമേനോന്‍, പന്തളം കേരളവര്‍മ്മ തമ്പുരാന്‍, ഒടുവില്‍ കുഞ്ഞികൃഷണമേനോന്‍, ചങ്ങരംകോത കൃഷ്ണന്‍ കര്‍ത്താവ്,  പി. കെ. നാരായണന്‍ നമ്പീശന്‍, കുറ്റിപ്പുറത്ത് കേശവന്‍ നായര്‍, കുറ്റിപ്പുറത്ത് കിട്ടുണ്ണി നായര്‍, പി. ശങ്കരന്‍ നമ്പ്യാര്‍, ടി. ഡി. കൃഷ്ണന്‍ ഇളയത്, മരുത്തൂര്‍  ശങ്കര മേനോന്‍ തുടങ്ങിയ സവര്‍ണ്ണ  കവികളുടെ  കൂട്ടത്തില്‍ കറുപ്പനുമുണ്ടായിരുന്നു.  ഫലം വന്നപ്പോള്‍ ഒടുവില്‍ കുഞ്ഞികൃഷണമേനോന്‍ ഒന്നാമനും കറുപ്പന്‍ രണ്ടാമനുമായി.

രണ്ടാമത്, തൃശ്ശൂരിലെ ഭാരതീവിലാസം  സാഹിത്യസംഘം സംഘടിപ്പിച്ച മഹാസമ്മേളനത്തിലും കറുപ്പന്‍ തന്നെയായിരുന്നു താരം. ഇത്തവണ, മൂന്ന്‍ ആശംസാപദ്യങ്ങളും ഒരു കവിതയും അവതരിപ്പിച്ചു. ആശംസാപദ്യങ്ങളില്‍ ഒരെണ്ണം വഞ്ചിപ്പാട്ടു വൃത്തത്തിലായിരുന്നു. കവിത  ശാകുന്തളം  (പൂർവ ഭാഗം) വഞ്ചിപ്പാട്ടായിരുന്നു. അന്ന്, അദ്ധ്യക്ഷനായിരുന്ന  ഉള്ളൂര്‍ പരമേശ്വരയ്യര്‍ കറുപ്പനെ   ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു: ‘കറുപ്പന്റെ കവിതാവാസന എന്നേയ്ക്കുമുണ്ടാകട്ടെ’.

ഔദ്യോഗിക ജീവിതം

1912-ല്‍ കറുപ്പനെ വലിയതമ്പുരാന്‍ സെന്‍റ് തെരേസാസ് കോണ്‍വെന്‍റ്  ഗേള്‍സ് ഹൈസ്കൂളില്‍ സംസ്കൃതാദ്ധ്യാപകനായി നിയമിച്ചു. പിന്നീട്, അദ്ദേഹത്തെ എറണാകുളത്തെ ടി ഡി എം ഹാളിന് തെക്കുഭാഗത്തുള്ള ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സവര്‍ണ്ണ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള കാസ്റ്റ് ഗേള്‍സ് ഹൈസ്കൂളില്‍ സംസ്കൃതാദ്ധ്യാപകനാക്കി. സവര്‍ണ്ണര്‍ മാത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന കാസ്റ്റ് ഗേള്‍സ് ഹൈസ്കൂളിനടുത്തുള്ള വഴിയില്‍പോലും അവര്‍ണ്ണനായ ഒരാള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. അവര്‍ണ്ണനായ അദ്ദേഹത്തിന്റെ കീഴില്‍ പഠിക്കുവാന്‍ കുട്ടികളെ അയയ്ക്കുകയില്ല എന്ന്‍ ചില മാതാപിതാക്കള്‍ ശഠിച്ചപ്പോള്‍, ഒരു തിരുവെഴുത്തുണ്ടായി. ‘വിദ്യാര്‍ത്ഥികളോ അദ്ധ്യാപകര്‍ തന്നെയോ സ്കൂള്‍ ബഹിഷ്ക്കരിക്കുന്നതിലും വിട്ടുപോകുന്നതിലും വിരോധമില്ല. എന്നാല്‍  അദ്ധ്യാപകനായ കറുപ്പനെ പിന്‍വലിക്കുന്ന പ്രശ്നമില്ല’. അതോടെ, വിവാദങ്ങള്‍ കെട്ടടങ്ങി. പക്ഷേ, അദ്ദേഹത്തിന് വേണ്ട സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുവാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറായില്ല എന്നു  വേണം കരുതുവാന്‍. സംസ്കൃത ക്ലാസ്സിന് കിട്ടിയത് അടച്ചുറപ്പില്ലാത്ത വരാന്തയായിരുന്നു. ഒരു പെരുമഴക്കാലത്ത് കാറ്റടിച്ചുകയറിയ വരാന്തയിലേക്ക് പുതിയ പ്രധാനാദ്ധ്യാപിക അമ്പാടി കാര്‍ത്ത്യായനിയമ്മ കടന്നു വന്നു. അവര്‍ വിഷമത്തോടെ ചോദിച്ചു: “മാസ്റ്ററിന് വലിയ ബുദ്ധിമുട്ടുണ്ടല്ലേ?”. ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മറുപടി:“ വെള്ളം ധാരാളമുണ്ട്. ഒരു വഞ്ചി കൂടി അനുവദിച്ചു തന്നാല്‍ എനിക്കുവേണ്ട ഉപകരണങ്ങള്‍ എല്ലാം തികയും.”

പൊട്ടിച്ചിരിപ്പിക്കുന്ന തമാശകള്‍ പറയുന്ന മാസ്റ്റര്‍ കുട്ടികളുടെ പ്രിയപ്പെട്ട ഗുരുവുമായി.  സ്കൂള്‍ വാര്‍ഷിക ദിനത്തില്‍ അഭിനയിക്കാന്‍ കറുപ്പന്‍ മാസ്റ്റര്‍ ലഘു നാടകങ്ങള്‍ എഴുതി കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. 1912-ല്‍ എറണാകുളത്തെ  ഗേള്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അഭിനയിക്കുന്നതിനായി രചിച്ചതാണ് ധ്രുവചരിതം എന്ന സംഗീതനാടകം. കവിതയോ ഗാനമോ എന്താ വേണ്ടതെന്ന് സന്ദര്‍ഭവും ആശയവും വിവരിച്ച് മാസ്റ്റരോട് ചോദിച്ചാല്‍  മാത്രം മതി നൊടിയിടയ്ക്കുള്ളില്‍ ചേതോഹരങ്ങളായ ഗാനങ്ങള്‍ തയ്യാറാക്കിക്കൊടുക്കും.  അങ്ങനെ കുട്ടികളോടുള്ള വാത്സല്യവും സഹപ്രവര്‍ത്തകരോടുള്ള മാന്യമായ പെരുമാറ്റവും അദ്ദേഹത്തെ എല്ലാവരുടെയും പ്രിയങ്കരനാക്കി.

1916-ല്‍ കറുപ്പന്‍ മാസ്റ്റര്‍ തൃശ്ശൂരിലെ വിക്ടോറിയ ഗേള്‍സ് ഹൈസ്കൂളില്‍ അദ്ധ്യാപകനായി നിയമിതനായി. പിന്നീട്, അവിടത്തന്നെയുള്ള ടീച്ചേര്‍സ് ട്രെയിനിങ് സ്കൂളില്‍ ജോലിനോക്കി. 1921-ല്‍ അദ്ദേഹം എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ മടങ്ങിയെത്തി. അപ്പോള്‍ കാസ്റ്റ് എന്ന വാക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു.

കുറച്ചു കാലം അദ്ദേഹം  ഫിഷറീസ് വകുപ്പില്‍ ഗുമസ്തനായി ജോലിചെയ്തു.  അധഃകൃത സംരക്ഷണ വകുപ്പ് ഹരിജന ക്ഷേമ വകുപ്പായി രൂപാന്തരപ്പെട്ടപ്പോള്‍ പണ്ഡിറ്റ്കറുപ്പനെ പ്രാഥമിക വിദ്യാഭ്യാസ കമ്മിറ്റിയുടെ സെക്രട്ടറിയായും അതിനടുത്ത വര്‍ഷം നാട്ടുഭാഷാ സൂപ്രണ്ടായും നിയമിച്ചു. മദിരാശി സര്‍വ്വകലാശാല പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍, എറണാകുളം മുനിസിപ്പല്‍ കൌണ്‍സില്‍ അംഗം,  കൊച്ചി സെന്‍ട്രല്‍ സഹകരണ ബാങ്ക് ഡയറക്ടര്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്~. 1935-ല്‍ തന്റെ 50-ം വയസ്സില്‍ മഹാരാജാസ് കോളേജില്‍ മലയാള ഭാഷാദ്ധ്യാപകനായി നിയമിതനായി.

സാമൂഹ്യസേവനം:

സാഹിത്യ രചനയിലും സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങളിലും  ഏര്‍പ്പെടാനായിരുന്നു പണ്ഡിറ്റ് കറുപ്പന് ഏറെ താല്‍പ്പര്യം. പല രുപത്തില്‍,  പല ഭാവത്തില്‍ അവശസമുദായക്കാരെയെല്ലാം ബോധവാന്‍മാരാക്കുവാന്‍ ശ്രമിച്ചു.

