വർഗ്ഗം: Uncategorized

എന്‍റെ കൊച്ചുസുഹൃത്ത്

 

ഡോ. ബി. പ്രഭാറാവു

ഞാന്‍ മെല്ലെ ഏതാണ്ട് രണ്ടു മീറ്റര്‍ നീളമുള്ള  ഒരു മുളവാരിയുടെ  തുമ്പത്ത് കെട്ടിത്തൂക്കിയിരുന്ന  മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക്‌  കൂട് ഊരിയെടുത്ത്  ചവറ്റുകൊട്ടയിലിട്ടു.  ഇനി അതിന്‍റെ ആവശ്യമില്ലല്ലോ.  വാരിയുടെ അറ്റത്ത്‌  ഒരു ചെറിയ സ്കെയിലിന്‍റെ നീളമുള്ള  ഇരുമ്പു കമ്പി കെട്ടിവെച്ചു് ജാതിക്ക പറിക്കുവാനുള്ള തോട്ടിയാക്കി,  അതിന്‍റെ ചുവട്ടിലേക്ക്‌ നടന്നു. ജാതിമരത്തിലേക്ക് നോക്കി.   മൂത്തുരുണ്ട  മഞ്ഞ നിറമുള്ള  കായുടെ  അറ്റം  പിളര്‍ന്ന്    ചുവപ്പ് നിറത്തില്‍ ജാതിപത്രികൊണ്ട്  പൊതിഞ്ഞ    നാലു  ജാതിക്ക കാണാം.  പൊട്ടി വരുമ്പോള്‍ തന്നെ പറിച്ചില്ലെങ്കില്‍ ജാതിപത്രിയുടെ മനോഹാരിതയും  സുഗന്ധവും ഗുണവും നഷ്ടപ്പെടും.  തോട്ടി കൊണ്ട് നാലും തോണ്ടി  വീഴ്ത്തി. തോട്ടി  മരത്തില്‍ തന്നെ തൂക്കിയിട്ടു്  ജാതിക്കയുമായി  ഞാന്‍ അടുക്കളയിലേക്ക് പോന്നു.   സാവധാനം  അതി സൂക്ഷ്മതയോടെ  നാലിന്‍റേയും  ജാതിപത്രി അടര്‍ത്തിയെടുത്തു.     ജനലിലൂടെ പുറത്തേക്കു് നോക്കി.    അടുക്കളയോട് ചെര്‍ന്നുള്ള  മതിലിന്‍റെ ഉയരം കൂട്ടുന്ന  പണി അവസാനിച്ചിരിക്കുന്നു.  എന്‍റെ കൊച്ചുകൂട്ടുകാരനുമായുള്ള മധുരസല്ലാപം  ഇനി ഉണ്ടാകുവാന്‍ സാധ്യതയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ പെട്ടെന്ന് ഒരു ശൂന്യത  അനുഭവപ്പെട്ടു.

 ശ്രീക്കുട്ടന്‍,  എങ്ങനെയാണ്  എന്‍റെ കൊച്ചുസുഹൃത്തായത്?

ഏതാണ്ട് ഏഴു വര്‍ഷങ്ങള്‍ക്കുമുമ്പ്   ഞങ്ങളുടെ  വീടിന്‍റെ  കിഴക്ക് ഒരു പുതിയ വീടുയര്‍ന്നു. ആ സ്വപ്ന സാക്ഷാത്ക്കാരത്തിന്‍റെ സംതൃപ്തിയില്‍ ജനിച്ച പുത്രനാണ് ശ്രീക്കുട്ടന്‍. അവന്‍റെ  നാമകരണത്തിനും  ഒന്നാം പിറന്നാളിനും നടന്ന ആഘോഷങ്ങളില്‍  വയോധികരായ ഞങ്ങള്‍ രണ്ടുപേരും പങ്കാളികളായി.  തറനിരപ്പ് വളരെ ഉയര്‍ത്തിപ്പണിതതുകൊണ്ട്,   ഞങ്ങളുടെ അടുക്കളയില്‍ നിന്നാല്‍ അവരുടെ മുന്‍വശത്തുനടക്കുന്ന ഓരോചെയ്തികളും കാണാം.  കാഴ്ച കുറച്ചെങ്കിലും മറക്കുന്നതിനായി മതിലിനോട് ചേര്‍ത്തവര്‍ പന വെച്ച് പിടിപ്പിച്ചു.  എന്നാലും, ശ്രീക്കുട്ടന്‍ പിച്ചവെച്ച് വേച്ചുനടക്കുന്നതും, ഓടിക്കളിക്കുന്നതും,  സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതുo,  അവന്‍റെ  ജ്യേഷ്ഠനുമായി ശണ്ഠകൂടുന്നതുമെല്ലാം ഞാന്‍ അടുക്കളയിലെ ജനലിലൂടെ   കണ്ടു രസിച്ചു.  

 ശ്രീക്കുട്ടന്‍ പ്ലേസ്കൂളില്‍ ചേര്‍ന്നു. രാവിലെയും വൈകുന്നേരവും  അമ്മയോടൊപ്പം നടന്നോ, അല്ലെങ്കില്‍ മാതാപിതാക്കളോടൊപ്പം   ബൈക്കിലോ പോകുമ്പോള്‍ മിക്കവാറും ഞാന്‍  ഞങ്ങളുടെ അടുക്കളത്തോട്ടത്തില്‍ ഉണ്ടാകും.  ശ്രീക്കുട്ടന്‍ എന്നെ കാണുമ്പോള്‍ കൈവീശിത്തുടങ്ങി. അപൂര്‍വ്വമായി ചില അവധി ദിവസങ്ങളില്‍  അമ്മയുടെ കണ്ണു വെട്ടിച്ച്  ശ്രീക്കുട്ടന്‍ അടുക്കളത്തോട്ടത്തില്‍ എന്‍റെ   അടുക്കലേക്ക്  പാഞ്ഞുവരും.   ചീരത്തടത്തിലൂടെ കാലുറപ്പിച്ചു് നടക്കും.  പലപ്പോഴായി ഞാന്‍ എന്‍റെ  ചെടികളെയെല്ലാം അവന് പരിചയപ്പെടുത്തിക്കൊടുത്തു.  അങ്ങനെ വാഴയും, വാഴക്കുലയും,  പയറും, വഴുതിനങ്ങയും മറ്റും ശ്രീക്കുട്ടന്‍ കണ്ടു.  

 ഒരു ദിവസം   വൈകുന്നേരo   അമ്മയുടെ കൈവിടുവിച്ചോടി  ശ്രീക്കുട്ടന്‍  ഞങ്ങളുടെ വീട്ടിനകത്തേക്കു കയറിവന്നു.   അന്ന് രണ്ടു മിഠായി ഞാന്‍ അവനു കൊടുത്തു.  അവന്‍ അപ്പോള്‍ത്തന്നെ  പ്ലാസ്റ്റിക്ക്‌  ആവരണം നീക്കി  ഒരു മിഠായി വായിലിട്ടു.   എന്നിട്ട്,  കടലാസ്  ശ്രദ്ധയോടെ  ചവറ്റു കുട്ടയില്‍ ഇട്ടു.  എനിക്കു്  ഏറെ  മതിപ്പു തോന്നിയ നിമിഷമായിരുന്നു അതു്.  അന്നുമുതല്‍ വൈകുന്നേരങ്ങളില്‍   അവനുനല്‍കാനായി  വര്‍ണ്ണക്കടലാസ്സില്‍ പൊതിഞ്ഞ ചെറിയ മിഠായികള്‍ വാങ്ങിവെച്ചു തുടങ്ങി. അങ്ങനെ,  മാംഗോബൈറ്റും, കച്ചാബൈറ്റും കോഫ്ഫീബൈറ്റും ഒക്കെ ഞങ്ങളുടെ ഫ്രിഡ്ജില്‍ ഇടം നേടി.  

ചില വൈകുന്നേരങ്ങളില്‍ അമ്മയുടെ  പിടിയില്‍ നിന്നും  മുക്തി നേടി ഓടി ഞങ്ങളുടെ വീട്ടിനുള്ളിലെത്തും.  അമ്മ പുറകെ വരുമെങ്കിലും ധിക്കരിച്ച് അകത്തു തന്നെ ഇരിക്കും. അങ്ങനെ അവന് ഉപ്പേരി ഇഷ്ടമാണെന്ന് ഞാന്‍ മനസ്സിലാക്കി.    പിന്നിട്, അത് ബേക്കറി സാധനങ്ങലേക്ക്  വഴിമാറി.  ഒരിക്കല്‍ അവന് വയറു വേദന വന്നു. അത് മാറുന്നതു വരെ എനിക്ക് അങ്കലാപ്പായിരുന്നു.   അതുകഴിഞ്ഞൊരുദിവസം  ശ്രീക്കുട്ടന്‍ പറഞ്ഞു: “അമ്മമ്മയുടെ ഭക്ഷണം ശരിയല്ല”.  അത് സത്യമാണെങ്കിലും ശ്രീക്കുട്ടന്‍ പറഞ്ഞപ്പോള്‍ വിഷമം തോന്നി. ഇനി മുതല്‍ അവന്  ഒന്നും കൊടുക്കേണ്ട എന്ന് ഞാന്‍  തീരുമാനിച്ചു. പക്ഷേ ആ തീരുമാനം നടപ്പായില്ല.  പിന്നീടു്,  കാഡ്ബറിയുടേയോ നെസ്ലെയുടേയോ മറ്റേതെങ്കിലും അറിയപ്പെടുന്ന കമ്പനിക്കാരുടേയോ മിഠായികള്‍ മാത്രം നല്‍കുവാന്‍ ഞാന്‍ ശ്രദ്ധിച്ചു.  ഒരിക്കല്‍ മിഠായിതീര്‍ന്നു പോയതു കൊണ്ടു കുറച്ചു കശുവണ്ടി ചീളുകള്‍ കൊടുത്തു.  അത്ര പുതിയതുമായിരുന്നില്ല.   രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍   അവന്‍ അത്  കഴുകിത്തരണമെന്നു പറഞ്ഞു.  ഞാന്‍ കഴുകിക്കൊടുത്തു തുടങ്ങി.    

 വര്‍ഷങ്ങള്‍ കടന്നു പോയി. പ്ലേ സ്കൂളും,  എല്‍ കെ ജി യും, യു കെ ജിയും  കഴിഞ്ഞു. ശ്രീക്കുട്ടന്‍ കൂടുതല്‍ ഉയരം വെച്ചു. ഞാനും അവനും തമ്മിലുള്ള  ചങ്ങാത്തം കൂടിക്കുടി വന്നു.   സ്കൂളില്‍ നിന്നും അവന്‍ നേരെ  ഡേകെയറിലേക്കാണ് പോകുന്നത്.  വൈകുന്നേരം വന്നാലുടന്‍  ശ്രീക്കുട്ടന്‍ ഞങ്ങളുടെ അടുക്കള മതിലിനടുത്തായുള്ള അവരുടെ  ഒന്നാം നിലയിലേക്കുള്ള ഇരുമ്പുഗോവണിപ്പടിയിലേക്ക് ചാടിക്കയറും.  എന്നെ  അടുക്കളയില്‍ കണ്ടില്ലെങ്കില്‍ അമ്മമ്മാ എന്ന്‍  ഉറക്കെ വിളിക്കും.  എവിടെയാണെങ്കിലും ഞാന്‍ ഓടിയെത്തും. ചിലപ്പോള്‍, അകത്ത് ഇരുട്ടാണെങ്കില്‍ എന്നെ  കാണാന്‍ ഒക്കുന്നില്ല  എന്നു പറഞ്ഞ്  ജനലിലെ വലയടിച്ച  പാളി ആദ്യം മാറ്റിക്കും. പിന്നെ വിളക്ക് തെളിക്കാന്‍ ആവശ്യപ്പെടും.  കൊതുക് പടപോലെ ഇറങ്ങുന്ന  സമയമായതുകൊണ്ട്‌ അധികം നേരം  നിര്‍ത്താതെ കശുവണ്ടിയും മിഠായിയും കൊടുത്ത് ഞാന്‍ അവനെ യാത്രയാക്കും. ശ്രീക്കുട്ടന്‍റെ  അമ്മ അക്ഷമയായി കാത്തിരിക്കുകയായിരിക്കും. 

പതുക്കെ പതുക്കെ   മിഠായിയുടെ കാര്യത്തില്‍ ചില നിര്‍ബന്ധങ്ങളൊക്കെ വന്നു തുടങ്ങി. ഒരു ദിവസം പറയും ഡയറിമില്‍ക്ക് വേണമെന്ന്. പിന്നെ, ഇഷ്ടം മഞ്ചിനോടാവും,  പിന്നെ അതും മാറി പെര്‍ക്  ആകും , പിന്നെ മില്‍ക്കി ബാര്‍ ആകും.  ചോദിക്കുന്നത് ഇല്ലെങ്കില്‍ അതുകിട്ടുന്ന കടയുടെ പേര് കൃത്യമായി പറഞ്ഞുതരും. അപ്പൂപ്പനാകട്ടെ ഫ്രിഡ്ജില്‍ മിഠായിയും  കശുവണ്ടിയും എപ്പോഴും ഉണ്ടെന്ന് ഉറപ്പു വരുത്തി.

ഞങ്ങളുടെ  വീട്ടില്‍നിന്നും  കാപ്പിയുടെ സുഗന്ധം മൂക്കിലടിക്കുമ്പോള്‍,   ഗോവണിയുടെ കൈവരിയില്‍പ്പിടിച്ചാടിക്കൊണ്ട്   ശ്രീക്കുട്ടന്‍ ചോദിക്കും ; “ അപ്പൂപ്പന്‍ കോഫി ഉണ്ടാക്കുകയാണോ?”. അതെ, എന്ന് ഞാന്‍ പറയും. അവന്‍  അടുക്കളയിലേക്ക് ഓടും. ചായയുമായിട്ടാണ് തിരിച്ചു വരിക.   പിന്നീടു്,  അവന്‍ നിര്‍ബന്ധിച്ചു് വീട്ടില്‍       കാപ്പിപ്പൊടി വാങ്ങിപ്പിച്ചതായി ഞാനറിഞ്ഞു.  എന്‍റെ പഴംപൊരിയും , അപ്പവും സ്റ്റൂവുമൊക്കെ അവന്‍ ആസ്വദിച്ചു  കഴിച്ചു.

വേനല്‍ക്കാലത്ത്  വൈകുന്നേരങ്ങളില്‍  നടന്നു ക്ഷീണിച്ചു വരുമ്പോള്‍ അമ്മ കാണുന്നുണ്ടോ എന്ന് ആദ്യം ഒളികണ്ണിട്ടു ചുറ്റും നോക്കും.  എന്നിട്ട്, എന്നോട് തണുത്ത വെള്ളം ചോദിക്കും. ഞാന്‍ ആശയക്കുഴപ്പത്തിലാകുന്ന  സന്ദര്‍ഭമാണിത്.  എന്നാലും, ഞാന്‍ വെള്ളംകൊടുക്കും. ആയിടയ്ക്കെങ്ങാന്‍ ശ്രീക്കുട്ടനു  പനി വന്നാല്‍ അത് മാറുന്നതു വരെ ആധികൊണ്ട് എനിക്ക് ഉറങ്ങുവാന്‍ സാധിക്കുകയില്ല.   എന്‍റെ കൊച്ചു മകന്‍ എപ്പോഴും തണുത്ത വെള്ളം മാത്രമാണ് കുടിക്കുന്നത്.  തണുത്ത വെള്ളംത്തിലാണ് കുളിക്കുന്നത്. ചെറുതായിരുന്നപ്പോള്‍ അവനെ ഞങ്ങള്‍ മഴയത്ത് കളിക്കുവാന്‍ അനുവദിക്കുമായിരുന്നു.  ചാടി ചെളിതെറിപ്പിക്കുന്നത് അവന് ഏറ്റവും ഇഷ്ടപ്പെട്ട വിനോദമായിരുന്നു.  ഇന്നും മഴ നനഞ്ഞു് അവന്‍ പന്തു കളിക്കാറുണ്ട്. ശ്രീക്കുട്ടനെ അതീവ ശ്രദ്ധയോടെ മഴയൊന്നും നനയാന്‍ അനുവദിക്കാതെയായാണ്  അവര്‍ വളര്‍ത്തുന്നത്.  അതിനു പ്രത്യേകമായൊരു കാരണവുമുണ്ട്. വളരെ ചെറുതായിരുന്നപ്പോള്‍ ഒരിക്കല്‍  പനി മൂര്‍ച്ഛിച്ചു് സന്നി വരികയുണ്ടായി. അന്നവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്നുപോയി.

അവധി ദിവസങ്ങളില്‍ പ്രത്യേകിച്ച് ഞായറാഴ്ചകളില്‍ ശ്രീക്കുട്ടന്‍ ഗോവണിപ്പടിയില്‍ ആടിക്കൊണ്ട്  നില്‍ക്കും.  ഞാന്‍ അടുക്കളയിലും.  എന്നിട്ട്,  വാതോരാതെ   അവിടെ വരുന്ന പൂച്ചകളെക്കുറിച്ചും  അവന്‍ വായിച്ച പുസ്തകങ്ങളിലെ കഥാപാത്രങ്ങളായ കുറുക്കന്‍, ആന, ചെന്നായ, സിംഹം, കടുവ എന്നിവയെ കേന്ദ്രീകരിച്ചു്  സ്വയം മെനഞ്ഞെടുത്ത കഥകളും  എന്നെ കേള്‍പ്പിക്കും. അധികവും മൃഗങ്ങളുടെ ഇംഗ്ലീഷ് പദങ്ങളാവും ഉപയോഗിക്കുക.  അതുപോലെ തന്നെ കുട്ടികളെ പിടിക്കുന്നവരെക്കുറിച്ചും കള്ളന്മാരെക്കുറിച്ചും വാചാലനാകും.  മോഹന്‍ലാലിന്‍റെ ‘പുലിമുരുകന്‍’ കണ്ടതിന്‍റെ പിറ്റേദിവസം വളരെ സന്തോഷത്തിലായിരുന്നു.  എന്നെ കഥ മുഴുവന്‍ കേള്‍പ്പിക്കാന്‍  തിടുക്കമായിരുന്നു.  ഒടുവില്‍, ജോലിയെല്ലാം മാറ്റിവെച്ച്  ഞാന്‍ ജനലിനടുത്ത് പാതകത്തിന്‍റെ മുകളില്‍  ഇരുന്നു. ‘ മുരുകാ മുരുകാ പുലി മുരുകാ’ എന്ന് പാടി കഥ മുഴുവന്‍  അഭിനയിച്ചു കാണിച്ചു. 

