ഇടപ്പള്ളി രാഘവന്‍ പിള്ള – ഒരു അനുസ്മരണം

Edappally03-04-2016

ഡോ. ബി. പ്രഭാറാവു

ദേശീയപാത 17-ല്‍ നിന്നും ഹൈസ്കൂള്‍ നാല്‍ക്കവലയില്‍വെച്ച് ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുമ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന രണ്ട് കാഴ്ചകള്‍ ഉണ്ട്.

 1. എളമക്കരയിലേക്കുള്ള ഇടപ്പള്ളി രാഘവന്‍പിള്ള റോഡ്
 2. ഈ പാതയുടെ വലതു വശത്തായി സ്ഥിതിചെയ്യുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള സ്മാരക ഉദ്യാനവും അടുത്തുതന്നെയുള്ള അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള വായനശാലയും

അങ്ങനെ ഇടപ്പള്ളിയിലെ പ്രിയപ്പെട്ട രണ്ട് കാല്‍പ്പനിക കവികളേയും  സ്മരിച്ച്  ആദരിച്ചു കൊണ്ടാവും പുതിയ ഒരാള്‍ ഇടപ്പള്ളിയിലേക്ക് പ്രവേശിക്കുക. പോണേക്കരയിലെ ഇടപ്പള്ളി രാഘവന്‍ പിള്ള സ്മാരക ഉദ്യാനത്തില്‍ വെച്ച് ഒരു നൂതന സാഹിത്യ സംരംഭത്തിന് അതായത് പോണേക്കര സാസ്ക്കാരിക വേദിക്ക് ഹരിശ്രീ കുറിക്കുന്ന ഇന്നത്തെ  പരിപാടിയില്‍ അദ്ദേഹത്തെക്കുറിച്ചുള്ള അനുസ്മരണം ഉള്‍പ്പെടുത്തിയത് ഏറെ ഉചിതമായി എന്ന്‍ എനിക്കു തോന്നുന്നു.

ആമുഖം

വെറും 27 വര്‍ഷം മാത്രം ജീവിച്ച്, 1936 ജൂലൈ മാസം 5 ന് അതായത് കൊല്ലവര്‍ഷം 1111 മിഥുനം 21 ശനിയാഴ്ച രാത്രി, കഴുത്തില്‍ പൂമാലയണിഞ് മരക്കൊമ്പില്‍ ഉടക്കിയ ഒരു മുഴം കയറില്‍ ജീവന്‍ ഒടുക്കിയപ്പോള്‍, മലയാളത്തിന് നഷ്ടമായത് സൌന്ദര്യോപാസകനും ഭാവനാസമ്പന്നനും  വികാരജീവിയുമായിരുന്ന  ഒരു കവിയെയായിരുന്നു; അദ്ദേഹത്തിന്റെ എണ്ണമറ്റ കവിതകളെയായിരുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ 80-ല്‍ പരം കവിതകള്‍, 02 ചെറുകഥകള്‍   02 പ്രബന്ധങ്ങള്‍ തുടങ്ങിയവ അദ്ദേഹം  എഴുതിക്കൂട്ടി. അപ്രകാശിതങ്ങള്‍ വേറെയും.

ബാല്യം: ദുരിതപർവം

ജനനം

തിരുവിതാംകൂര്‍ എക്സൈസ് ഡിപ്പാര്‍ട്മെന്‍റില്‍  ശിപായി  ആയിരുന്ന  എളമക്കര പാണ്ഡവത്ത്    നീലകണ്ഠന്‍ പിള്ളയുടെയും വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ കിഴക്കേപ്രം  മുറിയില്‍  താഴത്തുവീട്ടില്‍  മീനാക്ഷിയമ്മയുടെയും മകനായി 1909 ജൂലൈ 30 ന് ജനനം.

മുറിപ്പാടുകള്‍
 • കടുത്ത  ദാരിദ്ര്യം
 • ഗര്‍ഭാശയാര്‍ബ്ബുദം ബാധിച്ച അമ്മയുടെ ആത്മഹത്യ
 • അഛന്റെ മദ്യപാനശീലവും കുത്തഴിഞ്ഞ ജീവിതവും
 • രണ്ടാനമ്മയുമായുള്ള പൊരുത്തക്കേടുകള്‍
 • ഇളയ സഹോദരന്‍ ഗോപാലപിള്ളയുടെ തിരോധാനം
 • കൌമാരത്തില്‍ത്തന്നെ ഉപജീവനത്തിന് വഴി തേടേണ്ടിവന്ന ദുര്യോഗം. അതിനായി കണ്ടെത്തിയ പോംവഴിയായിരുന്നു ട്യൂഷന്‍.

ചുരുക്കത്തില്‍ അന്തര്‍മുഖ വ്യക്തിത്ത്വത്തിന്റെ ഉടമയില്‍ അപകര്‍ഷതാബോധം, ഏകാന്തത, വിഷാദചിന്തകള്‍, മരണഭീതി എന്നിവ സ്ഥായീഭാവങ്ങളായി മാറി.

