വർഗ്ഗം: ഓര്‍മ്മകള്‍ മൊഴികളായപ്പോള്‍

യെശ്വന്തപൂര്‍ – കൊച്ചുവേളി ഗരീബ് രഥില്‍ ഒരു യാത്ര

ജൂണ്‍ മാസം 12-)0 തീയതി രാത്രി ഒമ്പതു മണിക്ക് പുറപ്പെടേണ്ടിയിരുന്ന യെശ്വന്തപൂര്‍ കൊച്ചുവേളി ഗരീബ് രഥില്‍ ജി 16 ഡബ്ബയിലെ വശത്ത് ഏറ്റവും മുകളിലുള്ള 69-)0 ശയ്യയിലെ യാത്രക്കാരിയായിരുന്നു ഞാന്‍. പെട്ടെന്ന് തീരുമാനിച്ച യാത്രയായിരുന്നതുകൊണ്ട് താഴെയുള്ള ശയ്യകളൊന്നും കിട്ടിയില്ല. ബെംഗളൂരിലെ ജെ പി നഗറില്‍നിന്നും വൈകുന്നേരം 6.30-നു തന്നെ പുറപ്പെട്ടു. ഞായറാഴ്ച ആയിരുന്നതുകൊണ്ടാകാം തിരക്കധികം അനുഭവപ്പെടാതിരുന്നതുകൊണ്ട് 8 മണിക്കു മുമ്പു തന്നെ ഞാന്‍ യെശ്വന്തപൂരിലെ 3-)0 നമ്പര്‍ പ്ലാറ്റ്ഫോര്‍മില്‍ എത്തി. ഇടത്തരം വലിപ്പമുള്ള നാല് ബാഗുകള്‍ ഉണ്ടായിരുന്നതുകൊണ്ട് ഡ്രൈവര്‍ എന്നെ പ്ലാറ്റ്ഫോം വരെ അനുഗമിച്ചു. സാധാരണയായി തീവണ്ടി നേരത്തെ പിടിച്ചിടാറുള്ളതുകൊണ്ട് എങ്ങിനെയെങ്കിലും എന്റെ ബോഗിയില്‍ എത്തിപ്പറ്റാം എന്ന ആത്മവിശ്വാസത്തില്‍ ഡ്രൈവറെ ഞാന്‍ പറഞ്ഞയച്ചു.

തീവണ്ടി കാത്ത് ഒരു ബെഞ്ചില്‍ കാഴ്ചകള്‍ കണ്ടുകൊണ്ടങ്ങനെ ഇരിക്കുമ്പോള്‍ അച്ഛനും അമ്മയും ഏതാണ്ട് പത്തുവയസ്സുള്ള മകളും അടങ്ങുന്ന ഒരു കുടുംബം എന്റെ അടുത്ത് വന്ന്‍ ഇരുന്നു. ഗരീബ് രഥില്‍ ആണോ അവരുടെ യാത്ര എന്ന്‍ ഞാന്‍ അന്വേഷിച്ചു. ശരിയായ പ്ലാറ്റ്ഫോര്‍മില്‍ തന്നെയാണെന്ന്‍ ഞാന്‍ ഇരിക്കുന്നത് എന്ന്‍ ഉറപ്പാക്കുവാന്‍ വേണ്ടിയാണ് ആ ചോദ്യം ചോദിച്ചത്. തീവണ്ടി പ്രിതീക്ഷിച്ചതുപോലെ നേരത്തെ എത്തി. എന്റെ ജി 16 ബോഗി ഒരുപാട് മുന്നിലായിരുന്നു. ഞാന്‍ തനിച്ചാണ് എന്നു മനസ്സിലാക്കിയ അച്ഛന്‍, അദ്ദേഹത്തിന്റെ സാമാന്യം വലിയ പെട്ടിക്ക് പുറമെ, എന്റെ രണ്ടു ബാഗുകള്‍ കൂടി കയ്യിലെടുത്തു. അദ്ദേഹം ജി-6-ല്‍ അമ്മയെയും മകളേയും ഇരുത്തി. പിന്നീട്, എന്നെ ജി 16-ല്‍ എത്തിച്ചു. നന്ദി പറയുന്നത് മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അദ്ദേഹം തന്റെ കുടുംബത്തിന്റെ അടുക്കലേക്ക് ഓടിപ്പോയി.

