മാസം: ഒക്ടോബര്‍ 2016

എവിടെയോ വെറുതെ ഒരു നൊമ്പരം

aarumaasam2016 സെപ്തെംബര്‍ 18, ഞായറാഴ്ച, ഞാന്‍ ഉള്‍പ്പെടുന്ന റെസിഡെന്‍ഷിയല്‍ അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ നടന്നു. ഞങ്ങളുടേത് താരതമ്യേന ഒരു ചെറിയ കൂട്ടമാണെന്ന് പറയാം. കുറെ വര്‍ഷങ്ങളായിട്ട് അടുത്തുതന്നെയുള്ള അധികം വാടക ഈടാക്കാത്ത ഒരു ആഡിറ്റോറിയത്തിലാണ് ഞങ്ങള്‍ ഓണാഘോഷവും പുതുവര്‍ഷവും സംഘടിപ്പിക്കാറുള്ളത്.

പരിപാടി ചിട്ടപ്പെടുത്തിയിരുന്നതുപ്രകാരം ഞായറാഴ്ച, 2016 സെപ്തംബര്‍ 18 ന് രാവിലെ 9 മണിക്കു തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടം ഹാളിലെത്തി. പലരും കത്രികയും കത്തിയും പലകയുമെല്ലാം കയ്യില്‍ കരുതിയിരുന്നു. സെക്രട്ടറി നേരത്തെ തന്നെ പൂക്കള്‍ ഇലകള്‍ തുടങ്ങിയവ ഹാളില്‍ എത്തിച്ചിരുന്നു. കൂടാതെ, നീണ്ട രണ്ടു മേശകളും ചുറ്റും കുറെ കസേരകളും അവിടെ ഇടുകയും ചെയ്തിരുന്നു. മേശമേല്‍ മൊത്തം കടലാസുവിരിച്ച് പൂക്കളും ഇലകളുമെല്ലാം നിരത്തി. ഒരു നറുമണം അവിടെ പറന്നു. ഞാനുള്‍പ്പെടെ കുറേപ്പേര്‍ മേശക്കുചുറ്റുമിരുന്നു. മനോഹരമായി വിടര്‍ന്നിരുന്ന പല നിറങ്ങളിലുള്ള ബെന്തിയും ജമന്തിയും ഞങ്ങള്‍ കൂച്ചിപ്പിടിച്ച് വെട്ടിനുറുക്കി പൊടിരൂപത്തിലാക്കി വെവ്വേറെ വെച്ചു. ചുവന്ന ചീരയിലയും പച്ചചീരയിലയും പ്രത്യേകം അരിഞ്ഞുവെച്ചു. താരതമ്യേന ചെറുപ്പക്കാരായവര്‍ ആ സമയത്ത് ഇടത്തരം വലിപ്പമുള്ള കളം വരച്ചു. ഏതാണ്ട് 11 മണിയോടുകൂടി അഴകുള്ള പൂക്കളം ഒരുങ്ങി. നിലവിളക്കിനുചുറ്റും തുമ്പക്കുടങ്ങളും മുക്കൂറ്റിയും തുളസിക്കതിരുകളും നിരത്തി. ഉച്ചയ്ക്ക് കാണാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.

