ഞാന്‍ പങ്കെടുത്ത ധര്‍ണ്ണകള്‍

rail1

(നിനവുകളില്‍നിന്നും ഒരേട്)

ഡോ. ബി. പ്രഭാറാവു

2016 ജൂലൈ മാസം 20ന് മാതൃഭൂമി ദിനപത്രത്തില്‍ അപ്രതീക്ഷിതമായി ഒരു വാര്‍ത്ത കണ്ടു. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ഇടപ്പള്ളി റെയില്‍വേസ്റ്റേഷനില്‍ നിന്നും ടിക്കറ്റ് റിസര്‍വ് ചെയ്യുവാനുള്ള സൌകര്യം ഏര്‍പ്പെടുത്തുന്നു എന്നതായിരുന്നു അത്. എനിക്ക് അതൊരു നല്ല വാര്‍ത്തയായി അനുഭവപ്പെട്ടു. അതിനൊരു പ്രത്യേക കാരണമുണ്ട്.

അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ ഞാന്‍ ഇടപ്പള്ളിയിലെ നോര്‍ത്ത് മണിമല റോഡ് റെസിഡെന്‍ഷിയല്‍ അസ്സോസിയേഷന്റെ (എന്‍ എം ആര്‍ ആര്‍ എ) സെക്രട്ടറിയായിരുന്നു. ചെറുപ്പക്കാരെല്ലാം ഓരോരോ കാരണങ്ങള്‍ പറഞ്ഞൊഴിഞ്ഞതുകൊണ്ട് ആ ചുമതല ഞാന്‍ ഏറ്റെടുത്തുവെന്നുമാത്രം. അങ്ങനെയിരിക്കെ, ഇടപ്പള്ളിയിലെ സാമൂഹ്യപ്രവര്‍ത്തകരായ അഡ്വ. പത്മനാഭന്‍ നായര്‍, അഡ്വ. രാജു വടക്കേക്കര, ശിവദാസ്, രാധാകൃഷ്ണന്‍, കുറുപ്പ് (പേരുകള്‍ പൂര്‍ണ്ണമല്ല)) തുടങ്ങിയവര്‍ ഉത്സാഹിച്ചതിന്റെ ഫലമായി ഇടപ്പള്ളിയിലെ എല്ലാ റെസിഡെന്‍ഷിയല്‍ അസ്സോസിയേഷനുകളുടെയും പ്രാതിനിധ്യം ഉറപ്പിച്ചുകൊണ്ടുള്ള ഒരു ഏകോപനസമിതിഉണ്ടാക്കി. അഡ്വ. പത്മനാഭന്‍ നായര്‍ പ്രസിഡന്‍റും ഞാന്‍ വൈസ്‌പ്രസിഡന്‍റുമായിരുന്നു. ഏകോപന സമിതിയുടെ ഒരു പ്രധാനപ്പെട്ട അജണ്ട എറണാകുളത്തിന്റെ / കൊച്ചിയുടെ കവാടം എന്നറിയപ്പെടുന്ന ഇടപ്പള്ളിയിലെ റെയില്‍വേ സ്റ്റേഷന്റെ വികസനമായിരുന്നു. അതുമായി ബന്ധപ്പെട്ട് റെയില്‍വേ അധികാരികളുടെ അടിയന്തിരശ്രദ്ധ പതിയേണ്ട ധാരാളം ആവശ്യങ്ങള്‍ ഏകോപനസമിതി അക്കമിട്ട് ചൂണ്ടിക്കാണിക്കുകയുണ്ടായി. അവയില്‍ രണ്ടെണ്ണം താഴെ പറയുന്നവയായിരുന്നു:

  • കൂടുതല്‍ തീവണ്ടികള്‍ക്ക് ഇടപ്പള്ളിയില്‍ സ്റ്റോപ്പുകള്‍ അനുവദിക്കുക.