ഞങ്ങള്‍ ഇരുവരും ഏറെ ആസ്വദിച്ചിട്ടുള്ള ചില  പ്രവൃത്തികളും,  സംഭാഷണങ്ങളും ഉണ്ടായിരുന്നു.  കെ ജിയിലായിരുന്നപ്പോള്‍ നക്ഷത്രചിഹ്നങ്ങള്‍ വിജയികള്‍ക്ക്  കയ്യിലോ പുസ്തകത്തിലോ ഒക്കെ വരച്ചു കൊടുക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു.  എന്നെ  അഭിമാനത്തോടെ  അത് കാട്ടിത്തരുമായിരുന്നു. അതുപോലെ തന്നെ  അവന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ കൌതുകത്തോടെ ഞാന്‍ നോക്കിക്കാണുമായിരുന്നു.  ഒരു ദിവസം ശ്രീക്കുട്ടന്‍ എന്‍റെ പടവും  വരച്ചു.  ഒന്നം ക്ലാസ്സില്‍ പഠിക്കുമ്പോള്‍  ഇംഗ്ലിഷ് അക്ഷരമാലയുടെ ആദ്യാക്ഷരങ്ങള്‍ ഉപയോഗിച്ച് ഏ ഫോര്‍ അംബീഷന്‍, ബി ഫോര്‍  ബിഹേവിയര്‍, സി ഫോര്‍  കറേജ്, ഡി ഫോര്‍ ഡിടെര്‍മിനേഷന്‍,  ഇ ഫോര്‍ എന്‍കറേജ്മെന്റ്റ്  എന്നിങ്ങനെയുള്ള   പ്രചോദനപദങ്ങള്‍  ഈണത്തില്‍ എന്നെ ചൊല്ലി കേള്‍പ്പിക്കുന്ന പതിവുണ്ടായിരുന്നു.     ഞാനാകട്ടെ, എ ഫോര്‍ ആസ്,  ബി ഫോര്‍ ബാറ്റ്,  സി ഫോര്‍ കവാര്‍ഡിസ് എന്നിങ്ങനെ ചൊല്ലും. ശ്രീക്കുട്ടന്‍ അത് വീണ്ടും ശരിയായി  ചൊല്ലിത്തരും. പല ആവര്‍ത്തി കഴിയുമ്പോള്‍ ഞാന്‍ ശരിയായിട്ടു ചൊല്ലും. അസോസിയേഷന്‍ പരിപാടിയുടെ ഭാഗമായി അവതരിപ്പിക്കുവാനുള്ള   കവിതകളുടേയും, ഗാനങ്ങളുടേയും,   കഥകളുടേയും ആവര്‍ത്തനവും  ഇങ്ങനെ നടന്നിരുന്നു. ശ്രീക്കുട്ടന്‍റെ  നല്ല വ്യക്ത്തതയോടെയുള്ള അവതരണശൈലി ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു.   ചിലപ്പോള്‍, ഞങ്ങളുടെ സംഭാഷണ വിഷയം കാറുകളാണെങ്കില്‍  മറ്റുചിലപ്പോള്‍ മൊബൈലും, യു ട്യൂബും ആയിരിക്കും. ഒരു തവണ മൊബൈലില്‍ ഫോട്ടോ എടുക്കുന്നത് എങ്ങനെയാണെന്നും പറഞ്ഞു തന്നു

പലപ്പോഴും നിര്‍ബന്ധപൂര്‍വ്വം ശ്രീക്കുട്ടനെ, അവന്‍റെ അമ്മ  അകത്തേക്ക് ആട്ടിന്‍കുട്ടിയെ എന്നപോലെ തെളിച്ചു കൊണ്ടുപോകുന്നത് ഞാന്‍ ദുഃഖത്തോടെ    കണ്ടിട്ടുണ്ട്.  അത് കാണുമ്പോള്‍ കുറ്റബോധവും വേദനയും അനുഭവപ്പെടാറുണ്ട്.  ഞാനുമായിട്ടുള്ള ചങ്ങാത്തം അവര്‍ പുര്‍ണ്ണമായും  അoഗീകരിക്കുന്നില്ല  എന്ന വസ്തുത    അവരുടെ ശരീരഭാഷയില്‍   വ്യക്തമായിരുന്നു. അതിനു പ്രത്യേകിച്ച് രണ്ടു കാരണങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു.  ഒന്നാമതായി,  ശ്രീക്കുട്ടന്‍  കശുവണ്ടിയും മിഠായിയും ചോദിച്ചുവാങ്ങുന്നത് ഒരു നാണക്കേടായിട്ടു് അവര്‍ കണക്കാക്കിയിരുന്നു.   അതിനു ആക്കം കൂട്ടുന്ന  രണ്ടു സംഭവങ്ങള്‍ ഉണ്ടാകുകയുംചെയ്തു.  ഒരിക്കല്‍,  ഞാന്‍ മിഠായി കൊടുക്കുന്നത് കണ്ട രണ്ടു പേര്‍  ഇങ്ങനെ ഒരു അഭിപ്രായം ശ്രീക്കുട്ടനോട്  പറഞ്ഞു: “അമ്മയോട്  വാങ്ങിത്തരാന്‍ പറയ്.”   എനിക്കത്  തീരെ ഇഷ്ടപ്പെട്ടില്ല. മറ്റൊരിക്കല്‍, അയല്‍ക്കാരന്‍ അപ്പൂപ്പന്‍ പറഞ്ഞു; “ചീത്തക്കുട്ടികളാണ്  ഇങ്ങനെ ചോദിച്ചു വാങ്ങുന്നത്.” താന്‍  ചീത്തക്കുട്ടിയാണോ എന്നൊരു സംശയം അവനുണ്ടായി”.  എന്നെ അവഗണിക്കുവാന്‍ അവന്‍ ഒരു വൃഥാ ശ്രമം  നടത്തി.   ഇതറിഞ്ഞതു മുതല്‍,  ഞാന്‍ ശ്രീക്കുട്ടന്‍റെ  ആത്മവിശ്വാസം കുട്ടുന്നതിനുവേണ്ടി എന്തെങ്കിലും ഒരു കൊച്ചുകാരണം കണ്ടുപിടിച്ചു് നല്ല കുട്ടി,  മിടുക്കന്‍, മിടുമിടുക്കന്‍, ഗുഡ്ബോയ്‌ എന്നിങ്ങനെ പറയുവാന്‍ തുടങ്ങി. രണ്ടാമത്തെ കാര്യം,  പൊതുവേയുള്ള അവിശ്വാസമാണ്.  ‘ആരും ആരേയും വിശ്വസിക്കരുത്’ എന്നതാണ് ഇന്നത്തെ അലിഖിത നിയമം.  കുട്ടികളോടുള്ള അതിക്രമങ്ങള്‍ കൂടിവരുന്ന ഇക്കാലത്ത്  മറ്റുള്ളവര്‍ തരുന്നത് ഒന്നും സ്വീകരിക്കരുത് എന്ന് തന്നെ വേണം പഠിപ്പിച്ചു കൊടുക്കുവാന്‍. ഞാന്‍ അത് ലംഘിക്കുകയാണ് ചെയ്തത്.

അങ്ങനെയിരിക്കെ, എനിക്ക് അസുഖംവന്നു, ഞാന്‍ രണ്ടു തവണ ആശുപത്രിയിലായി.  ശ്രീക്കുട്ടന്‍ അഛനോടൊപ്പം  രണ്ടു തവണ എന്നെ കാണാന്‍ വന്നു. അടുത്തുവന്നു ചോദിച്ചു; “ അമ്മമ്മയുടെ ഉവ്വാവ് കുറഞ്ഞോ?”. തൊട്ടു നോക്കി, പനിയില്ല എന്നുറപ്പിച്ചിട്ടാണ് അവന്‍ മടങ്ങിയത്.

ഞാന്‍ ദിവാസ്വപ്നത്തില്‍ നിന്നും ഉണര്‍ന്നു.  കണ്ണ്, കിഴക്കു വശത്തെ മതിലിലും  ഗോവണിയിലും  ഉടക്കി.  ഞങ്ങളുടെ അനുവാദത്തോടെയാണ്  അവര്‍ മതില്‍ ഉയര്‍ത്തിയതു്.  എന്നിട്ടും  ഗോവണിയുടെ രണ്ടു പടി കൂടി ഉയരത്തില്‍ .  ശ്രീക്കുട്ടന്‍ നിന്ന് ഞങ്ങള്‍ ആശയവിനിമയം  നടത്തിപോന്നു.  പക്ഷെ, മിഠായിപ്പൊതി കൈമാറുന്നത് ബുദ്ധിമുട്ടായി.  അപ്പോഴാണ്,   ഒരു മുളവാരിയുടെ  തുമ്പത്ത്  പ്ലാസ്റ്റിക്‌  കൂട്  കെട്ടി അതിനകത്ത് മിഠായിപ്പൊതി നിക്ഷേപിച്ചു് അടുക്കളയില്‍ നിന്നും  ഗോവണിപ്പടിയിലേക്ക് വിക്ഷേപിക്കാം എന്ന ബോധോദയമുണ്ടായത്.  ആ കൈമാറ്റം ഞങ്ങള്‍ ഏറെ ആസ്വദിച്ചു.  അങ്ങനെയിരിക്കവേയാണ് ദുരന്തം എന്നു വ്ശേഷിപ്പിക്കാവുന്ന ആ സംഭവം നടന്നത്. ശ്രീക്കുട്ടന്‍റെ വീട്ടില്‍ മരാമത്തുപണികള്‍ തകൃതിയായി നടക്കുകയാണ്.  ഇടയ്ക്കൊരു ദിവസം   ശ്രീക്കുട്ടന്‍ സണ്‍ഷേഡില്‍നിന്ന്  അടുത്ത പറമ്പിലെ മതിലിനടുത്ത് തന്നെയുള്ള  കുളത്തിലേക്ക് എത്തിനോക്കുന്നതാണ് അവന്‍റെ അമ്മ കണ്ടത്.   അതില്‍പ്പിന്നെ  ശ്രീക്കുട്ടന്‍, സണ്‍ഷേഡില്‍ എന്നല്ല ഗോവണിയില്‍ക്കയറുന്നതുപോലും ഞാന്‍ കണ്ടിട്ടില്ല.  ഇനി     ശ്രീക്കുട്ടനുമായി     കൊച്ചു തമാശകള്‍   പറഞ്ഞു  പൊട്ടിച്ചിരിക്കുവാന്‍  പറ്റുമെന്ന  പ്രതീക്ഷയില്ല.  മാത്രമല്ല അപരിചിതരായി  മാറുമെന്ന ശങ്കയുണ്ടുതാനും.

 കുറെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച   ശ്രീക്കുട്ടന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍!

 

Advertisements

‘മായില്ലീ കനകാക്ഷരങ്ങള്‍’

ഡോ. ബി. പ്രഭാറാവു

ഡോ. കെ മാധവന്‍കുട്ടി (93 വയസ്സ്) അന്തരിച്ചു എന്ന വാര്‍ത്ത വെള്ളിയാഴ്ച 30 മാര്‍ച്ച് മാതൃഭുമി ദിനപത്രത്തിന്‍റെ ആദ്യത്തെ പേജില്‍ ചിത്രത്തോടുകുടി കൊടുത്തിരിക്കുന്നത് വായിക്കുവാന്‍ ഇടയായി. അന്നത്തെ പോലെ തന്നെ പ്രസന്നവും തേജസ്സുള്ളതുo ആരെയും ആകര്‍ഷിക്കുന്നതുമായ മുഖം.

1961- ഞാന്‍ എറണാകുളം മഹാരാജാസില്‍ സയന്‍സ് ഗ്രുപ്പ് എടുത്ത് ഒരു വര്‍ഷം മാത്രം ദൈര്‍ഘ്യമുള്ള പ്രീ യൂണിവേര്‍സിടി ഫസ്റ്റ് ക്ലാസ്സോടുകൂടി പാസായ കാലം. ഇനി എന്ത്, എന്ന ചോദ്യചിഹ്നമായിരുന്നു വീട്ടില്‍. സാമ്പത്തിക ഭദ്രത കുറവുള്ള കുടുംബത്തില്‍ മേലെയും കീഴേയും അoഗങ്ങള്‍ ഉണ്ട്. പഠിപ്പിക്കണോ എന്നു പോലും ആലോചനയുണ്ടായി. ഒടുവില്‍, മെഡിക്കല്‍ കോളേജില്‍ ചേരുന്നതിനുവേണ്ടി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപാളിന് അപേക്ഷ അയച്ച് കാത്തിരുന്നു. ആ സമയത്ത് എറണാകുളം മഹാരാജാസില്‍ ബോട്ടണി എടുത്ത്  ബിരുദ പഠനം ആരംഭിച്ചു. അങ്ങനെയിരിക്കെ, കോട്ടയം മെഡിക്കല്‍ കോളേജില്‍ ബിരുദ പഠനത്തിന് അര്‍ഹത നേടിയിട്ടുണ്ടെന്നും, മുഖാമുഖത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്ന ദിവസം ഹാജരാകണം, എന്നുള്ള അറിയിപ്പു കിട്ടി.

സാമാന്യം വലിപ്പമുള്ള മുറിയിലായിരുന്നു മുഖാമുഖം. വിറച്ചിട്ട്‌ മുട്ട് കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. അകത്തു കയറിയപ്പോള്‍ സൌമ്യമായി ചിരിച്ചുകൊണ്ട് “ഇരിക്കൂ” എന്ന് പറഞ്ഞ ആ മുഖം ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. അദ്ദേഹം ചോദിച്ചു: എന്താണ് ഹോബ്ബി? അങ്ങനെയൊന്നുണ്ടോ എന്നുതന്നെ ചിന്തിച്ചത് അപ്പോഴാണ്! അല്‍പ്പം ശങ്കിച്ചു മറുപടി പറഞ്ഞു: “വായന”. “ഏറ്റവും ഒടുവില്‍ വായിച്ച ഒരു പുസ്തകത്തിന്‍റെ പേരു പറയാമോ?”. മാര്‍ഗറെറ്റ് മിച്ചലിന്‍റെ “Gone With the Wind”. ഒരു പ്രത്യേക ഭാവം ആ മുഖത്തു പ്രതിഫലിച്ചത് ഞാന്‍ വ്യക്തമായി കണ്ടു. ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: “ഒന്നുരണ്ടു കഥാപാത്രങ്ങളുടെ പേര് പറയാമോ?” എന്‍റെ മറുപടി: “സ്കാര്‍ലെറ്റ് ഓ ഹാര, ആഷ്ലി, റെറ്റ് ബട്ളെര്‍”. കുസൃതി ചിരിയോടെ വീണ്ടും ഒരു ചോദ്യം “ആരെയാ കൂടുതല്‍ ഇഷ്ടം?” വിക്കി വിക്കി “ആഷ്ലി” എന്ന് പറഞ്ഞൊപ്പിച്ചു. റെറ്റ് ബട്ളെര്‍ എന്ന് പറയണമെന്നാണ് മനസ്സില്‍ തോന്നിയത്. പക്ഷെ, വില്ലന്‍റെ പേരെങ്ങനെ പറയും? ചിരിച്ചു് എന്നെ യാത്രയാക്കി.

മെഡിക്കല്‍ കോളേജിലെ ബിരുദ പഠനത്തിന് മുന്നോടിയായി എറണാകുളം മഹാരാജാസില്‍ ഒരു വര്‍ഷത്തെ പ്രീപ്രൊഫെഷനല്‍ കോര്‍സിനു ചേര്‍ന്നു. അതിനുശേഷം, കോട്ടയം മെഡിക്കല്‍ കോളേജില്‍ സൌകര്യങ്ങള്‍ ഒരുക്കി തീരാതിരുന്നതുകൊണ്ട് താല്‍ക്കാലികമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഞങ്ങള്‍ക്ക് അഭയം നല്‍കി. അവിടെ വെച്ചാണ്, മേല്‍ വിവരിച്ച മുഖാമുഖo നടന്നത്,  ഫിസിയോളോജി പ്രൊഫെസ്സറായ ഡോ. കെ. മാധവന്‍കുട്ടി സാറിന്‍റെ സമക്ഷമായിരുന്നു വെന്ന് മനസ്സിലായത്‌.

സാറിന്‍റേതുപോലെ ഇത്രയും മനോഹരമായ കൈയക്ഷരം നാളിതുവരെയും ഞാന്‍ കണ്ടിട്ടില്ല. താന്‍ ചിത്രകാരനാണ് എന്ന് പറയാതെ പറയുന്ന കയ്യൊപ്പ്. കലകളില്‍ താല്‍പ്പര്യം. സൌമ്യമായ പെരുമാറ്റം. പുഞ്ചിരിയോടെ നര്‍മ്മരസം കലര്‍ന്ന സംഭാഷണം. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ നല്ല ഭാഷാസ്വാധീനം. ഗാoഭീര്യമുള്ള ക്ലാസ്സ്. വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട മാഷിന് ലഭിച്ച അംഗീകാരമാണു് 1979-ലെ മികച്ച മെഡിക്കല്‍ അധ്യാപകനുള്ള ഡോ. ബി.സി. റോയ് ദേശീയ പുരസ്ക്കാരം. വേറെയും അനവധി പുരസ്ക്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

ഇംഗ്ലീഷിലും മലയാളത്തിലുമായി എണ്‍പതോളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്‍റെ സ്ഥാപകരിലൊരാളായിരുന്ന അദ്ദേഹം മുപ്പതു വര്‍ഷം ആ പ്രസ്ഥാനത്തെ നയിച്ചു. കൂടാതെ, കോഴിക്കോട് ഭാരതീയ വിദ്യാഭവനിന്‍റെ ഭാരവാഹിയായും പ്രര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, രാഷ്‌ട്രീയത്തില്‍ ശോഭിക്കുവാന്‍ പറ്റിയില്ല എന്ന സ്വകാര്യ ദു:ഖം അദ്ദേഹത്തിനുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇലക്ഷന് രണ്ടാം വട്ടവും തോറ്റപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രേ: “ആദ്യം ഞാന്‍ മത്സരിച്ചത് മണ്ടനായതു കൊണ്ടാണ്. രണ്ടാമതും മത്സരിച്ച ആ ഞാന്‍ ഒരു മരമണ്ടന്‍ തന്നെ!”

വൈദ്യശാസ്ത്രം, സാമൂഹ്യസാംസ്കാരിക രംഗം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്‍റെ പാദമുദ്രകള്‍ പതിപ്പിച്ച ആ ദേഹം ഒരു പിടി ഭസ്മമായിക്കഴിഞ്ഞു.

അദ്ദേഹത്തിന്‍റെ ‘മായില്ലീ കനകാക്ഷരങ്ങള്‍’ എന്ന ആത്മകഥ യുവതലമുറക്ക് പ്രചോദനമാകട്ടെ!

 

കല്‍പ്പാത്തിയും രഥോത്സവവും

പാലക്കാടിലെ കല്‍പ്പാത്തി അഗ്രഹാരങ്ങള്‍

പാലക്കാട് പട്ടണത്തില്‍ നിന്നും ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ദൂരത്തിlലാണ് കല്‍പ്പാത്തി എന്ന ശാന്തസുന്ദരമായ പൈതൃക ഗ്രാമം. അവിടെ കല്‍പ്പാത്തിപ്പുഴ നിരന്നു കിടക്കുന്ന കല്ലുക്കിടയില്‍ ഒരു പാത്തിയിലൂടെ (തോടിലൂടെ) എന്നപോലെ തെളിനീരുമായി മനോഹരയായി ഒഴുകുന്നു. ഭാരതപ്പുഴയുടെ (നിളാനദി) താരതമ്യേന ചെറിയ കൈവഴികളായ വാളയാറ്, കോരയാറ്, വരട്ടാറ്, മലമ്പുഴ എന്നീ നാലു നദികള്‍ ചേര്‍ന്ന് വാളയാറിന് വടക്കായി ചെന്താമാരക്കുളം എന്ന മലമ്പ്റദേശത്തുവെച്ച് സംഗമിച്ചാണ് കല്‍പ്പാത്തിപ്പുഴയായത്. പാലക്കാട് കല്‍പ്പാത്തിപ്പുഴയുടെ തീരത്തായി പണിതിട്ടുള്ള അഗ്രഹാരങ്ങളിലെ മഠങ്ങളില്‍, പാലക്കാട് അയ്യര്‍മാര്‍ എന്ന വിശേഷണവുമായി വൈദിക തമിഴു ബ്രാഹ്മണര്‍ കൂട്ടത്തോടെ താമസിക്കുന്നു. അവരില്‍ ശിവഭക്തന്മാരും വിഷ്ണുഭക്തന്മാരും ഉണ്ട്‌. പലപ്പോഴും ഒരു ഉപവിഭാഗക്കാര്‍ പ്രത്യേകമായി ഒരു അഗ്രഹാരത്തില്‍ താമസിക്കുന്നതായിക്കാണാം.

