മാസം: മേയ് 2016

പച്ചാളം എന്ന ഗ്രാമചന്ത

oru_kazh

ചന്തയില്‍ പോകുന്നു എന്ന്‍ പറയുന്നതിനുപകരം പച്ചാളത്തു പോകുന്നു എന്നാണ് സാധാരണ ഞങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഓര്‍മ്മകള്‍ വിവരിക്കുന്ന 1950-1960 കാലങ്ങളില്‍ എനിക്ക് ചന്തയില്‍ അധികം പോകേണ്ടിവന്നിട്ടില്ല. അതുകൊണ്ട് കണ്ടറിവാണ് ഇവിടെ പകര്‍ത്തുന്നത്.

തെക്ക് വടക്കായി കിടക്കുന്ന പ്രധാന പാത (ചിറ്റൂര്‍ റോഡ്) പച്ചാളത്ത് നാലുംകൂടിയ കവലയില്‍ എത്തുമ്പോള്‍ ചുറ്റും കടകള്‍കൊണ്ട് സാമാന്യം തിങ്ങിയിരുന്നു. കവലയില്‍നിന്നും പടിഞ്ഞാറോട്ടുള്ള വഴിയിലായിരുന്നു ശരിയായ ചന്ത. എറണാകുളം ടെര്‍മിനസ് സ്റ്റേഷനിലേക്കുള്ള തീവണ്ടിപ്പാതയിലെ ഗേറ്റ് കടന്നാണ് ചന്തയിലേക്ക് പോകേണ്ടിയിരുന്നത്. ചന്ത കഴിഞ്ഞാല്‍ വഴിയുടെ വടക്കുഭാഗത്ത് സെമിത്തേരിയും ചാത്ത്യാത് പള്ളിയും തെക്കു ഭാഗത്ത് പെണ്‍കുട്ടികള്‍ക്കുള്ള പള്ളിക്കൂടവുമായിരുന്നു. ആ പള്ളിക്കുടത്തിലാണ് ഞാന്‍ ഒന്നാം തരം മുതല്‍ പത്താം തരം വരെ പഠിച്ചത്. പള്ളിയുടേയും പള്ളിക്കൂടത്തിന്റെയും പടിഞ്ഞാറെ അതിര്‍ത്തി വേമ്പനാട്ടുകായലിന്റെ ഭാഗമായ കൊച്ചി (എറണാകുളം) കായലായിരുന്നു. ഇന്ന്‍, കായലരികിലൂടെ പാത നിര്‍മ്മിച്ചിരിക്കുന്നു. അറബിക്കടലില്‍നിന്നും വീശുന്ന മന്ദമാരുതന്‍ കായലിലെ കൊച്ചോളങ്ങളെ തഴുകി ആ മനോഹരപാതയിലൂടെ മന്ദം മന്ദം നടന്നു നീങ്ങുന്ന വിനോദസഞ്ചാരികളെ പുല്‍കി തെന്നി തെന്നി പോകുമ്പോള്‍  ഒരു സുഖകരമായ അനുഭൂതി അവറ്ക്കേകുന്നു. 

കാട് കയറാതെ വിഷയത്തിലേക്ക് കടക്കാം.

ചന്തയിലേക്ക് പോകുന്നവരെ എളുപ്പത്തില്‍ തിരിച്ചറിയാം. കയ്യില്‍ ഒരു തുണി സഞ്ചിയൊ ചണസഞ്ചിയൊ കാണും. മിക്കവാറും അതില്‍ തമിഴ് ഭാഷയില്‍ എല്‍ ജി കായം അയ്യപ്പ ടെക്സ്റ്റൈല്‍‌സ് എന്നൊക്കെ നിറയെ എഴുതിയിരിക്കും. ഇവിടെ തയിച്ചതാണെങ്കില്‍ കാക്കിത്തുണിയായിരിക്കും ഉപയോഗിച്ചിരിക്കുക. സഞ്ചി കൂടാതെ, വെളിച്ചെണ്ണ, നല്ലെണ്ണ, മരോട്ടി എണ്ണ തുടങ്ങിയവയ്ക്ക് ചെറുതും വലുതുമായ കുപ്പികളും കരുതിയിരിക്കും. കുപ്പിയുടെ കഴുത്തില്‍ ചരടുകൊണ്ട് കുരുക്കിട്ട് വളയം ആക്കി കയ്യില്‍ പിടിക്കുവാന്‍ സൌകര്യപ്പെടുത്തുന്നതും പതിവായിരിrക്കുന്നു. മീന്‍ വാങ്ങാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ കമുകിന്‍ പാള കൊണ്ടോ ചൂരല്‍ കൊണ്ടോ പനമ്പ് കൊണ്ടോ ഉണ്ടാക്കിയ മീന്‍ക്കൂടകൂടി കയ്യിലുണ്ടാകും. ഇറച്ചി വേണ്ടവര്‍ കാട്ടുചേമ്പിന്റെ ഇലയോ വലിയ വട്ടയിലയോ കയ്യില്‍ കരുതും. ചുരുക്കത്തില്‍, കൈയ്യും വീശി പോകുന്നവര്‍ വളരെ കുറവായിരിക്കും. ഒന്നില്‍ കൂടുതല്‍ സാധനങ്ങളുണ്ടെങ്കില്‍ ആദ്യം പത്രക്കടലാസില്‍ കുമ്പിളുകുത്തി പൊതിയും. പിന്നെ, അത് ചാക്കുചരടുപയോഗിച്ച് നെടുകെയും കുറുകെയും നന്നായിട്ട് ചുറ്റി രണ്ടറ്റവും കൂട്ടി തിരുമ്മി യോജിപ്പിക്കും. പലപ്പോഴും കെട്ടഴിഞ്ഞുപോയിട്ട് സാമാനം തൂകിപ്പോകുന്നതും വഴക്കു പേടിച്ച് കുട്ടികള്‍ വാവിട്ട് നിലവിളിക്കുന്നതും പതിവ് കാഴ്ചയായിരുന്നു. പിന്നീട്, പല വലിപ്പങ്ങളിലുള്ള കടലാസ് കൂടുകള്‍ ഇറങ്ങി. അവ കൂടുതല്‍ സൌകര്യപ്രദവും പൊട്ടാനുള്ള സാധ്യത കുറവുമായിരുന്നു.

ചന്തയില്‍ പോകുന്നത് കൃസ്ത്യാനി സ്ത്രീകളാണെങ്കില്‍ പുറകില്‍ ഞൊറിവിട്ട മുണ്ടും ചട്ടയുമായിരിക്കും വേഷം. ഒരു ചെറിയ തോര്‍ത്തോ കവണിയോ മിക്കവാറും മേലെ ഇട്ടിരിക്കും. കഴുത്തില്‍ വെന്തീഞ ഉണ്ടായിരിക്കും. കാതില്‍ മേക്കാമോതിരവും. പോട്ട് തൊടാറില്ല.  മുണ്ടും ബ്ലൌസുമായിരുന്നു സാധാരണ ഹിന്ദു സ്ത്രീകളുടെ വേഷം. ബ്ലൌസിന് പകരം റൌക്ക ഇടുന്നവരും ഉണ്ടായിരുന്നു. മീന്‍കാരികള്‍ മിക്കവരും മുട്ടറ്റം ഇറക്കത്തില്‍ മുണ്ടും, മാറ് മറയ്ക്കാന്‍ കറുപ്പന്‍ കച്ചയുമാണ്  ഉപയോഗിച്ചിരുന്നത്. വിവാഹിതരായ  ഹിന്ദുസ്ത്രീകള്‍ കുങ്കുമം കൊണ്ടുള്ള പൊട്ടുതൊടുമ്പോള്‍ കന്യകമാര്‍ കറുപ്പോ ചുവപ്പോ ചാന്തുപൊട്ടാണ്  ഉപയോഗിച്ചിരുന്നത്~.  മുടി കുളിപ്പിന്നല്‍ ചെയ്ത്~ഒതുക്കിയിടും. ചിലപ്പോള്‍ അറ്റത്ത് ഒരു കെട്ടുമുണ്ടാകും. മുതിര്റ്ന്നവര്‍ കഴുത്തിന്റെ പുറകില്‍ വരത്തക്കവണ്ണം സാധാരണ കൈകൊടുത്തന്നെ കൊണ്ടകെട്ടിവയ്ക്കുകയായിരുന്നു ചെയ്തിരുന്നത്~. കൂടക്കൂടെ മുടിയഴിയുകyum വീണ്ടും കെട്ടിന്നതും  പതിവ് കാഴ്ചയായിരുന്നു. 

