മാസം: മാര്‍ച്ച് 2017

മേരി സത്യദാസ് മാഡത്തിന് എന്റെ ആദരാഞ്ജലികള്‍

(ഓർമ്മ ചെപ്പേടില്‍നിന്നും അടര്‍ത്തിയെടുത്തത്)


2016 ഡിസംബർ 28 ലെ മാതൃഭൂമി ദിനപത്രത്തില്‍ ചരമം എന്ന് ശീര്‍ഷകം നല്കിയിട്ടുള്ള പേജിലെ ആള്‍ക്കൂട്ടത്തിനിടയില്‍ എന്റെ ജീവിതത്തില്‍ ഒരുപാട് വഴിത്തിരിവുകള്‍ക്കിടയാക്കിയ  ഒരു വ്യക്തിയുടെ ചരമക്കുറിപ്പും അവരുടെ ചിത്രവുമുണ്ടായിരുന്നു.  അവര്‍ എന്റെ  സുഹൃത്തായിരുന്നു; അഭ്യുദയകാംക്ഷിയായിരുന്നു. ഞാന്‍ ആദരവോടെ ഓര്‍ക്കുന്ന ആ മഹതി കേരളത്തിലെ ആദ്യത്തെ (1957) കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി, പ്രഭാഷകന്‍, നിരൂപകന്‍, കഥാകൃത്ത്, വിദ്യാഭ്യാസചിന്തകന്‍ എന്നീ മേഖലകളില്‍ പ്രശസ്തനുമായിരുന്ന പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരിയുടെ മകളും, കോട്ടയം മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പ്രൊഫസ്സറായിരുന്ന ഡോ. സത്യദാസിന്റെ ഭാര്യയും, അവിടത്തെ ഫാര്‍മകോളോജി വിഭാഗം മേധാവിയും ആയിരുന്ന ഡോ. പ്രൊഫ. മേരി ജോസഫ് എന്ന മേരി സത്യദാസ് ആയിരുന്നു. അവരുടെ ജോലിയിലുള്ള അര്‍പ്പണമനോഭാവം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

1969 ഫെബ്രുവരി 5 ന് ആയിടെ എം ബി ബി എസ് പരീക്ഷ പാസായതിനുശേഷമുള്ള ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഞാന്‍ ആലപ്പുഴയിലെ ടി ഡി (തിരുമല ദേവസ്വം) മെഡിക്കല്‍ കോളേജിലെ  ഫാര്‍മക്കോളോജി വിഭാഗത്തില്‍ ട്യൂടര്‍ തസ്തികയില്‍ ജോലിക്ക് പ്രവേശിച്ചു. പ്രൊമോഷന്‍ കിട്ടണമെങ്കില്‍ ഫാര്‍മക്കോളോജിയില്‍ ഉന്നത ബിരുദം (എം ഡി) എടുക്കണം. തന്നിഷ്ട പ്രകാരം ഒരു മലയാളിയെ  വിവാഹം കഴിച്ചതുകൊണ്ടു ബന്ധുബലവും സാമ്പത്തികവും വലിയ വെല്ലുവിളികള്‍ തന്നെയായിരുന്നു. പോരാത്തതിന്, കഷ്ടിച്ച് ഒന്നര വയസ്സുമാത്രമുള്ള ഒരു മകളും. ഭര്‍ത്താവ് കുടുംബഭാരം മുഴുവനും ഏറ്റെടുക്കാം എന്നു നല്ല മനസ്സോടെ സമ്മതിച്ചതുകൊണ്ടുമാത്രമാണ്  ഞാന്‍ ഫാര്‍മക്കോളോജി എം ഡിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്.  1971-ല്‍  ട്രിവാന്‍ഡ്രo (തിരുവനന്തപുരം) മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന് ഫാര്‍മക്കോളോജിയില്‍   ഉന്നതബിരുദം നേടുന്നതിനായി ഞാനന്ന് ജോലിചെയ്തിരുന്ന ടി ഡി മെഡിക്കല്‍ കോളേജില്‍ രണ്ടു വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്കി. അപ്പോള്‍  അതിനു കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു: “ആര്‍ജ്ജിത അവധിയുള്‍പ്പെടെ എല്ലാം അനുവദിച്ചു തരാം; നിങ്ങളുടെ അപേക്ഷ സര്‍ക്കാരിലേക്ക് അയക്കുകയും ചെയ്യാം. തിരിച്ചു വരുമ്പോഴത്തെ സ്ഥിതി എന്താണെന്ന് ഇപ്പോള്‍ പറയുക വയ്യ”. എന്തായാലും പഠനം തുടരുവാന്‍ തന്നെ തീരുമാനിച്ചു.