12 മണിയോടുകൂടി കുടുംബാംഗങ്ങള്‍ എത്തിത്തുടങ്ങി. കുശലം പറയാന്‍ എല്ലാവര്‍ക്കും കുറെ സമയം കിട്ടി. ഏതാണ്ട് ഒരു മണിയായപ്പോള്‍ എല്ലാവരേയും സാക്ഷിയാക്കി ഓണപ്പൂക്കളത്തിനഭിമുഖമായി സെക്രട്ടറി നിലവിളക്ക് കൊളുത്തി ഞങ്ങളുടെ ഓണപരിപാടികള്‍ അനൌപചാരികമായി ഉത്ഘാടനം ചെയ്തു. ആദ്യത്തെ ഇനം സദ്യയായിരുന്നു. കുട്ടികള്‍, അവരുടെ മാതാപിതാക്കള്‍, മുതിര്‍ന്ന പൌരര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്കി. നാക്കിലയില്‍ തന്നെയാണ് സദ്യ വിളമ്പിയത് എന്ന കാര്യം എടുത്തു പറയട്ടെ. കായ ഉപ്പേരി, ശര്‍ക്കര വരട്ടി, നാരങ്ങാക്കറി, പുളിയിഞ്ചി, വെണ്ടക്ക കിച്ചടി, ഓലന്‍, കാളന്‍, കൂട്ടുകറി, തോരന്‍, അവിയല്‍, പപ്പടം, പഴം, സാമ്പാര്‍, രസം, മോര്, രണ്ടു തരം പായസം, തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. അസ്സോസിയേഷന്‍ അംഗങ്ങള്‍ തന്നെയായിരുന്നു വിളമ്പുകാര്‍. സമൃദ്ധമായ ഊണ് കഴിഞ്ഞു. കുറേപ്പേര്‍ വിശ്രമിക്കുവാന്‍ ഗൃഹങ്ങളിലേക്ക് മടങ്ങി. മറ്റുള്ളവര്‍ അവിടെത്തന്നെ തങ്ങി. നാലു വയസ്സുള്ള കുട്ടികള്‍ മുതല്‍ എഴുപത്തിയഞ്ചുകാരായ മുതിര്‍ന്ന പൌരന്‍മാര്‍ വരെ മിഠായി പെറുക്കല്‍, ലെമണ്‍ ആന്‍ഡ് സ്പൂണ്‍, പാസ്സിങ് ദ പാര്‍സല്‍, കസേര കളി തുടങ്ങിയ കളികളിലേര്‍പ്പെട്ട് രസിച്ചു. ഉറിയടി കണ്ട് ഊറി ഊറി ചിരിച്ചു. നാലര മണിയോടെ എല്ലാവരും കളിക്കളം വിട്ടു. പൊതുയോഗവും കലാപരിപാടികളും സന്ധ്യയ്ക്കാണ്.

വൈകുന്നേരം ആറരയോടെ കുടുംബാംഗങ്ങള്‍ വീണ്ടും ഒത്തുകൂടി. സ്ത്രീകളും പരിപാടിയില്‍ പങ്കെടുക്കേണ്ട കുട്ടികളും അണിയറയില്‍ തിരക്കിലായി. ആറേമുക്കാലോടുകൂടി പൊതുയോഗം തുടങ്ങി. പതിവുപോലെ ഈശ്വര പ്രാര്‍ത്ഥനയോടെ നടപടിക്രമങ്ങള്‍ക്ക് തുടക്കമായി. അറിവിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി നിലവിളക്ക് കൊളുത്തി. മാവേലിയെ മനസ്സില്‍ സങ്കല്‍പ്പിച്ച് അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന സംഘ ഗാനം ആലപിച്ചു. പിന്നീട്, കുറേപ്പേര്‍ ഓണ സന്ദേശങ്ങള്‍ നല്കി. അവയില്‍ എനിക്ക് ശ്രദ്ധേയമായി തോന്നിയ ചിലവ ഇവിടെ ഉദ്ധരിക്കട്ടെ: “അധിക ദിവസങ്ങളിലും പൂക്കളം വൃത്താകൃതിയിലാണ് രൂപപ്പെടുത്തുന്നത്. അത് സമഭാവനയെ സൂചിപ്പിക്കുന്നു. ഓണത്തിനെക്കുറിച്ചുള്ള ഐതിഹ്യം എന്തുമാകട്ടെ, കള്ളവും ചതിയുമില്ലാത്ത സമത്വ സുന്ദരമായ ഐശ്വര്യപൂര്‍ണ്ണമായ ഒരു കാലഘട്ടത്തിന്റെ അല്ലെങ്കില്‍ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ ഓര്‍മ പുതുക്കലാവാം ഓണം. ഓണത്തിനെ മനോഹരമായി ചിത്രീകരിച്ച സ്വന്തം കവിത ചൊല്ലി സദസ്സിനെ കയ്യിലെടുത്ത അനുഭവവുമുണ്ടായി. ഒരു സമ്പന്ന ജന്മി കുടുംബാംഗത്തിന്റെ ഓര്‍മയിങ്ങനെ: ‘ഒന്നാം ഓണo തട്ടീം മുട്ടീം. അതായത് ഉത്രാടപ്പാച്ചിലിനിടയില്‍ സൂത്രത്തിലൊരു സദ്യ; രണ്ടാം ഓണം ഗംഭീരം തിരുവോണ സദ്യ; മൂന്നാം ഓണം മുക്കീം മൂളീം; നാലാം ഓണം നക്കീം തുടച്ചും’. മറ്റൊരംഗം ഇപ്പോഴത്തെ തലമുറയുടെ നിസ്സംഗതയേക്കുറിച്ചും ഒരാഘോഷവും ഉത്സവമാക്കുവാന്‍ താല്‍പ്പര്യമില്ലായ്മയെക്കുറിച്ചോര്‍ത്തു വിലപിച്ചു. പിന്നീട്, കൌമാരക്കാര്‍ എങ്ങനെ സമൂഹത്തിന്റെ ഭാഗമാകണം എന്ന് ഓണാഘോഷത്തെ ആസ്പദമാക്കി ഒരംഗം സംസാരിക്കുകയുണ്ടായി. ‘മാ വേലി’ അതായത് വേലിക്കെട്ടുകള്‍ വേണ്ട എന്ന സന്ദേശമാണ് മറ്റൊരംഗം നല്‍കിയത്.”