വി’ ആകൃതിയില്‍ കഴുത്തുവെട്ടി കോറത്തുണിയില്‍ തയിച്ച ബനിയനും വെള്ള ഒറ്റ മുണ്ടോ കൈലിയോ ആയിരുന്നു പുരുഷന്മാരുടെ പൊതുവേയുള്ള വേഷം. കട്ടിയുള്ള നൂലുപയോഗിച്ച് ധാരാളം തുളകളിട്ട് ഭംഗിയായി തയിച്ച് പലനിറങ്ങളില്‍ ലഭിച്ചിരുന്ന ബനിയനിടുന്നവര്‍ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഇടയില്‍ ഉണ്ടായിരുന്നു. ചിലര്‍ തോളത്തു തുറപ്പുള്ള കനം കുറഞ്ഞ പലനിറങ്ങളിലുള്ള വോയില്‍ തുണിയില്‍ തുന്നിയ ജുബ്ബാ ഇടും; മറ്റുചിലരാകട്ടെ ഷര്‍ട്ടിടുo. പാന്‍റിടുന്നവരെ കാണാറില്ലായിരുന്നു എന്നു തന്നെ പറയാം. കാലില്‍ ചെരിപ്പിടുന്നവര്‍ വിരലിലെണ്ണാന്‍ മാത്രം. പുരുഷന്മാരിലധികവും മീശ വളര്‍ത്തുന്നവരായിരുന്നു. അതിലുമുണ്ടായിരുന്നു വൈവിധ്യം. അറ്റം പിരിക്കാവുന്ന തരത്തിലുള്ള കപ്പട മീശ, എലിവാലന്‍ മീശ, മേല്‍ചുണ്ടിന്റെ മുകളില്‍ മൂക്കിനു താഴെ മാത്രമുള്ള മീശ, മേല്‍ചുണ്ടിന്റെ മുകളില്‍ കട്ടിയുള്ള മീശ. അങ്ങനെ പലതരം മീശകള്‍. താടി വടിക്കുന്ന കാര്യത്തില്‍ അത്ര കൃത്യതയൊന്നും പാലിക്കാറില്ലായിരുന്നു. മീശയും താടിയും നീട്ടി വളര്‍ത്തുന്നവരും മീശയില്ലാതെ താടിമാത്രം വളര്‍ത്തുന്നവരും ഉണ്ടായിരുന്നു. ബുള്‍ഗാനിന്‍ താടി ലെനിന്‍ താടി തുടങിയവ ചെറുപ്പക്കാരുടെ ഇടയില്‍ പ്രചാരത്തിലിരുന്നു.

പുരുഷന്മാര്‍ പോക്കറ്റിന്റെ അകത്തു കാശ് സൂക്ഷിക്കുകയായിരുന്നു പതിവ്. പേര്‍സ് ചുരുക്കം ചിലരുടെ കയ്യില്‍ കാണും. അടിവസ്ത്രത്തിലൂള്ള  കീശയില്‍ പണo  സുക്ഷുക്കുന്നവരും ഉണ്ടായിരുന്നു. പല സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുണികൊണ്ട് തയിച്ച മടിശ്ശീലയുണ്ടായിരുന്നു. അന്ന് സിപ്പ് ഇല്ലാതിരുന്നതുകൊണ്ട്` അറ്റത്ത് ഉടക്കിയിട്ടിരുന്ന ചരടുകൊണ്ടായിരുന്നു മടിശ്ശീല ബന്ധവസ്സാക്കിയിരുന്നത്. മുറുക്കുന്ന ശീലം പൊതുവേ വ്യാപകമായിരുന്നതുകൊണ്ട് പലരും വെറ്റില പാക്ക് ചുണ്ണാമ്പ് പുകയില പൊതിയുടെ കൂടെ കാശും സൂക്ഷിക്കുമായിരുന്നു. ഹാന്‍ഡ്ബാഗ് പിടിക്കുന്ന സമ്പ്രദായം സ്ത്രീകള്‍ക്കില്ലായിരുന്നു. ബീഡിക്കുറ്റികള്‍ ചെവിക്കും ചെന്നിക്കും ഇടയില്‍ സൂക്ഷിക്കുന്ന വിരുതന്മാര്‍ ധാരാളം ഉണ്ടായിരുന്നു. 

സ്ത്രീ പുരുഷന്മാരുടെ കൂടെ പലപ്പോഴും ചൊറിപിടിച്ചും  വയറുന്തി മൂക്കൊലിപ്പിച്ചും ചിണുങ്ങി ചിണുങ്ങി നടക്കുന്ന കുട്ടികളുണ്ടായിരിക്കും. ബാലികമാരുടെ വേഷം കുട്ടിയുടുപ്പോ പെറ്റിക്കോട്ടോ ആയിരിക്കും. കൌമാരക്കാരാണെങ്കില്‍ ഞൊറിവുള്ള പാവാടയും ബ്ലൌസും. ആണ്‍കുട്ടികള്‍ വള്ളിനിക്കര്‍ മാത്രമായിരിക്കും ധരിക്കുക. ചിലപ്പോള്‍ പാകമല്ലാത്ത ഷര്‍ട് കൂടി ഇടും പലപ്പോഴും ബട്ടണൊന്നും ഉണ്ടാകുകയില്ല. വള്ളിയൊക്കെ തൂങ്ങിക്കിടക്കും. ആണ്‍കുട്ടികള്‍ മിക്കവാറും സൈക്കിള്‍ ചക്രം ചെറിയ ഒരു കോലുപയോഗിച്ച് ഉരുട്ടിക്കൊണ്ടോ, ഓലകൊണ്ടുള്ള കാറ്റാടി പറപ്പിച്ചുകൊണ്ടോ ആയിരിയ്ക്കും യാത്ര. വഴിയരികില്‍ അരികാസ് (ഗോലി) കളിക്കുന്നവരെ കണ്ടാല്‍ ആണ്‍കുട്ടികള്‍ അവരുടെ കൂടെ കളിക്കുകയോ കാഴ്ചക്കാരായ് നില്‍ക്കുകയോ ചെയ്യും.

രാവിലെ എട്ടുമണിയോടുകൂടി കടകള്‍ തുറന്നുതുടങ്ങും. കടകള്‍ക്കൊന്നും ഇന്നത്തെപ്പോലെ   ഇരുമ്പിന്റ്റെ  ഷട്ടര്‍ ഉണ്ടായിരുന്നില്ല. വാതിലിനുപകരം അവിടെ  പലകകള്‍ നിളത്തില്‍ അടുക്കി വയ്ക്കുകയാണ് ചെയ്തിരുന്നത്. നീളത്തിലുള്ള  കമ്പി ആ പലകകളുടെ കുറുകെ വെച്ചു~ ഒരു പ്രത്യേകതരത്തില്‍ കോളുത്തുണ്ടാക്കി വലിയ ഇരുമ്പ് പൂട്ടുകൊണ്ട് പൂട്ടിയിടും.  