  • ഇവിടെനിന്നും യാത്രാ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യുവാനുള്ള സംവിധാനം ഏര്‍പ്പെടുത്തുക.

എന്തുകൊണ്ട് ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നു? ന്യായീകരണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു:

  • ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന്‍ എറണാകുളത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇപ്പോള്‍, ആലുവ കഴിഞ്ഞാല്‍ ദൂരയാത്രാവണ്ടികള്‍ക്ക് സ്റ്റോപ്പുകള്‍ ഉള്ളത് എറണാകുളം ടൌണിലോ ജംക്ഷനിലോ ആണ്. എറണാകുളത്തിന്റെ വടക്കുഭാഗത്തുള്ളവര്‍ക്ക് ഇതുമൂലം ഏറെ സമയനഷ്ടവും, ധനനഷ്ടവും, ബുദ്ധിമുട്ടും ഉണ്ടാകുന്നു.

  • റെയില്‍വേ സ്റ്റേഷനിനോട് തൊട്ടുകിടക്കുന്ന എല്ലാ ആധുനിക സൌകര്യങ്ങളുമുള്ള അമൃത ആശുപത്രിയെക്കൂടാതെ ഇപ്പോള്‍ വേറെയും ആതുരാലയങ്ങള്‍ ഈ പ്രദേശത്ത് വന്നിരിക്കുന്നു. ഇടപ്പള്ളി സ്റ്റോപ്പ് രോഗികളുടെ യാത്ര ദുരിതം കുറച്ച് കുറയ്ക്കും.

  • ഇടപ്പള്ളി റെയില്‍വേസ്റ്റേഷനടുത്തുള്ള ലൂലു മാള്‍, സെന്‍റ് ജോര്‍ജ്ജ് ഫറോനാ പള്ളി തുടങ്ങിയ ആള്‍ത്തിരക്കേറിയ കേന്ദ്രങ്ങളില്‍ സന്ദര്‍ശ്ശകരായി ധാരാളം പേര്‍ ദിവസവും എത്തുന്നു.

  • വാണിജ്യപരമായി ഇടപ്പള്ളി അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ജനസാന്ദ്രത ഓരോദിവസം ചെല്ലുംതോറും കൂടിക്കൂടി വരുന്നു. റെയില്‍വേയെ ആശ്രയിക്കുന്നവരുടെയും എണ്ണവും ആനുപാതികമായി ഏറും.

  • ചേരാനല്ലൂര്‍, വരാപ്പുഴ, പറവൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പ്രാന്തപ്രദേശങളിലുള്ളവര്‍ക്ക് വളരെയേറെ സഹായകരമാവും.

ഏകോപന സമിതി ആദ്യം ചെയ്തത് മേലുദ്ധരിച്ചവ കൂടാതെ, എന്‍. എച്ച് 17-ല്‍ 14 വര്‍ഷമെടുത്ത് പൂര്‍ത്തീകരിച്ച ഇടപ്പള്ളി മേല്‍പ്പാലം തുറന്നപ്പോള്‍ അടച്ച ദേവവന്‍കുളങ്ങര ചേരാനല്ലൂര്‍ റോഡ് നിലനിര്‍ത്തുക, സ്റ്റേഷനിലെ കിഴക്കേ പ്ലാറ്റ്ഫോമിന് മേല്‍ക്കൂര പണിയുക, പോണേക്കരയില്‍നിന്നും സ്റ്റേഷന്‍ കവാടത്തിലേക്ക് വാഹനങ്ങള്‍ക്ക് എത്തുവാനുള്ള സൌകര്യം ഒരുക്കുക, ശുചിമുറികള്‍ പണിയുക, കോഫിബാര്‍ തുറക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു നിവേദനം തയ്യാറാക്കി ബന്ധപ്പെട്ടവര്‍ക്ക് നല്കുക എന്നതാണ്. പിന്നീട്, കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുവാനായി ഒരു ഞായറാഴ്ച ദിവസം രാവിലെ മൂന്നു മണിക്കുര്‍ മാത്രം ധര്‍ണ്ണ നടത്തുവാന്‍ ഏകോപനസമിതി തീരുമാനമെടുത്തു. മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ ന്യായമാണെന്ന് എനിക്ക് തോന്നിയിരുന്നതുകൊണ്ട് എന്‍ എം ആര്‍ ആര്‍ എയുടെ സെക്രട്ടറി എന്ന നിലയില്‍ അംഗങ്ങളെ ബോധ്യപ്പെടുത്തുവാന്‍ ഞാന്‍ ശ്രമിച്ചു.