1. ജാതിക്കുമ്മി

1903-ല്‍ കൊടുങ്ങല്ലൂര്‍ കോവിലകത്ത് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്റെ ഗ്രന്ഥശേഖരത്തിലുണ്ടായിരുന്ന  ശങ്കരാചാര്യരുടെ  ‘മനീഷാപഞ്ചകം’ എന്ന പുസ്തകം കറുപ്പന്‍  വായിക്കാനിടയായി. അപ്പോഴാണ്   ‘അയിത്തത്തിനും അടിമത്തത്തിനുമെതിരെ തന്റെ തൂലിക പടവാളാക്കി പൊരുതണം’ എന്ന ആശയം  കറുപ്പന്റെ മനസ്സില്‍ ഉദിച്ചത്. ആ വികാരം നല്‍കിയ ഊര്‍ജ്ജവുമായി അദ്ദേഹം അക്ഷരമറിയാത്ത സാധാരണക്കാര്‍ക്കുപോലും മനസ്സിലാകും വിധം  ഏറ്റവും ലളിതമായ അമ്മാനക്കുമ്മി എന്ന തനി നാടോടി വാമൊഴിശീലില്‍ 141 ശ്ലോകങ്ങളടങ്ങിയ ‘ജാതിക്കുമ്മി’ എന്ന കാവ്യമെഴുതി. ജാതിയുടെ പേരിലുള്ള വിവേചനങ്ങളും, ചൂഷണങ്ങളും അടിച്ചമര്‍ത്തലുകളും, ദുരാചാരങ്ങളും കൊണ്ട് ഹിന്ദു സംസ്ക്കാരത്തെ മലീമസമാക്കുന്നവര്‍ക്കെതിരെയുള്ള അതിശക്തമായ ആഹ്വാനമായിരുന്നു ജാതിക്കുമ്മിയുടെ പ്രമേയം. അധഃകൃതരെന്ന് മുദ്രകുത്തി   മുഖ്യധാരയില്‍നിന്നും അകറ്റിനിര്‍ത്തപ്പെട്ട  സമൂഹം  ആ ഗാനോപഹാരത്തെ ആവേശപൂര്‍വ്വം സ്വീകരിച്ചു. വായ്മൊഴിയായ് ചുണ്ടുകളില്‍നിന്ന് ചുണ്ടുകളിലേക്ക് അവര്‍ അതിനെ പകര്‍ത്തി.

അങ്ങനെ  അവര്‍ മെല്ലെ ഉറക്കെ ചിന്തിച്ചു തുടങ്ങി.  ജാതിക്കുമ്മിയിലൂടെ കറുപ്പന്‍ കൊച്ചിയില്‍ നവോത്ഥാനത്തിന്റെ ആദ്യത്തെ തിരി കൊളുത്തി. 1905-ല്‍ രചന പൂര്‍ത്തിയായ ജാതിക്കുമ്മി 1912-ല്‍ ആണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

ശ്രീനാരായണ ഗുരുവും, കുമാരനാശാനും, അയ്യങ്കാളിയും, ചട്ടമ്പിസ്വാമികളും  തിരുവിതാംകൂറില്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ കൊച്ചി സംസ്ഥാനത്ത് ആദ്യമായി അത്തരമൊരു സാഹസത്തിനൊരുങ്ങിയത് കറുപ്പനായിരുന്നു.

കാശി വിശ്വനാഥനെ തൊഴാന്‍ പോകുന്ന ശങ്കരാചാര്യര്‍ക്ക് പറയസമുദായ ദമ്പതികള്‍  മാര്‍ഗ്ഗതടസ്സം ഉണ്ടാക്കുമ്പോള്‍ വാഗ്വാദം ഉണ്ടാകുന്നു. അതില്‍നിന്നും അന്നത്തെ സാമൂഹ്യ വ്യവസ്ഥിതി നമുക്ക് മനസ്സിലാകും. അയിത്തം, തീണ്ടല്‍ തുടങ്ങിയവയുടെ കഥയില്ലായ്മ പറയന്‍ എടുത്തു പറയുകയാണ്. പറയനും പറച്ചിയും സാക്ഷാല്‍ മഹാദേവനും ശ്രീ പാര്‍വതിയുമായിരുന്നു.

2. സമുദായ സഭകള്‍

ധീവരര്‍ മറ്റുള്ളവരുടെ കണ്ണില്‍ വിലയില്ലാത്തവരായിത്തീരാന്‍ കാരണം ധീവരര്‍ തന്നെയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഗുഹന്റെയും സത്യവതിയുടെയും പിന്‍തലമുറക്കാര്‍ ഇങ്ങനെ അധഃപതിക്കുന്നത് പരിതാപകരമല്ലേ എന്നായിരുന്നു കറുപ്പന്റെ ചോദ്യം. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതി അടിമുടി മാറ്റണം എന്ന അഭിപ്രായമാണ് കറുപ്പനുണ്ടായിരുന്നത്. സംഘടനകളുടെ അവശ്യകതയും ശക്തിയും അദ്ദേഹം സമുദായാംഗങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. അവര്‍ക്ക് ഉപദേശങ്ങള്‍ പല രൂപഭാവങ്ങളില്‍ നല്‍കി. ഉദാ: വഞ്ചിപ്പാട്ട്, നാടകം, തുള്ളല്‍, പ്രസംഗം തുടങ്ങിയവ

പ്രധാന സഭകള്‍: (6) കറുപ്പന്‍ തന്നെ നേരിട്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലലോ ആണ് സഭകള്‍ ഉണ്ടായത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം ഇതില്‍ ദര്‍ശ്ശിക്കാം.

  1. കല്ല്യാണദായിനി സഭ – ആനാപ്പുഴ,  കൊടുങ്ങല്ലൂര്‍ (1909)

  2. ജ്ഞാനോദയം സഭ – ഇടക്കൊച്ചി (1916)

  3. സുധര്‍മ്മ സൂര്യോദയം സഭ – തേവര

  4. പ്രബോധ ചന്ദ്രോദയം സഭ – വടക്കന്‍ പറവൂര്‍

  5. സന്‍മ്മാര്‍ഗ്ഗ പ്രദീപ സഭ – കുമ്പളം

  6. അരയവംശോദ്ധാരിണി സഭ – ഏങ്ങണ്ടിയൂര്‍

പിന്നീട്, സഭകള്‍ ചേര്‍ന്നു~ മഹാസഭകള്‍ ഉണ്ടാക്കി. ഇന്ന്‍ സഭകളുടെ പ്രവര്‍ത്തന മേഖല വികസിച്ചിട്ടുണ്ട്.

ലക്ഷ്യങ്ങള്‍: ദീര്‍ഘകാലാടിസ്ഥാനത്തില്‍

 • അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും  എതിരെയുള്ള ബോധവത്ക്കരണം.

 • പ്രസിദ്ധീകരണങ്ങള്‍, പ്രസംഗങ്ങള്‍, നാടകങ്ങള്‍,  വഞ്ചിപ്പാട്ട്,  കുറത്തിപ്പാട്ട്, പാന, തുള്ളല്‍ മുതലായവയിലൂടെ

കൈവരിക്കുന്ന വിധം

 1. താമസം:

 • കോളനികള്‍ ഉണ്ടാക്കുക

 • വഴികള്‍ ഉണ്ടാക്കുക

 • ശുദ്ധജലത്തിനായി കുളങ്ങള്‍, കിണാറുകള്‍ തുടങ്ങിയവ

– സ്കൂളുകള്‍

– ആതുരാലയങ്ങള്‍

– സഹകരണ സംഘങ്ങള്‍

– സഹകരണ ബാങ്കുകള്‍

– കച്ചവട സ്ഥാപനങ്ങള്‍

 1. ആരോഗ്യപരിപാലനം –

 • ശുചിത്വം – പല്ലുതേപ്പ്, കുളി തുടങ്ങിയവ

 • വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക;

 • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

 • സമീകൃതാഹാരം കഴിക്കുക

 • ആതുരാലയങ്ങളില്‍ ചികിത്സ തേടുക

 1. നാമകരണം കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുവാനായി  നല്ല പേരുകള്‍ വിളിക്കുക

 2. അരുതു ബാലവിവാഹം: പെണ്‍കുട്ടികളെ 18 വയസ്സുകഴിഞ്ഞും ആണ്‍കുട്ടികളെ 21 വയസ്സുകഴിഞ്ഞും മാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുത്താവൂ എന്ന്‍ അദ്ദേഹം മാതാപിതാക്കളെ ഉപദേശിച്ചു. പെണ്‍മക്കളെ സുരക്ഷിത കരങ്ങളിലെ ഏല്‍പ്പിക്കാവൂ എന്നും അദ്ദേഹം നിഷ്ക്കര്‍ഷിച്ചു.

 3. വിദ്യാഭ്യാസം:

 • ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും  സ്കൂളില്‍ അയയ്ക്കുക

 • വായനശാലകള്‍ സ്ഥാപിക്കുക

 • നിശാപാഠശാലകള്‍ തുടങ്ങുക

 1. വസ്ത്രധാരണം: ആദ്യകാലത്ത് ധീവര സ്ത്രീകള്‍  മാറ്  മറയ്ക്കുമായിരുന്നില്ല.  പണ്ഡിറ്റ് കറുപ്പന്റെ സമുദായോദ്ധാരണ പ്രവര്‍ത്തനങ്ങള്‍  അവരുടെ ശീലങ്ങളെ  മാറ്റുകയും ജാക്കറ്റ്, റൌക്ക, കെട്ടുനാടന്‍  മുതലായ മേല്‍വസ്ത്രങ്ങള്‍ പ്രായഭേദമനുസരിച്ച് ധരിക്കാന്‍  അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. എന്നിട്ടും മാറ് മറക്കാന്‍ കൂട്ടാക്കാത്തവരോട് ഒരു തോര്‍ത്തെങ്കിലും  അണിയാന്‍ അദ്ദേഹം നിര്‍ബന്ധിച്ചു. അതനുസരിച്ച്  തോര്‍ത്ത്  കഴുത്തില്‍നിന്നും ഒരു പ്രത്യേക തരത്തില്‍  തൂക്കിയിട്ട് മാറ് മറക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായി. കറുപ്പന്‍ കച്ച എന്നാണ് സ്ത്രീകള്‍ അതിനെ പറഞിരുന്നത്.