തമിഴുബ്രാഹ്മണര്‍ മാത്രം വസിക്കുന്ന ഗൃഹങ്ങളുടെ (മഠങ്ങളുടെ) കൂട്ടത്തെ അഗ്രഹാരം എന്ന് പറയുന്നു. ഒരു അഗ്രഹാരത്തില്‍ ഏതാണ്ട് 30 മുതല്‍ 300 വരെ മഠങ്ങളുണ്ടാവും. അഗ്രഹാരം എന്നാല്‍ ഹര (ശിവന്‍)നും ഹരി (വിഷ്ണു)യും വസിക്കുന്ന സ്ഥലം എന്നര്‍ത്ഥം. വീടുകള്‍ ‘ഒരു മാലയില്‍ കൊരുത്ത പോലെ അഗ്രത്ത് ഒരു ക്ഷേത്രവുമായി കാണപ്പെടുന്നതുകൊണ്ട്’ എന്നും വ്യാഖ്യാനിക്കാം. നാലു വര്‍ണ്ണങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായവരുടെ കേന്ദ്രം എന്നൊരു അര്‍ത്ഥവുമുണ്ട്.

ആഗ്രഹാരത്തിന്‍റെ നിര്‍മ്മിതി ഇപ്രകാരമാണ്: സാമാന്യം വീതിയുള്ള ഒരു പാത; ഇരുവശത്തുo ഒരുപോലെ അതിരുകളില്ലാതെ നിരനിരയായി പണിതീര്‍ത്തിട്ടുള്ള ഓടുമേഞ്ഞ ഒറ്റ / ഇരു നില കെട്ടിടങ്ങള്‍; കറുപ്പോചുവപ്പോ നിറത്തിൽ സിമൻറുതേച്ച് മിനുസപ്പെടുത്തിയ തറ; മുൻവാതിൽ വീഥിയിലേക്ക് നേരിട്ടു തുറക്കുന്നരീതി;, മുന്‍വശത്ത് മുറ്റമോ വേലിയോ മതിലോ ഇല്ല. അതിര്‍ത്തി തിരിക്കുന്ന യാതൊന്നുമുണ്ടാകില്ല. ഒരോ മഠത്തിനും സാധാരണയായി മുന്നു പ്രധാന ഭാഗങ്ങള്‍ ഉണ്ടാകും: ഒന്നാം കെട്ടു്പൊതുമുറി/കിടപ്പുമുറി, അടുക്കള, കിണര്‍, തുളസിത്തറ; രണ്ടാം കെട്ട്പശുത്തൊഴുത്ത്, അനുബന്ധജോലികള്‍ക്കായി ഒരു മുറി; മൂന്നാം കെട്ടു്ശുചിമുറി, അടുക്കളത്തോട്ടം തുടങ്ങിയവ. ചിലപ്പോള്‍ ഒരു നിലവറ കൂടി ഉണ്ടാകും. രണ്ടു നിലയുള്ള വീടാണെങ്കില്‍ പ്രത്യേകം കിടപ്പുമുറി മുകളിലുണ്ടാവും.

ഓരോ ഗൃഹവും പുറമെ നിന്ന് കാണുമ്പോള്‍ ലളിതമായി തോന്നുമെങ്കിലും അകത്തു് മരംകൊണ്ടുള്ള തട്ടുകളും മോടി പിടിപ്പിച്ച മച്ചും മറ്റും ഉണ്ടാകും. ഓരോ മഠത്തിന്‍റെയും തറനിരപ്പ് ഉയർന്നതായതുകൊണ്ട് രണ്ടോ മൂന്നോ ചവിട്ടുപടികൾ ഇറങ്ങിവേണം നിരത്തിലെത്താന്‍. ഇവയുടെ ഇരുവശത്തും ഇരിക്കുവാൻ സൌകര്യപ്രദമായരീതിയിൽ തിണ്ണ കെട്ടിയിട്ടുണ്ടാകും. വൈകുന്നേരങ്ങളിൽ വീട്ടുകാർ കാറ്റുംകൊണ്ട് വർത്തമാനം പറഞ്ഞിരിക്കുന്നത് ഇന്നും ഒരു പതിവുകാഴ്ചയാണ്. തമ്മിൽ തമ്മിലുള്ള കൂട്ടായ്മയ്ക്ക് ഇത് വഴി ഒരുക്കുന്നു. പാതയുടെ ഒരറ്റത്ത് ക്ഷേത്രവും മറ്റേഅറ്റത്ത് പൊതുകിണറും എന്നത് ഒരു പതിവുരീതിയാണു്. പാതകളില്‍ തന്നെയാണ് ഉപനയനം, വിവാഹം, കച്ചേരി തുടങ്ങിയ ആഘോഷങ്ങള്‍ നടന്നിരുന്നത്. ഇന്ന് ഹാളുകളൊക്കെയുണ്ട്. അഗ്രഹാരത്തിന്‍റെ പേരുകള്‍ അവര്‍ വന്ന ഗ്രാമങ്ങളെ അല്ലെങ്കില്‍ ഗ്രാമദേവന്മാരെ സുചിപ്പിക്കുന്നു. അഗ്രഹാരങ്ങള്‍ക്കു പ്രത്യേകം ക്ഷേത്രങ്ങളും ഉണ്ട്. പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍, പുതിയകല്‍പ്പാത്തി മന്തക്കര മഹാഗണപതി, ചാത്തപ്പുരം പ്രസന്നമഹാഗണപതി തുടങ്ങിയവ ഉദാഹരണങ്ങളാണ്.

കല്‍പ്പാത്തിയില്‍ എങ്ങനെ അഗ്രഹാരങ്ങള്‍ ഉയര്‍ന്നു?

പരദേശികളായ തമിഴ് ബ്രാഹ്മണര്‍ ഇവിടെ വന്നതിനെക്കുറിച്ചു് പലപല കഥകളുണ്ട്. പാലക്കാട് രാജാക്കന്മാര്‍ / അച്ചന്മാര്‍ പെരുമ്പടപ്പു സ്വരൂപത്തില്‍ (കൊച്ചി രാജ്യം) നിന്ന് വഴിതെറ്റി വന്നവരാണെന്നു പറയാം. അക്കാലത്ത് പാലക്കാട് പാലമരങ്ങള്‍ തിങ്ങി നിറഞ്ഞിരുന്ന കൊടുംകാടായിരുന്നു. ജൈന മതക്കാരുടെ പാലിഘട്ട് എന്ന പദം ശബ്ദഭേദം വന്നു് പാലക്കാട് ആയതാണ് എന്ന അഭിപ്രായപ്പെടുന്നവരുണ്ട്‌. ഒരു ദിവസം കൊച്ചി രാജാവിന്‍റെ നാലു ആനകള്‍ പാലക്കാട് കാട്ടിലെത്തി. കൊച്ചി തമ്പുരാന്‍ പാപ്പാന്മാരെ അയച്ചെങ്കിലും അവയെ കണ്ടുകിട്ടിയില്ല. പിന്നീടു്, ഇളയ തമ്പുരാന്‍ തന്നെ നാലു നായര്‍ പടയാളികളുമായി പാലക്കാട് കുതിരാന്‍ മലകളിലുള്ള കാട്ടില്‍ ചെന്ന്, അവിടത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ സഹായത്തോടെ ആനകളെ മെരുക്കി തിരികെ കൊണ്ടുവന്നു. പക്ഷെ, ഹൃദയം മലയില്‍ ഒരു പെണ്‍കുട്ടിയെ ഏല്‍പ്പിച്ചിട്ടാണ് പോന്നത് എന്നു മാത്രം. കൊച്ചിരാജകുടുംബത്തിനു അത് ഉള്‍ക്കൊള്ളാനായില്ല

ശേഖരിവര്‍മ്മന്‍ എന്ന ഇളയ തമ്പുരാന്‍ തിരികെ പാലക്കാട് വന്നു. ഇവിടെ എട്ടു ഇടങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ പാലക്കാട്ടുശ്ശേരി എന്നൊരു രാജവംശമുണ്ടാക്കി പാലക്കാട്ടുശ്ശേരി അച്ചന്‍ എന്ന് സ്വയം വിശേഷിപ്പിച്ചു. ആദിവാസി പെണ്‍കുട്ടിയെ സ്വന്തമാക്കുവാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ, നമ്പൂതിരിമാര്‍ ആരും തന്നെ കാര്‍മ്മികത്വം ഏറ്റെടുക്കുവാന്‍ തയ്യാറായില്ല. അദ്ദേഹം നമ്പൂതിരിമാരെയെല്ലാം ഇവിടെ നിന്നും വള്ളുവനാടിലേക്ക് നാടുകടത്തി. തമിഴ് ബ്രാഹ്മണരെ കാവേരിനദിയുടെ തീരത്തുള്ള ഗ്രാമങ്ങളില്‍നിന്നും ക്ഷണിച്ചു വരുത്തി. അവര്‍ രാജാവിന്‍റെ അഭീഷ്ടം മാനിച്ചുവെന്നു മാത്രമല്ല അവരുടെ ആദ്യത്തെ ആഗ്രഹാരത്തിന് ശേഖരിപുരം എന്ന് നാമകരണവും ചെയ്തു.

പട്ടമഹിഷിയാകട്ടെ ഭഗവതി ക്ഷേത്രങ്ങളെയെല്ലാം ഗോത്ര ഭഗവതി ക്ഷേത്രങ്ങളാക്കി മാറ്റി. ഉദാഹരണം: എമൂര്‍ ഭഗവതി, മണപ്പുള്ളി ഭഗവതി, കുരുംബ ഭഗവതി. സര്‍പ്പക്കാവുകളും സര്‍വ്വസാധാരണമാക്കി.

കല്‍പ്പാത്തി വിശ്വനാഥക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്ന നമ്പൂതിരിമാരും രാജാവുമായി പിണങ്ങി. അദ്ദേഹം പൂജാദി കര്‍മ്മങ്ങള്‍ക്കായി മധുരയില്‍നിന്നും 12 പണ്ഡിതകുടുംബങ്ങളെ എല്ലാ സൌകര്യങ്ങളുമൊരുക്കി ഇവിടെക്കൊണ്ടുവന്നു പര്‍പ്പിച്ചു. അവര്‍ അഗ്രഹാരം തീര്‍ത്ത വീഥി പന്ത്രണ്ടാം തെരുവ് എന്നറിയപ്പെടുന്നു.

പാലക്കാടന്‍ കുടിയേറ്റത്തിന്‍റെ ചരിത്രം

മേല്‍ വിവരിച്ച പ്രകാരം ക്ഷണിതാക്കളായി എത്തിച്ചേര്‍ന്ന പരദേശി വൈദിക തമിഴ് ബ്രാഹ്മണരെപ്പോലെയല്ലാതെ മറ്റുപലകാരണങ്ങള്‍കൊണ്ട് കുടിയേറിപ്പാര്‍ത്തവരുമുണ്ട്. 1310 എ ഡി ആയപ്പോള്‍ ചോള പല്ലവ പാണ്ഡ്യ രാജവംശങ്ങള്‍ ക്ഷയിച്ചു തുടങ്ങി. പലയിടത്തും തമ്മില്‍ തമ്മില്‍ സിംഹാസനത്തിനുവേണ്ടി തമ്മിത്തല്ലായി. തക്കംപാര്‍ത്തിരുന്ന ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദീന്‍ ഖില്‍ജി, പാണ്ഡ്യ രാജാവിന്‍റെ പുത്രനായിരുന്ന സുന്ദര പാണ്ഡ്യന്‍റെ അഭ്യര്‍ത്ഥന പ്രകാരം, പ്രധാനസേനാപതി മാലിക് ഖഫൂറിനെ വലിയൊരു പടയുമായി ദക്ഷിണ ഭാരതത്തിലേക്ക് അയച്ചു. ഖഫൂറിനാകട്ടെ, സുന്ദര പാണ്ഡ്യനെ സഹായിക്കുന്നതിലും കുടുതല്‍ ശുഷ്ക്കാന്തി ഇവിടത്തെ ക്ഷേത്രങ്ങളെയെല്ലാം കൊള്ളയടിക്കുന്നതിലായിരുന്നു. അതിനെ എതിര്‍ത്ത ആയിരക്കണക്കിനു ഹിന്ദുക്കളെ നിഷ്ക്കരുണം കൊന്നൊടൊക്കി. കുറേപ്പേര്‍ ഭയന്ന് ജീവനും കൊണ്ട് പലായനം ചെയ്തു. അങ്ങനെ തഞ്ചാവൂര്‍, മായാവാരം (ഇന്ന് മയിലാടുതുറൈ), കുംഭകോണം, ചിദംബരം, തിരുച്ചിറപ്പള്ളി എന്നീ കാവേരി നദീതട ഗ്രാമങ്ങളില്‍ നിന്നും കോയമ്പത്തൂർ വഴി പാലക്കാട് ചുരം കടന്ന് അവര്‍ പാലക്കാടെത്തി. മാലിക് ഖഫൂര്‍ അന്നു മടങ്ങിയത് ‘312 ആനകള്‍, 20,000 കുതിരകള്‍, 10 കോടി സ്വര്‍ണ്ണനാണയങ്ങള്‍, ധാരാളം പെട്ടികളില്‍ വിലപ്പെട്ട കല്ലുകള്‍, മുത്തുകള്‍’ തുടങ്ങിയവയുമായാണ്. എല്ലാം കൂടി നൂറു മില്യണ്‍ (ഒരു മില്യണ്‍ = പത്തു ലക്ഷം) പവന്‍ മതിപ്പു വിലയാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. നാലു നൂറ്റാണ്ടുകള്‍ക്കുശേഷം ഹൈദരലിയുടെയും ടിപ്പുവിന്‍റെയും കാലത്ത് ഇതേ ചരിത്രം ആവര്‍ത്തിക്കപ്പെട്ടു. ഇതിനെല്ലാം പുറമെ പല അവസരങ്ങളിലായുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കവും ക്ഷാമവും പലരേയും നാടുവിടാന്‍ പ്രേരിപ്പിച്ചു. പറങ്കികള്‍, യഹൂദര്‍, അറബികള്‍ തുടങ്ങിയവര്‍ കൊച്ചിയില്‍ കച്ചവടത്തിനായി എത്തുന്നതു കണ്ടു്, സ്ഥായിയായി ഇവിടെ തങ്ങാതെ കച്ചവടത്തിനായി മാത്രം ഇവിടെ വന്നുപോയിരുന്നവരുമുണ്ട്‌.

പരദേശി ബ്രാഹ്മണരുടെ ജിവനം

കഥകളും കാരണങ്ങളും എന്തായാലും, തമിഴകത്തുനിന്നും വന്നവര്‍ക്ക് നാടുവാഴികള്‍ എല്ലാ സുഖസൌകര്യങ്ങളും ചെയ്തുകൊടുത്തു. അതായത്, ക്ഷേത്രം, അഗ്രഹാരം തുടങ്ങിയവ പണിയാനുള്ള സ്ഥലം, അതിനുള്ള സാധനസാമഗ്രികള്‍, ധാരാളം ഗോക്കള്‍, വയല്‍, കാട് തുടങ്ങിയവ നല്‍കി. കൂട്ടത്തില്‍ തീരെ ദരിദ്രരായിരുന്നവര്‍ക്ക് സൌജന്യമായി ഭക്ഷണവും താമസവും ഏര്‍പ്പാടാക്കി. അവരോടൊപ്പം വന്ന ഇടയന്‍, ചക്കന്‍, കൊല്ലന്‍, തട്ടാന്‍, ആശാരി, മൂശാരി, വെളുത്തേടന്‍, തുന്നല്‍ക്കാരന്‍, ബാര്‍ബര്‍ തുടങ്ങിയവര്‍ക്കും അധികം ദൂരെയല്ലാതെ സൌകര്യങ്ങള്‍ ഒരുക്കി.

സംസ്കൃതത്തിലും വേദങ്ങളിലും അതിപണ്ഡിതൻമാരായിരുന്ന തമിഴ് ബ്രാഹ്മണര്‍ നല്ല ബുദ്ധിയുള്ളവരും, പാചകവിദഗ്ദരും, ഭക്ഷണപ്രിയരും, സസ്യാഹാരികളുമായിരുന്നു. പ്രമുഖക്ഷേത്രങ്ങളിൽ പൂജാരിമാരായും, രാജകൊട്ടാരങ്ങളിൽ മന്ത്രിമാരായും, നിയമജ്ഞരായും, പാഠശാലകളില്‍ വാദ്ധ്യാന്മാരായും, ജന്മികുടുംബങ്ങളില്‍ കാര്യക്കാരായും, ജ്യോത്സ്യന്മാരായും, ഭാഗവതര്‍മാരായും, പാചകക്കാരായും പലരും നിയമിതരായി. മലബാറിലെ ക്ഷേത്രങ്ങളില്‍ നമ്പൂതിരിമാരാണ് ശാന്തിക്കാരായിരുന്നത്. പലരും അവരുടെ സഹായികളായിട്ടു കൂടി.

പരസ്പ്പര സ്വീകാര്യത

ഇക്കൂട്ടർ അവരുടെ തനതു സംസ്ക്കാരം കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധാലുക്കളായിരുന്നു. ഇന്നും അതിന് മാറ്റമില്ല. എം എസ് സുബ്ബലക്ഷ്മിയുടെ വെങ്കടേശസുപ്രഭാതം, ശിവസ്തോത്രങ്ങള്‍ വേദമന്ത്രങ്ങള്‍ തുടങ്ങിയവ കേട്ടാണ് അഗ്രഹാര വീഥികള്‍ സജീവമാകുന്നതു്. ശുദ്ധ സംഗീതത്തിന്‍റെ ലയ മധുരിമ ഇന്നും അവിടെ മാറ്റൊലി കൊള്ളുന്നു. അതിരാവിലെ കുളികഴിഞ്ഞ് തോര്‍ത്ത് ഈറന്‍ മുടിയില്‍ ചുറ്റി മഞ്ഞൾ പൂശിയ മുഖവുമായി വിരല്‍ത്തുമ്പുകള്‍ മാത്രം ഉപയോഗിച്ച് അരിപ്പൊടികൊണ്ട് മനോഹരവും വൈവിധ്യവുമാര്‍ന്ന കോലങ്ങള്‍ ഉമ്മറപ്പടിയില്‍ ഇന്നും സ്ത്രീകള്‍ വരച്ചിടുന്നത് കാണാം. വരയുടെ വേഗതയും കൈവിരുതും അതിശയിപ്പിക്കുന്നതാണ്.

