മാസം: നവംബര്‍ 2016

ഒരു പ്രഭാതം – ജാലകപ്പഴുതിലൂടെ

flowerമെല്ലെ കണ്ണുതുറന്ന് ഞാന്‍ ജാലകപ്പഴുതിലൂടെ നോക്കി. പുറത്ത് ഇരുട്ടുതന്നെയാണ്. മഴ ചാറുന്നുമുണ്ട്. സുഖദമായ ശീതളതയില്‍ മുടിപ്പുതച്ച് മഴയുടെ താളശ്രുതിലയങ്ങള്‍ ശ്രവിച്ചുകൊണ്ട് ഉണര്‍ന്നിട്ടും ഉണരാതെ കിടന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ! പിന്നീട്, പതുക്കെ എഴുന്നേറ്റ് ജാലകത്തിരശ്ശീല ചുമരിനോടടുപ്പിച്ച് പശ്ചിമദിക്കിലേക്ക് ദൃഷ്ടി പായിച്ചുകൊണ്ട് കട്ടിലില്‍ തന്നെ അലസമായിട്ടിരുന്നു. തുലാവര്‍ഷത്തിലെ പതിവ് കോലാഹലങ്ങളായ ഇടിയും മിന്നലുമൊന്നുമില്ലാതെ ശാന്തമായി പെയ്തുകൊണ്ടിരുന്ന രാത്രി മഴ പുലരിയിലും തുടരുന്നു. ‘മേഘമേ, നീ ആരെയാണ് പ്രണയിച്ചതിങ്ങനെ കണ്ണുനീര്‍ തൂകുവാന്‍’അര്‍ത്ഥവത്തായ ആ വരികള്‍ ഫേസ്ബുക്കില്‍ വായിച്ചതാണ്. പെയ്തുപെയ്ത് മിഴിനീര്‍ താനെ വറ്റട്ടെ. ആ മിഴിനീര്‍ നമുക്ക് ജീവജലമല്ലെ; കാത്തിരിക്കാം. വാസ്തവത്തില്‍, എത്രയോ ആഴ്ചകളായി ദാഹിക്കുന്ന വേഴാമ്പല്‍ പക്ഷിയെപ്പോലെ വടക്കുകിഴക്ക് മിഴിയും നട്ട് ആകാംക്ഷയോടെ കാത്തിരിപ്പുതുടങ്ങിയിട്ട്. എന്നിട്ടെന്താ, മോഹിപ്പിച്ച് ദാ വന്നു, ദേ പോയി; അത്ര തന്നെ. പേമാരി ചൊരിയട്ടെ; ജലാശയങ്ങള്‍ നിറഞ്ഞുതുളുമ്പട്ടേ; വറ്റിവരണ്ടുവിണ്ടുകിടക്കുന്ന വയലുകള്‍ നനയട്ടെ; നാടിന് സമ്പല്‍സമൃദ്ധിയുണ്ടാകട്ടെ..

കൂരയുടെ മേല്‍ത്തട്ടില്‍നിന്നും ഇറ്റിറ്റായി വീഴുന്ന നീര്‍ത്തുള്ളികള്‍ നോക്കിയിരിക്കെ, ഒരു കാക്ക കരഞ്ഞുകൊണ്ട് എങ്ങോട്ടോ തിരക്കുപിടിച്ച് പറന്നകലുന്നു. ഇടവഴിക്കപ്പുറത്തുള്ള മുന്‍വശത്തെ വീടിന്റെ മുകളില്‍ മേഞ്ഞിരിക്കുന്ന ഓടിനടിയിലെ പൊത്തില്‍നിന്നും ഒരു അണ്ണാന്‍ തലനീട്ടി ചുറ്റും നോക്കി വേഗം ഉള്‍വലിയുന്നു. അയല്‍പക്കത്തുള്ള പവിഴമല്ലിയുടെയും, മന്ദാരത്തിന്റെയും, നന്ത്യാര്‍വട്ടത്തിന്റെയും, പ്ലാവിന്റെയും മണിമരുതിന്റെയും മാവിന്റെയും മരച്ചില്ലകളില്‍ തട്ടി തെറിച്ചു വീഴുന്ന ജലകണങ്ങള്‍ ഭൂമിദേവിയെ നമസ്ക്കരിക്കുവാന്‍ തിരക്കുകൂട്ടുന്നു. ഹരിത വര്‍ണ്ണം വാരിക്കോരി പൂശിയ പത്രങ്ങളാല്‍ സമൃദ്ധമായ മുറ്റത്തെ ജാതിയുടെ നീട്ടിയ കരങ്ങള്‍ പോലെയുള്ള ചില്ലകളില്‍ അങ്ങിങ്ങ് ഇളം പച്ചനിറത്തില്‍ ചെറിയ ഗോളകങ്ങള്‍ പോലെ പല വലിപ്പത്തിലുള്ള കായ്കള്‍ ഞാന്നുകിടക്കുന്നു. കാറ്റൊന്ന് മെല്ലെ വീശുമ്പോള്‍ ഇലകളും ശിഖരാഗ്രങ്ങളും മരം പെയ്തുകൊണ്ട് കുഞ്ഞുങ്ങളെപ്പോലെ ആര്‍ത്തുല്ലസിക്കുന്നു.