 2. അബലാശരണം: സ്ത്രീകളുടെ ഉന്നമനത്തിനായി-  താമസത്തിനും തൊഴില്‍ പരിശീലനത്തിനും – 8 സെന്‍റ് സ്ഥലം ഇതിനായി കാനന്‍ ഷെഡ്  റോഡില്‍ തരപ്പെടുത്തി കൊടുത്തു. ഇന്നും അത് പ്രവര്‍ത്തിക്കുന്നുണ്ട്.

 1. സഹകരണശീലവും  സമ്പാദ്യശീലവും വളര്‍ത്തുക

 • സഹകരണ സംഘങ്ങള്‍  ഉണ്ടാക്കുക

 • സഹകരണ ബാങ്കുകള്‍ തുറക്കുക

 1. സസ്യാഹാരവും മദ്യവര്‍ജ്ജനവും പ്രോത്സാഹിപ്പിക്കുക

 2. അവര്‍ണ്ണഗൃഹങ്ങളിലെ വിവാഹാദി സത്ക്കാരങ്ങളില്‍ മത്സ്യവും മാംസവും, മദ്യവും ധാരാളം വിളമ്പിയിരുന്നു. ആഘോഷാവസരങ്ങളില്‍ സസ്യഭക്ഷണം മാത്രമേ ആകാവൂ എന്ന്‍ അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

 3. അവര്‍ണ്ണരുടെ ക്ഷേത്രങ്ങളില്‍ പൂജചെയ്യുമ്പോള്‍ പൂജാരികള്‍  ചാരായവും, കള്ളും മറ്റും ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. അതുപോലെ തന്നെ കോഴിയെ കഴുത്തറുത്തു കൊന്ന്‍ ചോര ചിതറിച്ച് തുള്ളിയോടുന്ന കോമരങ്ങളും,  ബാധ കയറി എന്ന മട്ടില്‍ ഇളകിയാടുന്ന സ്ത്രീ പുരുഷന്മാരും കാവുകള്‍ക്ക് മുമ്പിലും ക്ഷേത്രപരിസരങ്ങളിലും നിത്യക്കാഴ്ചയായിരുന്നു.

 4. മത്സ്യബന്ധനം, സംസ്ക്കരണം, മത്സ്യോല്‍പ്പന്ന നിര്‍മ്മാണം തുടങിയവ ശാസ്ത്രീയമായി പരിഷ്ക്കരിക്കുക.

 5. പരസ്പ്പരം ആശയവിനിമയം നടത്തുക

  3. കായല്‍ സമ്മേളനം

അധഃകൃതരില്‍  ഭൂരിപക്ഷം വരുന്ന പാടത്ത് പണിയെടുക്കുന്ന പുലയര്‍ക്ക് പട്ടണത്തില്‍ നടക്കുവാന്‍ സ്വാതന്ത്ര്യമില്ലായിരുന്നു. ജാതിക്കുമ്മി വായിച്ച് പ്രചോദനം നേടിയിരുന്ന കൃഷ്ണാതി, ചാഞ്ചന്‍ തുടങ്ങിയ പുലയനേതാക്കള്‍ ഒരു ദിവസം കറുപ്പനെ കാണാന്‍ വന്നു. അദ്ദേഹം താമസിച്ചിരുന്നത് സെന്‍റ് തെരേസാസ് കോണ്‍വെന്‍റ് ഹൈസ്കൂളിനടുത്തു തെക്കുവശത്തുള്ള  തോടിന്റെ കരയില്‍ ‘സാഹിത്യകുടീരം’ എന്ന വീട്ടിലായിരുന്നു. ആ തോടിലൂടെയാണ് അവര്‍ എത്തിയത്. ‘മാസ്റ്റര്‍ അവരുടെ ഉന്നമനത്തിനായി കൂടി പ്രവര്‍ത്തിക്കണം’ എന്നതായിരുന്നു അവരുടെ ആവശ്യം. സഭ ഉണ്ടാക്കുവാന്‍ തീരുമാനമായെങ്കിലും ആളുകള്‍  എവിടെ കൂടും എന്നതായി പ്രധാന പ്രശ്നം. കരയില്‍ യോഗം ചേരുവാന്‍ മേല്‍ജാതിക്കാര്‍ സമ്മതിക്കുകയില്ല. മാസ്റ്റര്‍ ഒരു പോംവഴി പറഞ്ഞു: “എറണാകുളം കായലല്ലേ നിങ്ങളുടെ മുമ്പില്‍ വിശാലമായി പരന്നു കിടക്കുന്നത്? കുറെ വള്ളങ്ങള്‍ കൊണ്ട് വരിക. കായലില്‍ ഉള്ള കമ്പിക്കുറ്റികളില്‍ വള്ളങ്ങള്‍ കൂട്ടിക്കെട്ടി പലകകള്‍ നിരത്തി ഒരു  തട്ടുണ്ടാക്കാം.”   മുളവുകാടും പനമ്പുകാടുമുള്ള കര്‍ഷകത്തൊഴിലാളികളായ പുലയര്‍ 1913 ഏപ്രില്‍ 21 ന് കുടുംബാംഗങ്ങളോടുകൂടി ഇന്നത്തെ ഫൈന്‍ ആര്‍ട്സ് ഹാളിനും രാജേന്ദ്രമൈതാനിക്കും  ഇടയ്ക്കുള്ള കായലില്‍ ഒത്തുകൂടി പുലയമഹാസഭ ഉണ്ടാക്കുവാന്‍ തീരുമാനിച്ചു. ആ തീരുമാനമനുസരിച്ച് 1913 മെയ് മാസം 25ന് സെന്‍റ് ആല്‍ബെര്‍ട്സ് ഹൈസ്കൂളില്‍ പണ്ഡിറ്റ് കറുപ്പന്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ വെച്ച് പുലയ മഹാസഭ രൂപവത്ക്കരിക്കപ്പെട്ടു.  കൃസ്തുമത പാതിരിമാരുടേയും ചുറ്റുമുള്ള  കൃസ്ത്യാനി കുടുബങ്ങളുടേയും സഹായം ഇതിന് ലഭിക്കുകയുണ്ടായി. ആ സമ്മേളനത്തില്‍ പുലയരുടെ അവശതകളെ വിവരിച്ചുകൊണ്ട് പണ്ഡിറ്റ് കറുപ്പന്‍ പത്രിക എഴുതി വായിക്കുകയുണ്ടായി. അതിലെ ചില ഭാഗങ്ങള്‍:

പശുക്കളെ അടിച്ചെന്നാലുടമസ്ഥര്‍ തടുത്തീടും

പുലയരെ അടിച്ചെന്നാലൊരുവനില്ല,

റോട്ടിലെങ്ങാനും നടന്നാല് ആട്ടുകൊള്ളുമതുകൊണ്ട്

തോട്ടിലേക്കൊന്നിറങ്ങിയാല് കല്ലാലേറുകൊള്ളും.

അങ്ങനെ  പുലയ മഹാസഭയും, പിന്നീട് സമസ്ത കൊച്ചി പുലയ മഹാജനസഭയും  സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്തത് പണ്ഡിറ്റ് കറുപ്പനായിരുന്നു. ഇതേ മാതൃകയില്‍ മറ്റ് അധഃകൃതസമുദായക്കാരും പിന്നീട് കറുപ്പന്റെ ഒത്താശയോടെ സഭകള്‍ ഉണ്ടാക്കി. കായല്‍ സമ്മേളനത്തിന്റെ ശതാബ്ദി മറൈന്‍ഡ്രൈവില്‍ 2013 ഏപ്രില്‍ 21 ന~ ആഘോഷിക്കപ്പെട്ടു.

സവര്‍ണ്ണ മേധാവിത്വത്തിന്‍ കീഴിലെ അന്നത്തെ ദളിതരുടെ അവസ്ഥ പുലയസമുദായ നേതാവായിരുന്ന ശ്രീ. പി.കെ. ചാത്തന്‍ മാസ്റ്റര്‍ ഒരു ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 • നാട്ടില്‍ അവര്‍ണ്ണരെന്നും സവര്‍ണ്ണരെന്നും രണ്ട് കൂട്ടരേ ഉണ്ടായിരുന്നുള്ളു.

 • മര്‍ദ്ദനങ്ങള്‍, കുടിലുപൊളിച്ചുമാറ്റല്‍, സ്ത്രീകളെ മാനഭംഗ പ്പെടുത്തല്‍ എന്നിവയെല്ലാം നിത്യസംഭവങ്ങളായിരുന്നു.

 • അയിത്തവും അടിമത്തവും അരക്കിട്ടുറപ്പിക്കാന്‍ കച്ചകെട്ടിനില്‍ക്കുന്ന മേലാളന്മാര്‍ഒരു വശത്ത്; ഇതിനിന്ന് അല്‍പ്പാല്‍പ്പമായി മോചനം നേടാന്‍ ശ്രമിക്കുന്ന അധഃകൃതര്‍ മറുഭാഗത്ത്.