അവരുടെ പൂജാരീതികള്‍ വ്യത്യസ്തമായിരുന്നതുകൊണ്ട്, അവര്‍ സ്വന്തമായി ക്ഷേത്രങ്ങള്‍ പണിതു. അതേസമയം, നാട്ടിലെ ചില ആചാരങ്ങളും അവര്‍ ഉള്‍ക്കൊള്ളാതിരുന്നില്ല. അതില്‍ പ്രധാനപ്പെട്ട ഒന്ന് ഭഗവതി സേവയാണ്. ഭഗവതിയെ പലരും കുലദൈവമാക്കി. കൂടാതെ, ഹരിഹരരസുതനായ അയ്യപ്പനേയും അവര്‍ ആരാധിക്കുവാന്‍ തുടങ്ങി. ഓണം, വിഷു തുടങ്ങിയവയും ആഘോഷിച്ചുതുടങ്ങി. അടിപിടി ബഹളങ്ങളൊന്നും അഗ്രഹാരങ്ങളില്‍ ഉണ്ടാകാറില്ല. പൊതുവെ ശാന്തശീലരായിരുന്ന ഇവര്‍ നാട്ടിലുള്ളവരുമായി രമ്യതയില്‍ കഴിയുവാനാണ് ഇഷ്ടപ്പെട്ടത്. ഏറ്റെടുക്കുന്ന ജോലിയില്‍ വിശ്വാസ്യത പുലര്‍ത്തിയതുകൊണ്ടുതന്നെ ഉന്നതസ്ഥാനീയരായി മാറിയ ഇവരെ നാട്ടുകാര്‍ ഭട്ടര്‍ എന്നാണു അഭിസംബോധന ചെയ്തിരുന്നത്. ആംഗലേയര്‍ അത് പട്ടര്‍ എന്നാക്കി.

കര്‍ണ്ണാടകസംഗീതവും, ഭാരതനാട്യവുo, ഇഡ്ഡലിയും സാമ്പാറും, ദോശയും, പലതരം ചട്ണിപ്പൊടികളും, മധുര / എരിവു പലഹാരങ്ങളും പൊരിയുമെല്ലാം അവരുടെ വിലമതിക്കാനാവാത്ത സംഭാവനകളാണ്. 1853- ല്‍ തഞ്ചാവൂരിലെ മരുതനല്ലൂരില്‍നിന്നു വന്ന ത്യാഗരാജസ്വാമികളുടെ പ്രധാന ശിഷ്യന്‍ രാജാറാംസ്വാമികള്‍ രാമധ്യാനമഠം സ്ഥാപിച്ചതോടെ കല്‍പ്പാത്തി കര്‍ണ്ണാടകസംഗീതത്തിന്‍റെ ഈറ്റില്ലമായിമാറി. ഒപ്പം തന്നെ ഗ്രാമസമൂഹമഠം എന്ന ആശയം പ്രാവര്‍ത്തികമാക്കുകയും ആവണി അവിട്ടം, നവരാത്രി, സംഗീത കച്ചേരികള്‍, ഭരതനാട്യം തുടങ്ങിയ പൊതുപരിപാടികള്‍ നടത്തി അവരുടെ താല്‍പ്പര്യം ഊട്ടി ഉറപ്പിക്കുകയും ചെയ്തു.

കല്‍പ്പാത്തി വിശാലാക്ഷി സമേതനായ വിശ്വനാഥസ്വാമി ക്ഷേത്രം പാലക്കാട് കല്‍പ്പാത്തിപ്പുഴയോരത്തിലുള്ള വിശാലാക്ഷി സമേതനായ വിശ്വനാഥസ്വാമിയുടെയും (ശിവനും പാര്‍വതിയും അഥവാ ഉമയും മഹേശ്വരനും) ക്ഷേത്രത്തിന് അറുന്നൂറു വര്‍ഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ‘കാശിയില്‍ പകുതി കൽപ്പാത്തി’ എന്നാണ് പ്രമാണം. ദക്ഷിണ കാശി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.

ഈ ക്ഷേത്രം ഇവിടെ പണിതതിനു പിറകില്‍ ഒരു കഥയുണ്ട്.

പണ്ടു പണ്ട്, തഞ്ചാവൂരിനടുത്ത് മായാവാരത്തെ ശേഖരപുരമെന്ന ഒരു ഗ്രാമത്തില്‍നിന്നും വന്ന കൊല്ലങ്കോട് വെങ്കടനാരായണ അയ്യരുടെ വിധവയായ ലക്ഷ്മി അമ്മാള്‍ എന്ന് പേരായ ഒരു തമിഴുബ്രാഹ്മണസ്ത്രീ സാക്ഷാല്‍ വിശ്വനാഥനെ കണ്ട് വണങ്ങുവാൻ കാശിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയി. അവിടെവെച്ച് അവര്‍ക്ക് ഒരു ബാണലിംഗം (സ്വയംഭൂ) ലഭിച്ചു. അത് അവര്‍ പാലക്കാട്ടുശ്ശേരി അച്ചന്‍റെ അനുവാദത്തോടെ കല്‍പ്പാത്തിപ്പുഴയുടെ തെക്കേതീരത്ത് ഒരു അമാവാസി നാളില്‍ പ്രതിഷ്ഠിച്ചു. അതികം താമസിയാതെ അച്ചന്‍റെ മരുമകനും ഇളയരാജാവുമായ ഇട്ടിക്കൊമ്പി അച്ചനെ 1320 സ്വര്‍ണനാണയങ്ങള്‍ ഏല്‍പ്പിച്ച് അവിടെ ഒരു ക്ഷേത്രം പണിതു പരിപാലിക്കണമെന്ന് അപേക്ഷിച്ചു. പാലക്കാട് അച്ചന്‍റെ (മേലെ കാരണവര്‍) അനുവാദത്തോടെ ഇട്ടിക്കൊമ്പി അച്ചന്‍ ലക്ഷ്മിഅമ്മാള്‍ ആഗ്രഹിച്ചതുപോലെ മായാവാരത്തെ മയൂരനാഥ ക്ഷേത്രത്തിന്‍റെ മാതൃകയില്‍ ഒരു കോവില്‍ ഇവിടെ പണിതീര്‍ത്തു. അതിരുകളായി, തെക്കുപടിഞ്ഞാറ് പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി; കിഴക്കു ഭാഗത്ത് പന്ത്രണ്ടാം തെരുവ് ക്ഷിപ്രപ്രസാദ മഹാഗണപതിക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം; കിഴക്കുപടിഞ്ഞാറ് ഗോവിന്ദരാജപുരം വരദരാജ പെരുമാള്‍. ഒരു കിലോമീറ്റര്‍ കിഴക്കു മാറി ചൊക്കനാഥപുരത്ത് ചൊക്കനാഥര്‍ ക്ഷേത്രം എന്നിവയെ നിശ്ചയിച്ചു.

കല്‍പ്പാത്തി വിശ്വനാഥ ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തിന്‍റെ വലത്തു വശത്തായി രണ്ട് ആല്‍മരങ്ങള്‍ ഉണ്ടു്. ആദ്യത്തേതിന്‍റെ ചുവട്ടില്‍ നാഗപ്രതിഷ്ഠ നടത്തിയിരിക്കുന്നു. വിഷ്ണുവിന്‍റെ അംശമായും സ്ഥലവൃക്ഷമായും കണക്കാക്കി അവിടെ പൂജ നടത്തുന്നു. പ്രധാന പ്രവേശന കവാടമായ കിഴക്കെ ഗോപുരത്തിന്‍റെ നടയില്‍നിന്നും 18 പടികള്‍ താഴെയാണ് അമ്പലം

പണിതിരിക്കുന്നത്. അതുകൊണ്ടു ഈ ക്ഷേത്രത്തിന് കുണ്ടുക്കുള്‍ കോവില്‍, കുണ്ടമ്പലം എന്നീ പേരുകളുണ്ട്. പ്രാകരത്തിനുള്ളില്‍ ഗര്‍ഭഗൃഹത്തില്‍ വിശ്വനാഥസ്വാമിയെ നാലംഗുലം മാത്രം ഉയരത്തില്‍ എട്ടു മൂലകങ്ങളുടെ സമ്മിശ്രമായ അഷ്ടബന്ധനം കൊണ്ട് പീഠത്തില്‍ ഉറപ്പിച്ച് കിഴക്കോട്ടു ദർശനമായി കുടിയിരുത്തിയിരിക്കുന്നു. അധികം അകലത്തിലല്ലാതെ കിരീടമുള്‍പ്പെടെ ഇരുപത്തിനാലംഗുലം ഉയരത്തില്‍ വിശാലാക്ഷിയെ ദർശനം തെക്കോട്ടായി അതുപോലെ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നു. മറ്റു പ്രതിഷ്ഠകളിൽ പ്രധാനമായവ വിഘ്നേശ്വരന്‍റേയും, വള്ളിയും ദേവായനിയും ഒപ്പമുള്ള സുബ്രമണ്യന്‍റേതും, പത്നീസമേതരായ നവഗ്രഹങ്ങളുടേതുമാണ്. പത്നീസമേതരായ നവഗ്രഹ പ്രതിഷ്ഠകള്‍ വളരെ വിരളമാണ്. വിശ്വനാഥസ്വാമിയുടെ മുന്നില്‍ നന്ദികേശ്വരനെ മൂന്നു രൂപത്തില്‍ കാണാം. ആത്മതത്ത്വം, വിദ്യാതത്ത്വം, ശിവതത്ത്വം എന്നിങ്ങനെ അവയെ വ്യാഖ്യാനിക്കുന്നു.

കാശിയിലെ വിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും ഗംഗയിലേക്കുള്ളതുപോലെ, ഇവിടെയും കോവിലില്‍നിന്നും കല്‍പ്പാത്തിപ്പുഴയിലേക്ക് പടവുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കല്‍പ്പാത്തിപ്പുഴയെ ശോകനാശിനിയായി വാഴ്ത്തപ്പെടുന്നു. സ്നാനം, സൂര്യനമസ്കാരം, സന്ധ്യാവന്ദനം, തര്‍പ്പണം, ആറാട്ട് തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്ക് അടുത്തുള്ള പുഴ സഹായകരമാണ്. ഇവിടെ ധാരാളം കല്‍പ്പടവുകള്‍ ഉണ്ട്. അവയ്ക്കുമുണ്ട് പേരുകള്‍. കുണ്ടമ്പലം കടവ്, അരശന്‍ തിട്ടു്, താലിപ്പാറ, അക്കരപ്പാറ, ജപപ്പാറ, മണ്ടന്‍പാറ, ചേനപ്പാറ, ചുഴിപ്പാറ അങ്ങനെ പോകുന്നു അവ. പുഴയില്‍ അടിച്ചുനനച്ചു കുളിച്ചു് ക്ഷേത്രദര്‍ശനം കഴിഞ്ഞാല്‍ തമിഴു ബ്രാഹ്മണരുടെ ദിവസം തുടങ്ങുകയായി.

പാലക്കാട്ടുശ്ശേരി അച്ചന്‍, ക്ഷേത്രത്തിന്‍റെ ദൈനദിനാവശ്യങ്ങള്‍ക്കും വിശേഷാവസരങ്ങളില്‍ ഉപയോഗിക്കാനുമായി സ്വര്‍ണ്ണo വെള്ളി ചെമ്പു പാത്രങ്ങളും, മറ്റുസാധനസാമഗ്രികളും, പുറമെ നിത്യച്ചിലവിനായി ധാരാളം സ്ഥലവും കരമൊഴിവായി ദാനംചെയ്തു. ആഗ്രഹാരത്തിന്റെ നാലതിരുകള്‍കം അതിലുള്‍പ്പെട്ടതാണ്. തെക്ക് തെന്മല മുതല്‍, വടക്ക് മൈസൂര് അതിര്‍ത്തിയിലുള്ള വടമലവരെ ആഗ്രഹാരങ്ങളുയര്‍ന്നു. മരുമകനായ അകത്തേത്തറ ഇട്ടിക്കൊമ്പി അച്ചനെയും ഇളയ അനന്തരവനേയും കോവിലിന്‍റെ നടത്തിപ്പിനായി ചുമതലപ്പെടുത്തി. ലക്ഷ്മി അമ്മാളില്‍ നിന്നും മൂലധനമായിക്കിട്ടിയ 1320 പൊന്‍പണം 32 ബ്രാഹ്മണകുടുംബങ്ങളെ ഏല്‍പ്പിച്ചു. അവര്‍ എല്ലാവരും കൂടി വര്‍ഷത്തില്‍ പലിശയായി നല്‍കുന്ന 132 പണം ക്ഷേത്രത്തിന്‍റെ നടത്തിപ്പിനായി ഉപയോഗിക്കണം എന്ന് ശട്ടം കെട്ടി. ഇതിനെല്ലാം സാക്ഷികള്‍ അടുത്തുള്ള ചൊക്കനാഥപുരത്തെ ചൊക്കനാഥസ്വാമിയും എമൂര്‍ ഭഗവതിയും മേലേകാരണവരും ആണെന്ന് 1957-ൽ ഈ ക്ഷേത്രപരിസരത്തിൽനിന്നുലഭിച്ച ശിലാഫലകത്തില്‍ കോലെഴുത്താല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് കാരണവര്‍ എന്ന് വിവക്ഷിക്കുന്നത് പാലക്കാട് രാജാവിനെ തന്നെയാണ് എന്നും 1425 എ ഡിയിലാണ് കോവില്‍ നിര്‍മിക്കപ്പെട്ടതെന്നും ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നു. ഈ ഫലകം ക്ഷേത്രത്തിനു മുമ്പില്‍ ധ്വജസ്തംഭത്തിനും നന്ദി മണ്‍ഡപത്തിനും മദ്ധ്യേ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഈ ക്ഷേത്രത്തിലെ ആദ്യത്തെ പൂജാരി മായാവാരത്ത് നിന്നും വന്ന സുബ്രഹ്മണ്യ ഗുരുക്കള്‍ ആയിരുന്നു. അതുകൊണ്ടുതന്നെ പൂജയും ആചാരാനുഷ്ഠാനങ്ങളുമെല്ലാം ഇന്നും മയൂരനാഥ ക്ഷേത്രത്തിലേത് പോലെയാണ്. ആത്മാര്‍ത്ഥം എന്ന യജമാന സങ്കല്‍പ്പത്തില്‍ കാമികാഗമം രീതിയില്‍ പൂജാവിധികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. രാത്രി ധാരയും പാലഭിഷേകവുമുണ്ട്. പള്ളിയറ പൂജയുമുണ്ട്. സാധാരണയായി കേരളത്തിലെ ക്ഷേത്രങ്ങളില്‍ അത് പതിവില്ലാത്തതാണ്. എല്ലാ അമാവാസി നാളിലും വിശ്വനാഥസ്വാമിയ്ക്ക് പ്രത്യേക പൂജ, അഭിഷേകം തുടങ്ങിവ പതിവുണ്ട്. അതുപോലെ തന്നെ പൌര്‍ണ്ണമി നാളില്‍ വിശാലാക്ഷിക്കും ഉണ്ടാകും. ഉത്തരായനത്തിന്‍ നാളും ദക്ഷിണായനത്തിന്‍ നാളും അയന പൂജകള്‍ നടക്കുന്നു. ശിവരാത്രിയും നവരാത്രിയും ആഘോഷിക്കുന്നു. മണ്ഡലക്കാലത്ത് വേദപാരായണം 44 ദിവസം നടത്തുന്നു.

മാശിമകവും മഹാമകവും

കല്പ്പാത്തിയിലെ തമിഴ് ബ്രാഹ്മണരുടെ ഒരു പ്രധാന ആഘോഷമാണ് എല്ലാ വര്‍ഷവും ആചരിക്കപ്പെടുന്ന മാശിമകവും, പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മാത്രം ആചരിക്കപ്പെടുന്ന മഹാമകം അല്ലെങ്കില്‍ മാമാങ്കവും. കുംഭകോണത്തുള്ള ആദി കുംഭേശ്വര ക്ഷേത്രത്തിന്‍റെ മാതൃകയില്‍ തന്നെയാണ് ഇവിടെയും ആഘോഷം നടക്കുന്നത്. അതിനെക്കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെയാണ്. കലിയുഗം തുടങ്ങിയതേയുള്ളു. ഒരു ദിവസം മഹേശ്വരന്‍ ഒരു കുംഭത്തില്‍ അമൃത് പകര്‍ന്ന് പുഴയിലേക്കൊഴുക്കി; എന്നിട്ട് പ്രഖ്യാപിച്ചു: “ഈ കുടം എവിടെ ഉറയ്ക്കുന്നുവോ അതായിരിക്കും ഭൂമിയില്‍ ഏറ്റവും വിശുദ്ധമായ സ്ഥലം.” കുടം ഒഴുകി ഒഴുകി ഒടുവില്‍ കുംഭകോണത്തുറച്ചു. മഹേശ്വരന്‍ വേടന്‍റെ വേഷത്തില്‍ വന്ന് കുടത്തിനെ ഉന്നം വെച്ചു് അമ്പെയ്തു. കുടം പൊട്ടി; അമൃത് പുറത്തേക്ക് ഒഴുകി; അവിടം ഒരു തടാകമായി. നനഞ്ഞ മണ്ണുപയോഗിച്ച് ആദി കുംഭേശ്വരന്‍റെ വിഗ്രഹമുണ്ടാക്കി അവിടെ പ്രതിഷ്ഠിച്ചു. ബ്രഹ്മാവിന്‍റെ അപേക്ഷപ്രകാരം പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ ആ വിശുദ്ധ തടാകത്തില്‍ ഭക്തര്‍ക്ക് സ്നാനം ചെയ്യുവാന്‍ അനുവാദം കൊടുത്തു. കുംഭകോണത്തു് പൂര്‍വ്വീകര്‍ സ്നാനം ചെയ്തിരുന്ന സ്മരണ പുതുക്കി പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ ഫെബുവരി മാസം 22-)ഠ തീയതി കല്‍പ്പാത്തിപ്പുഴയില്‍ തമിഴ് ബ്രാഹ്മണര്‍ മുങ്ങിക്കുളിക്കുന്നു. എല്ലാ വര്‍ഷവും മാശിമകം ദിവസവും പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാമകം ദിവസവും പാലക്കാടും പരിസരത്തുമുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ദേവവിഗ്രഹങ്ങള്‍ കല്‍പ്പാത്തി വിശ്വനാഥകോവിലില്‍ ആനയിക്കപ്പെടുന്നു. വേദപാരായണവും പൂജകളും സങ്കല്പ്പവും ആഘോഷമായി നടത്തുന്നു.