ആശ്വാസം

അക്കാലത്ത് ലഭിച്ച ഒരു കച്ചിത്തുരുമ്പായിരുന്നു ഇടപ്പള്ളി സാഹിത്യ സമാജത്തിലെ അംഗത്വം. അതിന്റെ സ്ഥാപക നേതാക്കളും സജീവ പ്രവര്‍ത്തകരുമായിരുന്ന  ഇടപ്പള്ളി കൊട്ടാരത്തിലെ കരുണാകര മേനോനും മേലങ്ങത്ത് അച്യുതമേനോനും ഇദ്ദേഹത്തിന്റെ ജന്മസിദ്ധമായ കവിതാവാസനയെ പരിപോഷിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഇടയ്ക്ക് അവര്‍   സാമ്പത്തികമായും സഹായിച്ചിരുന്നു. എന്നാല്‍ രാഘവന്‍ പിള്ളയേക്കാള്‍ ഏതാണ്ട് മൂന്നുവയസ്സിന് ഇളപ്പമായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള അംഗമായപ്പോള്‍  അവര്‍ തമ്മില്‍ ഒരു കിടമത്സരം ഉടലെടുക്കുകയും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് കലഹിക്കുന്നതും പതിവായി. പക്ഷേ, പിന്നീട്,  അവര്‍ ഉറ്റമിത്രങ്ങളാവുകയാണുണ്ടായത്. അവരുടെ കൂടി ശ്രമഫലമായിട്ടാണ് ഇടപ്പള്ളി സാഹിത്യ സമാജം കുറേക്കൂടി വിശാലമായ കേരള സാഹിത്യ പരിഷത്ത് ആയി രൂപാന്തരപ്പെട്ടത്.

അങ്ങനെയിരിക്കെ, ചങ്ങമ്പുഴ കൃഷ്ണപിള്ള പഠിക്കുവാന്‍ വേണ്ടി ആലുവായിലേക്ക് പോയി. വിദ്യാര്‍ത്ഥിയായിരുന്ന ഇടപ്പള്ളി രാഘവന്‍പിള്ള തനിച്ചായി. വൈകുന്നേരങ്ങളില്‍ പേരണ്ടുര്‍ തീവണ്ടിപ്പാലത്തിന്നരികെ കലുങ്കിലിരുന്ന് സ്വപ്നം കാണുക അദ്ദേഹത്തിന്റെ ഒരു ശീലമായിരുന്നു. ആ കാലഘട്ടത്തില്‍, താന്‍ നിത്യവും കാണുന്നതും അനുഭവിക്കുന്നതുമായ ക്ഷേത്രവും കുളവും, തീവണ്ടിയും തീവണ്ടിപ്പാതയും,  മറ്റ് ചിരപരിചിത സ്ഥലങ്ങളും പശ്ചാത്തലമാക്കി അദ്ദേഹം രണ്ടു ചെറുകഥകളെഴുതി.  രണ്ടും പ്രണയ ദുരന്തങ്ങള്‍ തന്നെ.

‘സുധ’ എന്ന കഥയില്‍ സുധയും മുരളിയും അമ്പലമുറ്റത്ത് ആല്‍ത്തറയിലിരുന്ന് അമ്പലമുണ്ടാക്കിയും, പൂജാരിയും വാര്യരും മാരാരുമൊക്കെയായി കളിച്ചുവളര്‍ന്നവരാണ്. അവരോടൊപ്പം അവരുടെ സൌഹൃദവും വളര്‍ന്നു.  സുധ കേമിയാണ്. മുരളി പാവവും. ഒരിക്കല്‍ വാതുവെച്ച് മുരളി കുളത്തില്‍ മുങ്ങിക്കിടന്നു. സുധ കരയില്‍ നിന്നുകൊണ്ട്  ഒന്ന്‍, രണ്ട്, മൂന്ന്‍ എന്നിങ്ങനെ എണ്ണിത്തുടങ്ങി. കുറെ എണ്ണിക്കഴിഞ്ഞിട്ടും മുരളി തല ഉയര്‍ത്തിയില്ല. പിന്നീട്, മുരളി കാണിച്ച മരണ ചേഷ്ടകള്‍ വികൃതികളായ് കണക്കാക്കി സുധ കൈകൊട്ടി ചിരിച്ചു. ഒടുവില്‍, എണ്ണി മടുത്തപ്പോള്‍ അവള്‍ വീട്ടിലേക്ക് മടങ്ങി. അവളുടെ അമ്മയാണ് സന്ധ്യക്ക്  മുരളിയുടെ മൃതദേഹം കുളത്തില്‍ കണ്ടത്.

വര്‍ഷങ്ങള്‍ കടന്നുപോയി. ഒരുനാള്‍, അവളുടെ കുട്ടിക്കാലത്തെ കൂട്ടുകാരായിരുന്ന രവീന്ദ്രനും മാധുരിയും വിവാഹിതരാകുന്നു. പെട്ടെന്ന്, അവള്‍ ഓര്‍ത്തു: ‘മുരളിയുണ്ടായിരുന്നുവെങ്കില്‍ ഇതുപോലൊരു മംഗല്യം തനിക്കും ഉണ്ടാകുമായിരുന്നു.’ അവള്‍ക്ക് ഭേദപ്പെട്ട കല്യാണാലോചനകള്‍ വന്നുതുടങ്ങി.  ഒന്നിലും അവള്‍ക്ക് താല്പര്യം തോന്നിയില്ല.  ഒരു ദിവസം രാത്രി അവള്‍ ആരുമറിയാതെ കുളക്കടവില്‍ എത്തി. പിന്നീട്, വെള്ളത്തിലേക്ക് ഒറ്റച്ചാട്ടം.