 • പുലയനെ തല്ലാന്‍ പ്രത്യേക കാരണമൊന്നും വേണ്ട എന്ന ഭാവമാണ് അക്കാലത്ത് പലര്‍ക്കും.

 • കുട്ടികള്‍ സ്കൂളില്‍ ചേര്‍ന്നാല്‍ കുറ്റം

 • ഉടുമുണ്ട് അൽപ്പം ഇറക്കി ഉടുത്താല്‍ തെറ്റ്

 • സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ ശ്രമിച്ചാല്‍  ശിക്ഷ

 • യുവാക്കള്‍ മുടി ക്രോപ്പ് ചെയ്താല്‍ ധിക്കാരം

 • അവര്‍ണ്ണര്‍ക്ക് സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കാനോ ലോഹപ്പാത്രങ്ങള്‍ ഉപയോഗിക്കാനോ അവകാശമില്ലായിരുന്നു. മണ്‍പാത്രങ്ങളാണ് അവര്‍ക്ക് വിധിച്ചിരുന്നത്.

 • ചന്തയ്ക്കുള്ളില്‍ പ്രവേശിക്കാനും  അവര്‍ക്ക് അനുവാദമില്ലായിരുന്നു. ആവശ്യമുള്ള സാധനത്തിന്റെ പേര് ഉറക്കെ വിളിച്ച് പറയണം. കാശുവെച്ചിട്ട്  അവര്‍ ദൂരെ മാറി നില്‍ക്കണം.  കച്ചവടക്കാര്‍ അവിടെയെത്തി പണം എടുത്തു സാധനം അവിടെ വയ്ക്കും.

 • ദളിതരുടെ ഇടയില്‍ ദാരിദ്ര്യം അതിഭയങ്കരമായിരുന്നു.

അച്ഛനും അമ്മയും മറ്റും ജോലിക്കുപോകുമ്പോള്‍ അവര്‍ക്ക് ഉച്ചയ്ക്ക് ആഹാരമായി തമ്പുരാന്റെ വീട്ടില്‍നിന്ന് കൊടുക്കാറുള്ളത് സാധാരണ കഞ്ഞിയും കപ്പയുമായിരുന്നു. വീടിന്റെ പുറത്ത് മണ്ണില്‍ കുഴി കുഴിച്ച് അതില്‍ വാഴയില വാട്ടി പൊട്ടാത്ത രീതിയില്‍ വച്ചിട്ട് അതിലാണ് കഞ്ഞി ഒഴിച്ച് കൊടുക്കുക. മറ്റൊരു ഇലയില്‍ കപ്പ പുഴുങ്ങിയതും മറ്റും വച്ച് കൊടുക്കും. അതെല്ലാം വിളമ്പിവച്ചതിനുശേഷം തമ്പുരാട്ടി മാറി നില്‍ക്കും. ജോലി ചെയ്യുന്നവര്‍ വന്നുകഴിച്ചുകൊള്ളണം.”

അന്ന് നെല്ല് ഒരു പറ കൊയ്ത് പൊലിച്ചാല്‍  പതം രണ്ടിടങ്ങഴിയാണ്.  അത് തന്നെ അരിയാക്കിയോ അവല്‍ ആക്കിയോ  ഓണക്കാലത്ത് കാഴ്ചയായി തിരികെ കൊടുക്കുകയും വേണം. കൂടാതെ വാഴക്കുല, ചേന, മത്തങ്ങ തുടങ്ങിയ വിളകളും കൊടുക്കണം.  കൊടുത്തില്ലെങ്കില്‍ കടുത്ത ശിക്ഷയാണ്. ഇതൊക്കെ ശേഖരിച്ച് കൊട്ടാരത്തില്‍ വല്ല പിറന്നാളോ

അടിയന്തിരമോ  ഉണ്ടായാല്‍ അടിയാന്‍മാര്‍ക്ക് തിരിച്ചും ദാനം ചെയ്യുമായിരുന്നു. അത് അവര്‍ വള്ളത്തില്‍ ചെന്ന്‍ വാങ്ങണം. കരയിലൂടെ സഞ്ചരിക്കുവാന്‍ അവകാശമില്ലായിരുന്നു.

 • വഴിമാറിക്കൊടുത്താലും പോരാ, അകലത്തില്‍ വെച്ചുതന്നെ തിരിച്ചറിയാന്‍ ‘ഹോ ഹോ’ വിളിക്കുകയും വേണം.

 • ജോലി ചെയ്താല്‍ കൂലി ചോദിക്കാന്‍ പാടില്ല.

 • കൂലി തന്നില്ലെങ്കിലും പണി ചെയ്യണം

 • അമ്മപെങ്ങന്‍മാര്‍ മേലാളര്‍ക്ക്  വിധേയരാകുകയും വേണം

 • സവര്‍ണ്ണരിലോ കൃസ്ത്യാനികള്‍ മുതലായ മറ്റുമതക്കാരിലോ ഒരുത്തന്‍ കടക്കാരനായിട്ട് അവന്റെ സ്വത്തുക്കള്‍ കോടതി കല്‍പ്പന പ്രകാരം ജപ്തി ചെയ്യുമ്പോള്‍ പുലയരെയും കൂടി ജപ്തിചെയ്തു കൊണ്ടുപോകുക പതിവായിരുന്നു.

അന്നത്തെ  കൊച്ചി രാജ്യത്ത് അവര്‍ണ്ണര്‍ക്കിടയിലും പരസ്പ്പരം അയിത്താചരണം നിലനിന്നിരുന്നു.

റാവു സാഹിബ് സി മത്തായി നിയമസഭയില്‍:

റാവു സാഹിബ് സി മത്തായി നിയമസഭയില്‍:

 

എടവനക്കാട് പുലയര്‍ക്കു പഠിക്കാന്‍ സ്കൂളില്‍ സൌകര്യം ചെയ്തപ്പോള്‍ ചില എതിര്‍പ്പുകള്‍ ഉണ്ടായി. അതൊരു സര്‍ക്കാര്‍ സ്കൂള്‍ ആയിരുന്നു. അതിനിടെ ഒരു ദിവസം ഒരു ഉള്ളാടക്കുട്ടി അവിടെ ചേര്‍ന്നു. പുലയര്‍ അതിനെ എതിര്‍ത്തു. തമ്മില്‍ അടിയും നടന്നു. കാരണം, പുലയരും ഉള്ളാടരും തമ്മില്‍ അയിത്തമുണ്ട് എന്നതായിരുന്നു.

 

 1. സമാജികന്‍  എന്ന നിലയില്‍: 1925

ബ്രിട്ടീഷ് അധിനിവേശപ്രദേശങ്ങളില്‍ പരിമിതമായി ജനായത്തം കൊണ്ടുവരാന്‍ ബ്രിട്ടീഷ് അധികൃതര്‍ തീരുമാനിക്കുകയും രാജാവും, ബ്രിട്ടീഷ് റെസിഡെന്‍റ് ആയ ദിവാനും, രാജാവ് നിയോഗിക്കുന്ന ജനപ്രതിനിധികളും അടങ്ങുന്ന നിയമസഭകള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു. കൊച്ചി നിയമസഭ നിലവില്‍ വന്നത് പി. നാരായണ മേനോന്‍ ദിവാന്‍ ആയിരുന്നപ്പോഴാണ്. ആദ്യ നിയമസഭയിലെ അധഃകൃത സമുദായ പ്രതിനിധിയായി പണ്ഡിറ്റ് കറുപ്പനെ വലിയതമ്പുരാന്‍ കേരളവര്‍മ്മ നാമനിര്‍ദ്ദേശം ചെയ്തു. 1925 ഏപ്രില്‍ 3 നു ആദ്യത്തെ നിയമസഭ ഹില്‍പാലസില്‍ സമ്മേളിച്ചു.

നിയമസഭാംഗമായി (എം എല്‍ സി) നിയോഗിക്കപ്പെട്ടതോടെ പണ്ഡിറ്റ് കറുപ്പന്റെ പ്രവര്‍ത്തനരംഗം കൂടുതല്‍ വിശാലമായി. ആ സന്ദര്‍ഭത്തില്‍ പുതിയ പല പദ്ധതികളും പ്രായോഗികമാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.

 • ഭരണതലത്തില്‍ പണ്ഡിറ്റ് കറുപ്പന്‍ നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ‘അധഃകൃത സംരക്ഷണ വകുപ്പ്’ നിലവില്‍ വന്നത്.   അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍  റാവു സാഹിബ് സി മത്തായിയുടെ കീഴില്‍  അധഃകൃത ഉപസംരക്ഷകനായി അദ്ദേഹം നിയമിതനായി.

 • ഇതോടെ കൊച്ചിയിലെ അധഃകൃതവിഭാഗങ്ങളില്‍ നിന്ന് വളരെ പേര്‍ സര്‍ക്കാര്‍ ജോലിയില്‍ നിയമിതരായി. അവര്‍ക്ക~ധാരാളം  ആനുകൂല്യങ്ങളും ഇക്കാലയളവില്‍ ഉണ്ടായി.