ബാഗുകളെല്ലാം ഭദ്രമാക്കി ചങ്ങലയിട്ട് പൂട്ടി വെച്ച് 69 എന്ന വശത്തുള്ള സീറ്റില്‍ ഇരുന്നു. എന്റെ നേരെ എതിരെ മൂന്നു ചെറുപ്പക്കാര്‍ ഇരിക്കുന്നുണ്ടായിരുന്നു. ഫോണ്‍ കൊണ്ടും ലാപ്ടോപ്പ് കൊണ്ടും എന്തൊക്കെയോ കസര്‍ത്തുകള്‍ അവര്‍ കാണിക്കുന്നുണ്ടായിരുന്നു. ഞാന്‍ മടിച്ചു മടിച്ച് ഏറ്റവും താഴെയുള്ള ശയ്യ എനിക്ക് തരാമോ എന്ന്‍ അവരോടായി ചോദിച്ചു. തരാതിരിക്കുവാന്‍ എന്തൊക്കെയോ കാരണങ്ങള്‍ അവര്‍ നിരത്തി.

അങ്ങനെയിരിക്കെ, ഇരുപതിനുമേല്‍ പ്രായമുള്ള ഒരു സ്ത്രീയും പുരുഷനും വണ്ടിയില്‍ കയറി. വശത്ത് മൂന്നു ശയ്യകളുള്ളതില്‍ താഴത്തേത് അവര്‍ക്കുള്ളതാണെന്ന്‍ ഞാന്‍ മനസ്സിലാക്കി. ധൈര്യമവലംബിച്ച് അവരോട് മേല്‍പ്പറഞ്ഞ ചോദ്യം ആവര്‍ത്തിച്ചു. പുരുഷന്‍ സ്ത്രീയുടെ മുഖത്തേക്ക് നോക്കി. അവര്‍ തലയാട്ടി. അവര്‍ ഇരുവരും ഒരു ഒഴിഞ്ഞ ഇരിപ്പടത്തില്‍ ഇരുന്ന്‍ വര്‍ത്തമാനത്തില്‍ മുഴുകി. പെട്ടെന്ന്, എന്റെ മൊബൈല്‍ ശബ്ദിച്ചു. കസ്റ്റമര്‍ കെയറുമായി ബദ്ധപ്പെടുക എന്നാണ് അതില്‍ എഴുതിയിരുന്നത്. ഞാന്‍ സമയം നോക്കി. തീവണ്ടി വിടുവാന്‍ അഞ്ചുമിനിട്ടുപോലുമില്ല. എനിക്ക് വലിയ കാര്യങ്ങളൊന്നും മൊബൈലില്‍ ചെയ്യുവാന്‍ അറിയുകയുമില്ല. എന്റെ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നതു കൊണ്ട് ഞാന്‍ സമാധാനമായിട്ടിരുന്നു. റെയില്‍വേയുടെ സേവനം മെച്ചപ്പെട്ടുവരുന്നുണ്ടല്ലോ എന്നോര്‍ത്തു ഞാന്‍ സന്തോഷിച്ചു. പക്ഷേ, ‘ഗരീബ് രഥ്’ എന്ന നാമം എനിക്ക് തീരെ ഇഷ്ടമല്ല. ‘പണക്കാരി’ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുകയില്ലെങ്കിലും ‘പാവപ്പെട്ടവള്‍’ എന്ന വിശേഷണം ഞാന്‍ ആഗ്രഹിക്കുന്നില്ല.