വരയോല

സുബ്രഹ്മണ്യ ഗുരുക്കളുടെ കാലത്ത് ഒരു വരയോലയില്‍, ലക്ഷ്മി അമ്മാള്‍ പണം കൊടുത്ത വിവരവും അത് ചിലവാക്കേണ്ട രീതിയും ക്ഷേത്രത്തിന്‍റെ മേല്‍നോട്ടം വഹിക്കേണ്ട വ്യക്തികളെക്കുറിച്ചും ക്ഷേത്ര നടത്തിപ്പിനെക്കുറിച്ചും എല്ലാം കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഓരോ ആഗ്രഹാരവും എല്ലാവര്‍ഷവും ശിവരാത്രി നാളില്‍ നാലണ (അതായത് 25 പൈസ) ക്ഷേത്രത്തിനു നല്‍കണമെന്നു ലക്ഷ്മിയമ്മാള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതെല്ലാം കുറിച്ചിട്ടിരുന്ന വരയോല എപ്പൊഴോ നഷ്ടമായിപ്പോയി. ഇപ്പോള്‍ സ്ഥലമെല്ലാം സര്‍ക്കാരിന്‍റേതായി. ഇന്നും സുബ്രഹ്മണ്യ ഗുരുക്കളുടെ അനന്തരാവകാശികള്‍ക്ക് ക്ഷേത്രഭരണത്തില്‍ സ്ഥാനമുണ്ട്. വലിയകോയിക്കല്‍ അച്ചനാണ് ദേവസ്വത്തില്‍ രാജാവിന്‍റെ പ്രതിനിധി.

ലക്ഷ്മി അമ്മാള്‍ പണിയിച്ച മറ്റു ക്ഷേത്രങ്ങള്‍

ലക്ഷ്മി അമ്മാള്‍ കാശിയില്‍നിന്നു കൊണ്ടുവന്നു പ്രതിഷ്ഠിച്ച ആദ്യലിംഗത്തിന് വൈശ്യരുടെ കോവിലുകളിലെ ലിംഗത്തിന്‍റെ ഛായയായിരുന്നുവത്രെ. എന്തായാലുo കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന ഭക്തര്‍ക്കു നല്ല അഭിവൃദ്ധി ഉണ്ടാകുമായിരുന്നു. കല്‍പ്പാത്തി ക്ഷേത്രം കൂടാതെ മൂന്നു ക്ഷേത്രങ്ങള്‍ കൂടി ലക്ഷ്മി അമ്മാള്‍ പണികഴിപ്പിക്കുകയുണ്ടായി. കൊല്ലങ്കോടില്‍ ബ്രാഹ്മണര്‍ക്കും, കൊടുവായൂരില്‍ ക്ഷത്രിയര്‍ക്കും, പൊക്കുന്നിയില്‍ ശൂദ്രര്‍ക്കും വേണ്ടിയായിരുന്നു അവ.

മന്തക്കര മഹാഗണപതി ക്ഷേത്രം

മന്തക്കര മഹാഗണപതി ക്ഷേത്രത്തിനെക്കുറിച്ചു പഴമക്കാര്‍ പറയുന്നതിങ്ങനെ: അന്ന് ഓലമേഞ്ഞതായിരുന്നു അവിടത്തെ ആഗ്രഹാരത്തിലെ മഠങ്ങള്‍. ഇടയ്ക്കിടയ്ക്ക് തീയുണ്ടായി നാശനഷ്ടങ്ങള്‍ സംഭവിക്കും. വിശ്വനാഥസ്വാമിയുടെ മൂര്‍ച്ചയേറിയ ദൃഷ്ടി അഗ്രഹാരത്തില്‍ പതിക്കുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്‌ എന്ന് അവര്‍ വിശ്വസിച്ചു. അതിനു പരിഹാരമായി വിശ്വനാഥസ്വാമിയുടെ നേരെ എതിരെ കിഴക്ക് മന്തക്കരയില്‍ ഒരു തടാകത്തിനടുത്ത് ആലിന്‍ ചുവട്ടില്‍ ഗണപതിയുടെ ഒരു വിഗ്രഹം പ്രതിഷ്ഠിച്ചു. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും കാട്ടുതീ, ഓലമേഞ്ഞ ആഗ്രഹാരത്തെ വിഴുങ്ങാനിടയായി. കാരണമന്വേഷിച്ചു നടന്നപ്പോള്‍, മന്തക്കരയിലെ പ്രതിഷ്ഠ കാണാനില്ല. കാണാതായ വിഗ്രഹം വാരാണസിയിലെ ഗംഗയില്‍നിന്നും കൊണ്ടുവന്നതായിരുന്നു. ഉടന്‍ തന്നെ അവിടെ പുതിയത് പ്രതിഷ്ഠിക്കുക മാത്രമല്ല ഒരു ക്ഷേത്രം കൂടി പണിതു. ഓലപ്പുരയ്ക്ക് പകരം ഗൃഹങ്ങളുടെ മേല്‍ക്കൂരകളെല്ലാം ഓടാക്കുകായും ചെയ്തു. പിന്നിട്, ഒരിക്കലും അവിടെ തീപിടുത്തമുണ്ടായിട്ടില്ല. മാര്‍ബിളില്‍ തീര്‍ത്ത ഷോഡശ ഗണപതിയുടെ വിഗ്രഹമാണ് പ്രതിഷ്ഠ. 16 ഉപചാരങ്ങള്‍ പാലിക്കണം എന്നര്‍ത്ഥം. നാലു കൈകള്‍ ഉണ്ട്. വലതു വശത്തേക്ക് വളഞ്ഞിരിക്കുന്ന തുമ്പിക്കൈയില്‍ രത്നകുംഭം ഏന്തിയിരിക്കുന്നു. ഗണപതിയുടെ 32 രൂപങ്ങളില്‍ പത്താമത്തേതായ ക്ഷിപ്രഗണപതി ഭാവത്തില്‍ അതായത് പെട്ടെന്നു തന്നെ ആഗ്രഹo സഫലമാക്കുന്നതും, കൂടാതെ ആയുര്‍ ദൈര്‍ഘ്യവും, ജ്ഞാനവും പ്രദാനo ചെയ്യുന്നതുമായ ഗണപതി ഇവിടെ കുടികൊള്ളുന്നു. മകയിരം നക്ഷത്രം പവിത്രമായി കണക്കാക്കപ്പെടുന്നു. ധാരാളം വേദപണ്ഡിതന്മാരെ വാര്‍ത്തെടുത്തിട്ടുള്ള ക്ഷേത്രമാണിത്. വേദപാരായണം നിര്‍ബന്ധമാണ്‌.

ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം

ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിന്‍റെ ചുമതല ഇന്നും കോഴിക്കോട് സാമൂതിരിയുടെ മന്ത്രിയായിരുന്ന ശ്രീ. സി.എസ്. സ്വാമിനാഥ പട്ടര്‍ കാര്യക്കാരുടെ കുടുംബ‍‍ക്കാര്‍ക്കാണ്. ആ ക്ഷേത്രത്തിന്‍റെ ഉത്പ്പത്തിയെക്കുറിച്ചും ഐതിഹ്യമുണ്ട്. കാര്യക്കാരുടെ മുതുമുത്തശ്ശനായിരുന്ന കൃഷ്ണ പട്ടര്‍ക്ക്, നില്‍ക്കുന്ന ഗണപതിയുടെ പഞ്ചലോഹ വിഗ്രഹം വെച്ച് പൂജകള്‍ നടത്തണമെന്ന് ആഗ്രഹം തോന്നി. ഏറ്റവും കരവിരുതുള്ള ശില്‍പ്പിയെ വരുത്തി. മഠത്തിന്‍റെ പിറകില്‍ വൃക്ഷങ്ങളുടെ തണലും ആവശ്യത്തിനു വെയിലും വെള്ളവുമുള്ള സ്ഥലത്ത് മൂശയുണ്ടാക്കി പണി തുടങ്ങി. ഒടുവില്‍, വിഗ്രഹം തയ്യാറായി.

വിഗ്രഹത്തിന്‍റെ ചൈതന്യം കണ്ട് കൃഷ്ണ പട്ടര്‍ സംതൃപ്തനായി. അതിനു മുമ്പില്‍ സാഷ്ടാംഗം നമസ്ക്കരിച്ചു. വിഗ്രഹത്തിന്‍റെ ‘കണ്ണടഞ്ഞുതന്നെ ഇരിക്കട്ടെ’ എന്ന് അദ്ദേഹം ശില്‍പ്പിയോട് കല്‍പ്പിച്ചു. ജ്ഞാന ശാന്ത സൌമ്യ പ്രസന്ന മഹാഗണപതി എന്ന് അദ്ദേഹം വിഗ്രഹത്തെ വിശേഷിപ്പിച്ചു. ശുദ്ധി വരുത്തി മനോഹരമായി അലങ്കരിച്ച് പൂജചെയ്തു ആരതി ഉഴിഞ്ഞു. അടുത്തുള്ളവരെല്ലാം എത്തി; പ്രശംസിച്ചു; പ്രണമിച്ചു. ഒടുവില്‍, അദ്ദേഹം പൂജാവിഗ്രഹത്തെ ഭദ്രമായി നെല്ലറയ്ക്കകത്ത് പൂട്ടി സൂക്ഷിച്ചു.

അക്കൊല്ലത്തെ രഥോത്സവം തുടങ്ങി. മൂന്നാം തേരുദിവസമായി. വിശാലാക്ഷി സമേതനായ വിശ്വനാഥസ്വാമിയുടെ രഥം ചാത്തപുരത്ത് എത്തി. പിന്നെ തേരനങ്ങുന്നില്ല. ജനങ്ങളോടൊപ്പം തേരുരുട്ടാന്‍ രണ്ടാനകള്‍ സഹായത്തിനെത്തി. എന്നിട്ടും തേര് ഉറച്ചങ്ങനെ നില്‍ക്കുകയാണ്. ആള്‍ക്കൂട്ടത്തില്‍നിന്ന് ഒരു മുതിര്‍ന്ന പട്ടര്‍ വിളിച്ചു പറഞ്ഞു: “കൃഷ്ണ പട്ടര്‍ പൂജിക്കുന്ന ഗണപതിയെ ഇവിടെ എത്തിച്ചാല്‍ എല്ലാം ശരിയാകും.” ആ സമയത്ത് രണ്ടു വാല്യക്കാര്‍ കൃഷ്ണ പട്ടരുടെ അടുത്തു് ഓടിക്കിതച്ചെത്തി: “തിരുമേനി, അറയ്ക്കകത്ത്‌ ആരോ കയറിയിട്ടുണ്ട്.” കൃഷ്ണ പട്ടരും വാല്യക്കാരും മഠത്തിലെക്കോടി. വേഗം അറ തുറന്നു. അതാ ഗണപതി ധാന്യത്തില്‍ കുളിച്ച് എവിടെയോ പോകാനൊരുമ്പെട്ടപെട്ടപോലെ നില്‍ക്കുന്നു! കൃഷ്ണ പട്ടര്‍ ഉടനടി കുളിപ്പിച്ചലങ്കരിച്ച വിഗ്രഹവുമായി തേരിനടുത്ത് പാഞ്ഞെത്തി. ഗണപതിയെക്കണ്ട് വിശാലാക്ഷിയും വിശ്വനാഥസ്വാമിയും മകനെ അനുഗ്രഹിച്ചു. അന്നു മുതല്‍ കൃഷ്ണ പട്ടരുടെ ഗണപതി ഉത്സവ മൂര്‍ത്തിയായി. ചാത്തപുരത്തു് ഗണപതി ക്ഷേത്രമുയര്‍ന്നു. ആ ക്ഷേത്രത്തിന്‍റെ ദര്‍ശനം തെക്കോട്ടാണ് എന്ന പ്രത്യേകതയുമുണ്ട്. കാര്യക്കാര്‍ കുടുംബം ഈ ക്ഷേത്രത്തിന്‍റെ നടത്തിപ്പിനായി 12,000 പറ നെല്ല് വര്‍ഷത്തില്‍ കിട്ടുന്ന നിലo ബ്രഹ്മസ്വമായി സ്വരൂപിച്ചു വെച്ചിരുന്നു. 1969-70 കാലഘട്ടത്തില്‍ ഭൂപരിഷ്ക്കരണ നിയമം വന്നപ്പോള്‍ നിലമെല്ലാം നഷ്ടമായി; പകരം തുച്ഛമായ ഒരു തുക കിട്ടി. അതിന്‍റെ പലിശ ക്ഷേത്രനടത്തിപ്പിനായി ഉപയോഗിക്കുന്നു. അന്നു മുതല്‍ ക്ഷേത്രം ദരിദ്രമായി; പലപ്പോഴും ആഘോഷങ്ങള്‍ വേണ്ടെന്നു വെക്കേണ്ടിവന്നു. ഇന്ന് ജനപങ്കാളിത്തത്തോടെ ഉത്സവങ്ങള്‍ നടത്തുന്നു. സര്‍ക്കാരില്‍നിന്നു കിട്ടുന്ന ചെറിയ തുകയും ഇതിനായി വിനിയോഗിക്കുന്നു. ഇത് കേരളത്തിലെ മിക്ക ക്ഷേത്രങ്ങളുടേയും സ്ഥിതിയാണ്.

പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം

പാലക്കാട് വിഷ്ണുഭക്തന്മാര്‍ കുടിയേറിപ്പാര്‍ത്തതിന്‍റെ തെളിവുകൂടിയാണു് പഴയ കല്‍പ്പാത്തിയിലെ ലക്ഷ്മീനാരായണ പെരുമാള്‍

ക്ഷേത്രം. ഇവിടെ വൈഷ്ണവ സമ്പ്രദായത്തിലാണ് പൂജകളും അനുഷ്ഠാനങ്ങളും നടക്കുന്നത്. ഐശ്വര്യ ദേവതയായ ലക്ഷ്മിയെ മടിയില്‍ ഇരുത്തിയിട്ടുള്ള മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. പ്രാകാരത്തില്‍ ധ്വജസ്തംഭത്തിനു മുകളില്‍ വിശ്വസേനനായ ഗരുഡനെക്കാണാം. വിഷ്ണുവിന്‍റെ വാഹനമായ ഗരുഡന്‍ വേദപ്രചാരകനാണെന്നാണ്‌ വിശ്വാസം. ഉപദേവന്മാരായി ഗണപതിയും മുരുകനും അയ്യപ്പനുമുണ്ട്.

ബ്രഹ്മോത്സവം

ഐപ്പശി 22-)o തീയതി മുതല്‍ (തുലാം മാസം ഒടുവില്‍ / നവംബര്‍ മധ്യത്തില്‍) പത്തുദിവസം നീണ്ടുനില്‍ക്കുന്ന ബ്രഹ്മോത്സവത്തിന്‍റെ ഭാഗമായ രഥോത്സവം ഏറെ പ്രസിദ്ധമാണ്. ഇന്ന് കല്‍പ്പാത്തി അറിയപ്പെടുന്നതു തന്നെ രഥോത്സവത്തിന്‍റെ പേരിലാണ്. 1986 മുതല്‍ ഇത് കേരള ഗവണ്‍മെന്റിന്‍റെ ഉത്സവങ്ങളുടെ പട്ടികയിലുണ്ട്. കുണ്ടുക്കുള്‍ വിശാലാക്ഷി സമേതനായ വിശ്വനാഥസ്വാമി, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍, പുതിയകല്‍പ്പാത്തി മന്തക്കര മഹാഗണപതി, ചാത്തപ്പുരം പ്രസന്നമഹാഗണപതി എന്നിങ്ങനെ നാലു ക്ഷേത്രങ്ങളും അവയോടു ചേര്‍ന്നുള്ള അഗ്രഹാരങ്ങളുമാണ് കല്‍പ്പാത്തി രഥോത്സവത്തില്‍ പങ്കെടുക്കുന്നത്. രഥോത്സവo മലബാറിലെ തമിഴ്ബ്രാഹ്മണരുടെ ഏറ്റവും വലിയ ആഘോഷമായി കണക്കാക്കപ്പെടുന്നു. ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തില്‍ ഒഴികെ മറ്റെല്ലായിടത്തും മലബാര്‍ ദേവസ്വം അംഗീകരിക്കുന്ന ഉത്സവ കമ്മിറ്റികള്‍ക്കാണ് ക്ഷേത്രഉത്സവത്തിന്‍റെ ചുമതല. പരിപാടികളില്‍ ഏറ്റവും സവിശേഷമായ രഥോത്സവം അവസാനത്തെ മൂന്നുദിവസങ്ങളിലായി നടത്തപ്പെടുന്നു.

ഉത്സവപരിപാടികള്‍ സംക്ഷിപ്ത വിവരണം

കല്‍പ്പാത്തി ബ്രഹ്മോത്സവത്തിലെ പ്രാരംഭച്ചടങ്ങ് ഗ്രാമശുദ്ധിയും വാസ്തുശുദ്ധിയും വരുത്തുക എന്നതാണ്. അതോടെ പത്തു ദിവസത്തെ ബ്രഹ്മോത്സവത്തിന് തുടക്കമാവുന്നു. രണ്ടാം ദിവസം രാവിലെ നാലു ക്ഷേത്രങ്ങളിലും ധ്വജാരോഹണം നടക്കുന്നു. കുണ്ടമ്പലത്തിലെ ധ്വജസ്തംഭത്തിന് നാല്പതടി ഉയരമുണ്ട്. വിഘ്നേശ്വര പൂജ, അങ്കുര പൂജ, ശിവപാര്‍വതിമാര്‍ക്ക് ദ്രവ്യാഭിഷേകം തുടങ്ങിയവയ്ക്കുശേഷം കൊടിയേറ്റം നടക്കുന്നു. പിന്നീടു്, അഷ്ടദിക്പാലന്മാരെ പ്രത്യേകമായി കുടി ഇരുത്തി എല്ലാ ദിവസവും ബലിയും ആഹാരവും നല്‍കുന്നു. വേദപണ്ഡിതന്മാര്‍ ഒത്തുചേര്‍ന്നുള്ള ചതുര്‍വേദപാരായണം ഉത്സവനാളുകളുടെ പ്രത്യേകതയാണ്. യജ്ജുര്‍ വേദമാണ് കൂടുതലായി പാരായണം ചെയ്യപ്പെടുന്നത്. ദേവന്മാര്‍ ശ്വസിക്കുന്നതും ഉച്ഛ്വസിക്കുന്നതും വേദമാണെന്നും, വേദപാരായണം ഈശ്വരന്‍റെ ശക്തിയും ചൈതന്യവും വര്‍ദ്ധിപ്പിക്കും എന്നുമാണ് സങ്കല്പം. ഉത്സവനാളുകളില്‍ പതിവിനു വിപരീതമായി കൂടുതല്‍ ഹോമങ്ങളും, മന്ത്രോച്ചാരണങ്ങളും, അഭിഷേകവും, ആരതി ഉഴിയലുo ഉണ്ടാകും. കൂടാതെ, ദിവസവും കച്ചേരി, നാടന്‍ പാട്ടുകള്‍, ഭരതനാട്യം, നാഗസ്വരം, അനുഷ്ഠാനകലകള്‍ തുടങ്ങി പ്രഗത്ഭര്‍ പങ്കെടുക്കുന്നതും കല്‍പ്പാത്തിയുടെ പാരമ്പര്യം വിളിച്ചോതുന്നതുമായ കലാസാംസ്കാരിക പരിപാടികളുമുണ്ടാകും. ഉത്സവനാളുകളിലെ ഉഞ്ഛവൃത്തിയും, പഞ്ചരത്ന കീര്‍ത്തനാലാപനവും ഇന്നും മുടങ്ങാതെ നടക്കുന്നു.

