മാസം: സെപ്റ്റംബര്‍ 2017

പഴനിയിലേക്കൊരു തീര്‍ത്ഥയാത്ര

ഒരു സുപ്രഭാതത്തില്‍ പഴനിയിലെ ശിവഗിരി കുന്നുകളില്‍ കുടിയിരിക്കുന്ന ദണ്‍ഡായുധപാണി സ്വാമിയെ നേരില്‍ക്കണ്ട് വണങ്ങി വരണമെന്നൊരു മോഹം തോന്നി. മുതിര്‍ന്ന പൌരന്മാരായ ഒരു പുരുഷനും രണ്ടു സ്ത്രീകളുമടങ്ങുന്ന മൂവര്‍ സംഘം യാത്രാപരിപാടികള്‍ ആസൂത്രണം ചെയ്തു. അധികം തിരക്കുണ്ടാകുവാന്‍ ഇടയില്ലാത്ത മാര്‍ച്ച് ആദ്യവാരം പോകുവാന്‍ തീരുമാനമായി. പഴനി മലയുടെ അടിവാരത്തുള്ള സാമാന്യം നല്ല ഹോട്ടലില്‍ താമസം കാലേകൂട്ടി ഉറപ്പിച്ചു.

രാവിലെ ഏഴര മണിക്കുള്ള കെ എസ് ആര്‍ ടി സി സൂപര്‍ഫാസ്റ്റില്‍ എറണാകുളത്തുനിന്നും യാത്ര തിരിച്ചു. മുമ്പിലെ സീറ്റുകള്‍ കിട്ടിയതുകൊണ്ട് യാതൊരു അല്ലലുമില്ലാതെ മനോഹരമായ വഴിയോരക്കാഴ്ചകള്‍ കണ്ടുരസിച്ചങ്ങനെ ഞങ്ങള്‍ നെന്മാറ വഴി യാത്ര ചെയ്ത് ഉച്ചക്ക് ഒന്നരയോടുകൂടി പഴനിയിലെത്തി. ഇനി എങ്ങനെ എന്ന് ചിന്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ തന്നെ, അത് മനസ്സിലാക്കിയിട്ടെന്നവണ്ണം, ഒരു കുതിരവണ്ടിക്കാരന്‍ സവാരി പ്രതീക്ഷിച്ച് ഞങ്ങളെ ചുറ്റിപ്പറ്റിനില്‍ക്കുന്നത് കണ്ടു. ഒരു ഓര്‍മ്മ പുതുക്കലായി കുതിരവണ്ടിയില്‍ താമസസ്ഥലത്തേക്കുള്ള ആ യാത്ര!

താമസിക്കുന്ന ഹോട്ടലില്‍നിന്നും ഉച്ചഭക്ഷണം കഴിച്ച്, കുറച്ചു വിശ്രമിച്ച ശേഷം ക്ഷേത്രത്തിലേക്ക് പോകാം എന്ന് തീരുമാനിച്ചു. ഉണര്‍ന്നപ്പോള്‍ അഞ്ചു മണിയായി. വിഞ്ചിലോ, റോപ് വേയിലോ കയറി മലമുകളില്‍ എത്താം എന്നു തീരുമാനിച്ചാണ് എറണാകുളത്തുനിന്നും യാത്ര പുറപ്പെട്ടത്. എന്തായാലും പുറത്തേക്കിറങ്ങി. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഫ്രീയായി ചെരുപ്പ് സൂക്ഷിക്കുന്ന സ്ഥലം എന്ന പരസ്യപ്പലക കണ്ടപ്പോള്‍ അവിടെ കയറി ചെരുപ്പുകള്‍ ഏല്‍പ്പിച്ച് റോപ് വേയ് / വിഞ്ച് സ്റ്റേഷനിലേക്കുള്ള വഴി അന്വേഷിച്ച് നടപ്പു തുടങ്ങി. ഞങ്ങള്‍ ചോദിക്കുന്നത് അവര്‍ക്കും, അവര്‍ പറയുന്നത് ഞങ്ങള്‍ക്കും മനസ്സിലായില്ല. ഒടുവില്‍ എത്തിയത് മലയുടെ പടവുകള്‍ ചവിട്ടിക്കയറുന്ന അടിവാരത്തായിരുന്നു. ഇരുവശത്തും കടകള്‍. ഞങ്ങള്‍ മുകളിലേക്കുനോക്കി പകച്ചുനിന്നു. ‍ മധ്യവയസ്ക്കനായ ഒരു വ്യാപാരി അടുത്തുവന്ന് ഇങ്ങനെ പറഞ്ഞു: “രാത്രി പത്തു മണിവരെയും ആളുകള്‍ ഉണ്ടാകും. വെളിച്ചവും ഉണ്ടാകും. നിങ്ങളെപ്പോലെയുള്ളവര്‍ മല കയറാറുണ്ട്. സാവകാശം കയറിയാല്‍ മതി”.