ഞായറാഴ്ച്ചയായി. ചുറ്റുപാടുമുള്ള നൂറ്റിയമ്പതിനോടടുത്ത് ജനങ്ങള്‍ പോണേക്കരയില്‍ ഭഗവതി ക്ഷേത്രത്തിനടുത്ത് ധര്‍ണ്ണയ്ക്കായ് ഒത്തുകൂടി. ഇടപ്പള്ളി 36, 37 വാര്‍ഡുകളിലെ ജനപ്രതിനിധികള്‍, ഇടപ്പള്ളിയിലെ എല്ലാ റെസിഡെന്‍ഷിയല്‍ അസ്സോസിയേഷനുകളുടേയും ഭാരവാഹികള്‍, പ്രമുഖരാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍, മറ്റ് പ്രമുഖര്‍ തുടങ്ങിയവരൊക്കെ പ്രസംഗിച്ചു. എന്റെയും മറ്റ് പലരുടേയും ആദ്യത്തെ ധര്‍ണ്ണയായിരുന്നു അത്. എന്തോ മഹത് കാര്യം ചെയ്തുതീര്‍ത്തെന്ന സംതൃപ്തിയോടെ ഞങ്ങള്‍ മടങ്ങി. മാസങ്ങള്‍ കടന്നുപോയി. എന്നെ കാണുമ്പോള്‍ അംഗങ്ങള്‍ ചോദിക്കുന്ന ഒരേ ഒരു ചോദ്യം: ‘ധര്‍ണ്ണയുടെ ഫലമെന്തായി?’ എന്നതായിരുന്നു. ഞാന്‍ ഒഴിഞ്ഞു മാറേണ്ട അവസ്ഥയിലായി. ഏകോപനസമിതിയുടെ പ്രവര്‍ത്തനം നിലച്ചമട്ടായി. എന്റെ എന്‍ എം ആര്‍ ആര്‍ എയുടെ സെക്രട്ടറി പദവിയുടെ കാലാവധിയും പൂര്‍ത്തിയായി.

ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞു കാണും; അഡ്വ. പി. ആര്‍. പത്മനാഭന്‍ നായരും അദ്ദേഹത്തോടൊപ്പമുള്ള സാമൂഹ്യ പ്രവര്‍ത്തകരും വീണ്ടും ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് ധര്‍ണ്ണയ്ക്കൊരുങ്ങി. ഏതായാലും ഞാന്‍ പോകാമെന്ന് തീരുമാനിച്ചു. അസ്സോസിയേഷനില്‍നിന്നും ആളെക്കൂട്ടാനൊന്നും ഞാന്‍ മിനക്കെട്ടില്ല. എന്നാല്‍ കൃത്യ സമയത്ത് തന്നെ ഞാന്‍ വേദിയിലെത്തി. ആളുകള്‍ പൊഴിഞ്ഞു പൊഴിഞ്ഞ് വന്നു തുടങ്ങി. അടുത്തുനിന്നിരുന്ന ഒരു പോലീസുകാരന്‍ എന്നോടായി പറഞ്ഞു: “സ്റ്റേഷനില്‍ വിളിച്ചാല്‍ വരണം.” രണ്ടുമൂന്ന് അഭിഭാഷകര്‍ ഉണ്ടല്ലോ എന്ന ധൈര്യത്തില്‍ ഞാന്‍ “എത്താം” എന്ന്‍ മറുപടി പറഞ്ഞു. ആയിടെയാണ് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാവുന്ന തരത്തില്‍ റോഡരുകില്‍ ധര്‍ണ്ണകള്‍ പാടില്ലെന്ന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