ഇനി എന്റെ ഭാഗം കുറച്ചു വിശദമായിതന്നെ പറയട്ടെ. പ്രകൃതിയുടെ ഉത്സവമാണ് ഓണം. കന്നി – തുലാമാസങ്ങളില്‍ ഏത്തനും, കുംഭ മാസത്തെ വെളുത്തവാവിന് ചേനയും നട്ട് മേടമാസത്തില്‍ വിഷു കഴിഞ്ഞ് നെല്ലു വിതച്ചും ഞാറുനട്ടും പരിചരിച്ചുകൊണ്ടിരിക്കുമ്പോള്‍ മാനം കറുത്ത് പേമാരി ചൊരിഞ്ഞുകൊണ്ട് കര്‍ക്കിടകമിങ്ങെത്തും. ഇടയ്ക്ക് പത്തു വെയില് തെളിയുമ്പോള്‍ നടുതലനട്ട് കാത്തിരിപ്പിനൊടുവില്‍ മഞ്ഞ വെളിച്ചം പകരുന്ന പകലുകളും ഏറ്റവും പ്രകാശമുള്ള നിലാവുള്ള രാത്രികളുമായി പൊന്നും ചിങ്ങത്തിന്റെ വരവായി.

ഭൂമിദേവി അങ്ങനെ ഈറനുടുത്ത് സുന്ദരിയായി നില്‍ക്കുമ്പോള്‍ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത ചെടികള്‍ മാത്രം നാം കാണുന്നു. പാടത്ത് വിളഞ്ഞ സുവര്‍ണ്ണ നെല്‍ക്കതിരുകള്‍. കുലകളേന്തിയ വാഴത്തൈകള്‍. നീണ്ടു കിടക്കുന്ന പയര്‍, പടവലം, പീച്ചില്‍, പാവല്‍. സൂര്യനെ നോക്കി ചിരിക്കുന്ന വെണ്ട. എരിവൊളിപ്പിച്ചുവെച്ച മുളക്. താഴെ ഇഴയുന്ന വള്ളികളില്‍ വെള്ളരി, മത്തന്‍, കുമ്പളം. ധരണിയെ ആശ്ലേഷിച്ച് കിടക്കുന്ന അരിപ്പൂക്കള്‍; കുറച്ചുയരത്തില്‍ മഞ്ഞമുക്കൂറ്റി; അതിലുമുയരെ ശ്വേതദളങ്ങളുമായി തുമ്പക്കുടങ്ങള്‍. ദേവ സങ്കല്‍പ്പവുമായി തുളസിക്കതിരുകള്‍. നന്ത്യാര്‍വട്ടം, തെച്ചി, മന്ദാരം, നെല്ലി, കദളി, കൃഷ്ണകിരീടം (ആറുമാസപ്പൂവ്), ശവം നാറി അങ്ങനെ എത്ര എത്ര പൂക്കള്‍. പാറി നടക്കുന്ന പൂമ്പാറ്റകളും തുമ്പികളും. ചിലച്ചു കൊണ്ടിരിക്കുന്ന അണ്ണാനും ചെറുകിളികളും. ഇതൊക്കെ പോരേ പ്രകൃതിക്ക് ചിങ്ങം മുഴുവനും ഉത്സവഛായ നല്കുവാന്‍! നെല്ലറകള്‍ നിറയുന്ന ചിങ്ങ മാസം തന്നെ മാവേലി മന്നനെ വരവേല്‍ക്കുവാന്‍ നാം തിരഞ്ഞെടുത്തതില്‍ അതിശയിക്കാനുണ്ടോ?