വൃക്ഷങ്ങള്‍ക്കിടയിലൂടെ മലമുകളിലേക്ക് സന്ദേഹത്തോടെ നോക്കി. 160 മീറ്റര്‍ ഉയരം. 693 പടവുകള്‍. 2.4 കിലോ മിറ്റര്‍ ചുറ്റളവില്‍ ഗിരിവീഥി. എല്ലാവരും നെടുവീര്‍പ്പുതിര്‍ത്തു. തമ്മില്‍ തമ്മില്‍ നോക്കി. മൂവരും പെട്ടെന്നൊരു ധൈര്യവും ഉന്മേഷവും ഉണ്ടായതുപോലെ ഒന്നു രണ്ട് മൂന്ന് എന്നിങ്ങനെ പടികള്‍ ഓരോന്നായി ചവുട്ടി കയറിത്തുടങ്ങി. പിടിക്കാന്‍ ഇരുവശത്തും സ്റ്റീലുകൊണ്ടുള്ള ബലമുള്ള കൈവരികള്‍. തമ്മില്‍ അധികം ഉയരത്തിലല്ലാത്ത ചവിട്ടു പടികള്‍. അതുകൊണ്ട് കാല് ഉയര്‍ത്തിവെക്കേണ്ട. ആയാസം വളരെ കുറവ്. ഏതാണ്ട് പത്തു പടികള്‍ കഴിഞ്ഞാല്‍ നിരപ്പായി കയറ്റം. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുന്നതിനായി മേല്‍ക്കൂരയുള്ള മണ്ഡപങ്ങള്‍. അതില്‍ ഇരുവശത്തും വൃത്തിയുള്ള ഇരിപ്പിടങ്ങള്‍. കഴുകി വെടുപ്പാക്കിയ സ്റ്റീല്‍ ബേസിനും ടാപ്പും! അവിടെ കുടിവെള്ളം എന്ന് എഴുതിവെച്ചിരിക്കുന്നു. ഈ ചുറ്റുപാടില്‍ വെയിലത്ത് വാടാതെയും മഴയത്ത് നനയാതെയും മല ചവിട്ടാം. എല്ലാവര്‍ക്കും മുകളില്‍ എത്താന്‍ പറ്റും എന്നൊരു തോന്നല്‍ വന്നു.

പടവുകളുടെ ഇരുവശത്തും നിറയെ വൃക്ഷങ്ങള്‍. കൂട്ടത്തില്‍ ചന്ദനമരവും സുഗന്ധമുള്ള പൂക്കള്‍ വിരിയുന്ന കദംബവുമുണ്ട്. ഇരുവശത്തും കാടാണെങ്കിലും പടിയിലെങ്ങും ഒരു ഇല പോലും കാണാനില്ല. കാരണം, സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന ശുചീകരണ തൊഴിലാളികളുടെ സംഘം അടിച്ചുകൊണ്ടേയിരിക്കുന്നു എന്നതുതന്നെ. ഇരിപ്പിടങ്ങളും വൃത്തിയായി വെച്ചിരിക്കുന്നു. കൂടാതെ, ഇടയ്ക്കിടയ്ക്ക് ബയോശൌചാലയങ്ങളും സജ്ജീകരിച്ചിരിക്കുന്നു. യാതൊരു ദുര്‍ഗന്ധവും ഇല്ല തന്നെ! എല്ലായിടത്തും നല്ല വെളിച്ചം. സുരക്ഷ ഉറപ്പാക്കുന്നതില്‍ വെളിച്ചം വലിയൊരു പങ്ക് വഹിക്കുന്നു.

വളരെ തിരക്ക് കുറഞ്ഞ ഒരു ഇടദിവസമായിരുന്നതിനാല്‍ തള്ളിയിടുമെന്ന ഭീതികൂടാതെ ഞങ്ങള്‍ മുന്നേറിക്കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് ‘വേല്‍മുരുകാ ഹരോഹരാ’ എന്ന മന്ത്രം ജപിച്ചുകൊണ്ട് കാവടി തോളിലേറ്റിയ ഭക്തര്‍ ഞങ്ങളെ പിന്നിലാക്കി കടന്നുപോകുന്നുണ്ടായിരുന്നു.  എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഘടകം മുഴുവന്‍ സമയവും മുഴങ്ങിക്കൊണ്ടിരുന്ന ഭക്തിഗാനാലാപനമായിരുന്നു. അതില്‍ ലയിച്ചു ചേര്‍ന്നതുകൊണ്ടാവാം പഴനി ആണ്ടവര്‍, കുറിഞ്ഞിആണ്ടവര്‍, കുളന്തൈവേലന്‍, അറുമുഖന്‍, ഷണ്‍മുഖന്‍, ദേവസേനാപതി, സ്വാമിനാഥന്‍, വള്ളിമണാളന്‍, ദേവയാനൈമണാളന്‍, ജ്ഞാനപണ്ഡിതന്‍, ശരവണന്‍,  വേലായുധന്‍, സേവര്‍കോടിയോന്‍, കാര്‍ത്തികേയന്‍, മുരുകന്‍, ബാലസുബ്രമണ്യന്‍, സ്കന്ദന്‍, കുമാരന്‍ എന്നീ പര്യായങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഞാനും അറിയാതെ അവയെ ഉരുവിട്ടുകൊണ്ടിരുന്നു. ഭക്തിഗാനങ്ങള്‍ ആസ്വദിച്ചങ്ങനെ നീങ്ങുമ്പോള്‍ മേലോട്ടുള്ള ഗമനം ആയാസരഹിതമായ ഹൃദ്യമായ അനുഭവമായി.

