മാസം: നവംബര്‍ 2017

ശ്രീകണ്ഠേശ്വരം സമം ശബ്ദതാരാവലി

ഒരു നൂറ്റാണ്ടിനു ശേഷം കുഞ്ഞുങ്ങളോട് ഏതെങ്കിലും ഒരു മുത്തശ്ശി പറയുവാന്‍ സാധ്യതയുള്ള ഒരു കഥയാകട്ടെ ആദ്യം.

പണ്ടുപണ്ട് സഹ്യപര്‍വതം എന്നൊരു മലയും അറബിക്കടല്‍ എന്നൊരു കടലും ഉണ്ടായിരുന്നു. രണ്ടിനുമിടയില്‍ പരശുരാമന്‍ മഴുവെറിഞ്ഞു കടലില്‍ നിന്നും ഉയര്‍ത്തി എടുത്ത ഒരു നാടുണ്ടായിരുന്നു. കേര വൃക്ഷങ്ങള്‍ (തെങ്ങ്) തിങ്ങി നിന്നിരുന്ന കേരളം എന്ന നാട്. അവിടെ മലയാളം എന്നൊരു ഭാഷ ഉണ്ടായിരുന്നു. ഭാഷയ്ക്ക് ഉരുട്ടി ഉരുട്ടി ഭംഗിയില്‍ എഴുതാവുന്ന 51 അക്ഷരങ്ങള്‍ ഉള്ള ലിപിയുണ്ടായിരുന്നു. മലയാളികള്‍ ധാരാളം കഥകളും കവിതകളും എഴുതി. പ്രകൃതിഭംഗി ഒപ്പിയെടുത്ത് ചിത്രങ്ങള്‍ വരച്ചു. കേരളം വായനശാലകള്‍ക്കും അക്ഷരശ്ലോക സദസ്സുകള്‍ക്കും പുകള്‍പെറ്റതായി.

കുറെ നാള്‍ കഴിഞ്ഞപ്പോള്‍ പറങ്കികള്‍ ലന്തക്കാര്‍ പരന്ത്രീസുകാര്‍ ആംഗലേയര്‍ തുടങ്ങിയ പരദേശികള്‍ കടല്‍ താണ്ടിയെത്തി ഇവിടെ താവളമുറപ്പിച്ചു. അവര്‍ ഇവിടത്തെ കുട്ടികളെ കൂടുതലായി ഇംഗ്ലിഷ് ഭാഷ പഠിപ്പിച്ചു. അങ്ങനെ അങ്ങനെ ഒടുവില്‍ എല്ലാം ഇംഗ്ലിഷ്മയമായി.

ആളുകള്‍ മലയാളം കയ്യെഴുത്ത് ആദ്യം നിര്‍ത്തി. പിന്നെ, മലയാളം സംസാരം നിര്‍ത്തി. തെങ്ങിനു മഞ്ഞളിപ്പും മണ്ഡരിയും ബാധിച്ചപ്പോള്‍ തെങ്ങുകൃഷി നിര്‍ത്തി. പിന്നെ സഹ്യനെ ഇടിച്ചു നിരത്തി കൂറ്റന്‍ കെട്ടിടങ്ങള്‍ പണിതു. അപ്പോള്‍ പരശുരാമന്‍ വിണ്ടും വന്നു് കേരളത്തെ അറബിക്കടലില്‍ മുക്കിക്കളഞ്ഞു.

2017 സെപ്തംബര്‍ പതിനാറാം തീയതി മാത്രുഭൂമി ദിനപ്പത്രത്തിന്‍റെ ചൊവ്വാഴ്ചയിലെ നഗരം പതിപ്പിന്‍റെ മൂന്നാo പേജില്‍ ‘അക്ഷര ഖനിക്ക് നൂറു് വയസ്സ്’ എന്ന തലക്കെട്ടില്‍ ടി. സുരേഷ്കുമാര്‍ എഴുതിയ വിജ്ഞാനപ്രദമായ ലേഖനം വായിക്കുവാന്‍ ഇടയായി. അതില്‍ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടേയും പി. ദാമോദരന്‍ നായരുടേയും ശാരദാ നായരുടേയും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു.