‘കല്യാണം കഴിഞ്ഞില്ല’ എന്ന കഥയില്‍ മാലതിയും പണിക്കരും സ്നേഹത്തിലാണ്. മാലതിയുടേത് അതിതീവ്രമെന്നുതന്നെ പറയാം. മാലതിയുടെ വിവാഹം വീട്ടുകാര്‍ നിശ്ചയിക്കുന്നു. പിറ്റേ ദിവസം അവള്‍ക്കൊരു കത്ത് കിട്ടുന്നു. ഉള്ളടക്കം ഇങ്ങനെയായിരുന്നു: ‘ഒരു തകര്‍ന്ന  ഹൃദയം നവദമ്പതികള്‍ക്ക് സര്‍വ്വമംഗളങ്ങളും ആശംസിച്ചുകൊള്ളുന്നു. ഇതെഴുതുന്ന ഹസ്തം പ്രഭാതത്തില്‍ മരവിച്ചിരിക്കും.’ ഇതുവായിച്ചയുടന്‍  അവള്‍ ഓടി പേരണ്ടൂര്‍ പാലത്തിനടുത്തേക്ക്. പണിക്കര്‍ തീവണ്ടി പാളത്തില്‍ തല കുറുകെ വച്ച് വട്ടം കിടക്കുന്നത്  കാണുന്നു. അവള്‍ അയാളുടെ മേല്‍ ചാടി വീഴുന്നു. തീവണ്ടി ഒന്നും സംഭവിക്കാത്ത മട്ടില്‍ കടന്നു പോകുന്നു.

കഥകളെഴുതിയ കാലത്തുതന്നെ ഒരു ദുരന്തം സ്വയം പ്രതീക്ഷിച്ചിരുന്നുവോ എന്നു പോലും സംശയിക്കുന്നവരുണ്ട്.

വിദ്യാഭ്യാസം

 • 1915: ഇടപ്പള്ളി ചുറ്റുപാടുകര എം എം സ്കൂള്‍ ഫോര്‍ ബോയ്സ് (11 ദിവസം മാത്രം).  ഫീസ് കൊടുക്കുവാന്‍ പറ്റിയില്ല.
 • 1919: വടക്കുംഭാഗം ഹയര്‍ ഗ്രേഡ് വേര്‍ണാകുലര്‍ സ്കൂള്‍ – ക്ലാസ് 1 – 4
 • ചുറ്റുപാടുകര ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ – 1 ഫോം മുതല്‍ 3 ഫോം വരെ.
 • എറണാകുളം എസ് ആര്‍ വി ഹൈസ്കൂള്‍ –  ട്യൂഷന്‍ ജോലിക്കിടയില്‍  വിദ്യാഭ്യാസം തുടര്‍ന്നു. പത്താം തരം ജയിച്ചു.
 • തിരുവനന്തപുരത്ത് ജോലിക്കിടയില്‍ ‘മലയാളം വിദ്വാന്‍’ പരീക്ഷ എഴുതിയെങ്കിലും ജയിച്ചില്ല.

പ്രണയാങ്കുരം  

തേഡ് ഫോം ജയിച്ചപ്പോള്‍, എളമക്കരയിലെ ഒരു ധനിക കുടുംബത്തില്‍ ട്യൂഷന്‍ തരപ്പെട്ടു. പത്താം തരം പാസായപ്പോള്‍ അവരുടെ തന്നെ കാര്യസ്ഥനായി. ഇടയ്ക്കെപ്പോഴോ ഗുരു-ശിഷ്യ ബന്ധത്തിനപ്പുറം, കാര്‍ത്ത്യായനി എന്ന തന്റെ വിദ്യാര്‍ത്ഥിനിയുമായി രാഘവന്‍ പിള്ള പ്രണയത്തിലായി. ഒരു തരത്തില്‍ അതൊരു ദേവതാ സങ്കല്‍പ്പം തന്നെയായിരുന്നു. അതറിഞ്ഞപ്പോഴുണ്ടായ വിവാദങ്ങള്‍ മൂലം രാഘവന്‍ പിള്ളയ്ക്ക് ഇടപ്പള്ളി വിടേണ്ടിവന്നു. അദ്ധ്യാപകന്റെ കവിതകള്‍  വായിച്ചു രസിച്ചിരിക്കാമെന്നല്ലാതെ കാര്‍ത്ത്യായനിക്ക് പ്രത്യേകമായ ഒരു വികാരം അദ്ദേഹത്തിനോട് ഉണ്ടായിരുന്നുവോ എന്നുപോലും സംശയിക്കുന്നവരുണ്ട്. അന്നത്തെക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് അതിരുവിട്ട സ്വാതന്ത്ര്യവുമില്ലായിരുന്നു. അവിടെനിന്നും നിഷ്ക്കാസിതനായ രാഘവന്‍ പിള്ള എത്തിച്ചേര്‍ന്നത് തിരുവനന്തപുരത്തായിരുന്നു.