ഒരു ചെറിയ വെളിമ്പ്രപ്രദേശമായിരുന്നു ചന്ത. സ്ത്രീകളുo പുരുഷന്മാരും കുറച്ചു സാധനങ്ങള്‍ മാത്രം തലച്ചുമടായി കൊണ്ടുവരിക; അത് തീരുന്നതുവരെ അവിടെ തങ്ങുക എന്നതായിരുന്നു പതിവ്. പലചരക്കുകള്‍ കട്ടവണ്ടി (ഉന്തുവണ്ടി) യിലാണ് എത്തിച്ചുകൊണ്ടിരുന്നത്.  ചിലപ്പോള്‍ ആളുകള്‍ വലിക്കുന്ന റിക്ഷയിലും. പച്ചക്കറിക്കടകളില്‍ വാഴക്കുലകള്‍ (ഏത്തന്‍, പാളയങ്കോടന്‍, മോന്തന്‍, പടറ്റി തുടങ്ങിയവ), കുമ്പളം, മത്തന്‍, വെള്ളരി, ചീര, വഴുതിന, വെണ്ട, കൊത്തമര, അച്ചിങ്ങ, അമര, വാളന്‍ പയര്‍, ഇറച്ചിപയര്‍, ചക്ക, കടച്ചക്ക, വടുകപ്പുളി നാരങ്ങ, ചെറുനാരങ്ങ, ഉരുളക്കിഴങ്, പച്ചമുളക്, ഇഞ്ചി, വേപ്പില തുടങിയവയായിരുന്നു പ്രധാനമായും ലഭിച്ചിരുന്നത്. ചേനയും, കൂര്‍ക്കയും, കണ്ടിച്ചേമ്പും, ചെറുചേമ്പും കാച്ചിലും, നനകിഴങ്ങും (ചെറുകിഴങ്ങ്) വിളവെടുക്കുന്ന സമയങ്ങളില്‍ മാത്രം എത്തുമായിരുന്നു. പക്ഷേ, ഒന്നിനും ഇന്നത്തേതുപോലെ വലിപ്പമുണ്ടായിരുന്നില്ല. തക്കാളി, കാരട്ട്, കാബേജ്, ബീന്‍സ്, കോളിഫ്ളവര്‍ തുടങ്ങിയവ ശൈത്യകാലത്തുമാത്രം വളരെ കുറഞ്ഞ അളവില്‍ വരുന്നവയായിരുന്നു. മല്ലിയില ഉലുവയില പാലക് തുടങ്ങിയവയൊന്നും തന്നെ വരാറില്ലായിരുന്നു.

അക്കാലത്ത് വളരെ പ്രചാരത്തിലിരുന്ന ചില കടംകഥകള്‍ ഇങ്ങനെയായിരുന്നു: ഒറ്റക്കണ്ണന്‍ ചന്തയ്ക്കുപോയി; മുക്കണ്ണന്‍ ചന്തയ്ക്കു പോയി; ചാരത്തില്‍ പൂണ്ടവന്‍ ചന്തയ്ക്കുപോയി. അടയ്ക്ക, തേങ്ങ, കുമ്പളം. ഞെട്ടില്ലാ വട്ടയില. പപ്പടം. ഇട്ടാല്‍ പൊട്ടും ഇംഗ്ലിഷ് മുട്ട. കടുക്.

ഫലവര്‍ഗ്ഗങ്ങളില്‍ ഏറ്റവും പ്രധാനം പാളയങ്കോടന്‍ പഴവും ഏത്തപ്പഴവുമായിരുന്നു. പൂവന്‍പഴം സാധാരണക്കാര്‍ വാങ്ങാറില്ല. വില താങ്ങാന്‍ പറ്റില്ല എന്നതായിരുന്നു കാരണം. വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവന്‍പഴം എന്ന കഥ അധികം പേരും വായിച്ചിരിക്കുവാന്‍ സാധ്യതയുണ്ട്.

കുത്തരി പതിവായി വില്‍ക്കുന്നവരുണ്ടായിരുന്നു. ചിലപ്പോള്‍, അവര്‍ അവലും കൊണ്ടുവരും. ഉരിയും നാഴിയും ഇടങ്ങഴിയുമായിരുന്നു പ്രധാന അളവ് പാത്രങ്ങള്‍. അളവിങ്ങനെ:

 • 2 ആഴക്ക് = 1 ഉഴക്ക്
 • 2 ഉഴക്ക് = 1 ഉരി
 • 2 ഉരി = 1 നാഴി = 300 ml
 • 4 നാഴി = 1 ഇടങ്ങഴി = 1200 ml
 • 10 ഇടങ്ങഴി =  1 പറ
 • 6 നാഴി = 1 നാരായം
 • 8 പറ = 1 ചാക്ക്
 • 10 ചാക്ക് = 1 വണ്ടി

കൊള്ളിക്കിഴങ് (കപ്പ) പച്ചയായും, ആവിയില്‍ പുഴുങ്ങിയതും, ഉണക്കിയതും, പുഴുങ്ങി ഉണക്കിയതും ഉണ്ടാകും. പുഴുങ്ങിയ കപ്പ ഒരെണ്ണം മുഴുവനായോ പകുതിയായോ കിട്ടും. വലിയ കുട്ടകത്തിന്റ്റെ അടിയില്‍ വെള്ളമൊഴിക്കും. പിന്നീട് തടയായി നീലത്തില്‍ കീറിയ വിറകു കഷണങ്ങള്‍  അടുക്കി വെക്കും. അതിനു മുകളില്‍ കഴുകിയ കപ്പ അടുക്കിവെക്കും. അത് ആവിയില്‍ വേകും. സാധാരണ കിഴങ്ങ് വിടുതുടങ്ങുമ്പോഴാണ് എടുക്കാറ്.  മധുരക്കിഴങ് വെള്ളയും ചുവപ്പും മഞ്ഞയും ഉണ്ടാകും. മുഴുവന്‍ കരിക്കനായിരിക്കും. എന്നാലും വാങ്ങും. 

കണക്കന്‍മാര്‍ അവര്‍ക്ക് കിട്ടുന്ന തേങ്ങ ചന്തയില്‍ കൊണ്ടുവന്ന് വില്‍ക്കുന്ന പതിവുണ്ടായിരുന്നു. കൂടാതെ, തേങ്ങ മാത്രം കച്ചവടം ചെയ്യുന്നവരുമുണ്ടായിരുന്നു. തേങ്ങ മുഴുവനായോ, അരമുറി, കാല്‍ മുറി, പൂളുകള്‍ തുടങ്ങിവയായോ കിട്ടും. ഒട്ടും മൂക്കാത്ത തേങ്ങയാണെങ്കില്‍ മൂക്കുചകിരി ഒട്ടിപ്പിടിച്ചിരിക്കും. വെള്ളം നിറഞ്ഞിരിക്കുന്നതുകൊണ്ട് കുലുക്കവും കുറവായിരിക്കും.

കുംബ്ലൂസ് നാരങ്ങ (അല്ലിയായും, മുഴുവനായും), ചെമ്മീന്‍പുളി, വാളന്‍പുളി, നെല്ലിപ്പുളി, കുടമ്പുളി, വരിപ്പന്‍ പുളി, ലൂവിക്ക (ലവ്ലോലിക്ക), നെല്ലിക്ക, കണ്ണിമാങ്ങ, കോമാങ്ങ, ചന്ദ്രക്കാരന്‍, മൂവാണ്ടന്‍, പ്രീയൂര്‍, കല്ലുകെട്ടി, കിളിച്ചുണ്ടന്‍, തുണ്ടുകളാക്കിയ ചക്ക, പൊട്ടുവെള്ളരിക്ക, കുമ്മട്ടിക്ക (തണ്ണിമത്തന്‍), പേരക്ക, സബര്‍ജില്ലി, അമ്പഴങ്ങ, കാരയ്ക്ക തുടങ്ങിയവയൊക്കെ അതാത് സമയത്ത് മാത്രം കിട്ടുന്നവയായിരുന്നു. ആപ്പിളുo ഓറഞ്ചും മുന്തിരിയും അത്ര സുലഭമായിരുന്നില്ല.

ചാള (മത്തി), അയല, ചൂര, വരാല്‍, കിളിമീന്‍, കണവ, പരവ, നത്തോലി, നങ്ക്, പൊടിചെമ്മീന്‍, കൊഴുവ, പള്ളത്തി, തിലോപ്പി, കക്ക, ഞണ്ട് തുടങ്ങിയവയായിരുന്നു സാധാരണ വരാറുണ്ടായിരുന്നത്. വരവും എണ്ണവും വലുപ്പവുമായിരുന്നു വില നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍. ചെറു മീനുകള്‍ ചെറു കൂനകളായി വെക്കും. രാവിലെ ഒരു രൂപയ്ക്ക് 20 ചാളയാണ് കൊടുത്തിരുന്നതെങ്കില്‍ സന്ധ്യയ്ക്ക് നേരം ഇരുട്ടിത്തുടങ്ങുമ്പോള്‍ വില നാലിലൊന്നായി കുറയും. ഐസ് ഇടുന്ന പതിവില്ലാതിരുന്നതുകൊണ്ട് വില കുറയ്ക്കുകയല്ലാതെ വിറ്റുതീര്‍ക്കുവാന്‍ മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലായിരുന്നു. ഉണക്കമീനിനും ആവശ്യക്കാര്‍ ധാരാളം ഉണ്ടായിരുന്നു.