പെട്ടെന്ന് വണ്ടി നീങ്ങിത്തുടങ്ങി. സ്ത്രീയുടെ കൂടെയുണ്ടായിരുന്ന പുരുഷന്‍ അവരെ ഒന്ന്‍ തലോടി ഓടിചാടിയിറങ്ങി. അവര്‍ സാവധാനം എന്റെ മുന്നിലുള്ള ഇരിപ്പിടത്തില്‍ വന്ന്‍ ഇരുന്നു. പിന്നീട് അവര്‍ വീട്ടിലേക്ക് അച്ചാച്ചനേയും അമ്മച്ചിയേയും വിളിക്കുന്നത് കേട്ടു. ഒരു വാചകം ഇങ്ങനെയായിരുന്നു: ‘ഞായറാഴ്ചയും കൂടി ലീവ് ഇടുമെന്നാ പറഞ്ഞുകേട്ടത്. അയാളൊരു മൊശടനാ.’ എനിക്ക് അതുകേട്ടപ്പോള്‍ ഉള്ളില്‍ ചിരി വന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ വെറുതെ ചോദിച്ചു: ‘കുട്ടി ബെoഗളൂരില്‍ എന്തു ചെയ്യുന്നു?’ മറുപടി ഇങ്ങനെ ആയിരുന്നു: ‘ഞാന്‍ ഡോക്ടറാണേ; കോട്ടയത്ത് ഹൌസര്‍ജന്‍സി ചെയ്യുകയാണ്. ഇനി മൂന്നു മാസം കൂടിയുണ്ട്. കൂടെ ഉണ്ടായിരുന്നത് എന്റെ ഹസ്ബന്ടാണ്. ഞങ്ങള്‍ ചെന്നൈയില്‍ ഒരു കല്യാണത്തിന് പോയിട്ട് വരികയാണ്. ഹസ്ബന്റ് ബെoഗളൂരില്‍ എം ഡി. ജെനെറല്‍ മെഡിസിന്‍ ചെയ്യുന്നു. ഞാന്‍ ആദ്യമായിട്ടാണ് തനിച്ച് ഇത്ര ദൂരം യാത്ര ചെയ്യുന്നത്.’

ആ ഭാഗത്തുള്ള എല്ലാവരും കിടന്നു. താഴത്തെ  ഇരിപ്പടങ്ങള്‍ നിവര്‍ത്തിയിട്ട് ശയ്യയാക്കി മാറ്റി  ഞാനും  കിടന്നു. ആ ഭാഗത്തെ വിളക്കുകളണഞ്ഞു.  കോട്ടയം എന്ന വാക്ക് കേട്ടപ്പോള്‍ തന്നെ എന്റെ ഹൃദയതാളo ഒന്ന്‍ തെറ്റിയതാണ്. കോട്ടയം മെഡിക്കല്‍ കോളേജുമായി എനിക്ക് അഭേദ്യമായ ബന്ധമല്ലേ ഉള്ളത്! എന്റെ ജീവിതത്തിന്റെ ഗതി വിഗതികള്‍ നിശ്ചയിച്ച സ്ഥാപനമാണല്ലോ അത്.

1962- ഡിസംബര്‍ മാസം ഒന്നാം തീയതി വൈകുന്നേരം കറുത്ത ചായം പൂശിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ബസ് കോട്ടയം നഗരത്തിന്റെ സിരാകേന്ദ്രത്തില്‍ ഓരം ചേര്‍ത്തുനിര്‍ത്തി. 43 ആണ്‍കുട്ടികളും 7 പെണ്‍കുട്ടികളും അടങ്ങുന്ന ഒരു സംഘം ബസ്സില്‍നിന്നും ഇറങ്ങി ബെസ്റ്റ് ഹോട്ടലിലേക്ക് തിരക്കിട്ട് നീങ്ങി. ചൂടുള്ള മൃദുവായ അപ്പവും സ്റ്റൂവും ഞങ്ങളുടെ മുന്നിലെത്തി. പിന്നീട്, പുതിയ ഉണര്‍വ്വോടെ വീണ്ടും യാത്ര തുടര്‍ന്നു. സന്ധ്യയാവാറായപ്പോള്‍ സാക്ഷാല്‍ മെഡിക്കല്‍ കോളേജിന്റെ മുന്നില്‍ വണ്ടി നിറുത്തി. കുറെ സാറമ്മാര്‍ ഹാര്‍ദ്ദമായി ഞങ്ങളെ സ്വീകരിച്ചു.  