 • ധീവരര്‍, പുലയര്‍, പറയന്‍, ഉള്ളാടന്‍, കണക്കന്‍, കുടുംബി, വേലന്‍മ്മാര്‍, വേട്ടുവര്‍, മലയന്‍, നായാടി, കാടന്‍ തുടങ്ങിയ അധഃകൃത സമുദായങ്ങള്‍ക്കായി ഭവനപദ്ധതികള്‍ അഥവ കോളനികള്‍, പൊതുകിണറുകള്‍, കുളങ്ങള്‍, സഞ്ചാരയോഗ്യമായ വഴികള്‍,  സ്കൂളുകള്‍, സഹകരണ സംഘങ്ങള്‍, ലഘുസമ്പാദ്യ പദ്ധതികള്‍  എന്നിവ  വിവിധ കേന്ദ്രങ്ങളില്‍ ഉണ്ടായി.

 • ഫീസിളവ്, സ്കോളര്‍ഷിപ് തുടങ്ങിയ നേടിയെടുത്തു.

 • അവരുടെ ഇടയിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിക്കുന്നതിനും ആരോഗ്യപരിപാലനം, ശുചിത്വം, ചിട്ടയായ ജീവിതക്രമം, സന്‍മാറ്ഗ്ഗം, ഈശ്വരവിശ്വാസം  തുടങ്ങിയ കാര്യങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനും വേണ്ടി   പണ്ഡിറ്റ് കറുപ്പന്‍ ‘ആചാരഭൂഷണം’ എന്നൊരു പുസ്തകം എഴുതി അച്ചടിപ്പിച്ച് വ്യാപകമായി വിതരണം ചെയ്തു. അത്~ അവരുടെ ജീവിതശൈലിയിലും വീക്ഷണത്തിലും മാറ്റം ഉണ്ടാക്കി.

 • പാവങ്ങളുടെ ജീവിതം പ്രശ്നസങ്കീര്‍ണ്ണമാക്കുന്നതില്‍ അവരിലെ മദ്യപാനാസക്തി വലിയ പങ്ക് വഹിക്കുന്നു എന്ന ചിന്ത അദ്ദേഹത്തെ വ്യാകുലപ്പെടുത്തിയിരുന്നു. മദ്യം നിരോധിക്കണമെന്ന് അദ്ദേഹം കൊച്ചി നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

 • ഫിഷറീസ് വകുപ്പിന്റെ കീഴില്‍ ശാസ്ത്രീയമായ മത്സ്യബന്ധനവും സംസ്ക്കരണവും സാധ്യമാക്കുന്നതിനുവേണ്ടി സ്കൂളുകള്‍ തുടങ്ങിവെച്ചത് അദ്ദേഹമാണ്. ധാരാളം ആധുനിക മത്സ്യ സംസ്ക്കരണ കേന്ദ്രങ്ങള്‍ തുടങ്ങി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. വികസനത്തിന്റെ പേരിലോ മറ്റ് കാരണങ്ങള്‍ കൊണ്ടോ  കുടിയിറക്കപ്പെടുകയും, മത്സ്യബന്ധനത്തിനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തവര്‍ക്കുവേണ്ടി അദ്ദേഹം നിയമസഭയില്‍ വാദിച്ചു.

 

അധഃകൃത സംരക്ഷണ വകുപ്പ് പില്‍ക്കാലത്ത് ഹരിജനക്ഷേമവകുപ്പായി രൂപാന്തരപ്പെട്ടു. കൊച്ചി നിയമസഭാംഗമായി മൂന്നുവറ്ഷത്തെ കാലാവധി പൂര്‍ത്തിയായപ്പോള്‍, വീണ്ടും ഒരു തവണത്തേക്കുകൂടി  കാലാവധി നീട്ടുവാന്‍ തീരുമാനമായെങ്കിലും അദ്ദേഹം അത് വിനയപൂറ്വ്വം നിരാകരിക്കുകയും ആ സ്ഥാനത്തേക്ക്~ ശ്രീ. ചാഞ്ചന്‍ എന്ന പുലയ നേതാവിന്റെ പേര്‍ നിറ്ദ്ദേശിക്കുകയും ചെയ്തു. വീണ്ടും ആ സ്ഥാനം കറുപ്പനെ തേടിയെത്തിയെങ്കിലും ഇത്തവണ മറ്റൊരു പുലയ നേതാവായിരുന്ന ശ്രീ . കെ. പി. വള്ളോന്‍ ആകട്ടെ എന്നു പറഞ് നിരസിക്കുകയായിരുന്നു.

ബാലാകലേശം -1912

പണ്ഡിറ്റ് കറുപ്പന്റെ ഏറ്റവും ശ്രദ്ധേയമായ  നാടകങ്ങളിലൊന്നാണ് ‘ബാലാകലേശം’. കൊച്ചി മഹാരാജാവായിരുന്ന രാമവര്‍മ്മ  XV വലിയ  തമ്പുരാന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷത്തോടനുബന്ധിച്ച് മഹാരാജാവിന്റെ ആരാധകനായിരുന്ന റാവു ബഹദൂര്‍ നന്‍പെരുമാള്‍ ചെട്ടി, വലിയ തമ്പുരാന്‍ തിരുമനസ്സിലെ രാജ്യഭാരം വിഷയമാക്കി മൂന്നങ്കത്തില്‍ ഒരുനാടക രചനാമത്സരം സംഘടിപ്പിച്ചപ്പോള്‍ ഗുരു കെ. രാമപിഷാരടിയുടെ നിര്‍ബന്ധത്താല്‍ വെറും മൂന്നു ദിവസംകൊണ്ട് എഴുതിയതാണ് ഒന്നാം സമ്മാനാര്‍ഹമായ ആ നാടകം.  താന്‍ ഏറെ ആദരിക്കുന്ന മഹാരാജാവിനെ കഥാപാത്രമാക്കി നേരിട്ടവതരിപ്പിക്കാതെ,  കറുപ്പന്‍ പ്രതീകാത്മകമായാണ് രാജാവിനെ നാടകത്തില്‍ ചിത്രീകരിച്ചത്. കൊച്ചിരാജ്യത്തിന് ‘ബാലാ’എന്നും രാജ്യത്തിന്റെ നാഥനായ രാജാവിന് ‘കലേശന്‍’ എന്നുമായിരുന്നു പേര് നല്‍കിയത്. കലേശന്‍ രാജാവാകുന്നതിനു മുമ്പ്  ജനങ്ങള്‍ക്കുണ്ടായിരുന്ന കഷ്ടതകള്‍ ബാലാ  കലേശനോട് വിവരിക്കുന്നതും, കലേശന്‍ ഭരണം  ഏറ്റെടുത്ത് 16 വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യം കൈവരിക്കുന്ന  പുരോഗതിയും ആദ്യത്തെ രണ്ടങ്കങ്ങളില്‍ വിവരിച്ചു. പാവപ്പെട്ട അവര്‍ണ്ണജാതിക്കാര്‍ക്ക~ സവര്‍ണ്ണവിഭാഗങ്ങളില്‍നിന്ന് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളും വിവേചനങ്ങളും നാടകത്തില്‍ സന്ദര്‍ഭോചിതമായി ഉയര്‍ത്തിക്കാണിക്കാണ്‍ കറുപ്പന്‍ മറന്നില്ല.

മൂന്നാം അങ്കത്തില്‍ ഇനി ചെയ്യേണ്ട കാര്യങ്ങളാണ് വ്യക്തമാക്കിയത്. അവ ഇതെല്ലാമായിരുന്നു:

 • കൊച്ചിയിലെ ഭരണം  കാലോചിതമായി മാറണം.

 • വിദേശത്തുനിന്ന് ഉദ്യോഗസ്ഥരെ ഇറക്കുമതിചെയ്യുന്ന സമ്പ്രദായം നിരുത്സാഹപ്പെടുത്തണം

 • അധഃകൃതര്‍ക്ക~ വിദ്യാഭ്യാസവും  സ്വാതന്ത്ര്യവും നല്‍കി അവരെ ഉയര്‍ത്തണം

 • രാജ്യഭരണകാര്യങ്ങളില്‍  ജനങ്ങളുടെ ആവശ്യങ്ങളും തീണ്ടല്‍ തൊടീല്‍ തുടങ്ങിയ ദുരാചാരങ്ങളെ നിയമം മൂലം നിരോധിക്കണം

 • എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തുകള്‍ സ്ഥാപിക്കണം.

 • കൊച്ചിയില്‍ നിയമസഭ ഉണ്ടാക്കണം.

 • കൊച്ചി അഴിമുഖത്ത് തുറമുഖം നിര്‍മ്മിക്കണം.

 • കൂടാതെ മറ്റ് പല കാര്യങ്ങളും ഉണ്ടായിരുന്നു

അക്കാലത്ത് പണ്ഡിത സ്സദസ്സുകളില്‍ ഏറെ  ചര്‍ച്ച  ചെയ്യപ്പെട്ട കൃതിയായിരുന്നു ബാലാകലേശം. കൊച്ചി മഹാരാജാവ് 1912-ല്‍  കറുപ്പന് ‘കവിതിലകന്‍’  പട്ടം നല്‍കിയപ്പോള്‍ കേരള കാളിദാസന്‍ എന്നറിയപ്പെടുന്ന കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ കറുപ്പന് ‘വിദ്വാന്‍’ പട്ടം നല്‍കി. നാടകത്തിന്റെ കൈയ്യെഴുത്തുപ്രതി  വായിച്ച തിരുവന്തപുരത്തെ ശ്രീ മൂലം തിരുനാള്‍ മഹാരാജാവ് കറുപ്പനു  സമ്മാനിച്ചത് രത്നമോതിരമായിരുന്നു.  കൂടാതെ കറുപ്പന്റെ അപേക്ഷപ്രകാരം ധീവരക്കുട്ടികള്‍ക്ക് പകുതി ഫീസ് ഇളവ് നല്‍കുകയും ചെയ്തു.