2004 നവoബര്‍ പത്തൊന്‍പതാം തീയതി തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ കണ്ണടയുന്നതുവരെ വായനയുടെ ലോകത്തായിരുന്ന എന്‍റെ അമ്മയുടെ കട്ടിലിന്‍റെ തലയ്ക്കല്‍ ഒരുവശത്ത് സന്തത സഹചാരിയായി ഒരു മലയാളം നിഘണ്ടുവും ഒരു Oxford dictionary യും കാണുമായിരുന്നു. രണ്ടിന്‍റേയും പല താളുകളും കീറിത്തുടങ്ങിയിരുന്നു. ഔപചാരികമായി നാലാം തരo വരെ മാത്രം പഠിച്ച അമ്മയ്ക്ക് മലയാളം കന്നട തമിഴ് എന്നീ ഭാഷകള്‍ സoസാരിക്കുവാനും എഴുതുവാനും ഹിന്ദി നോവലുകള്‍ വായിക്കുവാനും സാധിക്കുമായിരുന്നു. ഇംഗ്ലിഷ് പരിജ്ഞാനം പത്രപാരായണത്തിലൊതുങ്ങി. ആനന്ദവികടന്‍, കല്‍ക്കി, കുമുദം, മുന്‍ഷി പ്രേംചന്ദ് എഴുതിയ കഥകള്‍ എന്നിവ പതിവായി വായിക്കുന്നത് എനിക്കോര്‍മ്മയുണ്ട്. വീടുകളില്‍ ഒരാള്‍ രണ്ട് ചാക്ക്സഞ്ചികളിലാക്കി ഏതോ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ കൊണ്ടുവരാറുണ്ടായിരുന്നു. മലയാളം നോവലുകളായിരിക്കും അധികവും. സാമ്പത്തികം മെച്ചപ്പെട്ടപ്പോള്‍ മാതുഭൂമി ദിനപ്പത്രം കൂടാതെ ആഴ്ചപ്പതിപ്പു കൂടി വരുത്തി തുടങ്ങി. മാത്രുഭുമിയുടെ സര്‍ക്കുലേഷന്‍ ഓഫിസില്‍ ബി. രാജിവി ബായി c/o എസ് ആര്‍ ബള്ളക്കുര്‍ എന്ന മേല്‍വിലാസം അമ്മയുടെ മരണശേഷവും ഉണ്ടായിരുന്നു. എന്തുo കൃത്യതയോടെ ഏറ്റവും നന്നായി ചെയ്യണമെന്ന വാശിക്കാരിയായിരുന്നു അമ്മ. അതിന്‍റെ പ്രതിഫലനമായിരുന്നു നിഘണ്ടുക്കള്‍ നോക്കി അര്‍ത്ഥം ശരിയായി ഗ്രഹിച്ചുകൊണ്ടുള്ള വായന. സഹോദരീ സഹോദരന്മാര്‍ക്കും മക്കള്‍ക്കും വടിവൊത്ത കൈയക്ഷരത്തില്‍ ശുദ്ധമലയാളത്തിലാണ് കത്തുകള്‍ എഴുതിയിരുന്നത്. രണ്ടുമൂന്നെണ്ണo ഞാന്‍ ഇന്നും സുക്ഷിച്ചു വെച്ചിട്ടുണ്ട്. ഒടുവില്‍ വായനയുടെ ലോകം ഇംഗ്ലിഷ് പത്രത്തിലും മാതൃഭുമി ആഴ്ചപ്പതിപ്പിലും മാത്രമായി ചുരുങ്ങി. അതുകൊണ്ടാണ് മരണശേഷം സാരി കൊടുക്കുന്ന പതിവ് തെറ്റിച്ചു ഞങ്ങള്‍ ഓരോരുത്തര്‍ക്കും പുസ്തകം ആദരപൂര്‍വ്വം നല്‍കിയത്.

അമ്മയുടെ കൈവശം ഉണ്ടായിരുന്നത് ആര്‍. നാരായണ പണിക്കര്‍ തയ്യാറാക്കിയ നവയുഗഭാഷാനിഘണ്ടുവിന്‍റെ 1950 (1118) – ല്‍ പുറത്തിറങ്ങിയ രണ്ടാം പതിപ്പാണ്‌. പത്തു ഉറുപ്പികയായിരുന്നു അതിന്‍റെ വില. പ്രസാധകര്‍: ടി. സുബ്ബൈയ്യ റെഡ്ഡിയാര്‍, റെഡ്ഡിയാര്‍ ബുക്ക് ഡിപൊ, ട്രിവാണ്ട്രം. എന്‍റെ കൈവശം ഉള്ളതാകട്ടെ ശ്രീകണ്ഠേശ്വരം ജി. പദ്മനാഭ പിള്ളയുടെ (1864 -1946) ശബ്ദതാരാവലി (മലയാളം നിഘണ്ടു) മുപ്പത്തിയഞ്ചാം പതിപ്പാണ്‌.