ഏതാണ്ട് നാല്‍പ്പതു വര്‍ഷം മുന്‍പൊരിക്കല്‍ ഞാന്‍ പഴനിയില്‍ പോയിട്ടുണ്ട്. അന്ന് അവിടെ ഭിക്ഷാടകരുടെ ശല്യം അതി രൂക്ഷമായിരുന്നു. ഭീഭത്സവും ദാരുണവും ഭീതി ഉളവാക്കുന്നതുമായ ദൃശ്യങ്ങളായിരുന്നു എവിടെയും. വൃത്തിശൂന്യമായ പരിസരം. തീര്‍ത്ഥാടകര്‍ കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിച്ചുപേക്ഷിച്ച ഉച്ഛിഷ്ടങ്ങളും വാഴയിലകളും കടലാസുപൊതികളും ചിന്നിച്ചിതറിക്കിടന്നിരുന്നു. കൂടാതെ, വിസര്‍ജജ്യത്തിന്‍റെ ദുര്‍ഗന്ധവും. ആകപ്പാടെ ഒച്ചയും ബഹളവും. ഇന്നാകട്ടെ, പടികളില്‍ ഭിക്ഷാടകര്‍ ആരുമില്ല. കച്ചവടക്കാര്‍ പോലും ഇല്ല. കാറ്റിന് സുഗന്ധവും കണ്ണിന് കുളിര്‍മ്മയും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പവുമേകുന്ന ശാന്തമായ അന്തരീക്ഷം. ഈ മാറ്റത്തില്‍ എനിക്ക് ഏറെ സന്തോഷം തോന്നി. ഇടയ്ക്ക് ഞങ്ങള്‍ സേവകരോട് ചോദിക്കും: “എത്താറായോ”? ഉടനെ ഒരു പുഞ്ചിരിയോടെ മറുപടി വരും: “ഇനി അധികമില്ല”. അങ്ങനെ നടന്നും, നിന്നും, ഇരുന്നും, കിതച്ചും മുന്നേറിക്കൊണ്ടിരിക്കവെ പെട്ടെന്ന് ക്ഷേത്രഭാഗങ്ങള്‍ സുവര്‍ണ്ണ ഗോപുരo ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
ഇനി രണ്ടേരണ്ടു കൂട്ടം പടികള്‍ മാത്രം. പക്ഷെ അവ കുത്തനേയുള്ളവയായിരുന്നു. ഒന്നു കൂടി വിശ്രമിച്ച് ആഴത്തില്‍ ശ്വാസമെടുത്ത് കൈവരിയില്‍ പിടിച്ച് വീണ്ടും ഏറിത്തുടങ്ങി. ഒടുവിലത്തെ പടികടന്ന് ക്ഷേത്രാങ്കണത്തില്‍ വലതു കാല്‍ കുത്തിയപ്പോളുണ്ടായ അനുഭൂതി അവാച്യം അവര്‍ണ്ണനീയം. എവറെസ്റ്റ് കീഴടക്കിയതുപോലെയുള്ള സന്തോഷം. അസാധ്യമായത് സാധ്യമായതിലുള്ള സംതൃപ്തി.
ഒരു ക്യൂവും കാണാനില്ല. ഒരു സ്വാമി ഒരിടത്ത് വെറുതെ നില്‍ക്കുന്നു. അങ്ങോട്ടേക്ക് നടന്നു. പ്രത്യേക ദര്‍ശനത്തിന് ടിക്കറ്റ് എടുത്തിട്ടില്ല എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം അലസമായി ഒരിടത്തേക്ക് കൈ ചൂണ്ടി ക്ഷേത്രവാതില്‍ കാണിച്ചു തന്നു. ഞങ്ങള്‍ക്ക് കൃത്യമായി മനസ്സിലാകാതിരുന്നതുകൊണ്ട് കുറച്ചകലെ ചെറിയൊരു ആള്‍ക്കൂട്ടം കണ്ട് അവരെ സമീപിച്ചു. അവരില്‍ ചിലര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ ഒരുങ്ങി നില്‍ക്കുന്നവരായിരുന്നു. അവരോടൊപ്പം ധര്‍മ്മ ദര്‍ശനത്തിനുള്ള നിരയില്‍ ഞങ്ങളും കൂടി. പെട്ടെന്നതാ കാണുന്നു, കഴുത്തില്‍ രുദ്രാക്ഷമാലയണിഞ്ഞ് തിരുനെറ്റിയില്‍ വിഭൂതി ചാര്‍ത്തി ഇടതുകൈ ഇടുപ്പില്‍ ഊന്നി വലതു കയ്യില്‍ ദണ്ഡവുമായി നീണ്ടുമെലിഞ്ഞ് സന്യാസി വേഷത്തില്‍ പീഠത്തില്‍ നില്‍ക്കുന്ന കുമാരനെ! യാതൊരു തള്ളും ഇല്ല. ‘തള്ളിപ്പോ’” എന്ന ആക്രോശങ്ങളില്ല. കുമാരനായ ദണ്‍ഡായുധപാണി സ്വാമിയെ, പഴനി ആണ്ടവറെ കണ്‍കുളുര്‍ക്കെ കണ്ട് മനം നിറഞ്ഞ് തൊഴുതു. അമിതമായ മോഹങ്ങള്‍ ഈശ്വരനില്‍ സമര്‍പ്പിച്ച്‌ ആത്മനിര്‍വൃതി നേടി.