 1. കാര്‍ഷികപ്രദര്‍ശനം

സന്ദര്‍ഭോചിതമായി പ്രശ്നങ്ങള്‍ അവതരിപ്പിച്ചു നേടിയെടുക്കുക  എന്നതാണ് അദ്ദേഹത്തിന്റെ രീതി.

1916-ല്‍ കൊച്ചി സര്‍ക്കാര്‍ ഇന്ന്‍ സുഭാഷ് പാര്‍ക്ക് ഇരിക്കുന്ന കായലോരത്ത്  ഒരു കാര്‍ഷിക വസ്തുക്കളുടെ ഒരു പ്രദര്‍ശനം നടക്കുകയുണ്ടായി. ദിവാന്‍ സര്‍ ജോസഫ്  വില്ല്യം ഭോര്‍ (1914-1919) ഉദ്ഘാടകനും പണ്ഡിറ്റ് കറുപ്പന്‍ പ്രസംഗകനുമായിരുന്നു. പുലയ സമൂഹം വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ച് ഉത്പാദിപ്പിച്ച വസ്തുക്കളാണ് സജ്ജീകരിച്ചിരിക്കുന്നതെങ്കിലും അവര്‍ക്ക്  ഈ പ്രദര്‍ശനം കാണാന്‍ അനുവാദമില്ലാത്ത ദുരവസ്ഥ പണ്ഡിറ്റ് കറുപ്പന്‍ തന്റെ പ്രസംഗത്തില്‍ വികാരഭരിതനായി അവതരിപ്പിച്ചു. അത് ദിവാന്റെ മനസ്സില്‍ തറച്ചു.  ഭോറിനും സ്കോട്ട്ലാന്‍ഡ്കാരിയും ഭിഷഗ്വരയും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്ന അദ്ദേഹത്തിന്റെ  ഭാര്യക്കും കറുപ്പനെ വലിയ മതിപ്പായിരുന്നു അവരെ ഉടനെ പ്രദര്‍ശന നഗരിയിലേക്ക് പ്രവേശിപ്പിക്കുവാന്‍ ദിവാന്‍ ഉത്തരവിറക്കി. മുന്‍കുട്ടി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം കൃഷ്ണാതിയുടെ നേതൃത്വത്തില്‍ വള്ളങ്ങളില്‍ കാത്തിരിക്കുകയായിരുന്ന അവരെ ഒരു ജാഥയായി ആഘോഷപൂര്‍വ്വം പ്രദര്‍ശനനഗരിയിലേക്കാനായിച്ചു. അന്നത്തെ പുലയരില്‍  ചിലര്‍ ധാന്യങ്ങള്‍ വാരി നോക്കാന്‍ ഭാവിച്ചപ്പോള്‍ അധികാരികള്‍ അവരെ തടഞ്ഞു. ആ സമയത്ത്~ കൂടെയുണ്ടായിരുന്ന കറുപ്പന്‍ അവരുടെ പ്രയത്നഫലം അവറ്ക്ക് തൊട്ടുനോക്കാന്‍ അവകാശമുണ്ടെന്നും അതിനെ തടയുന്നത്~ അനീതിയാണെന്നും  യുക്തിയുക്തം അധികാരികളെ ബോധ്യപ്പെടുത്തി. പിന്നെ അവരെ ആരും തടഞ്ഞില്ല, അന്ന്‍,  പണ്ഡിറ്റ് കറുപ്പന്‍ ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ്  വേദിയൊരിക്കിയത്. അന്ന് മുതല്‍ പുലയര്‍ക്ക് എറണാകുളത്തും ചന്തയിലും മറ്റുള്ളവരെപ്പോലെ തന്നെ  കരയില്‍ക്കൂടി പ്രവേശിക്കാമെന്നായി.

 

 1. ഉദ്യാനവിരുന്ന്

1926 ഒക്ടോബര്‍ 15-)0 തീയതി കൊച്ചി മഹാരാജാവിന്റെ പ്രതിമയുടെ അനാവരണച്ചടങ്ങുമായി ബന്ധപ്പെട്ട് എറണാകുളത്തെത്തിയ  മദിരാശി ഗവര്‍ണ്ണര്‍ ഘോഷന്‍ പ്രഭുവിന്റെ ബഹുമാനാര്‍ത്ഥം അധികാരികള്‍ കായല്‍തീരത്ത് ഒരു ചായ സത്ക്കാരം ഒരുക്കിയിരുന്നു. ആ സമയത്ത്~ ഒരു വള്ളം കളികൂടി ഏര്‍പ്പാടാക്കിയിരുന്നു.  നിയമസമാജികനായിരുന്ന കറുപ്പനായിരുന്നു അതിന്റെ  മേല്‍നോട്ടം.  പക്ഷേ , പണ്ഡിറ്റ് കറുപ്പന് വിരുന്നിന് ക്ഷണം ഉണ്ടായിരുന്നില്ല.  തന്നെ മാത്രം ഒഴിവാക്കിയതില്‍ കറുപ്പന്   തോന്നിയ അമര്‍ഷവും നിരാശയും   അദ്ദേഹം ഉദ്യാനവിരുന്ന് എന്ന കവിതയിലൂടെ പ്രകടിപ്പിച്ചു.  മഹാരാജാവിനെ വിമര്‍ശ്ശിച്ചതിന്,  സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍  കൂടിയായ കറുപ്പന്റെ ജോലി ഉറപ്പായും പോകുമെന്ന്‍ എല്ലാവരും  വിശ്വസിച്ചു.  എന്നാല്‍, സംഭവിച്ചത് തീര്‍ത്തും വിഭിന്നമായിട്ടാണ്. ‘ഭാവിയില്‍  ഇത്തരം പരിപാടികളില്‍  കറുപ്പന്‍ ഉള്‍പ്പെടെ  എല്ലാ നിയമസഭാംഗങ്ങളെയും നിര്‍ബന്ധമായും ക്ഷണിച്ചിരിക്കണം’ എന്ന്‍   രാജാവു~ കല്പ്പന പുറപ്പെടുവിച്ചു.

കുടുംബം,  അന്ത്യം

സെന്‍റ് മേരീസ് സ്കൂളില്‍ സംഗീതാദ്ധ്യാപികയായിരുന്ന പനമ്പുകാട്  ചൂതമ്പറമ്പില്‍ വീട്ടിലെ ശ്രീമതി കുഞ്ഞമ്മയെ 1909-ല്‍ അതായത് 24-)0 വയസ്സില്‍ പണ്ഡിറ്റ് കറുപ്പന്‍ വിവാഹം ചെയ്തു. ഒരുപാട് വര്ഷം കഴിഞ്ഞാണ് ഒരു കുഞ്ഞ് പിറന്നത്. പരേതയായ ജ്യേഷ്ഠസഹോദരിയുടെ പേരാണ് ഏക പുത്രിക്കിട്ടത്- പാര്‍വ്വതി. ഇളയ സഹോദരി പൊന്നമ്മ. ജ്യേഷ്ഠസഹോദരന്‍ കുട്ടപ്പന്‍, സന്യാസം സ്വീകരിച്ച് സ്വാമി ആനന്ദയോഗിയായി. എറണാകുളത്ത് പലസ്ഥലങ്ങളിലായി പണ്ഡിറ്റ് കറുപ്പന്‍ താമസിച്ചിട്ടുണ്ട്. എല്ലാ വീടുകള്‍ക്കും സാഹിത്യകുടീരം എന്നായിരുന്നു പേര്. ആ ഭവനം ഒരു ഹോസ്റ്റല്‍ പോലെ ആയിരുന്നു. ബന്ധുക്കളും വിദ്യാര്‍ത്ഥികളും  ഉദ്യോഗസ്ഥരും അവിടെ താമസിച്ചു. വളരെ സത്ക്കാരപ്രിയയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി കുഞ്ഞമ്മ.

53-)0 വസ്സില്‍ അതായത് 23 മാര്‍ച്ച് 1938-ല്‍ പണ്ഡിറ്റ് കറുപ്പന്‍ എന്ന ആ സൂര്യതേജസ് അകാലത്തില്‍ എന്നന്നേക്കുമായി അസ്തമിച്ചു. ശ്വാസകോശ സംബന്ധമായ രോഗം അദ്ദേഹത്തെ കലശലായി അലട്ടിയിരുന്നു. ആകെ 26 പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ധാരാളം അപ്രകാശിതകൃതികളും പണ്ഡിറ്റ് കറുപ്പന്‍റേതായിട്ടുണ്ട്.  അവസാനമായി കുറിച്ചിട്ടിരുന്ന ശ്ലോകം; താന്‍ നിറ്വൃതിയിലണയുമോ എന്ന്‍~ കാലത്തോട്~ ചോദിക്കുന്നതായിട്ടാണ്: അതിങ്ങനെ:

ഉദ്ധാരം ചെയ്യുവാനില്ലൊരുവരു, മുലകില്-

പ്പെട്ടവസ്തുക്കളെല്ലാം

യുദ്ദരാള പ്രവാഹ പ്രകടഗതിവിധേ-

യങ്ങളാകുന്നുവല്ലോ

ബുദ്ധാദിപ്രൌഢ സിദ്ധാഗ്രണികളുമെതി-

ലാ നിത്യ വിശ്രാന്തിയേന്തു-

ന്നദ്ധാമത്തിങ്ക,ലന്നിര്‍വൃതിയിലണയുമോ

കാലമേ! കാലമേ! ഞാന്‍?