ഞാന്‍ ചുറ്റും നോക്കി. ഒരു മൊട്ടക്കുന്ന്. കുന്നില്‍ തട്ടുതട്ടായി അസ്ബസ്ടോസ് ഷീറ്റുകള്‍ കൊണ്ട് മേഞ്ഞിരിക്കുന്ന കുറെ കെട്ടിടങ്ങള്‍. പുല്‍ത്തൈല൦ വാറ്റിയെടുക്കുന്ന പുല്ലും പൂച്ചപ്പഴവും കുന്നിന്റെ ചെരുവുകളില്‍ പറ്റമായി വളര്‍ന്നുനില്‍ക്കുന്നു. ഓണo കേറാമൂലതന്നെ! ഏറ്റവും മുകളിലെ തട്ടിലായിരുന്നു ഞങ്ങള്‍ക്കുള്ള ഹോസ്റ്റല്‍. ഏറ്റവും താഴെ ആണ്‍കുട്ടികള്‍ക്കുള്ളതും. ഹോസ്റ്റലിന്റെ തിരുമുറ്റത്ത് കാലെടുത്തുവെച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിച്ചുപോയി

കൂട്ടത്തില്‍ ഞാന്‍ മാത്രമായിരുന്നു വെജിറ്റേറിയന്‍ അഥവാ സസ്യാഹാരി. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നതുപോലെ. എല്ലാവര്‍ക്കും ഇറച്ചിയും മുട്ടയും കൊണ്ട് വിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ എനിക്ക് പ്രത്യേകമായി ഏത്തപ്പഴം തരുമായിരുന്നു. ഇന്നും ഞാന്‍ സസ്യാഹാരിയാണ്. ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് സേമിയാപ്പായസം സ്പെഷല്‍. മാസത്തിലെ ഒടുവിലത്തെ ദിവസം ഫ്രൈഡ് റൈസും കോഴിക്കറിയും. എനിക്കുമാത്രം ഉരുളക്കിഴങ്ങും സവാളയും വറുത്തരച്ചുവെച്ചത്. വൈകുന്നേരങ്ങളില്‍ കൊഴുക്കട്ട, പരിപ്പുവട, അവലുനനച്ചത്, പഴംപൊരി, കേക്ക് തുടങിയവ. പൊതുവേ നല്ല ഭക്ഷണമായി വിലയിരുത്താം. ബയോകെമിസ്ട്രി പഠിപ്പിക്കുന്ന ഏഞ്ജെല മൌറീന്‍ മാഡമായിരുന്നു ഞങ്ങളുടെ വാര്‍ഡന്‍. കാര്‍ക്കശ്യമില്ലാത്ത പെരുമാറ്റമായിരുന്നു അവരുടേത്. തേനിച്ചക്കുടുപോലെയൊരു ഹെയര്‍സ്റ്റൈലായിരുന്നു ആ മാഡത്തിന്റെ പ്രത്യേകത.

ഞങ്ങള്‍ ചെന്ന്‍ ഒരാഴ്ച്ചക്കകം മെഡിക്കല്‍ കോളേജിന്റെ ഔപചാരികമായ ഉത്ഘാടനം നടന്നു.   ആദ്യത്തെ രണ്ടുമാസം ഞങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിലായിരുന്നു. കോട്ടയത്ത് ക്ലാസ്സുകള്‍ തുടങ്ങി.  വെളുത്ത പാന്‍റും ഷര്‍ട്ടും ധരിച്ച് കറുത്ത ഷൂസുമിട്ട് ആണ്‍കുട്ടികളും വെളുത്ത സാരിയും ബ്ലൌസുമിട്ട് മുടി പുട്ടപ് ചെയ്ത പെണ്‍കുട്ടികളും ആഹ്ലാദത്തോടെ ആകാoക്ഷാഭരിതരായി ആകാശം മുട്ടെ പ്രതീക്ഷകളുമായി ക്ലാസ്സ് മുറികളിലെത്തി. സാധാരണ കോളേജുകളുടേതുപോലെ ഗാലറി ടൈപ്പ് ക്ലാസ് മുറികളാണ് ഒരുക്കിയിരുന്നത്. ഡെസ്ക്കുo ബെഞ്ചും ലബോറട്ടറി ഉപകരണങ്ങളുമെല്ലാം പുതുപുത്തന്‍. ആകപ്പാടെ ഒരു പുതുമണമായിരുന്നു അന്തരീക്ഷത്തിന്. ഡോ. സി. എം. ഫ്രാന്‍സ്സിസ് പ്രധാനാധ്യാപകനും ഫിസിയോളജി വകുപ്പിന്റെ തലവനുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു കാലിന് പോളിയോ വന്നതുമൂലം സ്വാധീനക്കുറവുണ്ടായിരുന്നു. യാതൊരു അപകര്‍ഷതാബോധവും ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന മഹാന്‍. അദ്ദേഹത്തിന്റെ ക്ളാസ്സില്‍ മുള്‍മുനയിലാണ് ഞാന്‍ ഇരുന്നിരുന്നത്; ചോദ്യം വരുന്നത് എപ്പോഴാണെന്നറിയില്ലല്ലോ! അദ്ദേഹത്തിന് സമയക്കുറവുണ്ടായിരുന്നതുകൊണ്ടാവാം കോമളം മാഡമായിരുന്നു ഫിസിയോളജി പ്രധാനമായും പഠിപ്പിച്ചിരുന്നത്. വിശദമായ നോട്ടുകള്‍ തരുന്ന പ്രകൃതക്കാരിയായിരുന്നു അവര്‍.