ശ്രദ്ധിക്കൂ, ചിങ്ങമാസത്തിലെ ആചാരങ്ങള്‍. ഓണത്തിന്റെ മുന്നോടിയായി കൊയ്ത്തുതുടങ്ങുമ്പോള്‍ ക്ഷേത്രങ്ങളില്‍ ഇല്ലം നിറ വല്ലം നിറ, പുത്തരി നിവേദ്യം തുടങ്ങിയ ചടങ്ങുകള്‍. ജന്മി ഗൃഹങ്ങളിലാകട്ടെ, ആദ്യം അറുത്തെടുത്ത കറ്റകള്‍ ചാണകം മെഴുകി ശുദ്ധമാക്കിയ അങ്കണത്തില്‍ വെച്ച് തലപ്പുലയന്റെ കയ്യില്‍ നിന്നും ഗൃഹനാഥ തെളിക്കുന്ന നിലവിളക്കിന്റെ സാന്നിധ്യത്തില്‍ ഗൃഹനാഥന്‍ ഏറ്റുവാങ്ങി പൂമുഖത്ത് വാതില്‍പ്പടിയില്‍ അല്ലെങ്കില്‍ ഉത്തരത്തില്‍ തൂക്കുന്നു. പിന്നീടാണ് മെതിച്ച നെല്ല് പത്തായത്തില്‍ നിറയ്ക്കുന്നത്. ജന്മി കുടിയാന്‍ ബന്ധം സുദൃഢമാകുന്ന ഒരവസരം കൂടിയാണ് ഓണം. അത്തം പത്തിന് പൊന്നോണം എന്നാണ് പഴമൊഴിയെങ്കിലും അത്തം നാള്‍ മുതല്‍ ഓണമായി എന്ന് പറയാം. ആദ്യദിവസം ചെറിയ വട്ടത്തില്‍ നന്ത്യാര്‍വട്ടവും, മന്ദാരവും, തുമ്പക്കുടവും, തുളസിക്കതിരും കൊണ്ടുള്ള പൂക്കളം. ഓരോദിവസവും വൃത്തം വലുതായ് വരും. അഞ്ചാം നാള്‍ മുതല്‍ വര്‍ണ്ണപകിട്ടുള്ള പുഷ്പങ്ങള്‍ കൂടി ഉപയോഗിച്ച് തുടങ്ങുന്നു. ഏതു പൂ വേണമെങ്കിലും ഉപയോഗിക്കാം. പരിമളം, ആകൃതി, വര്‍ണ്ണം, വലുപ്പം ഒന്നും പ്രശ്നമല്ല. എല്ലാവര്‍ക്കും തുല്യ പരിഗണന, തുല്യ നീതി. അതാണ് ഓണം. ഉത്രാടനാളും തിരുവോണനാളും മാവേലിയെ വരവേല്‍ക്കാനായ് പൂക്കള്‍ വീട്ടിനുപുറത്തും വിതറുന്നു. കൂടാതെ കളിമണ്ണുപയോഗിച്ചുണ്ടാക്കിയ മാവേലിയുടെയും വാമനന്റെയും പ്രതിരൂപങ്ങളും പൂക്കളത്തിനൊപ്പം വെക്കുന്നു. തിരുവോണം നാള്‍ പുലര്‍ച്ചെ ആര്‍പ്പുവിളിയോടെ നിലവിളക്കുകൊളുത്തി മാവേലിയെ സ്വീകരിച്ച് പൂവട നിവേദിക്കുന്നു. പിന്നീടാണ് സസ്യലതാദികളില്‍ നിന്നും സമാഹരിച്ച ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ സമൃദ്ധമായ ഓണ സദ്യ. ചിലപ്പോള്‍ പതിനെട്ട് വിഭവങ്ങള്‍ വരെ കാണും.