കാക്കകള്‍ തരം കിട്ടിയാല്‍ മീന്‍ കൊത്തിയെടുത്തുപറന്നു കളയും. അതൊഴിവാക്കാന്‍ കമുകിന്‍ പാളയുടെ മുകളില്‍ പനമ്പുകൊണ്ടുള്ള മീങ്കോട്ട വെച്ച്, മുറം കൊണ്ട് അടയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. കറുത്ത വീതികുറഞ്ഞ ശീലക്കഷണങ്ങള്‍ ഒരു കോലിന്റെ അറ്റത്തു കെട്ടിയിട്ടും, ചിലപ്പോള്‍ ചത്ത കാക്കയുടെ ചിറകുകള്‍ തന്നെ തൂക്കിയിട്ടും, കവണ ഉപയോഗിച്ച് ചെറിയ കല്ലുകള്‍ പായിച്ചും കാക്കകളെ ഓടിക്കുവാന്‍ ശ്രമിക്കുമായിരുന്നു. പൂച്ചകളാകട്ടെ മ്യാവൂ കരഞ്ഞുകൊണ്ട് വട്ടം ചുറ്റി നടക്കും. എന്നിട്ട് തരം പാര്‍ത്ത് തലയിട്ടെടുക്കും. അപ്പോള്‍, മീന്‍കാരി പ്രാകും.

ഇറച്ചിക്കടയുടെ മുമ്പില്‍ ഒരു വലിയ തടിക്കഷണം ഉറപ്പിച്ചുവെച്ചിരിക്കും. അതിനടുത്ത് വെട്ടുകാരന് ഇരിക്കാന്‍ ഒരു ബെഞ്ചുമുണ്ടാകും. കൂടാതെ അടുത്തുതന്നെ മണ്ണില്‍ കുറെ നായകള്‍ കാവലിരിക്കുന്നുമുണ്ടാവും. ഇടയ്ക്ക് നായ്ക്കള്‍ കടിപിടികൂടും. ഇറച്ചി (മാംസം) ഒരു കഴുക്കോലില്‍ തൂക്കിയിടുകയായിരുന്നു പതിവ്. മാട്ടിറച്ചിയും ആട്ടിറച്ചിയുമായിരുന്നു അവിടെ വിറ്റിരുന്നത്. ചിലപ്പോള്‍ വലിയ കൊമ്പുകളുള്ള കാളക്കൂറ്റന്‍മാരേയും, ആട്ടിന്‍കുട്ടികളെയും അവിടെ കെട്ടിയിട്ടിരിക്കുന്നത് കാണാമായിരുന്നു. ഞായറാഴ്ചകളിലും പെരുന്നാള് ദിവസങ്ങളിലും ഇറച്ചിക്കടയില്‍ നല്ല തിരക്കായിരിക്കും. ചേമ്പിലയിലോ, വട്ടയിലയിലോ ആണ് ഇറച്ചിപൊതിഞ്ഞുകൊടുക്കാറ്.

മുട്ടയും, കോഴിയും, താറാവുമൊക്കെ പെരുന്നാളടുപ്പിച്ച് വില്‍പ്പനയ്ക്കായ് എത്തുമായിരുന്നു. മുട്ടയും നാടന്‍ കോഴിയും സാധാരണയായി വീടുകളില്‍നിന്നുമാണ് ആളുകള്‍ വാങ്ങിയിരുന്നത്. മിക്ക വിടുകളിലും ആടു വളര്‍ത്തുന്ന പതിവുണ്ടായിരുന്നു. സാമാന്യം ഭേദപ്പെട്ട വീടുകളിലൊക്കെ പശുവുമുണ്ടാകും. അതുകൊണ്ട് പ്ലാവിലയും പുല്ലും ചന്തയില്‍ എന്നും സന്ധ്യയ്ക്ക് വരുമായിരുന്നു. വൈക്കോല്‍ കണ്ടിട്ടില്ല.

സ്ഥിരമായിട്ടല്ലാതെ ഇടയ്ക്കിടെ സന്ദര്‍ശ്ശനത്തിന് വരുന്ന പല കൂട്ടരും ഉണ്ടായിരുന്നു. അതിലൊന്ന് ഭര്‍ത്താവും ഭാര്യയും ഒരു കുരങ്ങും കുറെ കുട്ടികളും അടങ്ങുന്ന സര്‍ക്കസ് കുടുംബമായിരുന്നു. കുരങ്ങും കുട്ടികളും ആദ്യം വെറുതെയും പിന്നെ പല വലിപ്പങ്ങളിലുള്ള വളയങ്ങള്‍ക്കകത്തുകൂടിയും കൂട്ടത്തിലുള്ള ആരുടെയെങ്കിലും താളത്തിനൊത്തു മലക്കം മറിയും. പലപല ചെപ്പിടിവിദ്യകളും അവര്‍ കാണിക്കും. ചിലപ്പോള്‍ നൃത്തവും പാട്ടുമൊക്കെവുണ്ടാവും. ചന്തയില്‍ വരുന്നവര്‍ വരുന്നവര്‍ കാഴ്ചക്കാരാവും. വിരിച്ചിട്ടിരിക്കുന്ന പഴയ തുണിയിലേക്ക് ജനങ്ങള്‍ നാണയത്തുട്ടുകള്‍ എറിഞ്ഞിടും.

കൈനോട്ടക്കാര്‍ പക്ഷിശാസ്ത്രക്കാര്‍ തുടങ്ങിയ ഭാവി പ്രവചനക്കാരായിരുന്നു ഇടയ്ക്കു വരുന്ന മറ്റൊരു കൂട്ടര്‍. കൈനോട്ടക്കാര്‍ കൈവെള്ളയിലെ വരകള്‍ നോക്കിയാണ് ഭൂതവും, വര്‍ത്തമാനവും, ഭാവിയും പറഞ്ഞിരുന്നത്. പക്ഷിശാസ്ത്രക്കാരാകട്ടെ പച്ച തത്തയെ ഉപയോഗിച്ചും. ഒരു കൂട്ടില്‍ ഒരു തത്തയും പത്തു പന്ത്രണ്ട് ചെറിയ പുസ്തകങ്ങളും ഉണ്ടാകും. തത്തയെക്കൊണ്ട് നിരത്തിവെച്ച പുസ്തകങ്ങളില്‍നിന്നും ഒരെണ്ണം എടുപ്പിക്കും. പിന്നെ, അത് മുന്നിലിരിക്കുന്ന ആളെ വായിച്ചുകേള്‍പ്പിക്കുo. അര്‍ത്ഥം വിവരിച്ചുകൊടുക്കുo. ഇരുകൂട്ടരും മുഖലക്ഷണവും പറയും. ആദ്യം കുറച്ചു പറയും. അപ്പോള്‍ കേള്‍ക്കുന്ന ആളുടെ ആകാംക്ഷ വര്‍ദ്ധിക്കും. വിവരണം കൂടുംതോറും പ്രതിഫലവും കൂടും. പലപ്പോഴും പരിഹാരവും നിര്‍ദ്ദേശിക്കും.

മറ്റൊരു കൂട്ടര്‍ ലാടന്‍മാരായിരുന്നു. മുത്തുമാലയും കല്ലുമാലയും അണിഞ്ഞ് പുലിനഖവും തൂക്കി വരുന്നവര്‍. യൂക്കാലിപ്ടസ് തൈലം, തേന്‍, രാമച്ചം, മയില്‍പ്പീലി, പിന്നെ കുറെ ഒറ്റമൂലികള്‍, എന്തൊക്കെയോ നിറച്ച കുറെ കുഞ്ഞുകുപ്പികള്‍ തുടങ്ങിയവ അവരുടെ കൈവശമുണ്ടാവും. തലവേദന, വയറുവേദന, കാലുവേദന, മേലുവേദന തുടങ്ങിയവയൊക്കെ ഉടനെ മാറുമെന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. അവിടെ നല്ല തിരക്കായിരിക്കും.