ഹൈന്ദവ ഗൃഹങ്ങളിലെ മരണാനന്തര ചടങ്ങുകളില്‍ ആലപിക്കാന്‍ വേണ്ടി വര്‍ഷങ്ങള്‍ക്ക്മുമ്പ് പണ്ഡിറ്റ് കറുപ്പന്‍ എഴുതിയ ശാന്തി ഗീതം എറണാകുളത്തെ ആനന്ദ സമാജം അംഗങ്ങള്‍ അതിന്റെ രചയിതാവിന്റെ അന്ത്യവിശ്രമ സമയത്ത് ആലപിച്ചു:

തൈത്തെന്നല്‍ താരാട്ടി വല്ലിമേല്‍ ലാളിച്ച

പുത്തന്‍ മലരിന്റെ കാന്തിപൂരം

പെട്ടെന്ന് മങ്ങുന്നു, പാഴ്മണ്ണിലമ്മലര്‍

ഞെട്ടറ്റു വീണു നിറം കെടുന്നു

കാലത്തു മേന്മേലെ ശോഭിക്കും സൂര്യനെ-

ക്കാണുന്നതില്ല നാം അല്ലിലെന്നും

കണ്‍കുളിരേകീടുമമ്പിളി മായുന്നു

വിണ്‍ തലം കൈവിട്ടു നാളില്‍ നാളില്‍

ശാന്തിയുദിക്കട്ടെ! ശാന്തിയുദിക്കട്ടെ!

ശാന്തിയുദിക്കട്ടെ! ദേഹിയിങ്കല്‍.

മങ്ങിയ പാഴ്കൂടും കൈവിട്ടു പൈങ്കിളി

പൊങ്ങിപ്പറക്കട്ടെ വിണ്‍തലത്തില്‍.

അഞ്ചു മരങ്ങള്‍ തന്‍ കാതലാല്‍  വിണ്‍തച്ചന്‍

തഞ്ചത്തില്‍  തീര്‍ത്തൊരീക്കൂട്ടിലുള്ള

സഞ്ചാരവും നിര്‍ത്തിപ്പക്ഷങ്ങളും  വീശി-

പ്പഞ്ചവര്‍ണ്ണക്കിളി പൊങ്ങിടുന്നു.

ദൈവമേ! നിന്നുടെ ആനന്ദപ്പൂന്തോപ്പില്‍

ഈ വരും പൈങ്കിളി വാണിടട്ടെ!

ശാന്തിഭവിക്കട്ടെ! ശാന്തിഭവിക്കട്ടെ!

ശാന്തിഭവിക്കട്ടെ! ദേഹിയിങ്കല്‍.

വന്‍മലയുള്ളേടത്താഴി കയറുന്നു

വങ്കടല്‍ കുന്നായും മാറീടുന്നു

ചെറ്റുമെ ഖേദിക്കവേണ്ട നാമാരുമെ

മാറ്റമില്ലാത്തതില്ലൊന്നുമെങ്ങും

ശര്‍മ്മദമായുള്ള മാറ്റമിദ്ദേഹിക്കു

ശര്‍മ്മസ്വരൂപാ! നീ നല്‍കുമല്ലോ

ശാന്തിയുദിക്കട്ടെ! ശാന്തിയുദിക്കട്ടെ!

ശാന്തിയുദിക്കട്ടെ! ദേഹിയിങ്കല്‍.

മരണസമയത്തു 700 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അതില്‍ 500 രൂപ സമൂഹത്തിനുവേണ്ടി സ്വാമി ആനന്ദയോഗിയായിയെ ഏല്‍പ്പിച്ചു. 200 രൂപ മരണാനന്തര ചടങ്ങുകള്‍ക്കുള്ളതായിരുന്നു. ശ്രീമതി കുഞ്ഞമ്മ അര്‍ബുദം മൂലം 1955-ല്‍ മരിച്ചു. പണ്ഡിറ്റ് കറുപ്പനും, സഹോദരന്‍ സ്വാമി ആനന്ദയോഗിയും ഇളയ സഹോദരി പൊന്നമ്മയും ചേരാനെല്ലൂരിലെ അകത്തൂട്ട് വളപ്പില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

അന്നു കുഞ്ഞായിരുന്ന ബേബി പാര്‍വ്വതി മുതിര്‍ന്നപ്പോള്‍ ബോട്ടണിയില്‍ ഉന്നത ബിരുദം നേടി എറണാകുളം സെന്‍റ്. തെരേസാസ് കോളേജില്‍ പ്രൊഫസ്സറായി.

രത്നച്ചുരുക്കം

അധഃകൃത ജനസമൂഹത്തിനുവേണ്ടി തൂലിക പടവാളാക്കിയ പണ്ഡിതനായിരുന്നു പണ്ഡിറ്റ് കറുപ്പന്‍. അനാചാരങ്ങളെപ്പറ്റിയും അനീതികളെപ്പറ്റിയും ഏത് സന്നിധിയിലും ശക്തിയായും യുക്തിയുക്തമായും ബോധിപ്പിക്കുകയായിരുന്നു കറുപ്പന്റെ പതിവ്. എന്നിട്ടും ആര്‍ക്കും ആദ്ദേഹത്തോട് വെറുപ്പോ വിദ്വേഷമോ ഒരിക്കലും ഉളവായിട്ടില്ല. എന്താണ് അതിന്റെ രഹസ്യം? വിനയശീലം നിമിത്തം അദ്ദേഹത്തിന് അവര്‍ണ്ണ ഹിന്ദുക്കളെപ്പോലെ തന്നെ സവര്‍ണ്ണ ഹിന്ദുക്കളെയും ആകര്‍ഷിക്കുവാന്‍ കഴിഞ്ഞു എന്നതു തന്നെ. സ്കൂളദ്ധ്യാപകന്‍, കോളേജദ്ധ്യാപകന്‍, നിയമസഭാസാമാജികന്‍, അവശസമുദായ സംരക്ഷകന്‍, എന്നീ നിലകളിലെല്ലാം രാജ്യസേവനം അനുഷ്ഠിച്ച അവസരങ്ങളില്‍ അദ്ദേഹത്തിന് വിജയം സമ്പാദിച്ചുകൊടുത്തത് പ്രതിഭയും പാണ്ഡിത്യവും മാത്രമല്ല വിനയശീലവും കൂടിയാണ്.  അമേരിക്കയില്‍ അടിമത്ത നിര്‍മ്മാര്‍ജ്ജനത്തിനുവേണ്ടി  പടപൊരുതി  വിജയിച്ച അബ്രഹാം ലിങ്കന്റെ പദവി, കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്‍ കേരളത്തില്‍ അലങ്കരിക്കുന്നു.

കവി, നാടകകൃത്ത്

ഖണ്ഡകൃതികള്‍ (9)

നാടകങ്ങള്‍ (9)

ബാലസാഹിത്യം (14)

ജാതിക്കുമ്മി

ലങ്കാമര്‍ദ്ദനം

പുലര്‍കാലം

ശാകുന്തളം

എഡ്വേര്‍ഡ് വിജയം

നിലാവിനോട്

ഒരു താരാട്ട്

ബാലാകലേശം

ശ്രീയേശു,

ഉദ്യാനവിരുന്ന്

ഭാഷാഭൈമീപരിണയം

കടല്‍, മയില്‍

കുമാരസംഭവം

ഭഞ്ചിതവിമാനം

ഓടി, തീവണ്ടി

തിരുനാള്‍ക്കുമ്മി

പഞ്ചവടി

പൂന്തോട്ടം

ശകുന്തള

ധ്രുവചരിതം

രാജര്‍ഷി

വള്ളോര്‍ക്കവിത

സംഗീതനൈഷധം

മാതൃഭൂമി

ചിത്രലേഖ

ഉലൂപോഖ്യാനം

നായ, തെങ്ങ്

പ്രാര്‍ത്ഥന

നല്ലമുത്ത്

പ്രബന്ധങ്ങള്‍

ആചാരഭൂഷണം

രാജര്‍ഷിസ്മരണകള്‍

അധഃകൃത സമുദായങ്ങള്‍ തലമുറകള്‍ക്കപ്പുറം

സാമുദായിക ഗാനകലകള്‍

സ്ത്രീകള്‍ മുന്നോട്ടുവരണം

ഒരു സാഹിത്യ പര്യവേഷണം

ശ്ലോകങ്ങള്‍

ബിരുദപ്രശസ്തി

വിവേകധനം

പാലിയം

ഒരു അഴീക്കല്‍ യാത്ര

മംഗളം

ഗുരുവന്ദനം

ഒരു പരിഭവം

കൊച്ചി മഹാരാജാവിന്റെ ആഗമനം

ശിവന്‍ യൂറോപ്യനോ?