യോദ്ധാവായ, ദേവസേനാധിപതിയായ, ദണ്‍ഡായുധപാണിയായ ബാലസുബ്രഹ്മണ്യന്‍റെ മൂലവിഗ്രഹം തീര്‍ത്തിരുന്നത് പീഠത്തില്‍ നില്‍ക്കുന്ന സന്യാസി ഭാവത്തിലാണ്: സുന്ദരന്‍; കൃശന്‍; ദൃഢഗാത്രന്‍; ഇടുപ്പില്‍ ഊന്നി ഇടതുകൈ; ദണ്ഡo ഏന്തി വലതുകൈ; ഗളത്തില്‍ രുദ്രാക്ഷമാല; കൌപീനധാരി. എന്നാല്‍ ഇന്ന് രാജകുമാരന്‍, വേടന്‍, വിഭൂതിയണിഞ്ഞ സന്യാസി എന്നിങ്ങനെ വിവിധ വേഷഭൂഷാദികള്‍ അണിയിച്ചൊരുക്കുന്നു. 3000 ബി സി യില്‍ ജീവിച്ചിരുന്ന ഭാരതത്തിലെ 18 സിദ്ധന്മാരില്‍ ഒരാളായ ഭോഗര്‍ ആണ് ഈ വിഗ്രഹത്തിന്‍റെ ശില്‍പ്പി എന്ന് വിശ്വസിക്കപ്പെടുന്നു. 4448 വൃക്ഷമൂലസസ്യലതാദികളില്‍നിന്നും വേര്‍തിരിച്ചെടുത്ത നവപാഷാണങ്ങളുടെ പ്രത്യേക കൂട്ടുപയോഗിച്ചാണത്രെ ഈ പ്രതിമ നിര്‍മ്മിക്കപ്പെട്ടത്. ഈ വിഗ്രഹത്തിന് ഔഷധഗുണമുണ്ടെന്നും അഭിഷേകത്തിന് ഉപയോഗിക്കപ്പെടുന്ന വസ്തുവിലേക്ക് ആ ഗുണം വ്യാപരിക്കപ്പെടുന്നുണ്ടെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ചന്ദനം ചാര്‍ത്തിയാണ് സാധാരണ പള്ളിക്കുറുപ്പിനായി വിഗ്രഹത്തെ ഒരുക്കുന്നത്. രാത്രി മുഴുവന്‍ ചന്ദനത്തില്‍ അഭിഷിക്തനായി കിടക്കുന്നതുകൊണ്ട് രാക്കാല ചന്ദനത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ഇന്ന് ഈ വിഗ്രഹത്തിനുമേല്‍ ക്ഷേത്രാഭിഷേകം മാത്രമാണ് നടത്തുന്നത്. പൊതു അഭിഷേകത്തിനായി ലോഹനിര്‍മ്മിതമായ മറ്റൊരു വിഗ്രഹം തീര്‍ത്തിട്ടുണ്ട്. തങ്കമയില്‍ വാഹനത്തിലും തങ്കരഥത്തിലും ഏറിയുള്ള സ്വാമി പുറപ്പാട് ഉത്സവദിനങ്ങളിലൊഴികെ ഭക്തജനങ്ങളുടെ വഴിപാടായി ദിവസേന സായം സന്ധ്യയ്ക്ക് നടക്കാറുണ്ട്. പഴനി മലയുടെ മധ്യഭാഗത്തു് ശ്രീകോവിലിനു താഴെ ഒരു ഗുഹയില്‍ സിദ്ധഭോഗര്‍ ഇന്നും സമാധിയായി ഇരിക്കുന്നുണ്ടത്രെ! ഗുഹാകവാടത്തില്‍ ഭോഗര്‍ ക്ഷേത്രം പണിതിരിക്കുന്നു.

പഴനി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഏറ്റവും വിശിഷ്ടമായ പ്രസാദം പഞ്ചാമൃതമാണ്. താരതമ്യേന ജലാംശം കുറവുള്ള ഈന്തപ്പഴം, വാഴപ്പഴം, ഉണക്ക മുന്തിരി തുടങ്ങിയവയില്‍ തേന്‍, ശര്‍ക്കര, കല്‍ക്കണ്ടം, നെയ്യ് എന്നിവ ചേര്‍ത്തു് സ്വാദിഷ്ടമായ പഞ്ചാമൃതം ആദ്യം തയ്യാറാക്കിയത് ഗണപതിയാണെന്നാണ് വിശ്വാസം. ഞങ്ങള്‍ പ്രസാദം ക്ഷേത്രമതില്‍ക്കെട്ടിനകത്തുള്ള വിപണന കേന്ദ്രതില്‍നിന്നുതന്നെ വാങ്ങി. മാസങ്ങളോളം ഇത് കേടുകൂടാതെയിരിക്കും. നേരം വൈകിയതുകൊണ്ട് രാക്കാലപൂജ കഴിഞ്ഞുള്ള പ്രസാദ ഊട്ടിന് നില്‍ക്കാതെ മടക്കയാത്ര ത്വരിതപ്പെടുത്തുവാന്‍ തീരുമാനമായി. രാക്കാലപൂജ കഴിഞ്ഞാല്‍ അധികം വൈകാതെ പഴനി ആണ്ടവറെ പള്ളിയറയിലേക്ക് ആനയിക്കും. അതിനുമുമ്പായി ഖജാന്‍ജി രഹസ്യമായി അന്നന്നത്തെ വരവുചിലവു കണക്കുകള്‍ ആണ്ടവരെ ബോധ്യപ്പെടുത്തുo. ഇന്ന് വരവും ചിലവും കുറഞ്ഞിരിക്കുവാനാണ് സാധ്യത. പുറത്തുനിന്ന് ഒരിക്കല്‍ കൂടി പഴനി ആണ്ടവരെ തൊഴുത് ഞങ്ങള്‍ മല ഇറങ്ങുവാന്‍ ഒരുങ്ങി.