ആലപ്പുഴയിലെ ടി ഡി (തിരുമല ദേവസ്വം) മെഡിക്കല്‍ കോളേജ് 1963-ല്‍ സ്വാശ്രയ കോളേജ് ആയിട്ടാണ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത് എന്നറിയുമ്പോള്‍ പലര്‍ക്കും അവിശ്വസനീയമായി തോന്നാനിടയുണ്ട്. തലവരി പണം സ്വീകരിക്കുന്നതിനെതിരെ കേരള സര്‍വ്വകലാശാല നിലപാടെടുത്തപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടിലായ തിരുമല ദേവസ്വത്തിന് കോളേജ് നടത്തിക്കൊണ്ടുപോകുവാന്‍ പറ്റാത്ത അവസ്ഥ വന്നു. 1967-ല്‍ 5 വര്‍ഷത്തേക്ക്  ഈ കോളേജ് സർക്കാര്‍ ഏറ്റെടുത്തു. അന്ന് മുതല്‍ കോളേജും ജീവനക്കാരും അര്‍ദ്ധസര്‍ക്കാര്‍ എന്ന നിര്‍വചനത്തില്‍ പെട്ടു.  5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായപ്പോള്‍   തിരുമല ദേവസ്വത്തിന് കോളേജ് തിരിച്ചെടുക്കുവാനായില്ല. അങ്ങനെ,   1972 ഒക്ടോബര്‍ മാസത്തില്‍ കോളേജ്  പൂര്‍ണ്ണമായും സര്‍ക്കാരിന്റെ അധീനതയിലായി.

1973 ഒടുവില്‍  ഞാന്‍  തിരിച്ചെത്തിയപ്പോള്‍ അര്‍ഹതപ്പെട്ട  അവധി കഴിഞ്ഞുള്ള സമയം പഠനാവശ്യത്തിലേക്ക് വേതനമില്ലാത്ത അവധി എന്നാക്കി തന്നു. ഓപ്ഷന്‍ കൊടുത്ത്   ഞാനും സര്‍ക്കാര്‍ ജീവനക്കാരിയായി.  1974 ജൂണ്‍ മാസത്തില്‍ എം‌ ഡി ബിരുദം നേടിയ  ഞാന്‍ പ്രമോഷന്‍ സ്വപ്നവുമായി  നടക്കുമ്പോള്‍ ഒരു ദാരുണ സത്യം മനസ്സിലാക്കി:  “ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ തസ്തികയില്ല.  പുതിയ തസ്തിക സൃഷ്ടിക്കപ്പെടണം അല്ലെങ്കില്‍ സ്വാധീനം ഉപയോഗിച്ച് ഏതെങ്കിലും വിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികയില്‍ താല്‍ക്കാലികമായി നിയമനം തേടി ഫാര്‍മക്കോളോജിയില്‍ ജോലി ചെയ്യണം”.   രണ്ടും എന്നെക്കൊണ്ടു അസാധ്യമായ കാര്യങ്ങള്‍. ബന്ധു ബലവും രാഷ്ട്രീയ സ്വാധീനവും അധികസമ്പത്തുമില്ലാതെ കുടുംബ പ്രാരാബ്ദങ്ങള്‍ക്കു മാത്രം യാതൊരു കുറവുമില്ലാതിരുന്ന ഞാന്‍ നിരാശയുടെ പടുകുഴിയില്‍ വീണു. എന്നിട്ടും, ഒരു തസ്തിക അനുവദിച്ചു കിട്ടുന്നതിനുവേണ്ടി ഞാന്‍ ധാരാളം നിവേദനങ്ങള്‍ ആരോഗ്യ വകുപ്പിലെ മേലധികാരികള്‍ക്കയച്ചു. തിരുവനന്തപുരത്ത് പല തവണ പോകുകയും എന്റെ സങ്കടം അറിയിക്കുകയും ചെയ്തു. പോകുക എന്നു പറഞ്ഞാല്‍ വളരെ പ്രയാസമേറിയ കാര്യമായിരുന്നു. തനിച്ചു പോകുവാന്‍ പറ്റില്ല. അതിരാവിലെ  നാലുമണിക്കുള്ള ബസില്‍ പോയാല്‍ മാത്രമെ അന്ന് തന്നെ തിരിച്ചെത്തുവാന്‍ സാധിക്കുകയുള്ളു. ബസ് സ്റ്റോപ്പില്‍ ആ സമയത്ത് എത്തിപ്പറ്റാന്‍ അതിലേറെ പ്രയാസം. ആകപ്പാടെ സെക്രട്ടേറിയട്ടില്‍ ധനകാര്യ വകുപ്പുമേധാവിയുടെ സെക്രട്ടറിയെ  മാത്രമായിരുന്നു എനിക്ക്  പരിചയം. അവര്‍ മുഖാന്തിരമാണ് ആരോഗ്യവകുപ്പില്‍ തന്നെ  കേറിപ്പറ്റിയിരുന്നത്. എന്നിട്ടുള്ള അവസ്ഥയോ, ഇങ്ങനെ: “സെക്ഷനില്‍ ആളുള്ള സമയം തന്നെ കുറവ്; ഉണ്ടെങ്കിലോ എന്റെ നിവേദനം അവിടെയൊന്നും കണ്ടു കിട്ടുകയില്ല; അല്ലെങ്കില്‍ ഒഴുക്കന്‍ മട്ടില്‍ എന്തെങ്കിലും എഴുതി മേലോട്ടു വിട്ടു കാണും. ചന്തക്ക് പോയി ഒന്നും കിട്ടാതെ മടങ്ങിയ  ശ്വാനനെ  പോലെ തിരിച്ചു വരും.”  സെക്രട്ടേറിയറ്റ് നിരങ്ങലില്‍നിന്നും ഞാനൊരു പാഠം പഠിച്ചു; അല്ല തീരുമാനമെടുത്തു എന്നു പറയുന്നതാവും കൂടുതല്‍ ശരി: “സര്‍ക്കാരിന്റെ ശമ്പളം പറ്റി, പണി എടുക്കാതെ, ശരിയായ  തീരുമാനങ്ങളെടുക്കാതെ, ഒളിച്ചുകളി നടത്തുന്ന,  കടമകളെക്കുറിച്ച് ബോധപൂറ്വ്വം വിസ്മരിച്ച് സംഘബലത്തില്‍ അവകാശങ്ങള്‍  നേടിയെടുക്കുന്ന ഒരു വ്യക്തിയായി  ഞാന്‍ മാറുകയില്ല.”