തൊഴില്‍

തിരുവനന്തപുരം

പത്താം തരം പരീക്ഷ ജയിച്ചിരുന്നതുകൊണ്ട് തൊഴിലിനു വേണ്ടി   അധികം അലയേണ്ടി വന്നില്ല. പലയിടത്തും ഗുമസ്തനായി ജോലി ചെയ്തു. അവയില്‍ ചിലത്:

 • ഭാഷാഭിവര്‍ദ്ധിനി ബുക് ഡിപോ (ബി വി ബുക് ഡിപോ)
 • ശ്രീമതി പ്രതിവാര പത്രം. പത്രം നിര്‍ത്തിയപ്പോള്‍
 • കേരള കേസരി വാരിക (കേസരി ബാലകൃഷ്ണപിള്ളയുടെ)

സാഹിത്യം

കവിതകള്‍
 • മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളരാജ്യം ചിത്രവാരിക എന്നിവയില്‍
 • പ്രഥമ കവിതാസമാഹാരം – തുഷാരഹാരം
 • 1935 (കൊല്ലവര്‍ഷം 1110)
 • 27 കവിതകള്‍
 • പ്രസാധനം – ഭാഷാഭിവര്‍ദ്ധിനി ബുക് ഡിപോ, തിരുവനന്തപുരം
 • അവതാരിക – മഹാകവി ഉള്ളൂര്‍ പരമേശ്വരന്‍ പിള്ള

തുഷാരഹാരത്തിലെ കവിതകള്‍

 • ആ രംഗം              ആ വസന്തം
 • കളിത്തോണിയില്‍        കഴിഞ്ഞകാലം
 • കാട്ടാറിന്റെ കരച്ചില്‍     ക്ഷണം
 • ചന്ദ്രികയില്‍            ജീവിതം
 • ഞങ്ങള്‍               നിഗൂഢരാഗം
 • പ്രതീക്ഷ               ഭ്രമരഗീതി
 • മരണം                ശിഥിലഗാഥ
 • സഖികള്‍              സന്ദേശം
 • ഉത്ക്കണ്ഠ              പടിവാതില്‍ക്കല്‍
 • നിത്യരോദനം           വ്രണിതഹൃദയം
 • തോഴിയോട്            ഒടുക്കത്തെ താരാട്ട്
 • ഹൃദയാഞ്ജലി          അസ്വാസ്ഥ്യം
 • ഭിക്ഷു                പുളകപ്പുതപ്പില്‍
 • സമാധാനം             അപരാധി
 • ലക്ഷ്യം
 • 1936 :  –  ഹൃദയസ്മിതം – കവിതാസമാഹാരം
 • പ്രസാധനം – ഭാഷാഭിവര്‍ദ്ധിനി ബുക് ഡിപോ, തിരുവനന്തപുരം
 • 1936:   –  നവസൌരഭം – കവിതാസമാഹാരം
 • പ്രസാധനം – ഭാഷാഭിവര്‍ദ്ധിനി ബുക് ഡിപോ, തിരുവനന്തപുരം

മിക്ക കവിതകളിലും തെളിഞ്ഞുനില്‍ക്കുന്ന വികാരം നിരാശയും മരണഭീതിയുമാണ്.

കൊല്ലം

കേരള കേസരിയുടെ പ്രസിദ്ധീകരണം നിലച്ചപ്പോള്‍ പ്രശക്ത വക്കീലായിരുന്ന വൈക്കം വി എന്‍ നാരായണപിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്റെ വസതിയില്‍ താമസമാക്കി. വക്കീല്‍, രാഘവന്‍ പിള്ള കാര്യസ്ഥനായി ജോലിനോക്കിയിരുന്ന  എളമക്കരയിലെ ധനാഢ്യ കുടുംബത്തിന്റെ  ഒരു ബന്ധുവായിരുന്നു. കൊല്ലത്തുവച്ചാണ് തന്റെ കാമിനിയുടെ  വിവാഹ ക്ഷണപത്രം രാഘവന്‍പിള്ളയ്ക്ക് കിട്ടുന്നത്. പ്രേയസിയെ ദേവീ ഭാവത്തില്‍ അവരോധിച്ച് ആരാധിച്ചിരുന്ന രാഘവന്‍പിള്ളയ്ക് ഈ വാര്‍ത്ത ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞില്ല.  പ്രേമനൈരാശ്യം സമ്മാനിച്ച ഉറങ്ങാത്ത രാവുകള്‍ ശാശ്വത നിദ്രയിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമായിരുന്നു. യാത്രാമദ്ധ്യേ അന്ത്യത്തിനേതാണ്ട് ഒരാഴ്ച മുമ്പ്, തന്റെ അപ്പോഴത്തെ ചേതോവികാരം മുഴുവനും സ്ഫുരിക്കുന്ന രണ്ടു കവിതകള്‍ അദ്ദേഹം രചിച്ചു. അവയിലെ വരികള്‍ ആരുടേയും കണ്ണുകളെ ഈറനാക്കുവാന്‍ പോന്നവയായിരുന്നു. അതില്‍ ഒന്നായ ‘മണിനാദം’ മാതൃഭൂമി ആഴ്ചപ്പതിപ്പിനും, ‘നാളത്തെ പ്രഭാതം’ മലയാളരാജ്യം ചിത്രവാരികയ്ക്കും, കഴിയുമെങ്കില്‍ ഏറ്റവും അടുത്ത ദിവസം തന്നെ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് അയച്ചുകൊടുത്തു. മാതൃഭൂമിയില്‍  അത് ജൂലൈ മാസം 6 നും  മലയാളരാജ്യം ചിത്രവാരികയില്‍ 7നും അച്ചടിച്ചുവന്നു. 6ആം തീയതിയായിരുന്നു കവിയുടെ  ചരമ വൃത്താന്തം പത്രങ്ങളില്‍ വന്നത്. 1944-ല്‍ കേസരി ബാലകൃഷ്ണപിള്ളയുടെ അവതാരികയോടെ മണിനാദം സമാഹാരമായി പ്രസിദ്ധീകരിച്ചു.