പോണേക്കര വില്ലേജ് ഓഫീസിനടുത്ത് റോഡ്സൈഡില്‍ ഒരു ഒഴിഞ്ഞ മൂലയുണ്ട്. അതായിരുന്നു വേദി. നൂറില്‍ കുറവ് ആളുകള്‍ മാത്രമാണ് ധര്‍ണ്ണയില്‍ പങ്കെടുക്കുവാനെത്തിയത്. അധികം പേരും തലയില്‍ മുടിയില്ലാത്തവരോ അല്ലെങ്കില്‍ ഉള്ളത് തന്നെ നല്ലപോലെ നരച്ചവരോ ആയിരുന്നു. അതായത് റെയില്‍വേയുടെ മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള ആനുകൂല്യങള്‍ക്കര്‍ഹര്‍. അന്നത്തെ സദസ്സിലെ ഏറ്റവും മുതിര്‍ന്ന അംഗം ഞാനായിരിക്കുവാന്‍ സാധ്യതയുണ്ട്. ഏകോപനസമിതിയുടെ സ്ത്രീകളുടെ കൂട്ടായ്മയായ ഇടപ്പള്ളി വനിതാ ക്ഷേമ സമിതിയുടെ ഭാരവാഹികളായ രമാദേവി, ആനന്ദവല്ലി തുടങ്ങി കുറെ അംഗങ്ങള്‍ എത്തിച്ചേര്‍ന്നപ്പോള്‍ എനിക്ക് കൂട്ടായി.

ജി സി ഡി എ (Greater Cochin Development Authority) ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ ആധികാരികമായ പ്രഭാഷണം നടത്തി. ഭാരവാഹികളും മറ്റു പ്രമുഖ വ്യക്തികളും സംസാരിക്കുകയുണ്ടായി. എല്ലാവരുടെയും പ്രസംഗങ്ങള്‍ ഞാന്‍ താല്‍പ്പര്യപൂര്‍വ്വം ശ്രവിച്ചു. അപ്പോള്‍ എനിക്ക് ഒരു കാര്യം വ്യക്തമായി: ‘ഇടപള്ളിക്ക് ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ നിന്നും സ്റ്റേഷനിലേക്ക് ബസ് സര്‍വീസ് തുടങ്ങിയാല്‍ മാത്രമേ ആ സ്റ്റേഷന്‍ ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുവാന്‍ സാധ്യതയുള്ളുവെന്ന്’. ഇടപ്പള്ളി സ്റ്റേഷനിനോടടുത്ത് ഫുഡ് കോര്‍പ്പറേഷന്റെ അധീനതയില്‍ കുറച്ചു സ്ഥലം തരിശായി കിടപ്പുണ്ട്. അത് ഒരു ചെറിയ ബസ് സ്റ്റാന്‍റിന് പറ്റിയതാണ്. പക്ഷേ, അത് വിട്ടുതരുവാന്‍ അവര്‍ ഒരുക്കമല്ല. ശ്രമിച്ചാല്‍ തീവണ്ടി വരുന്ന സമയത്തെങ്കിലും പ്രധാന കവല വരെ പോകുന്ന സര്‍ക്കുലര്‍ ബസ്സുകള്‍ ഓടിക്കുവാന്‍ സാധിക്കും എന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. അമിതമായ യാത്രക്കൂലി ഈടാക്കുന്ന ഓട്ടോറിക്ഷകളെ ആശ്രയിക്കാന്‍ അധികമാരും ഇഷ്ടപ്പെടുകയില്ല. ഇടപ്പള്ളിക്കുമുന്‍പുള്ള ആലുവയിലാകട്ടെ സ്റ്റേഷന്റെ അടുത്തുനിന്നുതന്നെ ബസ് കിട്ടുകയും ചെയ്യും. യാത്രാ സമയം കൂടുമെങ്കിലും കാശ് കുറയും. ഏതായാലും, അന്നത്തെ ധര്‍ണ്ണ കഴിഞ്ഞപ്പോള്‍ ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറിന് ഇടപ്പള്ളിയില്‍ സ്റ്റോപ്പനുവദിച്ചു. എറണാകുളംഷൊറണൂര്‍ പാസഞ്ചര്‍ നിലമ്പൂര്‍ വരെ നീട്ടി. കാലക്രമേണ ‘മെമു’വും, എറണാകുളം ആലുവ / അങ്കമാലി പാസഞ്ചറുമെത്തി.