‘ടൂടര്‍ എമിററ്റസ്’ എന്നു സ്വയം വിശേഷിപ്പിച്ചു ഖിന്നയായി നടക്കുമ്പോള്‍  ഒരു നാള്‍ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു: “ഡോ. മേരി ജോസഫ് രാജിവെച്ചു സര്‍വീസില്‍ നിന്നും പിരിഞ്ഞു പോയതുമൂലം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഫാര്‍മകോളോജി വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസ്സരുടെ   ഒരു ഒഴിവുവന്നിരിക്കുന്നു”. ഞാന്‍ തിരക്കിട്ട് അപേക്ഷ സമര്‍പ്പിച്ചു കാത്തിരുന്നു. കുറെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു വിവരം കേട്ടു: “എന്നെക്കാള്‍ ഒരു വർഷം ജൂനിയര്‍ ആയ വ്യക്തിക്കു നിയമനം നല്കിയിരിക്കുന്നു. ഞാന്‍ ടി ഡി മെഡിക്കല്‍ കോളേജ് സ്റ്റാഫ് ആയിരുന്നതുകൊണ്ടാണത്രെ എന്റെ  അപേക്ഷ പരിഗണിക്കപ്പെടാതിരുന്നത്.” എനിക്കു ഒരിക്കലും പ്രൊമോഷന്‍ കിട്ടുകയില്ല എന്ന യാഥാര്‍ഥ്യം എന്നെ വേട്ടയാടി; എന്റെ രാവുകള്‍ ദു:സ്വപ്നങ്ങള്‍ നിറഞ്ഞതായി. എന്നിട്ടും പിന്‍വാങ്ങുവാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.  ഞാന്‍ അവരുടെ  ബയോഡാറ്റ മനസ്സിലാക്കുവാന്‍ ശ്രമം തുടങ്ങി: “ചങ്ങനാശ്ശേരിയിലെ സമ്പന്ന കുടുംബത്തിലെ അംഗം; ടി ഡി മെഡിക്കല്‍ കോളേജിലില്‍നിന്നും എം ബി ബി എസ് ബിരുദം; തിരുവനന്തപുരത്ത്  പി എസ് സി വഴി ടൂടര്‍  ആയി നിയമനം; എം ഡി ക്കു എന്റെ ഒരു വർഷം ജൂനിയര്‍”.   പി എസ് സി വഴി ടൂടര്‍  ആയി ചേര്‍ന്നതുകൊണ്ടു അതുയര്‍ത്തിപ്പിടിച്ചായിരിക്കണം  അവര്‍ എനിക്കെതിരെ കരു നീക്കിയത് എന്നു ഞാന്‍ വിശ്വസിച്ചു. പക്ഷെ, ഒരു കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടു:  “അസിസ്റ്റന്‍റ് പ്രൊഫസ്സറുടെ ഒഴിവ് പ്രഖ്യാപിച്ച ദിവസം അവര്‍ എം ഡി പരീക്ഷ എഴുതിക്കഴിഞ്ഞിരുന്നുവെങ്കിലും പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല.” ഈ വിവരം ഉയര്‍ത്തിപ്പിടിച്ച്, എനിക്കാണ് പ്രൊമോഷന്‍ യോഗ്യത    എന്നു  ഘോഷിച്ച്,  ഞാന്‍  വീണ്ടും വീണ്ടും  നിവേദനങ്ങള്‍ സമര്‍പ്പിച്ചു. ഒന്നിനും ഒരു  മറുപടി പോലും കിട്ടിയില്ല. ഒടുവില്‍, സാമ്പത്തിക ഭദ്രതയില്ലാതിരിന്നിട്ടുകൂടി ഞാന്‍ എന്നോടു കാണിക്കുന്ന നീതി നിഷേധത്തിനെതിരെ കോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചു. അയല്‍ക്കാരനായിരുന്ന സുഹൃത്ത് എന്നെ സഹായിക്കുവാന്‍ മുന്നോട്ട് വന്നു. (ഇന്നും രണ്ടു കുടുംബക്കാരും സുഹൃത്ത് ബന്ധം നില നിർത്തുന്നു). അദ്ദേഹം എറണാകുളത്ത്  ഒപ്പം വന്ന് വളരെ പ്രസിദ്ധനായ ഒരു ക്രിമിനല്‍ അഭിഭാഷകനെ പരിചയപ്പെടുത്തി തന്നു. അഭിഭാഷകനാകട്ടെ ഫീസ് വാങ്ങാതെ കേസ് ഏറ്റെടുത്തു നടത്തി. മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ഇടയ്ക്കിടക്ക് കേസിന്റെ പുരോഗതി ഞാന്‍ അഭിഭാഷകനെ വിളിച്ച് അന്വേഷിക്കുമായിരുന്നു. അപ്രതീക്ഷിതമായിട്ടൊരിക്കല്‍ മറുപടി കിട്ടി: “വിധി വന്നിട്ടുണ്ട്.” എറണാകുളത്ത് ചെന്ന് പകര്‍പ്പ് വാങ്ങി അതിവേഗം തിരുവനന്തപുരത്തേക്ക് യാത്രയായി. വിധിയുടെ പകര്‍പ്പ്  അഡീഷണല്‍സെക്രട്ടറിയെ കാണിച്ചു. സെക്രട്ടേറിയേറ്റില്‍ ഞാന്‍  പറയുന്നതു കേള്‍ക്കാന്‍ സന്മനസ്സുകാണിച്ച ഒരേ ഒരു വ്യക്തിയായിരുന്നു അദ്ദേഹം എന്നു പറയുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്.  ഒരാഴ്ചയ്ക്കകം  എനിക്ക്  കോട്ടയം മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ ആയി പ്രമോഷന്‍ നല്‍കിക്കൊണ്ടുള്ള  നിയമനോത്തരവു കിട്ടി. മനസ്സ് തുടികൊട്ടി പാട്ട് പാടി.