 

മണിനാദം : ഇതില്‍ മുഴങ്ങിയ മരണഭേരിയുടെ വരികള്‍:

മണിമുഴക്കം! മരണദിനത്തിന്റെ

മണിമുഴക്കം മധുരം! – വരുന്നു ഞാന്‍!

അനുനയിക്കുവാനെത്തുമെന്‍ക്കൂട്ടരോ-

ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:

മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍-

മരണഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ!-യെന്തിലും

സഹകരിക്കുന്ന ശാരദാകാശമേ!

കവനലീലയിലെന്നുറ്റതോഴരാം

കനകതൂലികേ! കാനനപ്രാന്തമേ!

മധുരമല്ലാത്തൊരെന്‍  മൌനഗാനത്തിന്‍

മദതരളമാം മാമരക്കൂട്ടമേ!

പിരിയുകയാണിതാ, ഞാനൊരധ:കൃതന്‍

കരയുവാനായ് പിറന്നൊരു കാമുകന്‍!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ

പ്രണയമറ്റതാമീ മണ്‍പ്രദീപകം!

 

അഴകൊഴുകുന്ന ജീവിതപ്പൂക്കളം,

വഴിയരികിലെ വിശ്രമത്താവളം,

കഴുകനിജ്ജഡം കാത്തുസൂക്ഷിക്കുന്ന

കഴുമരം!- ഹാ, ഭ്രമിച്ചു ഞാന്‍ തെല്ലിട!

അഴലിലാനന്ദലേശമിട്ടെപ്പൊഴും

മെഴുകി മോടികലര്‍ത്തുമീ മേടയില്‍

കഴലൊരല്‍പമുയര്‍ത്തിയൂന്നീടുകില്‍

വഴുതിവീഴാതിരിക്കില്ലൊരിക്കലും

മലമുകളിലിഴഞ്ഞിഴഞ്ഞേറിടും

മഴമുകിലെന്നപോലെ ഞാനിത്രനാള്‍

സുഖദസുന്ദര സ്വപ്നശതങ്ങള്‍ തന്‍-

സുലളിതാനന്ദഗാനനിമഗ്നനായ്

പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടും

പ്രണയമാധ്വീലഹരിയില്‍ ലീനനായ്

സ്വജനവേഷംചമഞ്ഞവരേകിടും

സുമമനോഹരസുസ്മിതാകൃഷ്ടനായ്

അടിയുറയ്ക്കാതെ മേല്‍പ്പോട്ടുയര്‍ന്നുപോ-

യലകടലിന്റെയാഴമളക്കുവാന്‍!

മിഴിതുറന്നൊന്നു നോക്കവേ, കാരിരു-

മ്പഴികള്‍ തട്ടിത്തഴമ്പിച്ചതാണു ഞാന്‍!

തടവെഴാപ്രേമദാരിദ്ര്യബാധയാല്‍

തടവുകാരനായ്ത്തീര്‍ന്നവനാണു ഞാന്‍!

കുടിലുകൊട്ടാരമാകാനുയരുന്നു;

കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാന്‍.

പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-

ലണിമുറിക്കാനിരുളുമണഞ്ഞിടും!

മണിമുഴക്കം! മരണദിനത്തിന്റെ

മണിമുഴക്കം മധുരം! – വരുന്നു ഞാന്‍!

ചിറികള്‍തോറുമെന്‍ പട്ടടത്തീപ്പൊരി

ചിതറിടുന്നോരരങ്ങത്തുനിന്നിനി,

വിട തരൂ, മതി പോകട്ടെ ഞാനുമെന്‍-

നടനവിദ്യയും മൂകസംഗീതവും!

വിവിധരീതിയിലൊറ്റനിമിഷത്തിന്‍

വിഷമമാണെനിക്കാടുവാന്‍, പാടുവാന്‍;

നവരസങ്ങള്‍ സ്ഫുരിക്കണമൊക്കെയു-

മവര്‍ക്കിഷ്ടമായിട്ടിരിക്കണം!

അരുതതരുതെനിക്കീ രീതി തെല്ലുമി-

ച്ചരിതമെന്നുമപൂര്‍ണ്ണമാണെങ്കിലും

അണിയലൊക്കെ കഴിഞ്ഞു നിഗൂഢമായ്

പലദിനവും നവനവ രീതികള്‍

പരിചയിച്ചു, ഫലിച്ചില്ലൊരല്‍പ്പവും

തവിടുപോലെ  തകരുമെന്‍ മാനസ-

മവിടെയെത്തിച്ചു കുഴയണം!

ചിരിചൊരിയുവാനായിയെന്‍ ദേശികള്‍

ശിരസി താഡനമേറ്റി പലപ്പൊഴും.

ഹഹഹ! വിസ്മയം, വിസ്മയം, ലോകമേ!

അതിവിചിത്രമീ നൃത്തശിക്ഷാക്രമം!

കളരി മാറി ഞാന്‍ കച്ചകെട്ടാമിനി;

കളിയരങ്ങൊന്നു മാറിനോക്കാമിനി.