ദേവസംഗമം

5-)o നാള്‍ വളരെ പ്രധാനമാണ്. അന്ന് രാത്രിയില്‍ നാലു ക്ഷേത്രങ്ങളിലേയും ഉത്സവമൂര്‍ത്തികളെ വിശിഷ്ടമായ അലങ്കാരങ്ങളോടുകൂടി ഋഷഭ വാഹനത്തില്‍ ആസനസ്ഥരാക്കി, ചെണ്ടമേളവുമായി ഗ്രാമപദിക്ഷണം ചെയ്ത്, പുതിയ കല്‍പ്പാത്തിയിലെ ആഗ്രഹാരത്തന്‍റെ പടിഞ്ഞാറെ അറ്റത്തുള്ള വിശാലമായ മൈതാനത്ത് പാതിരാത്രിയോടെ സമ്മേളിക്കുന്നു. മന്ത്രധ്വനികള്‍ മുഴങ്ങുമ്പോള്‍ ചെണ്ടമേളം മുറുകുമ്പോള്‍ ഭക്തി നിര്‍ഭരമായ ‘ദേവസംഗമം’ എന്ന ചടങ്ങ് നടക്കുന്നു. മുപ്പതുമുക്കോടി ദേവന്മാരെ സാക്ഷികളാക്കി ആരതി ഉഴിയുമ്പോള്‍ ഭക്തജനം പുളകിതരാകുന്നു.

മറ്റു ദിവസങ്ങളില്‍ മൂഷിക പ്രയാണം, അശ്വ പ്രയാണം, ഗരുഡ പ്രയാണം തുടങ്ങിയവ നടക്കുന്നു.

രഥോത്സവം

ഒടുവിലെ മൂന്ന് ദിവസങ്ങള്‍ രഥോത്സവത്തിനുള്ളതാണ്. കാലം ഏറെക്കഴിഞ്ഞിട്ടും പഴമയുടെ തനിമ ചോരാതെ അതിന്‍റെ മധുരിമ ഒരിക്കല്‍കൂടി നുകരുവാന്‍ കിട്ടുന്ന അവസരമാണ് കല്‍പ്പാത്തി രഥോത്സവo. ഇന്നും രഥോത്സവക്കാലത്ത് കല്‍പ്പാത്തി അഗ്രഹാരത്തില്‍ വേരുകളുള്ള ഏതു തമിഴനും ആ ദിവസങ്ങളില്‍ ലോകത്തിന്‍റെ ഏത് കോണില്‍നിന്നായാലും അവിടെ എത്തിയിരിക്കും. അങ്ങനെ ഉത്സവക്കാലം ബന്ധുക്കളുടെ ഒരു സംഗമവേള കൂടിയാണ്. ഈ നാളുകള്‍ കുടിയേറ്റത്തിന്‍റെയും അതിജിവനത്തിന്‍റെയും ഓര്‍മ്മപുതുക്കല്‍ കൂടിയാണ്. കാരണം ഇതേ സമയത്തുതന്നെയാണ് മായാവാരത്തെ മയൂരനാഥക്ഷേത്രത്തിലും തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രത്തിലും രഥോത്സവങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇവിടെ അലങ്കാരരീതികളും വാദ്യമേളങ്ങളും വ്യത്യസ്തമാണ്. കേരള രീതിയിലാണ് അലങ്കാരം. പഞ്ചവാദ്യമാണ് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഏറ്റവും വലിയ രഥം തള്ളാന്‍ ആന ഉണ്ടാകും എന്നതും പ്രതേകതയാണ്‌. കല്‍പ്പാത്തി രഥോത്സവം അടുത്ത ആറുമാസക്കാലത്തേക്കു പാലക്കാട് ജില്ലയിലുള്ള തൊണ്ണൂറ്റിആറു അഗ്രഹാരങ്ങളുടെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവപരമ്പരയ്ക്കു കൂടി തുടക്കംകുറിക്കുന്നു. അതില്‍ പതിനെട്ടെണ്ണം പാലക്കാട്‌ ടൌണില്‍ തന്നെയാണ്. തിരുനെല്ലായിയിലാണ് ആ വര്‍ഷത്തിലെ ഏറ്റവും ഒടുവിലെ രഥോത്സവം അരങ്ങേറുന്നത്. വേദം പാരായണം ചെയ്യുന്ന പുരോഹിതന്മാര്‍ ഒരു ക്ഷേത്രത്തില്‍ നിന്നും മറ്റൊരു ക്ഷേത്രത്തില്‍ പോയി പാരായണം ചെയ്ത് ഒരു മണ്ഡലക്കാലം (44 ദിവസം) പൂര്‍ത്തിയാക്കുന്ന രീതിയും നിലവിലുണ്ട്.

ആദ്യത്തെ ദിവസം ഒരു തേര് (കുണ്ടമ്പലo മാത്രം) രണ്ടാം ദിവസം രണ്ടു തേര് (മന്തക്കരയുo, കുണ്ടമ്പലവും) മൂന്നാ൦ ദിവസം മൂന്നു തേര് (കുണ്ടമ്പലo, പഴയകല്‍പ്പാത്തി, ചാത്തപുരം) എന്നാണു പ്രമാണം.

ഒന്നാം തേരു ദിവസം

ഉത്സവത്തിന്‍റെ ഏഴാം നാള്‍ അതായത് ഒന്നാം തേരു ദിവസം, മൂന്ന് തേരുകളാണ് കുണ്ടമ്പലത്തിന്‍റെ കിഴക്കേ നടയില്‍ ഒരുക്കിയിടുന്നത്. ആദ്യത്തേതും ഏറ്റവും വലുതുമായ രഥം വിശാലാക്ഷി സമേതനായ വിശ്വനാഥസ്വാമിക്കുള്ളതാണ്. രണ്ടാമത്തേത് സമസ്ത വിഘ്നങ്ങളും തീര്‍ക്കാന്‍ കെല്‍പ്പുള്ള മൂഷികവാഹനനായ വിഘ്നേശ്വരനുള്ളതാണ്. മൂന്നാമത്തേതാകട്ടെ, മയില്‍വാഹനനും ശൂലപാണിയുമായ സുബ്രമണ്യസ്വാമിക്കുള്ളതാണ്. വള്ളിയും ദേവയാനിയും സുബ്രഹ്മണ്യസ്വാമിക്കൊപ്പം എഴുന്നെള്ളത്തിനുണ്ടാകും. മൂന്നു രഥങ്ങളേയും അവയിലെ അതിസൂക്ഷ്മമായ കൊത്തുപണികളും എടുപ്പുകളുമെല്ലാം ആസ്വദിക്കത്ത രീതിയില്‍ പുഷ്പങ്ങള്‍, കരിമ്പിന്‍ തണ്ട്, കരിക്കിന്‍ കുലകള്‍, പലയിനം വാഴക്കുലകള്‍, ഫലങ്ങള്‍, കൊടികള്‍, തോരണങ്ങള്‍, ചില്ലുകള്‍, പട്ടുകുടകള്‍, ഓട്ടുമണികള്‍ തുടങ്ങിയവ കൊണ്ട് കേരളശൈലിയില്‍ മനോഹരമായി അലങ്കരിക്കുന്നു. വലിയ രഥത്തില്‍ ഒരു തട്ട്, ചുറ്റും സാമാന്യം വലിപ്പമുള്ള ഓടുകൊണ്ടുള്ള കുട മണികള്‍ തൂക്കി മോടിപിടിപ്പിച്ചിരിക്കും. കലാപരമായി തടിയില്‍ വൈദഗ്ദ്യത്തോടെയും അതീവസുക്ഷ്മതയോടെയും കൊത്തിയ ദേവീ ദേവന്മാരുടെയുo പുരാണ കഥാപാത്രങ്ങളുടെയുo ശില്പങ്ങള്‍ രഥത്തിനു ചുറ്റും ഉടനീളം കാണാം.

അന്ന് പുലര്‍ച്ചെ പൂജാദികര്‍മ്മങ്ങൾക്കുശേഷം വിശ്വനാഥസ്വാമിയുടെയും വിശാലാക്ഷിയുടേയും തിരുമംഗല്യമായ കല്യാണോത്സവം നടത്തുന്നു. പിന്നീടു്, ഉത്സവമൂർത്തികളെ ഓരോന്നായി രുദ്രാഭിഷേകം ചെയ്തു ശുദ്ധി വരുത്തി, പുഷ്പ്പാലംകൃതമായ പല്ലക്കിലേറ്റുന്നു. ശേഷം, ഭക്തജനങ്ങളുടെ അകമ്പടിയോടെ വാദ്യഘോഷങ്ങളോടുകൂടി ക്ഷേത്രത്തിന് ചുറ്റും വലംവെച്ച് കിഴക്കേ നടയില്‍ ശുദ്ധിവരുത്തി അലങ്കരിച്ചു തയ്യാറാക്കിയിട്ടുള്ള രഥങ്ങൾക്കരികിലേക്ക് ആനയിക്കുന്നു. പല്ലക്കിൽനിന്നും ഒരോമൂര്‍ത്തിയേയും ഇറക്കി രഥത്തിലെ പീഠത്തിൽ ഭക്ത്യാദരപൂർവം ഇരുത്തി വീണ്ടും പൂജചെയ്യുന്നു. പാലക്കാട്ടുശ്ശേരി വലിയകോയിക്കല്‍ അച്ചന്‍ എത്തി കോവിലില്‍ തൊഴുത ശേഷം രഥപ്രയാണത്തിനു അനുമതി നല്‍കുന്നു. ഏതാണ്ട് പത്തര മണിയോടെ മന്ത്രധ്വനികളുടേയും വാദ്യഘോഷങ്ങളുടേയും ജനങ്ങളുടേയും ആരവത്തിനിടയില്‍, വൈവിധ്യമാര്‍ന്ന അരിപ്പൊടിക്കോലങ്ങള്‍ കൊണ്ടലങ്കരിച്ച അഗ്രഹാര വീഥികളിലൂടെയുള്ള പ്രയാണത്തിനായി രഥം ഉരുണ്ടു തുടങ്ങുന്നു. കുറച്ചു ദുരം വലിച്ച് നിര്‍ത്തുന്നു. വൈകുന്നേരം അഞ്ചു മണിയോടുകുടി വീണ്ടും അച്ചന്‍റെ അനുവാദത്തോടെ പ്രയാണം തുടരുന്നു. നാലു ചക്രങ്ങളാണ് ഓരോ തേരിനുമുള്ളത്. നാലു ചക്രങ്ങള്‍ നാലു വേദങ്ങളെ സുചിപ്പിക്കുന്നു. തുടര്‍ച്ചയായ വേദപാരായണം മൂലം രഥത്തിന് വേദത്തിന്‍റെ ശക്തിയും ചൈതന്യവുo കൈവരുന്നു എന്നാണ് വിശ്വാസം. രഥാരോഹണത്തോടെ, ധ്വജാരോഹണദിവസം തുടങ്ങിയ വേദപാരായണത്തിനു സമാപ്തിയാകുന്നു. നാലു ക്ഷേത്രങ്ങളിലും അതാതിടങ്ങളിലെ ഉത്സവമൂര്‍ത്തിയുടെ രഥാരോഹണത്തോടെ വേദപാരായണത്തിനു സമാപ്തിയാകുന്നു.

തേരുവലിക്കാനുള്ള വടത്തിന്‍റെ മദ്ധ്യം രഥപീഠത്തില്‍ കെട്ടി ഉറപ്പിച്ച് രണ്ടറ്റങ്ങളും മുന്‍ഭാഗത്ത് രഥത്തിന്‍റെ ഇരുവശത്തുമായി ജനങ്ങള്‍ക്ക്‌ വലിക്കുവാന്‍ പാകത്തിന് തൂക്കിയിടുന്നു. ആദ്യകാലങ്ങില്‍ കയറുകൊണ്ടുള്ള വടത്തിനു പകരം മെടഞ്ഞ ചൂരല്‍ ആണ് ഉപയോഗിച്ചിരുന്നത്. പുരുഷന്മാര്‍ക്കു പുറമെ സ്ത്രീകളും കുട്ടികളും രഥത്തില്‍ കെട്ടിയിട്ടുള്ള വടത്തില്‍ ഒന്നു തൊടുവാന്‍വേണ്ടി മത്സരിക്കുന്നു. പുരുഷാരം മുമ്പില്‍ നിന്നു വലിക്കുമ്പോള്‍ ആന പുറകില്‍ നിന്നു ചക്രം തള്ളിക്കൊടുക്കുന്നു. താരതമ്യേന ചെറിയ മറ്റു രണ്ടു രഥങ്ങള്‍ക്ക് ആനകളുടെ സഹായമാവശ്യമില്ല. ചക്രങ്ങളുടെ ഗതി നിയന്ത്രിക്കുന്നതിനായി ‘ചെന്ന (ചിരവയുടെ ആകൃതിയിലുള്ള കനമുള്ള തടിക്കഷണങ്ങള്‍)’ വെച്ചുകൊടുക്കുന്നു.

ആള്‍കൂട്ടം വീഥിയുടെ ഇരുവശത്തും തിങ്ങിനില്‍ക്കുന്നുണ്ടാവും. ആ നാളുകളില്‍ കച്ചവടത്തിനെത്താത്തതായി തെരുവുകളില്‍ ഒന്നും ഉണ്ടാവുകയില്ല. പുതിയതിനൊപ്പം ഗതകാലസ്മരണകളുണര്‍ത്തുന്ന കളിപ്പാട്ടങ്ങളും, കല്‍ച്ചട്ടികളും, ഇരുമ്പു ചീനച്ചട്ടികളും, ഭരണികളും, ചെറുതായി നീളത്തില്‍ നുറുക്കിയ ശര്‍ക്കര മിഠായിയും പഞ്ചാര മിഠായിയും, പൊരിയും, മലരും, പലഹാരങ്ങളുമെല്ലാം അവിടെക്കാണാം. പഴയരുചിയും പുതിയരുചിയും ആസ്വദിക്കാം. പഴയതും പുതുമയുള്ളതുമായ കളിപ്പാട്ടങ്ങളും പാത്രങ്ങളും വാങ്ങാം. പാരമ്പരാഗതമായ രീതിയില്‍ നെയ്ത ചേലകളും ആധുനികമായ സാരികളും മുണ്ടുകളും വാങ്ങാം.

രഥ പ്രയാണമാകട്ടെ, കിഴക്കേ നടയില്‍ നിന്നും തുടങ്ങി മന്തക്കര ക്ഷേത്ര കവാടം വരെ ചെന്ന് തിരിച്ചു വീണ്ടും കുണ്ടമ്പലത്തിന്‍റെ മുന്നിലൂടെ പന്ത്രണ്ടാം തെരുവ് താണ്ടി ഒടുവില്‍ കല്‍ച്ചട്ടി തെരുവിലുള്ള അച്ചന്‍ പടിയില്‍ വന്നു നില്‍ക്കുന്നു. ഉത്സവമൂർത്തികളെ സ്വീകരിച്ചഭിഷേകം ചെയ്തശേഷം വീണ്ടും അലങ്കരിച്ച്, പുതുപുഷ്പങ്ങളുടെ സുഗന്ധം കാറ്റിൽ പരത്തുന്ന പല്ലക്കിലേറ്റി ശ്രീകോവിലിലേക്ക് ആനയിച്ച് വീണ്ടും ഇറക്കി പൂജചെയ്യുന്നു. പിന്നീട് നട അടയ്ക്കുന്നു. ഇത്രയുമാകുമ്പോള്‍ പാതിരാ കഴിഞ്ഞിരിക്കും. ജനമാവട്ടെ, വടംവലിയില്‍ പങ്കാളികളായി, പാപമോക്ഷം സാധ്യമാവുമെന്നു വിശ്വസിച്ച് ആത്മസായൂജ്യം അടയുന്നു.

രണ്ടാം തേരു ദിവസം

രഥോത്സവത്തിന്‍റെ രണ്ടാം തേരു ദിവസം പുതിയകൽപ്പാത്തിയിലെ മന്തക്കര മഹാഗണപതിയുടെ തേരിലേറിയുള്ള ഗ്രാമപ്രദക്ഷിണമാണ് മുഖ്യഇനം. 300 വര്‍ഷം പഴക്കമുളള ഇവിടത്തെ രഥം 2016-ല്‍ പുതുക്കിപ്പണിതു. പ്രതേക അലങ്കാരങ്ങളും വിശേഷാൽ പൂജകളുമൊക്കെ മഹാഗണപതി ക്ഷേത്രത്തില്‍ അന്നുണ്ടാകുo. രാവിലെ വേദപാരായണ സമാപനം, ആശിര്‍വാദം എന്നിവയ്ക്കുശേഷം, പഞ്ചലോഹ നിര്‍മ്മിതമായ മന്തക്കര ഗണപതിയുടെ ഉത്സവ മൂര്‍ത്തിയെ വിശേഷ വസ്ത്രങ്ങളുടുപ്പിച്ചു് പുഷ്പഹാരങ്ങള്‍ ചാര്‍ത്തി അലങ്കരിച്ച പല്ലക്കില്‍ കല്‍പ്പാത്തി വിശാലാക്ഷി സമേതനായ വിശ്വനാഥസ്വാമി ക്ഷേത്രത്തിലേക്കാനയിക്കുന്നു. ശിവപാര്‍വതിമാരുടെ അനുഗ്രഹവും അനുവാദവും വാങ്ങി മടങ്ങിവന്നു് രഥത്തിലേറുന്നു. പുജകള്‍ക്കുo കര്‍പ്പൂരാരതിക്കും ശേഷം ഏതാണ്ട് രാവിലെ പത്തര മണിയോടെ ക്ഷേത്രനടയിൽ നിന്ന് ചെണ്ടമേളത്തോടുകൂടി യാത്ര ആരംഭിക്കുന്നു. കുറച്ചു ദുരം താണ്ടി വിശ്രമിക്കുന്നു.

ഭോജനപ്രിയനനായ ഗണപതിക്ക് അന്ന് ഗംഭീര സദ്യ ഒരുക്കുന്നു. സാമ്പാര്‍ / രസം കാളന്‍, ഓലന്‍, മെഴുക്കുപുരട്ടി, അച്ചാര്‍, പപ്പടം, പായസം ഇവയാണ് അന്നും ഇന്നും പ്രധാന വിഭവങ്ങള്‍. ഏതാണ്ട് 50 പറ (600 / 650കിലൊ) അരിയുടെ ചോറ് വെക്കേണ്ടിവരും. ആഗ്രഹാരവാസികള്‍, ഇതിലേക്ക് വേണ്ട അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും കാഴ്ചയായി നല്‍കുന്നു. എല്ലാവരും പ്രസാദമായി രഥോത്സവ സദ്യയില്‍ പങ്കെടുക്കുന്നു.

വൈകുന്നേരം 5.30 – ഓടെ രഥ പ്രയാണം പുനരാരംഭിക്കുന്നു. പന്ത്രണ്ടാം തെരുവിലെ ആഗ്രഹാരത്തിന്‍റെ കിഴക്കെ അറ്റം വരെ ചെന്ന് കുണ്ടമ്പലത്തിനു തൊട്ടടുത്തുള്ള ക്ഷിപ്രപ്രസാദ ഗണപതി ക്ഷേത്രത്തിനടുത്തു നിലയുറപ്പിക്കുന്നു. അപ്പോള്‍ ചക്രവാളത്തിൽ സൂര്യാസ്തമയത്തിന്‍റെ ചുവപ്പുരാശികൾ മാഞ്ഞു് ഇരുട്ട് പരന്നു തുടങ്ങിയിരിക്കും.