ഫാര്‍മക്കോളോജി ഡിപ്പാര്‍ട്മെന്‍റില്‍ നിന്നും ആദ്യമായി  അന്യ സംസ്ഥാനത്തുള്ള  ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജിലേക്ക് ജോലിക്കായി പോയത് മേരി സത്യദാസ് മാഡമായിരുന്നു. സത്യദാസ് സാറിന്റെ പെട്ടെന്നുണ്ടായ നിര്യാണംമൂലമുണ്ടായ സാമ്പത്തിക ഞെരുക്കം ഒരു പക്ഷെ കൂടുതല്‍ വേതനം കിട്ടുന്ന ജോലി സ്വീകരിക്കുവാന്‍ അവരെ പ്രേരിപ്പിച്ചതാവാം എന്നു ഞാന്‍ വിശ്വസിക്കുന്നു. അവരുടെ രാജി എന്നെ എങ്ങനെ ബാധിച്ചു എന്നു അവരറിയുവാന്‍ ഇടയില്ല. പിന്നീട്, ബംഗളൂരു, മൈസൂര്‍ തുടങ്ങിയ സര്‍വശാലകള്‍ നടത്തുന്ന മെഡിക്കൽ പരീക്ഷകളില്‍  പുറമേനിന്നുള്ള പരീക്ഷകര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ച്  പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചു വർഷങ്ങള്‍ക്കു മുന്‍പൊരിക്കല്‍ കാനഡായില്‍ താമസിക്കുന്ന എന്റെ സഹോദരീപുത്രി,  മേരി സത്യദാസ് മാഡം അവരുടെ ഒരു മകന്റെ കൂടെ അവരുടെ വീടിന്റെ അടുത്ത് താമസിക്കുന്ന വിവരം എന്നോടു പറഞ്ഞിരുന്നു.

പിതാവിനെപ്പോലെ തന്നെ ആദർശങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്ന ഒരു  വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന മേരി സത്യദാസ് മാഡത്തിന്   എന്റെ ആദരാഞ്ജലികള്‍.

Advertisements