പിന്നെയുള്ള ഒരു കൂട്ടര്‍ അല്ലറ ചില്ലറ സാധനങ്ങള്‍ വില്‍ക്കുന്നവരായിരുന്നു. അതിനുചുറ്റും സ്ത്രീകളും കുട്ടികളുമായിരിക്കും കൂടുതല്‍. കറുപ്പും ചുവപ്പും നിറങ്ങളിലുള്ള ചാന്തുപൊട്ടുകള്‍, കറുപ്പ് ചുവപ്പ് പച്ച മഞ്ഞ നീല തുടങ്ങിയ നിറങ്ങളിലുള്ള കുപ്പിവളകള്‍, കറുപ്പും ചുവപ്പും നിറങ്ങളിലുള്ള ചരടുകള്‍, പിന്ന്, സ്ലയിഡ്, കണ്‍മഷി, റിബണ്‍, മുത്തുമാലകള്‍, പീപ്പി, പന്ത്, പമ്പരം, പലതരം പാവകള്‍, ബലൂണ്‍ തുടങ്ങിയവയായിരിക്കും ഇവരുടെ ശേഖരം.

വേറൊരു കൂട്ടര്‍ മണ്‍പാത്രങ്ങള്‍ അതായത് കലം, കുടം, കറിച്ചട്ടി, ഉരുളി, കൂജ, മൂടിച്ചട്ടികള്‍, കുടുക്ക എന്നിവ വില്‍ക്കുന്നവരായിരുന്നു. അതുപോലെ തന്നെ പല കനത്തിലുള്ള കയര്‍, ചിരട്ടക്കയില്‍, ചവിട്ടി, തിരികട, മുറം, കുട്ട, വട്ടി, ഉറി, എലിപ്പെട്ടി എന്നിവ കൊണ്ടുവന്ന് വില്‍ക്കുന്നവരും ഇടയ്ക്കിടെ ഇവിടെ എത്താറുണ്ടായിരുന്നു.

മഴക്കാലത്തുമാത്രം എത്തുന്ന ഒരാളുണ്ടായിരുന്നു. കുട നന്നാക്കുന്ന ആള്‍. പുരുഷന്‍മാര്‍ വലിയ കാലന്‍ കുടയും സ്ത്രീകളും കുട്ടികളും താരതമ്യേന ചെറിയ കുടയുമാണ് ഉപയോഗിച്ചിരുന്നത്. ഒരു ഉരുണ്ട നേരിയ കമ്പിയായിരുന്നു കുടയെ നിവര്‍ത്തി താങ്ങിനിറുത്തിയിരുന്നത്. അതെളുപ്പത്തില്‍ ചാടിപ്പോകും. കമ്പിയാണെങ്കില്‍ ഒടിയും. അതുകൊണ്ട് അയാള്‍ക്ക് നല്ല പണി കിട്ടുമായിരുന്നു. മറ്റൊരു കാര്യം. കുട വേണമെന്ന് വലിയ നിര്‍ബന്ധമൊന്നും ആര്‍ക്കും ഉണ്ടായിരുന്നില്ല. ഒരു വലിയ ചേമ്പിലയോ വാഴയിലയോ ധാരാളം മതിയായിരുന്നു.

ഈയം പൂശുന്നവരും ഇടയ്ക് ചന്തയില്‍ വരുമായിരുന്നു. ഓട്ടുപാത്രങ്ങളില്‍ ക്ലാവുപിടിക്കാതെയിരിക്കുവാന്‍ വെളുത്ത ഈയം പൂശുന്ന പതിവുണ്ടായിരുന്നു. അവര്‍ ചെമ്പുകുടം കലം മൊന്ത കിണ്ടി തുടങ്ങിയവയിലെ ഓട്ടയും അടച്ചു തരും. അലുമിനിയം കൊണ്ടും സ്റ്റീല്‍ കൊണ്ടും ഉള്ള പാത്രങ്ങള്‍ അന്നുണ്ടായിരുന്നില്ല.

ചന്തയോട് ചേര്‍ന്നു തന്നെ കൊല്ലന്റെ ഒരു ആലയുണ്ടായിരുന്നു. കറിക്കത്തി, വെട്ടുകത്തി, പേനാക്കത്തി, കഠാര തുടങ്ങിയവയൊക്കെ അയാള്‍ ഉണ്ടാക്കുമായിരുന്നു. ഉലയില്‍ തീ എരിയിക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു.

നേരം ഇരുട്ടുംതോറും എങ്ങനെയെങ്കിലും കച്ചവടം മതിയാക്കി വീട്ടിലെത്താനുള്ള തത്രപ്പാടിലായിരിക്കും എല്ലാവരും. ചന്തയില്‍ വൈദ്യുതിവിളക്കുകള്‍ ആര്‍ക്കും സ്വന്തമായിട്ടുണ്ടായിരുന്നില്ല. പലരും തകരം കൊണ്ടുള്ള ചിമ്മിനിവിളക്കുകളാണ് ഉപയോഗിച്ചിരുന്നത്. റാന്തലും അപൂര്‍വ്വമായി പെട്രോമാക്സും തെളിക്കുന്നവരുമുണ്ടായിരുന്നു.

ചന്തയ്ക്കടുത്തുതന്നെ തന്നെ ചെറിയ ഒരു ചായക്കടയുമുണ്ടായിരുന്നു. പുട്ട്, കടലക്കറി, പഴം പുഴുങ്ങിയത്, പഴംപൊരി, പരിപ്പുവട, വത്സന്‍, കട്ടന്‍ ചായ, കട്ടന്‍ കാപ്പി, പാല്‍ ചായ, പാല്‍ കാപ്പി, ഉച്ചയ്ക്കൂണ് തുടങ്ങിയവയായിരുന്നു പ്രധാന വിഭവങ്ങള്‍. ഒരു കുല ഏത്തപ്പഴം എപ്പോഴും തൂക്കിയിരിക്കും. ഊണ് റെഡി എന്നൊരു ബോര്‍ഡ് മുന്‍വശത്തുതന്നെ വെച്ചിരുന്നു. രണ്ടോ മൂന്നോ നീണ്ട മേശകളും അതിനുചേര്‍ന്ന ബെഞ്ചുകളുമാണ് അകത്തുണ്ടായിരുന്നത്. ഒരു പഴയ റേഡിയോ കാശു വാങ്ങിക്കുന്ന മേശയുടെ അടുത്ത് വെച്ചിരുന്നു. ചുമരില്‍ ഗുരുവായൂരപ്പന്റെ ചില്ലിട്ട പടം തൂക്കിയിരുന്നു. അതിനുമുന്നില്‍ ഉറപ്പിച്ചിരുന്ന സ്റ്റാന്‍ഡില്‍ ചെറിയൊരു നിലവിളക്കും വെച്ചിരുന്നു. പാല്‍ വീടുകളില്‍ നിന്നാണ് എത്തിച്ചിരുന്നത്. ഉരി, നാഴി എന്നിങ്ങനെയാണ് പാല്‍ അളന്നിരുന്നത്. നാഴൂരിപാലുകൊണ്ട് ധാരാളം ചായയും കാപ്പിയും ഉണ്ടാക്കാൻ അയാള്‍ സമര്‍ത്ഥനായിരുന്നു. എല്ലാദിവസവും രാവിലെ ഒരു ജനക്കൂട്ടത്തെ ചായക്കടയുടെ മുന്നില്‍ കാണാം. പത്രവാര്‍ത്തകള്‍ അറിയാന്‍ എത്തിയിട്ടുള്ളവരായിരിക്കും അവര്‍. ഒരാള്‍ ഉറക്കെ വായിക്കും. മറ്റുള്ളവവര്‍ കേള്‍ക്കും. തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ ഉടമസ്ഥനും പങ്കെടുക്കും. അതായിരുന്നു രീതി. പത്രം വരുത്തിയാലെന്താ, ചായയും കടിയും കുറെ വിറ്റുപോകുമല്ലോ!