ഞാന്‍ 1072ാമാണ്ട് കുംഭത്തിലാരംഭിച്ച ശബ്ദതാരാവലി എന്ന മലയാള നിഘണ്ടു 1092 ആയ ഈ ആണ്ടു അവസാനത്തില്‍ എഴുതിത്തീര്‍ത്തു.”

ശ്രീകണ്ഠേശ്വരത്തിന്‍റെ 1092ലെ ഒരു ഡയറിക്കുറിപ്പാണ് അത്. സംസ്കൃതത്തിലും ഇംഗ്ലിഷിലും ആയുര്‍വേദത്തിലും പരിജ്ഞാനമുണ്ടായിട്ടും മെട്രിക്കുലേഷന്‍ തോറ്റ വ്യക്തി ഏകനായി, നിശ്ചയദാര്‍ഢ്യം കൈമുതലാക്കി 20 കൊല്ലം നടത്തിയ അശ്രാന്ത പരിശ്രമത്തിന്‍റെ ഫലം! ഒരു ജന്മ സാഫല്യത്തിന്‍റെ ആനന്ദം! നൂറു വര്‍ഷമായിട്ടും അതിന്‍റെ പ്രസക്തി ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ സ്വന്തം ഭാഷയില്‍:

വായിച്ച പുസ്തകങ്ങളില്‍നിന്നും പത്രമാസികകളില്‍നിന്നും, കേട്ട പ്രസംഗങ്ങളില്‍നിന്നും സംഭാഷണങ്ങളില്‍നിന്നും കിട്ടിയ പദങ്ങളെല്ലാം അകാരാദിക്രമത്തിലടുക്കി അവയുടെ വ്യുല്‍പത്തി, പ്രയോഗം, ചരിത്രം മുതലായവ കാണിച്ചുള്ള കുറിപ്പുകള്‍ തയ്യാറാക്കുകയാണ് ആദ്യം ചെയ്തത്. വീണ്ടും വീണ്ടും തിരുത്തലുകള്‍ വരുത്തി. 1092ല്‍ 1600 വശങ്ങളുള്ള ശബ്ദതാരാവലി പൂര്‍ത്തിയായി. ഇത്ര വലിയ ഗ്രന്ഥത്തിനു് പ്രസാധകരെ കിട്ടാതിരുന്നതുകൊണ്ട്, മാസികാരുപത്തില്‍ രണ്ടുമാസം ഇടവിട്ട് സരസ്വതിവിലാസം അച്ചടിശാലയില്‍ ജെ. കേപ്പായുടെ ചുമതലയില്‍ ഓരോ ലക്കം 500 കോപ്പികള്‍ വീതം അച്ചടിപ്പിച്ചു് പ്രസിദ്ധപ്പെടുത്തുവാന്‍ തീരുമാനിച്ചു. 1093 തുലാം 28-)൦ തീയതി (1917 നവംബര്‍ 13) ശബ്ദതാരാവലിയുടെ പ്രഥമ സഞ്ചിക പുറത്തു വന്നു. വില 22 . 1098 മീനം 3-)o തീയതി (1923 മാര്‍ച്ച് 16) ഇരുപത്തിരണ്ടാം ലക്കം ഇറങ്ങിയതോടുകുടി ശബ്ദതാരാവലിയുടെ ഒന്നാം പതിപ്പ് മുദ്രണം പൂര്‍ത്തിയായി. അങ്ങനെ ഒടുവില്‍ 32-)o വയസ്സില്‍തുടങ്ങിയ ഗ്രന്ഥം 58-)o വയസ്സില്‍ കൈരളിക്കു സമര്‍പ്പിക്കപ്പെട്ടു.