കുണ്ടമ്പലത്തിലെ ഉത്സവമൂര്‍ത്തികളായ വിശ്വനാഥസ്വാമിയുo വിശാലാക്ഷിയും പാരിവാരങ്ങളുമാകട്ടെ, രണ്ടാം തേരു ദിവസം വൈകുന്നേരം നാലു മണിയോടെ അച്ചന്‍പടിയില്‍നിന്നും യാത്രപുറപ്പെട്ട്, ചാത്തപുരം ഗ്രാമം ചുറ്റി, സന്ധ്യ കഴിയുമ്പോള്‍ പഴയകല്‍പ്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ കോവിലിനടുത്ത് എത്തുന്നു. ഉത്സവമൂര്‍ത്തികളെ ഇറക്കി പൂജചെയ്തു് കുണ്ടമ്പലത്തിലേക്ക് പല്ലക്കിലേറ്റി ആര്‍ഭാടപൂര്‍വ്വം കൊണ്ടുപോകുന്നു.

മൂന്നാം തേരു ദിവസം

മൂന്നാം തേരു ദിവസം വളരെ വിശേഷപ്പെട്ടതാണ്. അന്നാണ് എല്ലാവരും കാത്തിരിക്കുന്ന അതിപ്രസിദ്ധമായ ദേവരഥസംഗമം നടക്കുന്നത്.

പഴയകല്‍പ്പാത്തിയിലെ  ലക്ഷ്മിനാരായണ പെരുമാള്‍, ചാത്തപുരം പ്രസന്നമഹാഗണപതി എന്നിരുടെ ദേവരഥങ്ങൾ  രാവിലെ തന്നെ പുഷ്പങ്ങളും കൊടിതോരണങ്ങളും കൊണ്ട് അലംകൃതമായ തേരുകളിൽ പട്ടുക്കുടകളും ചൂടി പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെ അതാത് അഗ്രഹാരവീഥികളിലൂടെ പ്രയാണം ആരംഭിക്കുന്നു. ഒറ്റ ദിവസo കൊണ്ട് ഏറ്റവും കൂടുതല്‍ ദൂരo താണ്ടുന്ന രഥമാണ് ചാത്തപുരം  പ്രസന്നമഹാഗണപതിയുടേത്. ഉച്ചവിശ്രമത്തിനുശേഷം പഴയ കല്‍പ്പാത്തി ലക്ഷ്മിനാരായണ പെരുമാളും ചാത്തപുരം പ്രസന്നമഹാഗണപതിയും   നാലു മണിക്ക് പ്രയാണം പുനരാരംഭിക്കുന്നു.

മന്തക്കര മഹാഗണപതിയാകട്ടെ വൈകുന്നേരം നാലര മണിയോടെ സ്വന്തം താവളത്തിലേക്ക്, അതായത് മന്തക്കരയിലേക്കു  തന്നെ മടങ്ങുന്നു.

പഴയ കല്‍പ്പാത്തി ലക്ഷ്മിനാരായണ പെരുമാള്‍ കുണ്ടമ്പലം കടന്ന് പുതിയ കല്‍പ്പാത്തിയിലെത്തി മടക്കയാത്ര ആരംഭിക്കുന്നു. വിശ്വനാഥസ്വാമിയും വിശാലാക്ഷിയും പരിവാരങ്ങളും വൈകുന്നേരം നാലര മണിയോടെ  ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തിനടുത്തു നിന്ന് പുറപ്പെട്ടു്  ഗ്രാമപ്രദിക്ഷണം പൂര്‍ത്തിയാക്കി  കുണ്ടമ്പലത്തിനു സമീപം തേരുമുട്ടിയില്‍  പ്രവേശിക്കുന്നു. ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ തേര്, പഴയകല്‍പ്പാത്തി, പുതിയ കല്‍പ്പാത്തി, പന്ത്രണ്ടാം തെരുവ്, കല്‍ച്ചട്ടി തെരുവ് എന്നീ വഴികളിലൂടെ പ്രയാണം ചെയ്ത് സന്ധ്യക്ക്‌ തേരുമുട്ടിയില്‍ എത്തുന്നു. മടക്ക യാത്രക്കിടയില്‍ ലക്ഷ്മീനാരായണ പെരുമാളിന്‍റെ  തേര്, തേരുമുട്ടിയില്‍   വിശാലാക്ഷി സമേതനായ വിശ്വനാഥസ്വാമിയുടെ തേരിനഭിമുഖമായി വന്നു നില്‍ക്കുന്നു.     സായംസന്ധ്യയ്ക്കു  ശുഭമുഹൂര്‍ത്തത്തില്‍ അരങ്ങേറുന്ന  ദേവരഥസംഗമം എന്ന വിസ്മയ കാഴ്ചക്കായി, അനുഭുതിക്കായി, ആകാംക്ഷയോടെ ആയിരങ്ങള്‍ തേരുമുട്ടിയില്‍ കാത്തിരിക്കുന്നു. വിശ്വനാഥസ്വാമിയും വിശാലാക്ഷിയും പുത്രന്മാരുo ലക്ഷ്മീനാരായണ  പെരുമാളും മുഖാമുഖം ദർശിക്കുന്നു. പരസ്പരം ആശംസകള്‍ നേരുന്നു. ചാത്തപുരം പ്രസന്ന മഹാഗണപതിയും ലക്ഷ്മീനാരായണ പെരുമാളും തമ്മില്‍ തമ്മില്‍ പഴം എറിയുന്ന പതിവുമുണ്ട്.  ഭക്തരുടെ മനം നിറയുന്നു. ആഹ്ലാദം കല്‍പ്പാത്തിപ്പുഴ ഏറ്റെടുക്കുന്നു.

ആദിത്യന്‍ തൊഴുതുമടങ്ങുന്ന പ്രദോഷവേളയിയിൽ വൃശ്ചിക സംക്രാന്തിനാളില്‍ ഉത്സവത്തിന്‍റെ ആഹ്ലാദവും ഭക്തിലഹരിയും നിറഞ്ഞ അന്തരീക്ഷത്തിൽ അഗ്രഹാരങ്ങൾ നിറദീപമൊരുക്കി അഞ്ചു ദേവരഥങ്ങളേയും കുണ്ടമ്പലത്തിനു മുമ്പില്‍ തേരുമുട്ടിയിൽ സ്വീകരിക്കുന്നു. പത്നീസമേതന്മാരായി വിരാജിച്ചുകൊണ്ട് ഗ്രാമജനതയെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ദേവന്മാരുടെ ദേവരഥസംഗമം എന്ന ഈ പുണൃമുഹൂർത്തത്തിൽ ജനസാഗരം ദേവരഥങ്ങൾക്ക് വലംവച്ച് നിർവൃതി അടയുന്നു. അതുവരെയുള്ള പാപങ്ങളെല്ലാം തീര്‍ന്നു്, കൈലാസത്തിലോ വൈകുണ്ഠത്തിലോ പോയി ആശിര്‍വാദം നേടിയതുപോലെയുള്ള ഒരു അനുഭൂതിക്കു് അടിമപ്പെടുന്നു.

ദേവരഥങ്ങൾ പിന്നീട് അതാതു ക്ഷേത്രങ്ങളിലേക്ക് മടങ്ങുന്നു. ഉത്സവമൂര്‍ത്തികളെ ഇറക്കി അഭിഷേകം ചെയ്യുന്നു. അവരെ വിണ്ടും അലങ്കരിച്ച പല്ലക്കിലേറ്റി ക്ഷേത്രത്തിനകത്ത് ശ്രികോവിലിലേക്ക് ആനയിക്കുന്നു. മദ്ധ്യരാത്രിക്കുശേഷം വീണ്ടും പുതുപുഷ്പങ്ങള്‍ കൊണ്ടലങ്കരിച്ച പുഷ്പ വാഹനത്തില്‍ / കുതിരവാഹനത്തില്‍ ഏറി നാഗസ്വരത്തിന്‍റെ അകമ്പടിയോടെ ഒരിക്കല്‍ കൂടി അഗ്രഹാര വീഥിയിലൂടെ പ്രയാണം ചെയ്ത് ഭക്തജനങ്ങളെ കണ്ടും ആശിര്‍വാദം ചൊരിഞ്ഞും മടങ്ങി ക്ഷേത്രത്തിനകത്തെത്തുമ്പോള്‍ കാര്‍ത്തിഗൈ മാസം ആരംഭിച്ചിരിക്കും. അന്നേ ദിവസം രാവിലെ നടക്കുന്ന ധ്വജാവരോഹണം പത്തു നാള്‍ നിണ്ടുനിന്ന ഉത്സവത്തിന്‍റെ പരിസമാപ്തി കുറിക്കുന്നു. അതോടൊപ്പം, പുണ്യം തേടിയെത്തിയ മനുഷ്യസാഗരത്തിന്‍റെ ഒച്ചയും ബഹളവും ആസ്വദിക്കാനും, കാഴ്ചകള്‍കണ്ട് രസിക്കുവാനും, അതില്‍ പങ്കുചേരുവാനും ലഭിച്ച ഒരു സുവര്‍ണ്ണാവസരം കൂടി കടന്നുപോകുന്നു. ഉത്സവനാളുകളില്‍ മനസ്സില്‍ കോറിയിട്ട ചിത്രങ്ങള്‍ മാത്രം ബാക്കിയാകുന്നു.

മോഷണം

1989-ല്‍ ഉത്സവം അടുത്ത സമയത്ത് വെളുപ്പിനെ ഒരു ദിവസം, പാലക്കാടിനെ മൊത്തം ദുഃഖത്തിലാക്കിയ ഒരു മോഷണം നടന്നു. നാലിന് മേല്‍ശാന്തി കല്‍പ്പാത്തികോവില്‍ തുറന്നു് പുഴയില്‍ കുളിക്കാന്‍ പോയി. പതിവുപോലെ ഏതാണ്ട് നാലരയ്ക്ക് തിരിച്ചുവന്നപ്പോള്‍ കണ്ടത് കെട്ടുറപ്പുള്ള നിലവറ തുറന്നുകിടക്കുന്നതാണ്. ഏഴ് ഉത്സവമൂര്‍ത്തികളെയും കാണാനില്ല. പൊലീസെത്തി, പൊലീസിലെ ഉന്നതര്‍ എത്തി. ആദ്യത്തെ ദിവസം കാര്യമായ ഒരു തെളിവും ലഭിച്ചില്ല. അന്നു പോലിസ് ചര്‍ച്ചകള്‍ക്കൊടുവില്‍ കല്‍പ്പാത്തിപ്പുഴ അരിച്ചുപെറുക്കുവാന്‍ തീരുമാനിച്ചു. രണ്ടാംദിനം നീന്തല്‍ വിദഗ്ദരെത്തി തിരച്ചില്‍ തുടങ്ങി. പോലീസ് ചുറ്റും കാവല്‍ നിന്നു. വൈകുന്നേരമായിട്ടും ഒന്നും കിട്ടിയില്ല. ആളുകളുടെ പരിഹാസം കൂടിക്കൂടി വന്നു. ഇനി എന്ത് എന്ന് ആലോചിച്ചിരിക്കെ, പെട്ടെന്ന് കിണിം എന്നൊരു ഒച്ച കേട്ടു. വീണ്ടും അതേ ഒച്ച കിണിം. എല്ലാവരും അങ്ങോട്ടേക്ക് നോക്കി. അടുത്തുതന്നെ ജോലിചെയ്തിരുന്ന ആള്‍ പണിയായുധങ്ങള്‍ കഴുകി വൃത്തിയാക്കുന്നതിനിടയില്‍ എന്തിലോ മുട്ടിയപ്പോള്‍ ഒച്ച ഉണ്ടായതാണ്. അത്ഭുതം! നാല്‍പ്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ തൊണ്ടിമുതല്‍ വീണ്ടെടുക്കാനായത് പൊലീസ് സേനയുടെ മനോവീര്യം വാനോളം ഉയര്‍ത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ബാക്കി പത്രം

രഥോത്സവ ചരിത്രത്തില്‍, ഉത്സവപ്രേമികളുടെ മനം കവര്‍ന്നിട്ടുള്ള വിശാലാക്ഷി സമേതനായ വിശ്വനാഥസ്വാമിക്കുള്ള കൂറ്റന്‍ രഥം 1970 – ല്‍‍ വില്‍പ്പന നടന്നു. അത് ഡല്‍ഹി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് കടമെടുത്ത രഥo പ്രയാണത്തിന് ഉപയോഗിച്ചു. പക്ഷെ, തേര്‍ വില്പ്പനയോടെ രഥോത്സവത്തിന്‍റെ പകിട്ടു കുറഞ്ഞു. ഒടുവില്‍, 1994-ല്‍ ഉത്സവ പ്രേമികളുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചു്, മുപ്പതുലക്ഷം രൂപയുടെ മരവും എട്ടു ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചു. തെന്മല, വട്ടേക്കാട്, പെരുമ്പാവൂര്‍ വനങ്ങളില്‍നിന്നു കൊണ്ടുവന്ന കരിമരുത്, തേക്ക്, വേങ്ങ എന്നീ മരങ്ങളുപയോഗിച്ചു തിരുച്ചിറപ്പള്ളിയിലെ ഇരുപത്തിയഞ്ചോളം ശില്‍പ്പികള്‍ ചേര്‍ന്നു ഒന്നരവര്‍ഷം കൊണ്ട് പുതിയ രഥം പണിതു. 2017 – ല്‍ ചക്രങ്ങള്‍ മരത്തിനു പകരം ഉരുക്കില്‍ തീര്‍ത്തു. ആനയ്ക്ക് പകരം ജെ സി ബി ഉപയോഗിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉത്സവത്തിന്‍റെ ഭാരവാഹികളോടൊപ്പം യുവാക്കളുടെ സoഘടനകളും സഹകരിക്കുന്നുണ്ട്. എന്നിരുന്നാലുo, രഥോത്സവം എന്ന ഈ പൈതൃകത്തെ അഭിമാനത്തോടുകൂടി നെഞ്ചിലേറ്റി നടക്കുന്നവര്‍ കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം എനിക്കുണ്ട്. സ്ത്രീകളും കുട്ടികളും കൂടുതലായി രഥം വലിക്കുന്നു. ആനതള്ളിയിട്ടുകൂടി ചക്രം സാവധാനം ആടിയുലഞ്ഞു ഉരുളുമ്പോള്‍ ചെറുപ്പക്കാര്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കുകയോ മൊബൈലില്‍ പടം പകര്‍ത്തുകയോ ചെയ്യുന്നു. എവിടയോ ഒരു നീറ്റല്‍ അനുഭവപ്പെടുന്നു.

രത്നച്ചുരുക്കം

പാലക്കാട് അയ്യര്‍ എന്ന ഓമനപ്പേരിലറിയപ്പെടുന്ന വൈദിക തമിഴ് ബ്രാഹ്മണരുടെ ആസ്ഥാനമാണ്‌ കല്‍പ്പാത്തി. കല്‍പ്പാത്തി ക്ഷേത്രത്തിനെ ക്ഷേത്രങ്ങളുടെ ക്ഷേത്രം എന്ന് വിശേഷിപ്പിക്കാം. കല്‍പ്പാത്തി രഥോത്സവം ഒരു ദേശത്തിന്‍റെ ആഘോഷമായി മാറിയിരിക്കുന്നു. ഗ്രാമദേവന്മാര്‍ നേരിട്ടിറങ്ങിവന്നു ഓരോരുത്തരെയും അനുഗ്രഹിച്ച് ഐശ്വര്യം ചൊരിയുന്നു. ഇതിന് മതത്തിന്‍റെയും ജാതിയുടെയും പേരിൽ വിവേചനമില്ല എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. തേരോട്ടത്തില്‍ പങ്കെടുക്കുന്ന വ്യക്തിയുടെ എല്ലാ പാപങ്ങളും ഇല്ലാതെയാവും എന്നാണു സങ്കല്പ്പം. തനതായ പൈതൃകം കാത്തു സൂക്ഷിക്കുന്നതിനിടയില്‍ ഭഗവതിസേവ, വിഷു, ഓണം തുടങ്ങിയ കേരളീയ സംസ്കാരം കൂടി സ്വാംശീകരിച്ച് പാലക്കാട് അയ്യര്‍മാര്‍ രമ്യതയോടെ കല്‍പ്പാത്തിയില്‍ കഴിയുന്നു. കല്‍പ്പാത്തി ക്ഷേത്രവും അതിനുചുറ്റുമുള്ള നാലഗ്രഹാരങ്ങളും ഇന്ന് പരമ്പരാഗത കെട്ടിടങ്ങളുടെ സംരക്ഷണ പട്ടികയിലാണ്.

ശ്രീകണ്ഠേശ്വരം സമം ശബ്ദതാരാവലി

ഒരു നൂറ്റാണ്ടിനു ശേഷം കുഞ്ഞുങ്ങളോട് ഏതെങ്കിലും ഒരു മുത്തശ്ശി പറയുവാന്‍ സാധ്യതയുള്ള ഒരു കഥയാകട്ടെ ആദ്യം.

പണ്ടുപണ്ട് സഹ്യപര്‍വതം എന്നൊരു മലയും അറബിക്കടല്‍ എന്നൊരു കടലും ഉണ്ടായിരുന്നു. രണ്ടിനുമിടയില്‍ പരശുരാമന്‍ മഴുവെറിഞ്ഞു കടലില്‍ നിന്നും ഉയര്‍ത്തി എടുത്ത ഒരു നാടുണ്ടായിരുന്നു. കേര വൃക്ഷങ്ങള്‍ (തെങ്ങ്) തിങ്ങി നിന്നിരുന്ന കേരളം എന്ന നാട്. അവിടെ മലയാളം എന്നൊരു ഭാഷ ഉണ്ടായിരുന്നു. ഭാഷയ്ക്ക് ഉരുട്ടി ഉരുട്ടി ഭംഗിയില്‍ എഴുതാവുന്ന 51 അക്ഷരങ്ങള്‍ ഉള്ള ലിപിയുണ്ടായിരുന്നു. മലയാളികള്‍ ധാരാളം കഥകളും കവിതകളും എഴുതി. പ്രകൃതിഭംഗി ഒപ്പിയെടുത്ത് ചിത്രങ്ങള്‍ വരച്ചു. കേരളം വായനശാലകള്‍ക്കും അക്ഷരശ്ലോക സദസ്സുകള്‍ക്കും പുകള്‍പെറ്റതായി.

കുറെ നാള്‍ കഴിഞ്ഞപ്പോള്‍ പറങ്കികള്‍ ലന്തക്കാര്‍ പരന്ത്രീസുകാര്‍ ആംഗലേയര്‍ തുടങ്ങിയ പരദേശികള്‍ കടല്‍ താണ്ടിയെത്തി ഇവിടെ താവളമുറപ്പിച്ചു. അവര്‍ ഇവിടത്തെ കുട്ടികളെ കൂടുതലായി ഇംഗ്ലിഷ് ഭാഷ പഠിപ്പിച്ചു. അങ്ങനെ അങ്ങനെ ഒടുവില്‍ എല്ലാം ഇംഗ്ലിഷ്മയമായി.