റേഷന്‍ കടയില്ലാത്ത ഒരു ചന്തയുണ്ടാകുമോ? ഇവിടെയുമുണ്ടായിരുന്നു ഒരു റേഷന്‍കട. പലപ്പോഴും ദുര്‍ഗന്ധമുള്ള ചാക്കരിയും വളരെ പശയുള്ള പച്ചരിയും മണ്ണെണ്ണയും, തുണിയുമൊക്കെ റേഷന്‍ കടയില്‍നിന്നും വാങ്ങിയിരുന്നത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. എനിക്ക് അന്നും ഇന്നും മനസ്സിലാകാത്ത ഒരു കാര്യമുണ്ട്: എന്തിനുവേണ്ടിയായിരുന്നു ഇത്രയും മോശം അരി ഉത്പാദിപ്പിച്ചിരുന്നത്? പിന്നീടൊരു കാലത്ത് അരി കുറച്ചിട്ട് മക്രോണി വിതരണം ചെയ്തുതുടങ്ങി. ഞങ്ങളെപ്പോലെ പലരും മക്രോണി എന്ന വാക്കു തന്നെ ആദ്യമായിട്ട് കേള്‍ക്കുകയായിരുന്നു. പിന്നെ വേണ്ടേ പാചകം ചെയ്യുവാന്‍! കുറച്ചു കഴിഞ്ഞപ്പോള്‍ ഗോതമ്പിന്റെ വരവായി. സൂചിഗോതമ്പും ഉരുണ്ട ഗോതമ്പും മാറി മാറി കിട്ടി. സൂചിഗോതമ്പധികവും റവക്കഞ്ഞിയായി ഉപയോഗിക്കപ്പെട്ടു. ഉരുണ്ട ഗോതമ്പാകട്ടെ ചപ്പാത്തിയുണ്ടാക്കാനും. ചവയ്ക്കുമ്പോള്‍ മോണ കഴയ്ക്കുന്ന രീതിയിലുള്ള ചപ്പാത്തിയായിരുന്നു ആദ്യമൊക്കെ ഉണ്ടാക്കിയിരുന്നത്. ഇന്നും ഞാനുണ്ടാക്കുമ്പോള്‍ ചിലപ്പോഴൊക്കെ അങ്ങനെയാവാറുണ്ട്. ഗോതമ്പ് മലയാളിയുടെ പ്രിയപ്പെട്ട ധാന്യമായി മാറുമെന്ന്‍ അന്നൊരിക്കലും പ്രതീക്ഷിച്ചതല്ല.

കവല എത്തുന്നതിനുമുമ്പ് പ്രധാന പാതയുടെ കിഴക്കുവശത്തായി അങ്ങാടിമരുന്നുകള്‍ വില്‍ക്കുന്ന കട ഉണ്ടായിരുന്നു. പല തരം വേരുകള്‍, തൊലികള്‍, കിഴങ്ങുകള്‍, ഇലകള്‍, വിത്തുകള്‍, ഉണക്കിയ ചെടികള്‍, ഇഞ്ച, ചകിരി നിറഞ്ഞ പീച്ചില്‍, ചുക്ക്, കുരുമുളക്, ഏലം, അയമോദകം, പലതരം തൈലങ്ങള്‍, രാസ്നാതിപ്പൊടി, അഷ്ടചൂര്‍ണ്ണം, ആവണക്കെണ്ണ, പനിനീര്‍, വായുഗുളിക തുടങ്ങിയവയൊക്കെ വില്‍പ്പനയ്ക്ക് വെച്ചിരുന്നു. കൂടാതെ അത്യാവശ്യക്കാര്‍ക്ക് കൊടുക്കുവാന്‍ ഗംഗാജലവും അവിടെ കരുതിവച്ചിരുന്നു. അതിനടുത്തുകൂടി പോകുമ്പോള്‍ നല്ല സുഗന്ധമായിരുന്നു. അതുകൊണ്ട് മൂക്ക് വിടര്‍ത്തി നല്ലപോലെ ശ്വാസം അകത്തേക്കെടുത്താണ് അതിലെ കടന്നുപോകുക.

അങ്ങാടി മരുന്ന് കച്ചവടം കൂടാതെ ഒരു ഉപതൊഴിലും അയാള്‍ക്കുണ്ടായിരുന്നു. അത് ലക്കിടിപ്പ് നടത്തുക എന്നതായിരുന്നു. ഒരുകട്ടിയുള്ള കലണ്ടറിന്റെ താളില്‍ വര്‍ണ്ണ കടലാസില്‍ ഒരു കാശിന്റെ വലിപ്പമുള്ള ഒരു ബിസ്കറ്റ് പൊതിഞ് ഒട്ടിച്ചുവെച്ചിരിക്കും. പത്തുവീതം പത്തുനിരകളിലായി ആകെ നൂറെണ്ണമാണ് വയ്ക്കാറ്. ബിസ്ക്കറ്റിന്റെ മുകളില്‍ 0,1,2,3 തുടങ്ങിയ അക്കങ്ങളുമുണ്ടാവും. ഒരു കാലണ കൊടുത്താല്‍ ലക്കിടിപ്പില്‍ പങ്കെടുക്കാം. വളരെ ചുരുക്കമായി ഞാന്‍ കാലണ സംഘടിപ്പിച്ച് ഭാഗ്യപരീക്ഷണം നടത്തുമായിരുന്നു. പ്രതീക്ഷയോടെ പൊതി തുറക്കുമ്പോള്‍ ‘0’ എന്ന അക്കമാണ് തെളിഞ്ഞുവരാറ്. അടുത്ത തവണ മോള്‍ക്ക് കിട്ടും എന്നുപറഞ്ഞ് കടക്കാരന്‍ ആശ്വസിപ്പിക്കും. ഒരു തവണ ഒരു ചെറിയ ചീപ്പ് കിട്ടിയതായി ഓര്‍ക്കുന്നു.

നാണയങ്ങളുടെ വിനിമയം ഇങ്ങനെ:

 • 3 കാശ് (ശില്ലി) = 1 കാലണ (1 ഓട്ട മുക്കാല്‍)
 • 12 കാശ് = 1 അണ
 • 16 അണ (192 കാശ്) = 1 രൂപ

ഓട്ട മുക്കാല്‍, കാലണ, അരയണ, രണ്ടണ, എട്ടണ, ഒരു രൂപ തുടങ്ങിയ നാണയങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. വൃത്താകൃതിയില്‍ നടുവില്‍ ഓട്ടയിട്ട ചെമ്പുതുട്ടായിരുന്നു ഓട്ട മുക്കാല്‍. ഒരു കൌതുകത്തിനു വേണ്ടി ഒരു ഓട്ട മുക്കാല്‍ ഞാന്‍ എപ്പോഴും സൂക്ഷിക്കുമായിരുന്നു. ഇപ്പോള്‍ അത് കാണാനില്ല.