ബയോകെമികെമിസ്ട്രി വകുപ്പ് മേധാവി യജ്ഞനാരായണയ്യര്‍ സാര്‍ ആയിരുന്നു. വളരെ ലളിതമായി വിഷയം അവതരിപ്പിക്കുവാന്‍ ഒരു പ്രത്യേക മിടുക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട്, മറ്റൊരു ബയോ കെമിസ്ട്രി സാറെത്തി. അദ്ദേഹം പറഞ്ഞു: ‘ഉറക്കത്തില്‍ ചോദിച്ചാലും ഗ്ലൂകോസിന്‍റെ സ്ട്രക്ചര്‍ എഴുതണം’. അദ്ദേഹം എഴുതുന്നതാകട്ടെ തുണ്ടുകടലാസ് കൈയ്യില്‍ വെച്ചും.

സിങ് എന്നവിളിപ്പേരുള്ള സാറാണ് അനാട്ടമി പഠിപ്പിച്ചിരുന്നത്. അന്നാണ് കേരളത്തില്‍ മലയാളി സിക്കുകാരുണ്ടെന്ന് മനസ്സിലായത്. അദ്ദേഹം പിന്നീട് സര്‍ജ്ജനായി. അങ്ങനെയിരിക്കെ ഒറീസ്സ കട്ടാക്കില്‍നിന്നും മൊഹന്തി സാറെത്തി. എപ്പോഴും പുഞ്ചിരിക്കുന്ന ശാന്തമായ മുഖം. കോട്ടയം മെഡിക്കല്‍ കോളേജിലെ അനാട്ടമി മുസിയത്തിന്റെ ശില്‍പ്പി അദ്ദേഹമായിരുന്നു. പരീക്ഷയടുത്ത വേളയില്‍ ലില്ലി കുര്യാക്കോസ് മാഡമെത്തി. അവരാണ് ഞങ്ങളെ അനാട്ടമി പരീക്ഷക്ക് സജ്ജമാക്കിയത്. നീണ്ട് മനോഹരമായ കൈവിരലുകള്‍ ഇല്ലാതെ ചാട്ടുളി പോലുള്ള വിരലുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ വരക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് മനസ്സിലായത് അക്കാലത്താണ്. ആ കുറവ് പില്‍ക്കാലത്തും എന്നെ വേട്ടയാടിയിരുന്നു.