ഒരു ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പുപോലെ മറ്റൊരു സായാഹ്നധര്‍ണ്ണ അവര്‍ തന്നെ ആസൂത്രണം ചെയ്തു. പതിവുപോലെ ധാരാളം പ്രസംഗകരുണ്ടായിരുന്നു. ഏതായാലും, അത് കഴിഞ്ഞപ്പോള്‍ അമൃത ആശുപത്രി അധികാരികള്‍ മോഫസ്സില്‍ ബസ് സ്റ്റാന്‍റുകളില്‍ കാണാറുള്ളതുപോലെ കുറെ കാത്തിരുപ്പ് ഷെഡ്ഡുകള്‍ കിഴക്കേ പ്ലാറ്റ്ഫോര്‍മില്‍ പണിതുയര്‍ത്തി. ‘അമ്മയ്ക്ക് കൂടുതല്‍ സൌകര്യങ്ങളോടുകൂടി മറ്റ് സ്റ്റേഷനുകളില്‍ ഉള്ളതുപോലെ വിശാലമായ ഷെഡ് നിര്‍മിച്ചു നല്‍കാമായിരുന്നു എന്നൊരു തോന്നല്‍ എനിക്കുണ്ട്. ഏറ്റവും കൂടുതല്‍ ഈ സ്റ്റേഷന്‍ ഉപയോഗിക്കുന്നവര്‍ അമൃതയിലെ ജീവനക്കാരും, വിദ്യാര്‍ഥി സമൂഹവും, അവിടെ എത്തുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരുമാണല്ലോ!

ആറുമാസം കൂടുമ്പോള്‍ ധര്‍ണ്ണ നടത്തുന്നത് പതിവായി. പലപ്പോഴും റെയില്‍ ഗതാഗതം സ്തംഭിപ്പിക്കുവാന്‍ ആഹ്വാനം ചെയ്യാതിരിക്കുന്നത് യാത്രക്കാര്‍ക്കുണ്ടാകാവുന്ന അസൌകര്യം ഓര്‍ത്തുമാത്രമാണ്. പണ്ടൊരിക്കല്‍ ഞാന്‍ പുരിയില്‍നിന്നും ഭുവനേശ്വര്‍ (ഒഡിഷ) വരെ ഒരു പാസഞ്ചറില്‍ യാത്ര ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കുമുമ്പ് എത്തേണ്ടതാണ്. ഒരു ഗ്രാമ പ്രദേശത്തിലൂടെ വണ്ടി കടന്നു പോകുകയായായിരുന്നു. ഇരുവശത്തും നോക്കെത്താദൂരം വരെയും വിശാലമായ വയലുകള്‍. പെട്ടെന്ന് വണ്ടി നിന്നു. ഏതാണ്ട്, മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് പിന്നെ വീണ്ടും ഓടിത്തുടങ്ങിയത്. ഭാഗ്യത്തിന് ഭുവനേശ്വറില്‍ നിന്നും എറണാകുളത്തിലേക്കുള്ള മടക്കയാത്ര അടുത്തദിവസം അതിരാവിലത്തെ തീവണ്ടിയിലായിരുന്നു. അതുകൊണ്ട് അങ്കലാപ്പുണ്ടായില്ല. ഗ്രാമീണര്‍ ഒരു റെയില്‍വേസ്റ്റേഷനിനുവേണ്ടി പാളത്തില്‍ കുത്തിയിരിപ്പായിരുന്നു.