പ്രധാനപാതയുടെ പടിഞ്ഞാറെ ഭാഗത്ത് മൂലയ്ക്കായിരുന്നു കൊങ്ങിണിയുടെ പലചരക്കുകട. ഉടമസ്ഥന്‍ (കൊങ്ങിണി) കുറച്ചുയരമുള്ള പലകപ്പുറത്തായിരുന്നു ഇരിക്കാറുണ്ടായിരുന്നത്. ചുറ്റും അറ്റം തെറുത്തുവെച്ച ചണം കൊണ്ടുണ്ടാക്കിയ ചാക്കുകളില്‍ ചാക്കരി, കുത്തരി, പച്ചരി, ഉണക്കക്കപ്പ, പഞ്ചസാര, മുളക്, കല്ലുപ്പ്, തേങ്ങാപ്പിണ്ണാക്ക്, പുളിങ്കുരു, പരുത്തിക്കുരു എന്നിവ നിരത്തിയിരുന്നു. കൂടാതെ കുറെ എണ്ണ വരുന്ന വലുതും ചെറുതുമായ പാട്ടകളില്‍ കാപ്പിപ്പൊടി, തേയില, ഉഴുന്ന്‍, പരിപ്പ്, കടല, ചെറുപയര്‍, വന്‍പയര്‍, മല്ലി, കടലപ്പൊടി, മൈദ, കടുക്, ഉലുവ, ജീരകം, ഉള്ളി, വെളുത്തുള്ളി, സവാള, പുളി, ശര്‍ക്കര തുടങ്ങിയവ വെച്ചിരുന്നു. ഉള്ളി മുഴുവനും തൊലിയായിരിക്കും. കൂടാതെ ചീഞ്ഞവയും കാണും. ഉള്ളിയും വെളുത്തുള്ളിയും കയ്യില്‍ പിടിക്കുവാന്‍ പോലും പറ്റാത്തത്ര ചെറിയവയായിരുന്നു. പക്ഷേ, തനതായ ഗന്ധം കൂടുതലായിരുന്നു. വെളിച്ചെണ്ണയും, നല്ലെണ്ണയും, വിളക്കെണ്ണയും ടിന്നുകളില്‍ കേറുന്നിടത്തു തന്നെയാണ് വെച്ചിരുന്നത്. അവയില്‍ ആഴക്ക്, ഉഴക്ക് തുടങ്ങിയ അളവു കയിലുകള്‍ തൂക്കിയിടുക പതിവായിരുന്നു. കടയുടെ ഏതാണ്ട് ഒത്ത നടുക്കിട്ടിരുന്ന കുറച്ചുയരമുള്ള ഒരു പലകയായിരുന്നു അയാളുടെ ഇരിപ്പിടം. മരം കൊണ്ടുണ്ടാക്കിയ പണപ്പെട്ടി കൊങ്ങിണി അയാളുടെ അടുത്ത് തന്നെയാണ് സൂക്ഷിച്ചിരുന്നത്. അതിന് രണ്ടറകുളുണ്ടായിരുന്നു. മുകളിലെ അറ നാണയം തരംതിരിച്ചു വെക്കുവാനുള്ള കള്ളികളാക്കി തിരിച്ചിരുന്നു. ഈ തട്ട് പൊക്കി അകത്തെ അറയിലായിരുന്നു കൂടുതല്‍ വിലയുള്ള നാണയങ്ങളും നോട്ടുകളും രേഖകളും സൂക്ഷിച്ചിരുന്നത്. പലചരക്കുകടയുടെ മുഖമുദ്രയായ ത്രാസ് കടക്കാരന് എപ്പോഴും കാണാവുന്ന തരത്തില്‍ത്തന്നെ തൂക്കിയിട്ടിരുന്നു. അതിനടുത്തുതന്നെ കാല്‍, അര, ഒന്ന്, രണ്ട്, അഞ്ച്, പത്ത് തുടങ്ങിയ റാത്തല്‍ അളവു കട്ടികള്‍ വെച്ചിരുന്നു. ഒരിടത്ത് ചാക്കു നൂല്‍ കെട്ടിത്തൂക്കിയിരുന്നു. സാധനങ്ങള്‍ പൊതിഞ്ഞുകൊടുക്കുവാന്‍ കുറെ പത്രക്കടലാസുകളും അയാള്‍ സൂക്ഷിച്ചിരുന്നു. ഞങ്ങള്‍ പഴയ പത്രങ്ങള്‍, നോട്ടുപുസ്തകം തുടങ്ങിയവ ഇവിടെയാണ് കൊടുത്തിരുന്നത്. കുഡുംബി സമുദായത്തിപ്പെട്ട ഒരു സഹായിയും അയാള്‍ക്കുണ്ടായിരുന്നു. രണ്ടുപേരും കൊങ്ങിണിയിലാണ് ആശയവിനിമയം നടത്തിയിരുന്നത്. ഇവരെ രണ്ടുപേരെയും കൂടാതെ ധാരാളം കുരുവികള്‍ കലപില ഒച്ചയുണ്ടാക്കി പറക്കുന്നുണ്ടാകും. പല സാധനങ്ങളുടെയും മലയാളത്തിലുള്ള പേര് എനിക്ക് നിശ്ചയമില്ലായിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങി കടയിലെത്തുമ്പോള്‍ പഠിച്ചുവെച്ചപേര് ഞാന്‍ മറന്നിട്ടുണ്ടാകും. ഒരു ദിവസം ശര്‍ക്കരയായിരുന്നു വേണ്ടിയിരുന്നത്. ഒറ്റ നോട്ടത്തില്‍ ശര്‍ക്കര കണ്ടില്ല. ഞാന്‍ പറഞ്ഞു: ഒരു റാത്തല്‍ (ഏതാണ്ട് 300 ഗ്രാം) ‘ബെല്ലവേണം‘. കൊങ്ങിണി സഹായിയോടു പറഞ്ഞു: ‘വെല്ലമായിരിക്കും വേണ്ടത്. ശര്‍ക്കരയെടുത്തുകൊടുക്ക്‘. മറ്റൊരിക്കല്‍, ‘ബട്ടാട്ടെവേണമെന്നായി ഞാന്‍. അയാള്‍ ഉരുളക്കിഴങ് തൂക്കിത്തന്നു. കൊങ്ങിണിയുടെ അനുമാനം വളരെ ശരിയായിരുന്നു.

ഗേറ്റിനുമുമ്പ്, തീവണ്ടിപ്പാതയ്ക്ക് സമാന്തരമായി തെക്ക് ടാറ്റാപുരത്തേക്കുള്ള ഒരു വഴിയുണ്ടായിരുന്നു. ആ വഴിയിലായിരുന്നു സ്റ്റേഷനറിക്കട. അവിടെ വരയിട്ടതും ഇടാത്തതുമായ നോട്ടുപുസ്തകങ്ങള്‍ കടലാസുതാളുകള്‍, സ്ലെയ്റ്റ്, സ്ലെയ്റ്റ് പെന്‍സില്‍, ചോക്ക്, കടലാസില്‍ എഴുതുന്ന പെന്‍സില്‍, റബ്ബറ്, മഷിയില്‍ മുക്കി എഴുതുന്ന പേന, മഷി, മഷി നിറച്ചെഴുതുന്ന ഫൌന്‍ടന്‍ പേന, സ്കെയില്‍, ഇന്‍സ്ട്രുമെന്റ് ബോക്സ്, ഡസ്റ്റര്‍, സൂചി, നൂല്‍, ക്രോഷ്യ സൂചി, നിറ്റിങ്ങ് സൂചി, കമ്പിളിനൂല്‍, വര്‍ണ്ണക്കടലാസ്, പട്ടം, സോപ്, ചീപ്, കണ്ണാടി, കോറതുണി, തുടങ്ങിയ ലൊട്ടുലൊടുക്കു സാധനങ്ങളൊക്കെ കിട്ടുമായിരുന്നു. അലക്കാന്‍ 501 ബാര്‍ സോപ്, കുളിക്കാന്‍ ലക്സ്, ഹമാം, റെക്സോണ, ലൈഫ്ബോയ് എന്നിവ, തലയില്‍ തേയ്ക്കാന്‍ സുഗന്ധമുള്ള വെളിച്ചെണ്ണ, സുഗന്ധമുള്ള ആവണക്കെണ്ണ. അങ്ങനെ അത്യാവശ്യം എല്ലാം ഉണ്ടായിരുന്നു. കൂടാതെ കുപ്പി ഭരണികളില്‍ നാരങ്ങ മിഠായിയും ജീരക മിഠായിയും വെച്ചിരുന്നു. കുട്ടികള്‍ അത് വാങ്ങാന്‍ ബഹളം വയ്ക്കും എന്നു പറയേണ്ട കാര്യമില്ലല്ലോ!

ഒന്നാം ക്ലാസ്സിലും രണ്ടാം ക്ലാസിലും സ്ലെയ്റ്റും, സ്ലെയ്റ്റുപെന്‍സിലും മാത്രമാണ് സ്കൂളില്‍ ഉപയോഗിച്ചിരുന്നത്. ഒന്ന്‍ താഴെ വീണാല്‍ രണ്ടും പൊട്ടിപ്പോകും. അതുകൊണ്ട് കയ്യിലെപ്പോഴും പൊട്ടിയ സ്ലെയ്റ്റും, പെന്‍സിലുമായിരിക്കുമുണ്ടാവുക. മൂന്നാം ക്ലാസ്സു മുതല്‍ പേപ്പറും പെന്‍സിലും ഉപയോഗിക്കാം. പെന്‍സില്‍ ചിലപ്പോള്‍ അറ്റം ചെത്തി കൂര്‍പ്പിക്കുമ്പോള്‍ തന്നെ ഒടിഞ്ഞുപോകും. അങ്ങനെ ഒടുവില്‍ കുറ്റിയാകും. അപ്പോള്‍ പഴയ പേനയുടെ അകത്തു തിരുകിക്കയറ്റി ചുറ്റും കടലാസുവെച്ചുറപ്പിച്ച് ഉപയോഗിക്കും. പേന ഉപയോഗിക്കാന്‍ തുടങ്ങുമ്പോള്‍ മഷികൊണ്ടൊരഭിഷേകമായിരിക്കും. പേനയുടെ നിബ്ബ് എപ്പോഴും ഒടിഞ്ഞും പോകും. കടക്കാരന്റെ ഭാഗ്യം.