ഓണ സദ്യ കഴിഞ്ഞാല്‍ എല്ലാവരും പലതരം വിനോദങ്ങളിലേര്‍പ്പെടുന്നു. ബലമുള്ള വള്ളികള്‍ പിരിച്ചെടുത്തുണ്ടാക്കിയ ഊഞ്ഞാലില്‍ ഓലമടല്‍ ചെത്തിയുണ്ടാക്കിയ പടിയിലിരുന്നുകൊണ്ട് ഉയരത്തിലേക്കൊരു ഊഞ്ഞാലാട്ടം, ഓലപ്പന്തുകൊണ്ടുണ്ടാക്കിയ തലപ്പന്തുകളി, ഓലകൊണ്ട് കാറ്റാടി പിടിച്ച് വേഗത്തില്‍ ഓടുക, കുട്ടീം കോലും കളി, തുമ്പി തുള്ളല്‍, കൈകൊട്ടിക്കളി, പട്ടം പറത്തല്‍ തുടങ്ങി അനേകം കളികള്‍. കേരളത്തില്‍ ജലാശയങ്ങള്‍ ധാരാളമുണ്ടായിരുന്നതുകൊണ്ട് ഓണക്കാലത്ത് ജലോത്സവങ്ങളും നീന്തല്‍ മത്സരങ്ങളും നടന്നിരുന്നു. ആറന്മുള വള്ളം കളിയും വള്ളസദ്യയുമൊക്കെ ഇന്നും നടക്കുന്നു. നല്ലൊരു വിളവു കിട്ടിയതിന്റെ ആഹ്ലാദ പ്രകടനമായിരുന്നു ഓണം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം വിളിച്ചോതുന്ന ഒരാഘോഷം തന്നെയായിരുന്നു ഓണം.

പൂക്കളത്തിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാനറിയാതെ എന്റെ ഉള്ളില്‍ ഒരു നൊമ്പരം എവിടന്നോ കടന്നു വന്നു. രാവിലെ പൂക്കളം ഇടാന്‍ പോരുമ്പോള്‍, ഞാന്‍ താലോലിച്ച് വളര്‍ത്തിയ ചെടികളില്‍നിന്നും ശേഖരിച്ച തുമ്പക്കുടങ്ങളും മുക്കൂറ്റിയും തുളസിക്കതിരുകളും കയ്യില്‍ കരുതിയിരുന്നു. ഗതകാല സ്മരണയ്ക്കായി നമ്മുടെ പൈതൃകത്തിന്റെ പ്രതീകമായി ഇവയ്ക്ക് എവിടെയെങ്കിലും ഒരു ഇടം നല്‍കണമെന്ന് ഞാന്‍ സൂചിപ്പിക്കുകയും ചെയ്തു. ഒടുവില്‍, ചാരുതയാര്‍ന്ന പൂക്കളo തീര്‍ന്നപ്പോള്‍ എന്റെ പൊതി മാത്രം ഒരു മൂലയ്ക്ക് അനാഥമായിക്കിടന്നിരുന്നു. ഞാന്‍ തന്നെ മുന്‍കൈയെടുത്ത് നിലവിളക്കിനുചുറ്റും അവയ്ക്കൊരു സ്ഥാനം കണ്ടുപിടിച്ചു. വൈകുന്നേരം നോക്കിയപ്പോള്‍ നിലവിളക്കുമില്ല എന്റെ പാവം പൂക്കളുമില്ല. നിലവിളക്ക് മാറ്റിയപ്പോള്‍ അവരും സ്ഥാനഭ്രഷ്ടരായി. ആ സംഭവം എന്തുകൊണ്ടോ എവിടെയോ വെറുതെ ഒരു നൊമ്പരമായി ഇടയ്ക്കിടെ ഇന്നും എന്നെ നുള്ളി നോവിക്കുന്നു.

ഇന്ന്‍ ഒക്ടോബര്‍ ഒന്ന്. വയോജനദിനം. ഞാനും സ്ഥാനഭ്രഷ്ടയായ  ഒരു (വന്ദ്യ) വയോധിക!

Advertisements