എന്റെ മനസ്സില്‍ പഴനിയെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ തിങ്ങി നിറഞ്ഞു. ഒരിക്കല്‍, മഹാദേവന്റെ ആസ്ഥാനമായ ഹിമവല്‍ പര്‍വ്വതനിരകളിലെ കൈലാസത്തില്‍ വെച്ച് ദേവന്മാരുടെയും മഹര്‍ഷിമാരുടെയും ഒരു മഹാസംഗമം നടന്നു. അവരുടെ എല്ലാം ഭാരം താങ്ങാനാവാതെ ഭൂമി പതുക്കെ ചെറുതായി ഒരു വശത്തേക്ക് ചെരിഞ്ഞു. ഉടന്‍ തന്നെ അഗസ്ത്യമുനിയോട് തെക്ക് വശത്തേക്ക് കുറച്ചു ഭാരം നീക്കുവാന്‍ വേണ്ടതു ചെയ്യുവാന്‍ മഹാദേവന്‍ ആവശ്യപ്പെട്ടു. മുനി വേഗം തന്റെ ശിഷ്യനായ ഇടുമ്പന്‍ (ഹിഡുംബന്‍) എന്ന അസുരന്റെ സഹായം തേടി. ഇടുമ്പന്‍ അനായാസേന രണ്ട് പര്‍വ്വതങ്ങളെ പൊക്കിയെടുത്തു. അവയെ ഓരോന്നായി ബ്രഹ്മാവ് നല്കിയ ഒരു ദണ്ഡിന്റെ രണ്ടറ്റത്തായി ഭുമിയിലെ നാഗങ്ങളെ ഉപയോഗിച്ച് ഉറപ്പിച്ചു. പിന്നീട്, മദ്ധ്യം തോളില്‍ വെച്ച് നടപ്പുതുടങ്ങി. കുറെ ദൂരം ചെന്നപ്പോള്‍ ഇടുമ്പന് അല്‍പ്പം ക്ഷീണം തോന്നി. ഭാരം അവിനാന്‍ കുടി എന്നസ്ഥലത്ത് ഇറക്കിവെച്ച് വിശ്രമിച്ചു. പിന്നീട് ദണ്ഡ് ഉയര്‍ത്തുവാന്‍ നോക്കിയപ്പോള്‍ പൊങ്ങുന്നില്ല. ഇടുമ്പന്‍ അമ്പരന്നു. ചുറ്റും നോക്കിയപ്പോള്‍ അതികോമളനായ ഒരു കുമാരന്‍ കൌപീനധാരനായി വലതു കൈയ്യില്‍ ഒരു ദണ്ഡുമായി ‍‍‌‌കൂസലില്ലാതെ അവിടെ നില്‍ക്കുന്നു. ഇടുമ്പന്‍ ദേഷ്യത്തോടുകൂടി അവനെ ആക്രമിക്കുവാന്‍ ഒരുമ്പെട്ടു. ദ്വന്ദയുദ്ധത്തില്‍ ഇടുമ്പന്‍ പരാജിതനായി മരിച്ചു വീണു. അവിടെ ഓടിയെത്തിയ അഗസ്ത്യമുനി കുമാരന്‍ ബാലസുബ്രഹ്മണ്യനാണെന്ന് തിരിച്ചറിഞ്ഞു. ഇടുമ്പനെ മുനി പുനരുജ്ജീവിപ്പിച്ചു. കുമാരന്‍ ആരാണെന്ന് മനസ്സിലായപ്പോള്‍ സുബ്രഹ്മണ്യ ഭക്തനായ ഇടുമ്പന്‍ ക്ഷമായാചനം ചെയ്തു. ഇടുമ്പന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതനായ ബാലസുബ്രഹ്മണ്യന്‍ രണ്ടു വരങ്ങള്‍ ഇടുമ്പന് നല്‍കി: 1. സുബ്രഹ്മണ്യന്റെ ആസ്ഥാനത്ത് ദ്വാരപാലകനാകാനുള്ള അവകാശം. 2. സ്വാമി ദര്‍ശനത്തിന് വ്രത ശുദ്ധിയോടെ കാവടി (കാവി + ആടി) യുമായി എത്തുന്ന എല്ലാ ഭക്തര്‍ക്കും സ്വാമിയുടെ അനുഗ്രഹം. ഈ രണ്ടു വരങ്ങള്‍ നേടി സന്തുഷ്ടനായ ഇടുമ്പന്‍ ഒരു മല മാത്രം തോളില്‍ വെച്ച് ദക്ഷിണഭാഗത്തേക്ക് യാത്രയായി. ആ മല പിന്നീട് സ്വാമിമല എന്ന് അറിയപ്പെട്ടു. ബാലസുബ്രഹ്മണ്യനാകട്ടെ ആ മലമുകളില്‍ ധ്യാനനിരതനായി. അവിടെയാണ് പഴനി ദണ്ഡായുധപാണിസ്വാമി ക്ഷേത്രം പണിതിരിക്കുന്നത്. പഴനി മല പകുതി കയറുമ്പോള്‍ തന്നെ ദ്വാരപാലകനായ ഇടുമ്പനെ കാണാം. ഇടുമ്പന്‍ രണ്ടു മലകള്‍ തോളില്‍ ചുമന്നതിന്റെ സങ്കല്‍പ്പമാണ് കാവടിയുടെ പിന്നിലുള്ളത്. നെയ്യ്, പാല്‍, തേന്‍, മഞ്ഞള്‍, നല്ലെണ്ണ, അരി, അരിപ്പൊടി, ശര്‍ക്കര, പഞ്ചസാര, കല്‍ക്കണ്ടം, പഴം, പുഷ്പം തുടങ്ങിയ സാധനങ്ങളാണ് കാവടിയുടെ രണ്ടറ്റത്തും തൂക്കി ഭക്തര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്.