വീടിനുമുമ്പിലുള്ള ഇടവഴിയില്‍ മതിലിനോടുചേര്‍ന്നുവളരുന്ന ചെമ്പരത്തികളാകട്ടെ ജാതിയുടെ കമ്പുകള്‍ക്കിടയിലൂടെ നുഴഞ്ഞു കയറി എന്നെ നോക്കൂ എന്ന ഭാവത്തില്‍ മത്സരിച്ച് തല ഉയര്‍ത്തിനില്‍ക്കുന്നു. അവയില്‍ ചുവപ്പും, ഇളം കാവി നിറത്തില്‍ നടുക്കുമാത്രം ചുവപ്പുവൃത്തമുള്ള കുസുമങ്ങളുടെ മൊട്ടുകള്‍ വിരിയാന്‍ വെമ്പല്‍കൊണ്ട് വ്രീളാവിവശരായി പാതിവിരിഞ്ഞുനില്‍ക്കുന്നു. കൂമ്പിനില്‍ക്കുന്ന കുസുമ ദളങ്ങള്‍ക്ക് ഒരു പോറല്‍പോലും നീര്‍മണിമുത്തുകള്‍ ഏല്‍പ്പിച്ചിട്ടില്ല. ഇളം മൊട്ടുകളാകട്ടെ തെല്ലസൂയയോടെ വിടരാനുള്ള മോഹം മറച്ചു വെച്ച് ഊഴം കാത്തിരിക്കുന്നു. കൂടാതെ, ഇന്നലത്തെ മോഹിനികള്‍ പൊലിഞ്ഞ സ്വപ്നങ്ങളുമായി അരങ്ങൊഴിയുവാന്‍ വിസമ്മതിച്ച് ഞെട്ടില്‍ വാടിച്ചുളുങ്ങി തൂങ്ങിക്കിടക്കുന്നു.  ചെമ്പരത്തികളുടെ ഇടയിലൂടെ  എത്തിനോക്കുന്ന ഒരു കൂട്ടര്‍  കൂടിയുണ്ട്.  അമ്മ കറുത്തത്; മോളു വെളുത്തത്; മോക്കടെ മോളൊരു സുന്ദരക്കുട്ടി എന്ന കടം കഥയിലെ താളിയാണത്.  

വീട്ടുവളപ്പിനകത്ത് മതിലില്‍ ചേര്‍ന്നുകിടക്കുന്ന പയറിന്റെ വള്ളികള്‍ എന്നെ വെല്ലുവിളിച്ച് ജാതിയിലേക്കും ചെമ്പരത്തിയിലേക്കും പടരാനുള്ള ശ്രമത്തിലാണ്. താഴെ ഗ്രോബാഗില്‍ വളരുന്ന തക്കാളിച്ചെടികള്‍ ചാഞ്ഞു കിടക്കുന്നു. അറ്റത്ത് മഞ്ഞ നിറത്തില്‍ കുഞ്ഞു നക്ഷത്രലോലാക്കുകള്‍ പോലെ പൂക്കള്‍ വിരിഞ്ഞിരിക്കുന്നു. ചിലതില്‍ ഇളം കായകളും കാണാം. നേര്‍ത്തുനീണ്ട ഇലകളുള്ള ഇഞ്ചിയും നീണ്ട് വീതികൂടിയ ഇലകളുള്ള മഞ്ഞളും തലയെടുപ്പോടെ ഒന്നും സംഭവിക്കാത്ത മട്ടില്‍ അന്തസ്സോടെ നില്ക്കുന്നു. വെളുത്ത കുഞ്ഞുപൂക്കള്‍ പേറിയ മുളകുതൈകളും അതുപോലെ തന്നെ.

ഞാന്‍ ശ്രദ്ധിച്ചു: മഴയില്‍ക്കുതിര്‍ന്ന്‍ പവിഴമല്ലിയുടെ സുഗന്ധം നഷ്ടപ്പെട്ടിരിക്കുന്നു. മുന്‍വശത്തെ വീട്ടിലെ മുറ്റത്തെ മാവ് പൂത്തിട്ടില്ല. പ്ലാവിലാകട്ടെ, ഇടിച്ചക്ക പരുവത്തില്‍ മൂന്നാലെണ്ണം തൂങ്ങിക്കിടപ്പുണ്ട്. ‘വേണമെങ്കില്‍ ചക്ക വേരിലും കായിക്കും’ എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്നതുപോലെ ഈ പ്ലാവിന്റെ ചൊട്ടകള്‍ പൊട്ടുന്നത് തടിയുടെ വളരെ താഴെയായാണ്. ഇടവപ്പാതിയാകുമ്പോള്‍ ഒരു ചക്ക പോലും ബാക്കിയുണ്ടാവില്ല. പ്ലാവിന്റെ ശാഖകള്‍ക്കിടയില്‍ക്കൂടി കാര്‍മേഘാവൃതമായ ആകാശം കാണാം.

ഞാനങ്ങനെ നോക്കിയിരിക്കെ മാനം തെളിഞ്ഞുവന്നു. പൊടുന്നനെ, ആരെയും മോഹിപ്പിക്കുന്ന ആ ദൃശ്യം ഞാന്‍ കണ്‍കുളുര്‍ക്കെ കണ്ടു, ആസ്വദിച്ചു, അനുഭവിച്ചു. പൂര്‍വദിക്കിലുദിച്ച ആദിത്യന്റെ ആദ്യകിരണങ്ങള്‍ ജലകണങ്ങള്‍ക്കുള്ളില്‍ വരഞ്ഞെടുത്ത ഒരു മനോഹര ചിത്രം ഏഴുവര്‍ണ്ണങ്ങളാല്‍ ശോഭിതമായ മാരിവില്ല്. ജാലകപ്പഴുതിലൂടെ ആ വിസ്മയക്കാഴ്ച എറെനേരം നോക്കിയിരുന്നു. അന്നത്തെ പ്രഭാതം ധന്യമായി.

Advertisements