1930 ഒക്ടോബര്‍ 20-)൦ തീയതി ശ്രീകണ്ഠേശ്വരം എഴുതിയ രണ്ടാം പതിപ്പിന്‍റെ മുഖവുരയില്‍ അദ്ദേഹം ഇങ്ങനെ എഴുതി:

ഒന്നാം പതിപ്പ് പുറത്തായി രണ്ടുകൊല്ലം കഴിഞ്ഞശേഷം ആവശ്യക്കാര്‍ക്ക് പുസ്തകം കൊടുപ്പാനില്ലാതെ വന്നതു നിമിത്തം ഈ രണ്ടാം പതിപ്പ് ആരംഭിക്കയും ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തി മുഴുപ്പിക്കയും ചെയ്തിട്ടുള്ളതാകുന്നു. ഇതില്‍ ഞാന്‍ യഥാശക്തി വേണ്ട പരിഷ്ക്കാരം ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ അനുഗ്രഹം എനിക്ക് അത്യന്തം ചാരിതാര്‍ത്ഥ്യജനകമാണ്; എന്‍റെ പ്രയത്നത്തിന്‍റെ പ്രതിഫലവും അതുതന്നെ. ഈ നിഘണ്ടു അപൂര്‍ണ്ണമാണെന്ന് അപൂര്‍വ്വം ചിലര്‍ അഭിപ്രായപ്പെടുന്നതായി കേള്‍ക്കുന്നുണ്ട്. നിഘണ്ടു ഒരിക്കലും പൂര്‍ണ്ണമാകുന്ന ഗ്രന്ഥമല്ല. സൌഭികസമ്പ്രദായംകൊണ്ട് (ചെപ്പടിവിദ്യ) നിഘണ്ടു നിര്‍മ്മിക്കാവുന്നതല്ല. ‘സുഖം’ എന്നാ പദത്തിന്‍റെ അര്‍ത്ഥം എന്‍റെ നിഘണ്ടുവില്‍ കൊടുത്തിട്ടുണ്ടെന്നു വരികിലും പരമാര്‍ത്ഥത്തില്‍ അതെങ്ങനെ ഇരിക്കുമെന്ന് ഞാന്‍ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല. എന്‍റെ കുടുംബക്കാരും ബന്ധുക്കളും സ്നേഹിതന്മാരും അതിന് സാക്ഷികളാകുന്നു. ‘താരാവലി’യെ മുദ്രണം ചെയ്തു വാണിജ്യയില്‍ സമധികമായ ലാഭത്തെ സമ്പാദിക്കണമെന്നു വിചാരിക്കാതെ ‘കൂലങ്കഷമായ ഭാഷാസാഹിത്യപരിചയത്തിനു പര്യാപ്ത’മാകണമെന്നു മാത്രം ഉദ്ദേശിച്ച് 1072 മുതല്‍ 1106 വരെ 34 സംവത്സരം ‘ശബ്ദതാരാവലി’ക്കുവേണ്ടി ചെലവാക്കിയതിന്‍റെ ശേഷവും അതിനെപറ്റി എന്‍റെ ഹൃദയത്തിനുതന്നെ സംതൃപ്തി വന്നിട്ടില്ലെന്നുള്ളതും ‘പെട്ടെന്ന് ഒരു നിഘണ്ടു പുറപ്പെടുവിച്ച് കളയാം’ എന്ന് വിചാരിക്കുന്നവര്‍ ഓര്‍മ്മിക്കെണ്ടതാകുന്നു. നിഘണ്ടു പതിപ്പുതോറും പരിഷ്കരിക്കണമെന്നുള്ളതും അതിന്‍റെ പ്രസാധകന്‍റെയും പിന്‍ഗാമികളുടെയും ചുമതലയാണ്.

ഈ ഉപദേശം ശിരസ്സാ വഹിച്ചു് നാലാം പതിപ്പു മുതല്‍ എട്ടാം പതിപ്പ് (പരിഷ്ക്കരിച്ചു വിപുലപ്പെടുത്തിയത്) വരെ ഈ ദൌത്യം ഏറ്റെടുത്തു നിര്‍വഹിച്ചത് അദ്ദേഹത്തിന്‍റെ ഇളയ പുത്രന്‍ പി. ദാമോദരന്‍ നായര്‍ എം എ; ബി എല്‍ ആയിരുന്നു. തുടക്കം മുതല്‍ അതിന് സഹായിച്ചിരുന്നത് പത്താം തരം പാസായിരുന്ന അദ്ദേഹത്തിന്‍റെ പത്നി ശാരദാ നായരായിരുന്നു. ഒരു പരിഷ്ക്കരണ സമിതി മേല്‍നോട്ടം വഹിക്കുന്ന ഇന്നത്തെ നിഘണ്ടുവിന് 1824 താളുകളുണ്ട്. പ്രസാധകര്‍: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം വില ക. 1200. ഞാന്‍ ഇത് സ്വന്തമാക്കിയത് ഡിസംബര്‍ 2010ല്‍. അത്രയും വില കൊടുത്തുകാണുകയില്ല.