പ്രണയനാടകമെന്നുമിതുവിധം

നിണമണിച്ചിലിതെത്താതിരുന്നിടാ!

മണിമുഴക്കം! മരണദിനത്തിന്റെ

മണിമുഴക്കം മധുരം! – വരുന്നു ഞാന്‍!

 

ഉദയമുണ്ടിനിമേലിലതെങ്കിലെ-

ന്നുദകകൃത്യങ്ങള്‍ ചെയ്യുവാനെത്തിടും.

സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്

ചിരവിഹരിഞാന്‍ മേലിലും കേഴണം?

മധുരചിന്തകള്‍ മാഞ്ഞുപോയീടവേ,

മരണമാണിനിജ്ജീവിച്ചിരിക്കുവാന്‍;

ഇരുളിലാരുമറിയാതെയെത്രനാള്‍

കരളുനൊന്തു ഞാന്‍ കേഴുമനര്‍ഗളം?

ഹൃദയമില്ലാത്തലോകമേ, യെന്തിനാ-

യതിനു കാരണം ചോദിപ്പൂ നീ സദാ?

പരസഹസ്രം രഹസ്യമുണ്ടെന്നുമെന്‍-

പുറകില്‍നിന്നിദംവിങ്ങിക്കരയുവാന്‍-

സ്മരണയായിപ്പറന്നുവെന്നെന്നുമെന്‍-

മരണശയ്യയില്‍ മാന്തളിര്‍ ചാര്‍ത്തുവാന്‍-

സമയമായി, ഞാന്‍ – നീളും നിഴലുകള്‍

ക്ഷമയളന്നതാ നില്‍ക്കുന്നു നീളവേ.

 

പവിഴരേഖയാല്‍ ചുറ്റുമനന്തമാം

ഗഗനസീമയില്‍, പ്രേമപ്പൊലിമയില്‍,

കതിരു വിരിച്ചു വിളങ്ങുമാക്കാര്‍ത്തികാ-

കനകതാരമുണ്ടെനിക്കെപ്പോഴും കൂട്ടിനായ്;

നിഹതനാമെന്നെയോര്‍ത്താ മുരളിയില്‍

നിറവുതുണ്ടൊരു നിശ്ശബ്ദരോദനം-

കഠിനകാലം കദനമൊരല്‍പ്പമാ-

ക്കവിളിണയില്‍ കലര്‍ത്താതിരിക്കണേ!

 

പരിഭവത്തിന്‍ പരുഷ പാഷാണകം

തുരുതുരെയായ്പതിച്ചു തളര്‍ന്നൊരെന്‍-

ഹൃദയമാഭിത്തി ഭേദിച്ചുതീരുമീ

രുധിരബിന്ദുക്കളോരോന്നുമൂഴിയില്‍

പ്രണയഗാനമെഴുതുന്ന തൂലിക-

യ്ക്കുണര്‍വിയറ്റുമോ?…യേറ്റാല്‍ ഫലിക്കുമോ!

 

മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 1936 ജൂലായ് 6

 

താന്‍ ഏകനാണ്. തനിക്കൊപ്പം പ്രകൃതി മാത്രം എന്ന ധ്വനി ഉടനീളം കാണാം. പ്രേമനൈരാശ്യം വ്യക്തമാണ്. കവി മരണത്തെ മാടി മാടി വിളിക്കുകയാണ്. ഒടുവില്‍,  മരണ ശേഷം  ആകാശത്തു ശോഭിക്കുന്ന കാര്‍ത്തിക നക്ഷത്രം കൂട്ടിനുണ്ടാകുമെന്ന് കവി ആശ്വസിക്കുന്നു.

മണിനാദം എന്ന ഈ കവിത അദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും മികച്ചതായി കരുതപ്പെടുന്നു.

(ശാരദ = ശരത്ക്കാലം  സംബന്ധിച്ച, ലജ്ജയുള്ള, പ്രതിഭയില്ലാത്ത, പ്രയാസമുള്ള;

കവനലീല = കവിതയെഴുത്ത് ; മണ്‍പ്രദീപകം = മണ്ണുകൊണ്ടുള്ള കൈവിളക്ക്)

നാളത്തെ പ്രഭാതം

നാളത്തെ പ്രഭാതമേ, നിന്‍മുഖം ചുംബിക്കുവാന്‍

നാളെത്രയായി കാത്തുനില്‍പിതെന്നാശാപുഷ്പം!

നീളത്തില്‍ നിന്നെക്കണ്ടു കൂകുവാനായിക്കണ്ഠ-

നാളത്തില്‍ ത്രസിക്കുന്നുണ്ടെന്നന്ത്യസംഗീതകം!

പാടി ഞാനിന്നോളവും നിന്നപദാനം  മാത്രം

വാടിയെന്‍ കരളെന്നും നിന്നഭാവത്താല്‍ മാത്രം!

ഗോപുരദ്വാരത്തിങ്കല്‍ നില്‍ക്കും നിന്നനവദ്യ

നൂപുരക്വാണം കേട്ടെന്‍ക്കാതുകള്‍  കുളുര്‍ക്കുന്നു!

ബദ്ധമാം കവാടം ഞാനെന്നേയ്ക്കും തുറന്നാലും

മുഗ്ദ്ധ നീ മുന്നോട്ടെത്താനെന്തിനു ലജ്ജിക്കുന്നു!