കവലയില്‍ തന്നെ കിഴക്കുവശത്തായി ഒരു പെട്ടിക്കടയുണ്ടായിരുന്നു. അവിടത്തെ പ്രധാന വില്‍പ്പന ഇനങ്ങള്‍ സോഡ, വെറ്റില, അടയ്ക്ക, പാക്ക്, ചുണ്ണാമ്പ്, പുകയില, ബീഡി,  പട്ടണം പൊടി എന്നിവയായിരുന്നു. കടക്കാരന്‍ ഒരു മുറം മടിയില്‍ വെച്ച് എപ്പോഴും ബീഡി തെറുക്കുന്നത് കാണാമായിരുന്നു. പുകലയുടെ ഇല ഒരു ചെറിയ കത്രികകൊണ്ട് ബീഡിക്ക് വേണ്ടത്ര മുറിച്ച് മുറിച്ചിടും. പിന്നീട് ഓരോ ഇലയിലക്കഷണത്തിലും പുകയിലപ്പൊടി നിറച്ച്  ബീഡിയുടെ  ആകൃതിയില്‍ തെറുത്തുവെക്കും. നടുക്ക് ഒരു ചുവന്നു നൂലുകൊണ്ട്കെട്ടി ഉറപ്പിക്കും. ഇതുകൂടാതെ  ചെറിയ പൊതികളില്‍ സുഗന്ധപ്പാക്കും അവിടെ കിട്ടുമായിരുന്നു. വല്ലപ്പോഴും വെറ്റിലയും സുഗന്ധപ്പാക്കും അമ്മയ്ക്കുവേണ്ടി അവിടെനിന്നും ഞാന്‍  വാങ്ങുമായിരുന്നു. കുറച്ചു ചുണ്ണാമ്പ് അയാള്‍ ഒരു വെറ്റിലയ്ക്കുള്ളില്‍ വെച്ചു തരുo. ഒരിക്കല്‍, ഒരു സന്ധ്യയ്ക്ക് ഞങ്ങളുടെ അയല്‍പക്കത്തുള്ള ആംഗ്ലോഇന്ത്യന്‍ കുടുംബത്തിലെ ‘മമ്മി’ മകളോടു പറഞ്ഞു: ‘ആ പെട്ടിക്കടവരെ ഒന്ന്‍ പോകണം’. പിന്നീട്, രണ്ടുപേരുംകൂടി അകത്തോട്ടുപോയി. മകള്‍ കാശുമായി പുറത്തേക്ക് വന്നു. പ്രതേകിച്ച് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാനും കൂടെ പോയി. രഹസ്യമായി അയാള്‍ ഒരു കറുത്ത എന്തോ സാധനം പൊതിഞ്ഞു കൊടുത്തു. അത് കഞ്ചാവായിരുന്നിരിക്കണം എന്നു ഞാന്‍ ഇന്ന്‍ വിശ്വസിക്കുന്നു. ആ കുടുംബം വളരെ നാള്‍ മൂന്നാറിലായിരുന്നു താമസിച്ചിരുന്നത്.

കവലയില്‍ തന്നെ ഒരു ഒരു അലോപ്പതി ഡോക്ടറുടെ ഡിസ്പന്‍സറി ഉണ്ടായിരുന്നു. ചാക്കോ ഡോക്ടര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഒന്നോ രണ്ടോ തവണ അവിടെ പോയതായി ഞാന്‍ ഓര്‍മ്മിക്കുന്നു. അക്കാലത്ത് ഇന്നത്തെ പോലെ ആരോഗ്യത്തെക്കുറിച്ച് ഇത്ര ചിന്തയുണ്ടായിരുന്നില്ല. പരിശോധന കഴിഞ്ഞാല്‍ മരുന്ന്‍ അവിടെനിന്നു തന്നെ കിട്ടുമായിരുന്നു. പനി വരുമ്പോള്‍ മാത്രമാണ് റൊട്ടി കഴിച്ചിരുന്നത്. റൊട്ടിയും, ബണ്‍ണും, വെണ്ണ ബിസ്കറ്റും, റസ്ക്കും വില്‍ക്കുന്ന ഒരു കട കവലയിലുണ്ടായിരുന്നു. ഞങ്ങള്‍ അധികവും വീട്ടിലുണ്ടാക്കുന്ന സാധനങ്ങളാണ് ഭക്ഷിച്ചിരുന്നത്.

അവിടെ വലിയ തുണിക്കടകളോ സ്വര്‍ണ്ണക്കടകളോ ഉണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. എന്നാല്‍ ഒരു തട്ടാന്‍ ഉണ്ടായിരുന്നു. അയാള്‍ താഴെ ഇരുന്ന്‍ നീറിക്കൊണ്ടിരിക്കുന്ന ഉമിയില്‍ കൊടിലുപിടിച്ച് എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. അവിടെ വെള്ളി കൊണ്ടുള്ള തളയും വളയും പാദസരവും ലഭിക്കുമായിരുന്നു.

കവലയ്ക്കടുത്ത് ഒരു കട കൂടി ഞാന്‍ ഓര്‍മ്മിക്കുന്നുണ്ട്. അവിടെ ശവപ്പെട്ടിയുടെ ഒരു പടം വരച്ചിരുന്നു. അത് കാണുമ്പോള്‍ അന്നും ഇന്നും ഒരു അസ്വസ്ഥതയാണ്. കറുത്ത വണ്ടിയില്‍ ശവം സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്നത് പല ദിവസങ്ങളിലും കാണുമായിരുന്നു.

പലര്‍ക്കും കടകളില്‍ പറ്റുണ്ടായിരുന്നു. ഒരു കൊച്ചു പുസ്തകവുമായി കുട്ടികളോ സ്ത്രീകളോ വരും. ഒന്നാം തീയതി ഗൃഹനാഥന് ശമ്പളം കിട്ടുമ്പോള്‍ കൊടുത്തു തീര്‍ക്കും. അതായിരുന്നു രീതി. ഏത് കടയിലായിരുന്നാലും ഒരു ചെറിയ സാധനം വാങ്ങാന്‍ പോയാല്‍പ്പോലും അവര്‍ കുശലം ചോദിക്കും. എല്ലാവര്‍ക്കും എല്ലാവരെയും അറിയാം എന്നൊരു സ്ഥിതിവിശേഷമായിരുന്നു നിലനിന്നിരുന്നത്.

ഇന്ന്‍, ആ പ്രദേശത്തിന് വളരെ മാറ്റം സംഭവിച്ചിരിക്കുന്നു. കടകളും കച്ചവട രീതികളും മാറിയിരിക്കുന്നു. വാങ്ങുന്നവരും വില്‍ക്കുന്നവരും തമ്മില്‍ ഒരു സൌഹൃദത്തിന്റെ ഊഷ്മളമായ അന്തരീക്ഷം നിലനിന്നിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇന്നാകട്ടെ, പല കടകളിലും പ്രത്യേകിച്ചുo മാളുകളില്‍ ക്രയവിക്രയങ്ങള്‍ യാന്ത്രികമായി നടക്കുന്നു. ആര്‍ക്കും ആരോടും പ്രതിബദ്ധതയില്ല എന്നു വേണമെങ്കില്‍ പറയാം. പഴയ കാര്യങ്ങള്‍ അയവിറക്കുന്നത് എന്റെ ഒരു സ്വഭാവമായി മാറിയിരിക്കുന്നു. പക്ഷേ, പഴയതെല്ലാം നല്ലതായിരുന്നു എന്ന അഭിപ്രായം എനിക്കില്ല.

Advertisements