പഴനി എന്ന പേര്‍ എങ്ങനെ വന്നു? ഇതിന്റെ ഉത്തരം മേലുദ്ധരിച്ച അഗസ്ത്യമുനിയുടെയും ഇടുമ്പന്റെയും ബാലസുബ്രഹ്മണ്യന്റെയും പാർവതീപരമേശ്വരന്മാരുടെയും കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു നാള്‍ മഹാദേവനും, പാര്‍വ്വതിയും, വിനായകനും, സുബ്രഹ്മണ്യനും അടങ്ങുന്ന സന്തുഷ്ട കുടുംബo കൈലാസത്തില്‍ പാര്‍ത്തുവരുമ്പോള്‍ നാരദമുനി അവിടെയെത്തി. അദ്ദേഹം ഒരു വിശിഷ്ട പഴം (മാതളo / മാമ്പഴം?) മഹാദേവന് സമ്മാനിച്ചു. മഹാദേവന്‍ അത് പ്രിയതമയായ പാര്‍വ്വതിയെ ഏല്‍പ്പിച്ചു. പാര്‍വ്വതിയാകട്ടെ അത് രണ്ടായി പകുത്ത് മക്കള്‍ക്ക് നല്‍കുവാന്‍ തുനിഞ്ഞു. നാരദന്‍ അപ്പോള്‍ ചാടിവീണ്, ആ വിശിഷ്ട പഴം മുറിച്ചാല്‍ അതിന്‍റെ ഗുണം നഷ്ടപ്പെടുമെന്നുപറഞ്ഞ് ഉമയെ ആ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിച്ചു. രണ്ടു മക്കളില്‍ പഴം ആര്‍ക്കാണെന്ന ആശയക്കുഴപ്പം ഒഴിവാക്കുവാന്‍ മഹാദേവനും ഉമയും ഒരു സൂത്രം പ്രയോഗിച്ചു. അവര്‍ ഇങ്ങനെ പറഞ്ഞു: “ആരാണോ ഭൂമിക്ക് വലം വെച്ച് ആദ്യം എത്തുന്നത് ആ ആള്‍ക്ക് പഴം കിട്ടും”. രണ്ടു പേരും ആ തീരുമാനം അംഗീകരിച്ചു. ബാലസുബ്രഹ്മണ്യന്‍ മയില്‍വാഹനത്തില്‍ അതിവേഗം കയറി ധരണിക്ക് ചുറ്റും വട്ടമിട്ട് പറന്നു തുടങ്ങി. വിജയഭാവത്തില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. വിനായകനിരുന്ന് ശാന്തനായി പഴം കഴിക്കുന്നു!

മയിലിനേക്കാള്‍ വേഗത ചുണ്ടെലിക്കുണ്ടോ? എന്താണുണ്ടായത്? “ശിവനും ശക്തിയുമായ മാതാപിതാക്കളാണ് എന്റെ വര്‍ത്തമാനവും ഭൂതവും ഭാവിയും. നിങ്ങളാണെന്റെ ലോകം” എന്ന് അവരോടു പറഞ്ഞ് ഗണപതി അവര്‍ക്ക് മൂന്നു വലം വെച്ചു. പുത്രന്റെ പ്രായോഗിക പരിജ്ഞാനത്തില്‍ സന്തുഷ്ടരായ മഹാദേവനും ഉമയും പഴം അവന് നല്‍കുകയാണുണ്ടായത്. വിയര്‍ത്തൊലിച്ച് ഉലകം ചുറ്റി തിരിച്ചെത്തിയ ബാലസുബ്രഹ്മണ്യന്, പഴം നഷ്ടപ്പെട്ടതിന്‍റെ കുണ്ഡിതവും കോപവും അടക്കാനായില്ല. സുഖ സൌകര്യങ്ങളെല്ലാം അവിടെ തന്നെ ഉപേക്ഷിച്ച് കൌപീനധാരിയായായി ഒരു സന്യാസിയെപ്പോലെ കൈലാസത്തില്‍ നിന്നും ഒരു കൊടുങ്കാറ്റു പോലെ ഇറങ്ങിപ്പോയി. ലക്ഷ്യമില്ലാതെ ചുറ്റിക്കറങ്ങി. ഒടുവില്‍ അവിനാന്‍ കുടി എന്ന സ്ഥലത്തു് നിലയുറപ്പിച്ചു. മഹാദേവനും ഉമയും അവിടെയെത്തി കാര്‍ത്തികേയനെ സമാശ്വസിപ്പിച്ചു. അവര്‍ പറഞ്ഞു: ‘പഴം നീ’.’ നീ ‘ജ്ഞാനപ്പഴം; അറിവിന്‍റെ കേദാരം. പിന്നെ വേറെ പഴം നിനക്കെന്തിനാണ്?” അന്നു മുതല്‍ രണ്ടു മലകള്‍ ഉള്‍ക്കൊള്ളുന്ന ആ സ്ഥലം ‘‘പഴം നീ’ പഴനിയായി.