അങ്ങുവന്നെതിരേല്‍ക്കാനാകാതെ ചുഴലവും

തിങ്ങുമീയിരുള്‍ക്കുള്ളില്‍ വീണു ഞാന്‍ വിലപിപ്പു!

തെല്ലൊരു വെളിച്ചമില്ലോമനെ – യിതായെന്റെ

പുല്ലുമാടവും കത്തി – യെത്തുകയാണീ ദാസന്‍!!….

മലയാളാരാജ്യം ചിത്രവാരിക 1936 ജൂലായ് 7

(ക്വാണം = ധ്വനി)

സ്നേഹിക്കുവാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം ഈ കവിതയില്‍ വ്യക്തമാണ്. സ്നേഹം പ്രണയമായി. പ്രണയിനി ദേവിയായി. ഒടുവില്‍ കൈ വെടിഞ്ഞപ്പോളുണ്ടായ നൊമ്പരവും, നിരാശയും  മരണ വക്ത്രത്തിലേയ്ക്കടുപ്പിച്ചു. ഹൃദയത്തില്‍നിന്നും ഉതിര്‍ന്ന വാക്കുകള്‍ നമ്മെ അലോസരപ്പെടുത്തുന്നു. വയലാര്‍ രാമവര്‍മ്മയ്ക്ക് ‘ചക്രവര്‍ത്തിനി — നഗ്നപാദയായി അകത്തുവരൂ’ എന്നെഴുതുവാന്‍ പ്രേരിപ്പിച്ചത് ഇതിലെ വരികളാകാം.

സ്നേഹത്തിനുവേണ്ടിയുള്ള തൃഷ്ണ തുഷാരഹാരം എന്ന ആദ്യത്തെ കവിതാസമാഹാരത്തില്‍ത്തന്നെ കാണാം:

‘എത്ര വസന്തങ്ങളൂഴിയില്‍ വന്നാലും

എത്രയോ കാകളി പാടിയാലും

മാമക മാനസവല്ലിയിലിന്നോളം

പൂമൊട്ടൊരെണ്ണം കുരുത്തതില്ല

മുന്നോട്ടു നോക്കിയാല്‍ ഘോരമാമരണ്യം

പിന്നിലോ ശൂന്യമരുപ്പരപ്പ്

കാലൊന്നിടറിയാല്‍ വീണുപോം ഗര്‍ത്തത്തില്‍

കൂലത്തിലാണ് ഞാന്‍ നില്‍പ്പതിപ്പോള്‍’

(കൂലം = കൂല =പുഴയുടെ തീരം, ചരിവ്, അരിക്, കൂമ്പാരം)

ഇതിനുമുമ്പും രണ്ടു തവണ കവി ആത്മഹത്യാശ്രമം  നടത്തിയിരുന്നു. ആത്മഹത്യാ  പ്രവണത വിഷാദ രോഗത്തിന്റെ ഒരു  ലക്ഷണമായി കരുതാവുന്നതാണ്.

മരണപത്രം

കൊല്ലവര്‍ഷം 21-11-1111  (ജൂലൈ 5,1936) ന~ കവി തന്റെ മരണപത്രത്തില്‍ ഇങ്ങനെ എഴുതി:

“ഞാന്‍ ഒന്നുറങ്ങിയിട്ട് ദിവസങ്ങള്‍ അല്ല മാസങ്ങള്‍ വളരെയായി. കഠിനമായ ഹൃദയവേദന; ഇങ്ങനെ അല്‍പ്പാല്‍പ്പം മരിച്ചുകൊണ്ട് എന്റെ അവസാന ദിവസത്തെ  പ്രതീക്ഷിക്കുവാന്‍ ഞാന്‍ അശക്തനാണ്. ഒരു കര്‍മ്മവീരനാകുവാന്‍ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.

സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനുവേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരിക്കൊള്ളിക്കുക  മാത്രമാണ് ചെയ്യുന്നത്. എന്റെ രക്ഷിതാക്കള്‍ എനിക്ക് ജീവിക്കാന്‍  വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളം വരെയും മര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നു. ഇത് മഹാഭാരമായിട്ടാണ് തീരുന്നത്. ഞാന്‍ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷബീജങ്ങളാല്‍ മലീമസമാണ്. ഞാന്‍ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലുകടിക്കുന്നവയാണ്. ഞാന്‍ ഉടുക്കുന്ന വസ്ത്രം പോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.

പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാന്‍  എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാന്‍  എന്തെങ്കിലും ഉണ്ടായിരിക്കുക- ഈ മൂന്നിലും ആണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്കു നിരാശതയാണ് അനുഭവം. എനിക്ക് ഏക രക്ഷാമാര്‍ഗ്ഗം മരണമാണ്. അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേര്‍പാടില്‍ ആരും നഷ്ടപ്പെടുന്നില്ല; ഞാന്‍ നേടുന്നുമുണ്ട്. മനസാ വാചാ കര്‍മ്മണാ  ഇതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദൃഷ്ടിയും നിയമത്തിന്റെ നിശിതഖഡ്ഗവും നിരപരാധിത്വത്തിന്റെമേല്‍ പതിക്കരുതേ!

എനിക്ക് പാട്ടുപാടുവാന്‍ ആഗ്രഹമുണ്ട്; എന്റെ മുരളി തകര്‍ന്നുപോയി – കൂപ്പുകൈ!”