കുമാരാലയം

വിളഞ്ഞിലമന

പൂച്ചെണ്ട്

ചെങ്ങല്ലൂരാന

അന്ത്യശ്ലോകം

ഭദ്രദീപം

സ്തോത്രങ്ങള്‍

സ്തോത്രമന്ദാരം

പ്രഭാതഗീതം

ശ്രീനാരായണഗുരു

ശ്രിരാമകൃഷ്ണഗീത

പ്രാര്‍ത്ഥന

ദിവ്യോത്തരീയം

വേണുഗോപാലന്‍

വൈക്കത്തപ്പനോട്

നബിഗീതം

വിശ്വസൂക്തം

ലളിതോപഹാരംലഘുകവിതകള്‍

കൈരളീസ്തോത്രം

ശ്രദ്ധിക്കാന്‍ പോകുന്നതാര്‍

സുഗതസൂക്തം

കന്യാകുമാരി

ഒരു ദിനാന്തചിന്ത

കൈതപ്പൂവിനോട്

വണ്ടിനോട്

ദശപുഷ്പം

സ്ത്രീ,

ശിഷ്യനും റാണിയും

ഒരുപരിഭാഷ

നബി അവതാരം

എന്റെ അനശ്വരമായ ആത്മാവ്

പ്രാചീന അറേബിയ

ദീനശയ്യയിലെ ധര്‍മ്മസോദരി

ധര്‍മ്മകാഹളം

ആറ്റക്കിളി

പ്രബോധനം

വെള്ളത്തോണി

അരയപ്രശസ്തി

അണ്ണാറക്കണ്ണന്‍

ഒരു ഉദ്ബോധനം

ഉര്‍വ്വശി

ദീനരോദനം

മംഗളമാല

ഭവതിക്ക് മംഗളം

മംഗളാശംസകള്‍

തിരുനാള്‍ മംഗളങ്ങള്‍

വിവാഹമംഗളങ്ങള്‍

 ഇതുകൂടാതെ ധാരാളം അപ്രകാശിതകൃതികളും പണ്ഡിറ്റ് കറുപ്പന്‍റേതായിട്ടുണ്ട്

1896-ല്‍11-)0 വയസ്സില്‍ കറുപ്പന്‍ എഴുതിയ ‘സ്തോത്ര മന്ദാര’ത്തിലെ  ഭാഷ ആ പ്രായത്തില്‍ മറ്റാര്‍ക്കും എഴുതാന്‍ കഴിയാത്തതായിരുന്നു.

പ്രാര്‍ത്ഥനാഗാനങ്ങള്‍:  സരളവും മനോഹരവുമായ ഭാഷയില്‍ അദ്ദേഹം  എഴുതിയ കീര്‍ത്തനങ്ങള്‍ സന്ധ്യാജപത്തിനായി സ്ത്രീകള്‍ ഉപയോഗിക്കുമായിരുന്നു. ചോറ്റാനിക്കര ഭഗവതിയെക്കുറിച്ച് പണ്ഡിറ്റ് കറുപ്പന്‍ എഴുതിയ  ‘ലളിതോപഹാരം’   എന്ന  കൃതിയില്‍  ദേവീ മഹാത്മ്യം   ഏഴ് അദ്ധ്യാങ്ങളിലായി  വര്‍ണ്ണിച്ചിരിക്കുന്നു. സ്ത്രീത്വത്തിന്റെയും  മാതൃത്വത്തിന്റെയും മനോഹാരിത വഴിഞ്ഞൊഴുകുന്ന കവിതയാണ് അദ്ദേഹം 1933-ല്‍ എഴുതിയ സ്ത്രീ.

സാമുദായിക ഗാനകലകള്‍:

ഒരു ജനതയുടെ സാംസ്ക്കാരിക പൈതൃകത്തിന്റെ അത്യന്തസുന്ദരവും അമൂല്യവുമായ ഘടകമാണ് നാടന്‍ പാട്ടുകള്‍  എന്ന്‍  പ്രൊഫ.  എരുമേലി പരമേശ്വരന്‍ പിള്ള  പറഞ്ഞിട്ടുണ്ട്.  ഇവ മനുഷ്യന്റെ സൌന്ദര്യബോധത്തിന്റെയും ആചാരാനുഷ്ഠാനങ്ങള്‍ , ജീവിത സങ്കല്‍പ്പങ്ങള്‍, കലാകൌതുകം, സാമൂഹ്യബോധം, കായികാധ്വാനം,  പ്രകൃതി സ്നേഹം എന്നിവയുടേയും ആവിഷ്ക്കാരങ്ങളാണ്.  1934-ല്‍ ഇതുസംബന്ധമായി അദ്ദേഹം നടത്തിയ രചനയില്‍ ചെറുമര്‍  പാട്ട്, വട്ടിപ്പാട്ട്, ഞാറ്റുവേലപ്പാട്ട്, വടക്കന്‍പാട്ട്, ഐവര്‍ നാടകം , പുള്ളുവന്‍പാട്ട്, വേലന്‍പാട്ട്, നാവുദോഷം തീര്‍ക്കും പാട്ട്, ശാസ്താംപാട്ട്, അമ്മാനാട്ടം, തൃത്താലിച്ചാര്‍ത്തു~, കോലടി, കെസ്സ്, വഞ്ചിപ്പാട്ട് എന്നീ വിഷയങ്ങള്‍ ഉണ്ട്.

ധീവരരെ സംബന്ധിച്ചിടത്തോളം   വഞ്ചിപ്പാട്ട് അവരുടെ സാമുദായിക ഗാനമാണ്. അക്കാലത്തെ പ്രസിദ്ധമായ വഞ്ചിപ്പാട്ടുകളില്‍ അല്പ്പം ഹാസ്യവും ഉണ്ടാകും. മത്സ്യഗന്ധിയായ സത്യവതിയെ പരാശരമുനി കടത്തുവള്ളത്തില്‍ കാണുന്ന രംഗം വഞ്ചിപ്പാട്ടില്‍ ഇങ്ങനെ:

പേടമാന്‍ മിഴിയെ മിന്നല്‍-

ക്കൊടിപോലെ  കണ്ടന്നേരം

താടിക്കാരനയ്യോ തല –

കുലുക്കിപ്പോയി.

ഉലുകോപാഖ്യാനം

ശ്രീരാമഭക്തിയില്‍ ഹനുമാനെപ്പോലെ  ആയിരുന്ന യോദ്ധാവും വില്ലാളിവീരനുമായിരുന്ന ഉലുകനെക്കുറിച്ചുള്ള നാടകമാണ്.

മംഗളശ്ലോകം

1925-ല്‍ വത്തിക്കാനില്‍നിന്നും പോപ്പിന്റെ പ്രതിനിധിയായിട്ടെത്തിയ  അലക്സസ് ഹെന്‍രി ലേപ്പീസിയറിന് പണ്ഡിറ്റ് കറുപ്പന്‍ ഒരു മംഗളശ്ലോകം സമര്‍പ്പിച്ചു. മുഹമ്മദ് നബിയെ അദ്ദേഹം പുകഴ്ത്തിപാടിയിട്ടുണ്ട്. മതേതരത്വം ആണ് ഏറ്റവും മേന്‍മയായിക്കണ്ടത്.

കൈരളീസ്തോത്രം

സമസ്ത കേരള സാഹിത്യപരിഷത്തുമായി വളരെ അടുത്ത ബന്ധമാണ്  കറുപ്പനുണ്ടായിരുന്നത്. പരിഷത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ കവി വായിച്ച കൈരളീസ്തോത്രം  ആഖ്യാന ചാതുരിയില്‍ ശ്രദ്ധേയമായി. കൊച്ചി രാജകുടുംബത്തിന്റെ സാഹിത്യപോഷണശ്രമങ്ങളുടെ ഭാഗമായി രാജകുടുംബാംഗമായ  രാമവര്‍മ്മ  അപ്പന്‍  തമ്പുരാന്‍ പ്രസിഡന്റായും സാഹിത്യകുശലന്‍ ടി.കെ. കൃഷ്ണമേനോന്‍ സെക്രട്ടറിയായും കൊച്ചി ഭാഷാപരിഷ്കരണ സമിതി എന്ന പേരില്‍ ഒരു സംഘടന ഉണ്ടാക്കിയിരുന്നു. ഇന്നതെ സാഹിത്യ അക്കാദമിയുടെ ഒരു പൂര്‍വ്വഗാമിയായി കരുതപ്പെടുന്നു.  കറുപ്പനും അതില്‍ അതീവ താല്‍പ്പര്യത്തോടെ പ്രവര്‍ത്തിച്ചിരുന്നു. കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിളയും മലയാളമനോരമയും  ഭാഷാപോഷിണി  മാസികയും ഉണ്ടായിരുന്നതുകൊണ്ടാണ് സവര്‍ണ്ണരല്ലാത്ത കവികള്‍ക്കും സാഹിത്യകാരന്‍മാര്‍ക്കും അക്കാലത്ത് വള ആര്‍ന്നുവരുവാന്‍ സാധിച്ചത്.

മംഗളപത്രസമര്‍പ്പണം

വിവാഹാവസരങ്ങളില്‍ കല്യാണപന്തലില്‍ വധൂവരന്‍മാര്‍ക്കു~ മംഗളങ്ങള്‍ ആശംസിച്ചുകൊണ്ടുള്ള

ഒരു കവിത നല്ല വെണ്‍മ്മയുള്ള കടലാസില്‍  സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള തലക്കെട്ടോടെ അച്ചടിച്ചു അതിഥികള്‍ക്കിടയില്‍ വിതരണം ചെയ്യും. രണ്ടെണ്ണം ഫ്രെയിം ചെയ്തു വധൂവരന്‍മാര്‍ക്കുനല്‍കും.

വളരെ വേണ്ടപ്പെട്ടവര്‍ ക്കുമാത്രമായിരുന്നു മംഗളപത്രം എഴുതിയിരുന്നത്.പണ്ഡിതോചിതമായി പ്രാസനിബന്ധമായാണ് രചന. കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ പോലെ ദ്വിതീയാക്ഷരപ്രാസമായിരുന്നു ഇഷ്ട ശൈലി. അദ്ദേഹത്തിന്റെ മംഗളപത്രം വളരെ അമൂല്യമായാണ് കരുതപ്പെട്ടിരുന്നത്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w