ഇവരെല്ലാം തന്നെ കഥാപാത്രങ്ങളാകുന്ന അല്‍പ്പം വ്യത്യസ്തമായ ഒരു വ്യാഖ്യാനം കൂടി പ്രചാരത്തിലുണ്ട്. ഉത്തര ഭാഗത്ത്‌ ഹിമാലയ സാനുക്കളില്‍ കൈലാസത്തിനടുത്ത് ഒരിക്കല്‍ അഗസ്ത്യമുനി കഠിനമായ തപസ്സുതുടങ്ങി. ഒരു ദിവസം ശിവനും പാര്‍വ്വതിയും ശിവഗിരി ശക്തിഗിരി എന്നിങ്ങനെ അടുത്തടുത്തായി കിടക്കുന്ന രണ്ട് പര്‍വ്വതങ്ങളുടെ തു‌‌‍‌‌‍ഞ്ചത്ത്‌ പ്രത്യക്ഷപ്പെട്ട് അഗസ്ത്യമുനിക്ക് ദര്‍ശനം നല്‍കി. അഗസ്ത്യമുനി ഇവരുടെ സാന്നിധ്യം കൊണ്ട് പാവനമായ ആ രണ്ടു മലകളും തന്‍റെ ആശ്രമത്തിനടുത്ത് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. മഹാദേവന്‍ സസന്തോഷം സമ്മതിച്ചു. തന്റെ ശിഷ്യനായ ഇടുമ്പനെ ഇരുമലകളും ദക്ഷിണ ഭാഗത്തുള്ള അഗസ്ത്യകൂടത്തില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇരുമലകളെയും ഒരു ദണ്ഡിന്‍റെ രണ്ടറ്റത്തായി ഉരഗങ്ങള്‍ കൊണ്ടു ബന്ധിച്ച് കാവടിയാക്കി മദ്ധ്യം തോളില്‍വെച്ച് ഇടുമ്പന്‍ നടപ്പുതുടങ്ങി. കുറെ ദൂരം പിന്നിട്ടപ്പോള്‍ അല്‍പ്പം വിശ്രമിക്കാനിരുന്നു. അപ്പോഴാണ്‌ പഴത്തെ ചൊല്ലി കലഹിച്ച് ബാലസുബ്രഹ്മണ്യന്‍ അവിടെയെത്തിയത്. ഭൌതിക സുഖങ്ങളെല്ലാം ഉപേക്ഷിച്ച് ബാലസുബ്രഹ്മണ്യന്‍ കുടിയിരുന്ന മലയാണ് പഴനി.

പില്‍ക്കാലത്ത് പഴനി ദണ്‍ഡായുധപാണിക്ഷേത്രം കാനന വൃക്ഷലതാദികളാല്‍മൂടിപ്പോയി. വര്‍ഷങ്ങള്‍ക്കുശേഷം 11-)o ശതകത്തില്‍ ചേരമാന്‍ പെരുമാള്‍ ആ ഭാഗത്ത് വേട്ടക്കു ചെന്നപ്പോള്‍ ബാലസുബ്രഹ്മണ്യന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടുവത്രെ. സ്വാമി ആഗ്രഹിച്ചതുപോലെ ചേരമാന്‍ പെരുമാള്‍ വളരെ പണിപ്പെട്ട് പ്രതിഷ്ഠ കണ്ടെടുത്ത് അവിടെ ഒരു ക്ഷേത്രം പണിതു. പിന്നീട്, ചോള പാണ്ഡ്യന്‍മാര്‍ ശ്രീകോവിലിനുമുകളില്‍ ഗോപുരവും, ചുറ്റമ്പലവും പണിതു. ക്ഷേത്രത്തിന്‍റെ ദര്‍ശനം പശ്ചിമദിശയിലേക്കാണ്. അതായത്, ബാലസുബ്രഹ്മണ്യന്‍റെ ദൃഷ്ടിയും ജാഗ്രതയും പശ്ചിമഭാഗത്തുള്ള കേരളത്തിലേക്കുമുണ്ട് എന്നു വ്യാഖ്യാനിക്കാo. അതുകൊണ്ടും ചേരമാന്‍ പെരുമാളുമായുള്ള ബന്ധം കൊണ്ടുo ആയിരിക്കാം കേരളീയര്‍ ഇവിടെ കൂടുതലായി എത്തുന്നത്. കുഞ്ഞിന്‍റെ ആദ്യത്തെ മുടി മുറിക്കുന്നതിനും ചോറൂണിനും മറ്റുമായി കേരളത്തില്‍നിന്നും ഭക്തര്‍ ഇവിടെ എത്തുന്നു. ബാലസുബ്രഹ്മണ്യന്‍ അടയാഭരണങ്ങളും സുഖസൌകര്യങ്ങളും ത്യജിച്ചത്തിന്‍റെ ഓര്‍മ്മയ്ക്കായി സ്ത്രീപുരുഷഭേദമന്യേ നാനാഭാഗത്തുനിന്നും ആബാലവൃദ്ധo ജനങ്ങള്‍ വ്രതമെടുത്ത് കാവി വസ്ത്രമുടുത്ത് കഴുത്തില്‍ രുദ്രാക്ഷ മാലയണിഞ്ഞു് തോളില്‍ കാവടിയേന്തി നഗ്നപാദരായി പഴനിയില്‍പോയി തല മുണ്ഡനം ചെയ്യുന്നതിനും ചന്ദനവും വിഭൂതിയും തലയിലും നെറ്റിയിലും വാരിപ്പൂശുന്നതിനും വഴിപാടുകള്‍ നേരുന്നു.  പണ്ടൊക്കെ ഇരുകവിളുകളിലും നാക്കിലുമൊക്കെ ശൂലം കുത്തി  കാവടി ആടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.     യാത്രയ്ക്കുമുമ്പായി പിച്ചയെടുക്കുന്ന പതിവുമുണ്ട്.