കൊല്ലം

21-11-1111

1936 ജൂലായ് 11ന~ മാതൃഭൂമി പത്രാധിപര്‍ കവിയെക്കുറിച്ചെഴുതിയ കൂട്ടത്തില്‍ ഇങ്ങനെ ഒരു സംശയം പ്രകടിപ്പിച്ചു: “ കവിയുടെ സങ്കല്‍പ്പലോകം പലരും ആദര്‍ശമായി എടുത്തേക്കാം. അങ്ങനെയിരിക്കെ, ‘മരണമാണ് ജീവിതത്തിന്റെ വമ്പിച്ച സമ്മാനം’ എന്ന്‍ ഒരു കവി ഉത്ഘോഷിക്കുകയാണെങ്കില്‍, അതിന്നനുസരിച്ച് ജീവിതം അവസാനിപ്പിക്കുകയാണെങ്കില്‍ അത് അപക്വമതികളെ വഴിതെറ്റിപ്പിക്കുകയല്ലേ ചെയ്യുക.’

ശരിയാണ്; അതൊരു ആത്മഹത്യയുടെ  കാലഘട്ടമായിരുന്നു. പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കുവാന്‍  എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാന്‍  എന്തെങ്കിലും ഉണ്ടായിരിക്കുക – ഈ മൂന്നിലും ആണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഈ മൂന്നും അന്നും സത്യമായിരുന്നു; ഇന്നും സത്യമാണ്; എന്നും സത്യമായിരിക്കും.

തന്റെ സുഹൃത്തിന്റെ വേര്‍പാടില്‍ മനം നൊന്ത് മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള ‘തകര്‍ന്ന മുരളിക’ എന്ന ലഘു വിലാപ കാവ്യം ആദ്യം എഴുതി. പിന്നീടാണ് ‘രമണന്‍’ എന്ന വിഖ്യാതമായ പ്രണയ കാവ്യമെഴുതിയത്. അതില്‍ തന്റെ ഉറ്റചങ്ങാതിയായിരുന്ന രാഘവന്‍ പിള്ള,  പ്രകൃതിരമണീയമായ  ഇടപ്പള്ളിയുടെ നിഷ്ക്കളങ്കമായ ഗ്രാമീണ പശ്ചാത്തലത്തില്‍, ‘രമണന്‍’ എന്ന കഥാപാത്രമായി ജീവിക്കുന്നു. വെറുമൊരു ആട്ടിടയനായ രമണന്‍ ഒരു ധനിക കുടുംബത്തിലെ പെണ്‍കുട്ടിയെ സ്നേഹിക്കുന്നു. പ്രണയത്തിന്റെ ഊഷ്മളതയും തീവ്രതയും, തന്റെ ആരാധനാവിഗ്രഹം നഷ്ടപ്പെട്ടപ്പോഴുണ്ടായ വ്യഥയും, തുടര്‍ന്നുള്ള നൈരാശ്യവും, മരണത്തില്‍ ആനന്ദം കണ്ടെത്തുന്നതും വികാരനിര്‍ഭരമായ ഭാഷാ  സൌന്ദര്യം തുളുമ്പുന്ന വാക്കുകളില്‍ വരികളില്‍ സൃഷ്ടിച്ചിരിക്കുന്നു. അതിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ 15 പതിപ്പുകളിലായി ഇറങ്ങി.

1944-ല്‍ മണിനാദം ഒരു കവിതാസമാഹാരമായി  കേസരി ബാലകൃഷ്ണ പിള്ളയുടെ അവതാരികയോടെ പ്രസിദ്ധീകരിക്കപ്പെട്ടു.

1946-ല്‍ ചങ്ങമ്പുഴ  ‘ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കൃതികള്‍’ മംഗളം അച്ചടിശാലയിലൂടെ ഒരു സമ്പൂണ്ണ സമാഹാരമായി പ്രസിദ്ധീകരിച്ചു. നാലാം പതിപ്പില്‍ അതുവരെ അപ്രകാശിതമായിരുന്ന സുധ, ചില്ലിക്കാശ് എന്നീ ഗദ്യ രചനകളും അവ്യക്തഗീതം എന്ന ശീര്‍ഷകത്തില്‍,  അവ്യക്തഗീതം (ഗദ്യകവിത), കാമുകന്‍, കൃഷിപ്പാട്ട്, അറിയുന്നു ഞാന്‍ (വിവര്‍ത്തനം) ഉള്‍പ്പെടുത്തി.

പ്രണയത്തിന് ദൈവീക പ്രതിഛായ നല്‍കി ഉപാസിച്ച് ഒടുവില്‍ മോഹഭംഗമെന്ന മരുഭൂമിയിലെ ചുഴലിക്കാറ്റില്‍ ചുറ്റി ആഞ്ഞടിക്കപ്പെട്ട്  അഗാധഗര്‍ത്തത്തില്‍ ഇങ്ങിനി ഉയരാത്തവണ്ണം  താണുപോയ കാല്‍പ്പനിക കവി തന്റെ സര്‍ഗ സൃഷ്ടികളിലൂടെയും ചങ്ങമ്പുഴയുടെ അനശ്വരനായ രമണനിലൂടെയും ഇന്നും ജീവിക്കുന്നു.

Advertisements

One thought on “ഇടപ്പള്ളി രാഘവന്‍ പിള്ള – ഒരു അനുസ്മരണം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w