കൊല്ലവര്‍ഷം 1040 വൃശ്ചികം 12-)o തീയതി ജനിച്ച ശ്രീകണ്ഠേശ്വരം ജി. പദ്മനാഭ പിള്ള 1121 കുംഭം 21-)o തീയതി. 82ാമത്തെ വയസ്സില്‍ ദിവംഗതനായി. (1864 -1946)

കേരളത്തിനെ ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ച മലയാള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആയി വിരമിച്ച ബഹുമുഖ പ്രതിഭയായ കെ. ജയകുമാറിന്‍റെ നേതൃത്വത്തില്‍ തുടങ്ങിവെച്ച ഒരു ലക്ഷത്തിമുപ്പതിനായിരം വാക്കുകള്‍ അടങ്ങിയിട്ടുള്ള ഒരു ബൃഹത് നിഘണ്ടു എന്ന സംരംഭം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.

സമീപഭാവിയില്‍ നടക്കാവുന്ന ഒരു സന്ദര്‍ഭം കുടി വിവരിച്ചിട്ടു് ഈ ലേഖനം അവസാനിപ്പിക്കാം. ന്യു ജെനറേഷന്‍ എന്ന് നാം വിശേഷിപ്പിക്കാറുള്ള ഒരു മഹാന്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം അധികം വേണ്ടി വരുന്ന ഒരു സര്‍ക്കാരാപ്പിസില്‍ ഡാറ്റാ ഓപറെറ്റര്‍ (കണക്കപ്പിള്ള തന്നെ) എന്ന തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചു. സകലദൈവങ്ങളേയും സ്മരിച്ച് ആദ്യത്തെ ഫയല്‍ എടുത്തു. മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. ഭരണഭാഷ മലയാളമാണല്ലോ? പത്താം തരo കഴിഞ്ഞതില്‍ പിന്നെ മലയാളം വായിച്ചിട്ടേയില്ല! അക്ഷരമാല മറന്നുപോയിരിക്കുന്നു. അടുത്ത കസേരയിലിരുന്നിരുന്ന കുറച്ചു മുതിര്‍ന്ന ആള്‍ ശ്രീകണ്ഠേശ്വരം ജി. പദ്മനാഭ പിള്ളയുടെ ശബ്ദതാരാവലി നീക്കി വെച്ചു കൊടുത്തു. എന്നിട്ടും ഫലമുണ്ടായില്ല. പിറ്റേ ദിവസം മുതല്‍ ഓരോ മലയാളവാക്കിന്‍റെയും അര്‍ത്ഥം ഇംഗ്ലിഷില്‍ ഒരു സ്ലേറ്റില്‍ അയാളുടെ മേശപ്പുറത്തു വന്നു തുടങ്ങി! കഥാന്ത്യം ഇയാള്‍

മധുരം മലയാളം എന്ന സന്ദേശത്തിന്‍റെ പ്രചാരവാഹകനായി മാറുന്നു.

മലയാളത്തോട്  പുറം തിരിഞ്ഞിരിക്കുന്നവരെ ഉണര്‍ത്തുവാന്‍, ‘മലയാണ്മ’ എന്നൊരു പ്രസ്ഥാനവും കെ.ജയകുമാറിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്.

ശബ്ദതാരാവലി ശ്രീകണ്ഠേശ്വരം’ എന്ന അതിപ്രശസ്തമായ നിഘണ്ടു മലയാളത്തിനു സമ്മാനിച്ച പ്രതിഭയെ സ്മരിച്ചുകൊണ്ടും നമിച്ചുകൊണ്ടും ഈ ലേഖനം അവസാനിപ്പിക്കുന്നു.

 

Advertisements