ധര്‍ണ്ണ ആസൂത്രണം ചെയ്യുന്നവര്‍ ചിലപ്പോള്‍ വികാരഭരിതരാകാറുണ്ട്. അവരുടെ വിലപ്പെട്ട സമയവും പണവും നഷ്ടപ്പെടുത്തിയാണ് ഇവര്‍ ഇടപ്പള്ളിയിലെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്. ഗുണഭോക്താക്കളായ ജനങ്ങളുടെയും ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ട സമാജികരുടെയും റെയില്‍വേ അധികാരികളുടെയും നിസ്സംഗത അവരെ വേദനിപ്പിക്കുന്നു. അത് സ്വാഭാവികം. കക്ഷിരാഷ്ട്രിയത്തിനതീതമായി ഇടപ്പള്ളി നിവാസികള്‍ റെയില്‍വേ സ്റ്റേഷന്‍ വികസിച്ചാലുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുകയും അവരുടെ പരിപൂര്‍ണ്ണ പിന്തുണയും സഹകരണവും നല്കുകയും ചെയ്താല്‍ മാത്രമെ ഇച്ഛാശക്തിയുള്ള ഒരു നേതൃത്വത്തിന് ‘ഇടപ്പള്ളി റെയില്‍വേസ്റ്റേഷന്‍ വികസനം’ എന്ന അജണ്ട പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുകയള്ളുവെന്ന്‍ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഇന്നും, ഇടപ്പള്ളി വികസനം എങ്ങിനെയായിരിക്കണം എന്നതിന്റെ ഒരു സമഗ്ര രേഖ ഉണ്ടാക്കിയിട്ടുണ്ടോ എന്നകാര്യം സംശയമാണ്. നഗരാസൂത്രണ വിദഗ്ധര്‍ ഇടപ്പള്ളിയിലുണ്ട്. അവരുടെ സഹായത്തോടെ അതുണ്ടാക്കി വിവരിച്ചാല്‍ ജനം വിശ്വസിക്കും. അല്ലെങ്കില്‍ പൊട്ടക്കണ്ണന്‍ മാവിലേക്ക് കല്ലെറിയുന്നതുപോലെയാണ്.

ഇന്നിതാ, റെയില്‍വേഅധികാരികള്‍ ഇടപ്പള്ളിയില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ റിസര്‍വേഷന്‍ സൌകര്യം അനുവദിച്ചിരിക്കുന്നു എന്ന സദ് വാര്‍ത്ത വന്നിരിക്കുന്നു. പരശ്ശതം മറുനാടന്‍ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമാണിത്. തീവണ്ടി യാത്ര ഇഷ്ടപ്പെടുന്ന എനിക്ക് ഇനി മുതല്‍ നാലുമാസം മുമ്പേ തന്നെ ഇടപ്പള്ളി സ്റ്റേഷനിലേക്ക് നടന്നു ചെന്ന്‍ മുതിര്‍ന്ന സ്ത്രീകള്‍ക്കുള്ള ആനുകൂല്യം സ്വീകരിച്ചുകൊണ്ട് അടുത്ത യാത്രയ്ക്കുള്ള ടിക്കറ്റ് ഉറപ്പാക്കാം.

ഞാന്‍ പങ്കെടുത്ത ധര്‍ണ്ണകള്‍’ എന്റെ മധുരമൂറും നിനവാണ്.

  8 ആഗസ്റ്റ് 2016

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w