ഒരു ദിവസം ഉമ്മറുo സഹപ്രവര്‍ത്തകരും ഞങ്ങളുടെ ഹോസ്റ്റലില്‍ എത്തി. കണ്‍സഷന്‍ ടിക്കറ്റു തരാം, നാടകത്തിനു വരണം. അതായിരുന്നു ആവശ്യം. ഉടനെ, ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍നിന്നും ഫോണ്‍ സന്ദേശമെത്തി. അങ്ങനെ, കണ്‍സഷന്‍ ടിക്കറ്റില്‍ നിങ്ങളെന്നെ കമ്മുണിസ്റ്റാക്കി, അശ്വമേധം തുടങ്ങിയ നാടകങ്ങള്‍ കാണാന്‍ അവസരം കിട്ടി. ഉമ്മര്‍ പിന്നീട് സിനിമാനടനായി. അയ്യപ്പാസ് എന്ന തുണിക്കടയില്‍നിന്നും റിഡക്ഷന്‍ സെയില്‍ ഉണ്ടെന്ന് പറഞ്ഞ് ചിലപ്പോള്‍ ഹോസ്റ്റലിലേക്ക് ഫോണ്‍ സന്ദേശമെത്തും. അവിടെനിന്ന്‍ ഒരു ചെറിയ സാധനമാണ് എടുക്കുന്നതെങ്കില്‍ പോലും അവര്‍ സാരികളൊക്കെ കാണിച്ചുതരും. എന്നിട്ട് പറയും: ‘ഒന്നും എടുക്കണ്ട. ചുമ്മാ കണ്ടോളു’.

ഞങ്ങള്‍ വന്ന്‍ ഏതാണ്ട് ആറുമാസം കഴിഞ്ഞപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ആദ്യത്തെ ബാട്ച് എത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒന്നര വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി യൂണിവേഴ്സിറ്റി പരീക്ഷയും കഴിഞ്ഞെത്തിയതായിരുന്നു അവര്‍. അവര്‍ക്ക് ക്ലിനിക്കല്‍ പഠനം ഒരുക്കിയിരുന്നത് കോട്ടയം ജെനറല്‍ ആശുപത്രിയിലായിരുന്നു. രാവിലെ ഏഴരയ്ക്ക് കോളേജ് ബസ്സില്‍ ആശുപത്രിയിലേക്കും ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് തിരിച്ച് ഹോസ്റ്റലുകളിലേക്കും യാത്ര. . ഉച്ചയ്ക്കുശേഷമുള്ള ക്ലാസ്സുകള്‍ ആര്‍പ്പൂക്കര മെഡിക്കല്‍ കോളേജില്‍ തന്നെയായിരുന്നു നടത്തിയിരുന്നത്. പുതിയ ആശുപത്രി വരുന്നത് വരെ വര്‍ഷങ്ങളോളം ഈ പതിവ് തുടര്‍ന്നു. പുതിയ / പഴയ കുട്ടികള്‍ എത്തിയത്തോടുകൂടി ഞങ്ങളുടെ ആധിപത്യവും പ്രതാപവും അസ്തമിച്ചു. സുന്ദരികളും സുന്ദരന്മാരുമായി വാണ ഞങ്ങള്‍ക്ക് സ്ഥാനഭ്റഷ്ടരായപ്പോള്‍ അല്പ്പം കുണ്ഠിതം ഉണ്ടായിക്കാണണം.

ഇന്ന്‍ അര്‍പ്പൂക്കരയിലെ മെഡിക്കല്‍ കോളേജ്, ആശുപത്രി സമുച്ചയം, ജീവനക്കാര്‍ക്കുള്ള ആവാസകേന്ദ്രങ്ങള്‍, ഹോസ്റ്റലുകള്‍ തുടങിയവ സ്ഥിതി ചെയ്യുന്ന സ്ഥലം ഗാന്ധി നഗര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഏതാണ്ട് ആറ് വര്‍ഷക്കാലം എനിക്കഭയം നല്കി എന്നെ ഞാനാക്കി മാറ്റിയ ആ ആസ്ബസ്ടോസ് ഷീറ്റ് മേഞ്ഞ കെട്ടിടങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ ഇന്നും അതേപടി നില്ക്കുന്നു.

എറണാകുളം ജംക്ഷന്‍ വരെയുള്ള യെശ്വന്തപൂര്‍ കൊച്ചുവേളി ഗരീബ് രഥിലെ യാത്ര സുഖപ്രദവും അനുസ്മരണീയവുമാക്കിയ ഡോ. നവ്യയ്ക്ക് എന്റെ നൂറുനൂറാശംസകള്‍!

Advertisements