തമിഴ് കലണ്ടര്‍ പ്രകാരം തൈ (ജനുവരി- ഫെബ്രുവരി) മാസത്തിലെ പൌര്‍ണ്ണമി നാളില്‍ തൈപ്പൂയം, പൈങ്കുനി (ഏപ്രില്‍- മെയ്) മാസത്തില്‍ ഉത്രം, വൈഖാശി (ജൂണ്‍- ജുലായ്) മാസത്തില്‍ വിശാഖം തുടങ്ങിയവ ആഘോഷങ്ങളാണ്. തൈപ്പൂയം വളരെ വിശിഷ്ടമാണ്. അന്നാണ് മാതാവായ പാവ്വതീദേവി ദേവസേനാപതിയായി അവരോധിക്കപ്പെട്ട തന്റെ പുത്രന് വേല്‍ (ശൂലം) ശൂരപത്മന്‍ എന്ന അസുരനെ നേരിടുന്നതിനായി സമ്മാനിക്കുന്നത്. ത്രിമൂര്‍ത്തികള്‍ക്കു പോലും കീഴ്പ്പെടുത്തുവാന്‍ പറ്റാത്തത്ര അസാമാന്യ ശക്തി ശൂരപത്മന് മഹാദേവനില്‍നിന്നും വരമായി കിട്ടിയിരുന്നു. ആ ഗര്‍വ്വില്‍ ദേവന്മാരെയും മനുഷ്യരെയും ഉപദ്രവിക്കുക എന്നത് ഒരു ശീലമാക്കി മാറ്റിയിരുന്നു. ദേവന്മാര്‍ ശിവനെക്കണ്ട് സങ്കടം ബോധിപ്പിച്ചു. ശിവന്റെ തൃക്കണ്ണില്‍നിന്നും തീപ്പൊരി ഉതിര്‍ന്നു. അത് അഗ്നിയായി ജ്വലിച്ചു. വായു ഭഗവാന്‍ അതിനെ വേഗം ഗംഗയിലേക്ക് തള്ളിയിട്ടു. അത് ആറു് കഷണങ്ങളായി ചിതറി. ഒഴുക്കില്‍പെട്ട് ഇവയെല്ലാം ശരവണ പൊയ്കയില്‍ എത്തിച്ചേര്‍ന്നു. ആറ് തുണ്ടുകളും ആറുകുഞ്ഞുങ്ങളായി രൂപാന്തരപ്പെട്ടു. മഹര്‍ഷിമാരുടെ നക്ഷത്രങ്ങളായ പത്നിമാര്‍ അവരെ സംരക്ഷിച്ചു. പാര്‍വതീദേവി ഈ വിവരം അറിഞ്ഞു. അവര്‍ ആറ് കുഞ്ഞുങ്ങളെയും സ്വന്തം കരവലയത്തിലാക്കി മാറോടണച്ചു. ഒരു അത്ഭുതം നടന്നു. ആറ് തലകളുള്ള തേജസ്സുള്ള പിഞ്ചോമന പാര്‍വ്വതീദേവിയുടെ കയ്യില്‍! അറുമുഖന്‍, ഷണ്മുഖന്‍ പിറന്നു.

ഇതെല്ലാം ഓര്‍ത്തെടുത്തുകൊണ്ടിരുന്നതിനാലാവാം മല ഇറങ്ങി നിരത്തിലെത്തിയത് അറിഞ്ഞതേയില്ല. രാത്രി പേശി കോച്ചലോ കാല് വേദനയോ ഒക്കെ ഉണ്ടാവുമെന്ന് ഉറപ്പിച്ചാണ് കിടന്നത്. പക്ഷേ, ഒന്നും സംഭവിച്ചില്ല. ശാന്തമായി ഉറങ്ങി. ഇന്നും മല കേറാനുള്ള ഊര്‍ജ്ജം എവിടെനിന്നു കിട്ടി എന്നതോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. പഴനി ആണ്ടവറുടെ ശക്തി എന്നല്ലാതെ എന്തു പറയുവാന്‍. മുരുകന്റെ കൃപാകടാക്ഷങ്ങളുണ്ടായാല്‍ വീണ്ടും ഒരിക്കല്‍ കൂടി പഴനിയില്‍ പോകണം; ദര്‍ശനം നടത്തണം; ചുറ്റുപാടും ശരിയായി കാണണം. ഇതുപോലത്തെ അനുഭവം തന്നെയാവാം വീണ്ടും വീണ്ടും പഴനിയില്‍ പോകുവാന്‍ ഭക്തരെ പ്രേരിപ്പിക്കുന്നത്.

Adi Sankara said: “My eyes should feast on your elegance and beauty, my ears should hear your songs, my tongue should utter your glory and my hands and heart should continuously engage in your service”.

Advertisements