ആളുകള്‍ മലയാളം കയ്യെഴുത്ത് ആദ്യം നിര്‍ത്തി. പിന്നെ, മലയാളം സംസാരം നിര്‍ത്തി. തെങ്ങിനു മഞ്ഞളിപ്പും മണ്ഡരിയും ബാധിച്ചപ്പോള്‍ തെങ്ങുകൃഷി നിര്‍ത്തി. പിന്നെ സഹ്യനെ ഇടിച്ചു നിരത്തി കൂറ്റന്‍ കെട്ടിടങ്ങള്‍ പണിതു. അപ്പോള്‍ പരശുരാമന്‍ വിണ്ടും വന്നു് കേരളത്തെ അറബിക്കടലില്‍ മുക്കിക്കളഞ്ഞു.

2017 സെപ്തംബര്‍ പതിനാറാം തീയതി മാത്രുഭൂമി ദിനപ്പത്രത്തിന്‍റെ ചൊവ്വാഴ്ചയിലെ നഗരം പതിപ്പിന്‍റെ മൂന്നാo പേജില്‍ ‘അക്ഷര ഖനിക്ക് നൂറു് വയസ്സ്’ എന്ന തലക്കെട്ടില്‍ ടി. സുരേഷ്കുമാര്‍ എഴുതിയ വിജ്ഞാനപ്രദമായ ലേഖനം വായിക്കുവാന്‍ ഇടയായി. അതില്‍ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടേയും പി. ദാമോദരന്‍ നായരുടേയും ശാരദാ നായരുടേയും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു.

2004 നവoബര്‍ പത്തൊന്‍പതാം തീയതി തൊണ്ണൂറ്റി രണ്ടാം വയസ്സില്‍ കണ്ണടയുന്നതുവരെ വായനയുടെ ലോകത്തായിരുന്ന എന്‍റെ അമ്മയുടെ കട്ടിലിന്‍റെ തലയ്ക്കല്‍ ഒരുവശത്ത് സന്തത സഹചാരിയായി ഒരു മലയാളം നിഘണ്ടുവും ഒരു Oxford dictionary യും കാണുമായിരുന്നു. രണ്ടിന്‍റേയും പല താളുകളും കീറിത്തുടങ്ങിയിരുന്നു. ഔപചാരികമായി നാലാം തരo വരെ മാത്രം പഠിച്ച അമ്മയ്ക്ക് മലയാളം കന്നട തമിഴ് എന്നീ ഭാഷകള്‍ സoസാരിക്കുവാനും എഴുതുവാനും ഹിന്ദി നോവലുകള്‍ വായിക്കുവാനും സാധിക്കുമായിരുന്നു. ഇംഗ്ലിഷ് പരിജ്ഞാനം പത്രപാരായണത്തിലൊതുങ്ങി. ആനന്ദവികടന്‍, കല്‍ക്കി, കുമുദം, മുന്‍ഷി പ്രേംചന്ദ് എഴുതിയ കഥകള്‍ എന്നിവ പതിവായി വായിക്കുന്നത് എനിക്കോര്‍മ്മയുണ്ട്. വീടുകളില്‍ ഒരാള്‍ രണ്ട് ചാക്ക്സഞ്ചികളിലാക്കി ഏതോ ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ കൊണ്ടുവരാറുണ്ടായിരുന്നു. മലയാളം നോവലുകളായിരിക്കും അധികവും. സാമ്പത്തികം മെച്ചപ്പെട്ടപ്പോള്‍ മാതുഭൂമി ദിനപ്പത്രം കൂടാതെ ആഴ്ചപ്പതിപ്പു കൂടി വരുത്തി തുടങ്ങി. മാത്രുഭുമിയുടെ സര്‍ക്കുലേഷന്‍ ഓഫിസില്‍ ബി. രാജിവി ബായി c/o എസ് ആര്‍ ബള്ളക്കുര്‍ എന്ന മേല്‍വിലാസം അമ്മയുടെ മരണശേഷവും ഉണ്ടായിരുന്നു. എന്തുo കൃത്യതയോടെ ഏറ്റവും നന്നായി ചെയ്യണമെന്ന വാശിക്കാരിയായിരുന്നു അമ്മ. അതിന്‍റെ പ്രതിഫലനമായിരുന്നു നിഘണ്ടുക്കള്‍ നോക്കി അര്‍ത്ഥം ശരിയായി ഗ്രഹിച്ചുകൊണ്ടുള്ള വായന. സഹോദരീ സഹോദരന്മാര്‍ക്കും മക്കള്‍ക്കും വടിവൊത്ത കൈയക്ഷരത്തില്‍ ശുദ്ധമലയാളത്തിലാണ് കത്തുകള്‍ എഴുതിയിരുന്നത്. രണ്ടുമൂന്നെണ്ണo ഞാന്‍ ഇന്നും സുക്ഷിച്ചു വെച്ചിട്ടുണ്ട്. ഒടുവില്‍ വായനയുടെ ലോകം ഇംഗ്ലിഷ് പത്രത്തിലും മാതൃഭുമി ആഴ്ചപ്പതിപ്പിലും മാത്രമായി ചുരുങ്ങി. അതുകൊണ്ടാണ് മരണശേഷം സാരി കൊടുക്കുന്ന പതിവ് തെറ്റിച്ചു ഞങ്ങള്‍ ഓരോരുത്തര്‍ക്കും പുസ്തകം ആദരപൂര്‍വ്വം നല്‍കിയത്.

അമ്മയുടെ കൈവശം ഉണ്ടായിരുന്നത് ആര്‍. നാരായണ പണിക്കര്‍ തയ്യാറാക്കിയ നവയുഗഭാഷാനിഘണ്ടുവിന്‍റെ 1950 (1118) – ല്‍ പുറത്തിറങ്ങിയ രണ്ടാം പതിപ്പാണ്‌. പത്തു ഉറുപ്പികയായിരുന്നു അതിന്‍റെ വില. പ്രസാധകര്‍: ടി. സുബ്ബൈയ്യ റെഡ്ഡിയാര്‍, റെഡ്ഡിയാര്‍ ബുക്ക് ഡിപൊ, ട്രിവാണ്ട്രം. എന്‍റെ കൈവശം ഉള്ളതാകട്ടെ ശ്രീകണ്ഠേശ്വരം ജി. പദ്മനാഭ പിള്ളയുടെ (1864 -1946) ശബ്ദതാരാവലി (മലയാളം നിഘണ്ടു) മുപ്പത്തിയഞ്ചാം പതിപ്പാണ്‌.

ഞാന്‍ 1072ാമാണ്ട് കുംഭത്തിലാരംഭിച്ച ശബ്ദതാരാവലി എന്ന മലയാള നിഘണ്ടു 1092 ആയ ഈ ആണ്ടു അവസാനത്തില്‍ എഴുതിത്തീര്‍ത്തു.”

ശ്രീകണ്ഠേശ്വരത്തിന്‍റെ 1092ലെ ഒരു ഡയറിക്കുറിപ്പാണ് അത്. സംസ്കൃതത്തിലും ഇംഗ്ലിഷിലും ആയുര്‍വേദത്തിലും പരിജ്ഞാനമുണ്ടായിട്ടും മെട്രിക്കുലേഷന്‍ തോറ്റ വ്യക്തി ഏകനായി, നിശ്ചയദാര്‍ഢ്യം കൈമുതലാക്കി 20 കൊല്ലം നടത്തിയ അശ്രാന്ത പരിശ്രമത്തിന്‍റെ ഫലം! ഒരു ജന്മ സാഫല്യത്തിന്‍റെ ആനന്ദം! നൂറു വര്‍ഷമായിട്ടും അതിന്‍റെ പ്രസക്തി ഒട്ടും നഷ്ടപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്‍റെ സ്വന്തം ഭാഷയില്‍:

വായിച്ച പുസ്തകങ്ങളില്‍നിന്നും പത്രമാസികകളില്‍നിന്നും, കേട്ട പ്രസംഗങ്ങളില്‍നിന്നും സംഭാഷണങ്ങളില്‍നിന്നും കിട്ടിയ പദങ്ങളെല്ലാം അകാരാദിക്രമത്തിലടുക്കി അവയുടെ വ്യുല്‍പത്തി, പ്രയോഗം, ചരിത്രം മുതലായവ കാണിച്ചുള്ള കുറിപ്പുകള്‍ തയ്യാറാക്കുകയാണ് ആദ്യം ചെയ്തത്. വീണ്ടും വീണ്ടും തിരുത്തലുകള്‍ വരുത്തി. 1092ല്‍ 1600 വശങ്ങളുള്ള ശബ്ദതാരാവലി പൂര്‍ത്തിയായി. ഇത്ര വലിയ ഗ്രന്ഥത്തിനു് പ്രസാധകരെ കിട്ടാതിരുന്നതുകൊണ്ട്, മാസികാരുപത്തില്‍ രണ്ടുമാസം ഇടവിട്ട് സരസ്വതിവിലാസം അച്ചടിശാലയില്‍ ജെ. കേപ്പായുടെ ചുമതലയില്‍ ഓരോ ലക്കം 500 കോപ്പികള്‍ വീതം അച്ചടിപ്പിച്ചു് പ്രസിദ്ധപ്പെടുത്തുവാന്‍ തീരുമാനിച്ചു. 1093 തുലാം 28-)൦ തീയതി (1917 നവംബര്‍ 13) ശബ്ദതാരാവലിയുടെ പ്രഥമ സഞ്ചിക പുറത്തു വന്നു. വില 22 . 1098 മീനം 3-)o തീയതി (1923 മാര്‍ച്ച് 16) ഇരുപത്തിരണ്ടാം ലക്കം ഇറങ്ങിയതോടുകുടി ശബ്ദതാരാവലിയുടെ ഒന്നാം പതിപ്പ് മുദ്രണം പൂര്‍ത്തിയായി. അങ്ങനെ ഒടുവില്‍ 32-)o വയസ്സില്‍തുടങ്ങിയ ഗ്രന്ഥം 58-)o വയസ്സില്‍ കൈരളിക്കു സമര്‍പ്പിക്കപ്പെട്ടു.

1930 ഒക്ടോബര്‍ 20-)൦ തീയതി ശ്രീകണ്ഠേശ്വരം എഴുതിയ രണ്ടാം പതിപ്പിന്‍റെ മുഖവുരയില്‍ അദ്ദേഹം ഇങ്ങനെ എഴുതി:

ഒന്നാം പതിപ്പ് പുറത്തായി രണ്ടുകൊല്ലം കഴിഞ്ഞശേഷം ആവശ്യക്കാര്‍ക്ക് പുസ്തകം കൊടുപ്പാനില്ലാതെ വന്നതു നിമിത്തം ഈ രണ്ടാം പതിപ്പ് ആരംഭിക്കയും ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തി മുഴുപ്പിക്കയും ചെയ്തിട്ടുള്ളതാകുന്നു. ഇതില്‍ ഞാന്‍ യഥാശക്തി വേണ്ട പരിഷ്ക്കാരം ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ അനുഗ്രഹം എനിക്ക് അത്യന്തം ചാരിതാര്‍ത്ഥ്യജനകമാണ്; എന്‍റെ പ്രയത്നത്തിന്‍റെ പ്രതിഫലവും അതുതന്നെ. ഈ നിഘണ്ടു അപൂര്‍ണ്ണമാണെന്ന് അപൂര്‍വ്വം ചിലര്‍ അഭിപ്രായപ്പെടുന്നതായി കേള്‍ക്കുന്നുണ്ട്. നിഘണ്ടു ഒരിക്കലും പൂര്‍ണ്ണമാകുന്ന ഗ്രന്ഥമല്ല. സൌഭികസമ്പ്രദായംകൊണ്ട് (ചെപ്പടിവിദ്യ) നിഘണ്ടു നിര്‍മ്മിക്കാവുന്നതല്ല. ‘സുഖം’ എന്നാ പദത്തിന്‍റെ അര്‍ത്ഥം എന്‍റെ നിഘണ്ടുവില്‍ കൊടുത്തിട്ടുണ്ടെന്നു വരികിലും പരമാര്‍ത്ഥത്തില്‍ അതെങ്ങനെ ഇരിക്കുമെന്ന് ഞാന്‍ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല. എന്‍റെ കുടുംബക്കാരും ബന്ധുക്കളും സ്നേഹിതന്മാരും അതിന് സാക്ഷികളാകുന്നു. ‘താരാവലി’യെ മുദ്രണം ചെയ്തു വാണിജ്യയില്‍ സമധികമായ ലാഭത്തെ സമ്പാദിക്കണമെന്നു വിചാരിക്കാതെ ‘കൂലങ്കഷമായ ഭാഷാസാഹിത്യപരിചയത്തിനു പര്യാപ്ത’മാകണമെന്നു മാത്രം ഉദ്ദേശിച്ച് 1072 മുതല്‍ 1106 വരെ 34 സംവത്സരം ‘ശബ്ദതാരാവലി’ക്കുവേണ്ടി ചെലവാക്കിയതിന്‍റെ ശേഷവും അതിനെപറ്റി എന്‍റെ ഹൃദയത്തിനുതന്നെ സംതൃപ്തി വന്നിട്ടില്ലെന്നുള്ളതും ‘പെട്ടെന്ന് ഒരു നിഘണ്ടു പുറപ്പെടുവിച്ച് കളയാം’ എന്ന് വിചാരിക്കുന്നവര്‍ ഓര്‍മ്മിക്കെണ്ടതാകുന്നു. നിഘണ്ടു പതിപ്പുതോറും പരിഷ്കരിക്കണമെന്നുള്ളതും അതിന്‍റെ പ്രസാധകന്‍റെയും പിന്‍ഗാമികളുടെയും ചുമതലയാണ്.

ഈ ഉപദേശം ശിരസ്സാ വഹിച്ചു് നാലാം പതിപ്പു മുതല്‍ എട്ടാം പതിപ്പ് (പരിഷ്ക്കരിച്ചു വിപുലപ്പെടുത്തിയത്) വരെ ഈ ദൌത്യം ഏറ്റെടുത്തു നിര്‍വഹിച്ചത് അദ്ദേഹത്തിന്‍റെ ഇളയ പുത്രന്‍ പി. ദാമോദരന്‍ നായര്‍ എം എ; ബി എല്‍ ആയിരുന്നു. തുടക്കം മുതല്‍ അതിന് സഹായിച്ചിരുന്നത് പത്താം തരം പാസായിരുന്ന അദ്ദേഹത്തിന്‍റെ പത്നി ശാരദാ നായരായിരുന്നു. ഒരു പരിഷ്ക്കരണ സമിതി മേല്‍നോട്ടം വഹിക്കുന്ന ഇന്നത്തെ നിഘണ്ടുവിന് 1824 താളുകളുണ്ട്. പ്രസാധകര്‍: സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം വില ക. 1200. ഞാന്‍ ഇത് സ്വന്തമാക്കിയത് ഡിസംബര്‍ 2010ല്‍. അത്രയും വില കൊടുത്തുകാണുകയില്ല.

കൊല്ലവര്‍ഷം 1040 വൃശ്ചികം 12-)o തീയതി ജനിച്ച ശ്രീകണ്ഠേശ്വരം ജി. പദ്മനാഭ പിള്ള 1121 കുംഭം 21-)o തീയതി. 82ാമത്തെ വയസ്സില്‍ ദിവംഗതനായി. (1864 -1946)

കേരളത്തിനെ ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ച മലയാള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആയി വിരമിച്ച ബഹുമുഖ പ്രതിഭയായ കെ. ജയകുമാറിന്‍റെ നേതൃത്വത്തില്‍ തുടങ്ങിവെച്ച ഒരു ലക്ഷത്തിമുപ്പതിനായിരം വാക്കുകള്‍ അടങ്ങിയിട്ടുള്ള ഒരു ബൃഹത് നിഘണ്ടു എന്ന സംരംഭം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.

സമീപഭാവിയില്‍ നടക്കാവുന്ന ഒരു സന്ദര്‍ഭം കുടി വിവരിച്ചിട്ടു് ഈ ലേഖനം അവസാനിപ്പിക്കാം. ന്യു ജെനറേഷന്‍ എന്ന് നാം വിശേഷിപ്പിക്കാറുള്ള ഒരു മഹാന്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം അധികം വേണ്ടി വരുന്ന ഒരു സര്‍ക്കാരാപ്പിസില്‍ ഡാറ്റാ ഓപറെറ്റര്‍ (കണക്കപ്പിള്ള തന്നെ) എന്ന തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ചു. സകലദൈവങ്ങളേയും സ്മരിച്ച് ആദ്യത്തെ ഫയല്‍ എടുത്തു. മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. ഭരണഭാഷ മലയാളമാണല്ലോ? പത്താം തരo കഴിഞ്ഞതില്‍ പിന്നെ മലയാളം വായിച്ചിട്ടേയില്ല! അക്ഷരമാല മറന്നുപോയിരിക്കുന്നു. അടുത്ത കസേരയിലിരുന്നിരുന്ന കുറച്ചു മുതിര്‍ന്ന ആള്‍ ശ്രീകണ്ഠേശ്വരം ജി. പദ്മനാഭ പിള്ളയുടെ ശബ്ദതാരാവലി നീക്കി വെച്ചു കൊടുത്തു. എന്നിട്ടും ഫലമുണ്ടായില്ല. പിറ്റേ ദിവസം മുതല്‍ ഓരോ മലയാളവാക്കിന്‍റെയും അര്‍ത്ഥം ഇംഗ്ലിഷില്‍ ഒരു സ്ലേറ്റില്‍ അയാളുടെ മേശപ്പുറത്തു വന്നു തുടങ്ങി! കഥാന്ത്യം ഇയാള്‍

മധുരം മലയാളം എന്ന സന്ദേശത്തിന്‍റെ പ്രചാരവാഹകനായി മാറുന്നു.

മലയാളത്തോട്  പുറം തിരിഞ്ഞിരിക്കുന്നവരെ ഉണര്‍ത്തുവാന്‍, ‘മലയാണ്മ’ എന്നൊരു പ്രസ്ഥാനവും കെ.ജയകുമാറിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയിട്ടുണ്ട്.

ശബ്ദതാരാവലി ശ്രീകണ്ഠേശ്വരം’ എന്ന അതിപ്രശസ്തമായ നിഘണ്ടു മലയാളത്തിനു സമ്മാനിച്ച പ്രതിഭയെ സ്മരിച്ചുകൊണ്ടും നമിച്ചുകൊണ്ടും ഈ ലേഖനം അവസാനിപ്പിക്കുന്നു.

 

പഴനിയിലേക്കൊരു തീര്‍ത്ഥയാത്ര

ഒരു സുപ്രഭാതത്തില്‍ പഴനിയിലെ ശിവഗിരി കുന്നുകളില്‍ കുടിയിരിക്കുന്ന ദണ്‍ഡായുധപാണി സ്വാമിയെ നേരില്‍ക്കണ്ട് വണങ്ങി വരണമെന്നൊരു മോഹം തോന്നി. മുതിര്‍ന്ന പൌരന്മാരായ ഒരു പുരുഷനും രണ്ടു സ്ത്രീകളുമടങ്ങുന്ന മൂവര്‍ സംഘം യാത്രാപരിപാടികള്‍ ആസൂത്രണം ചെയ്തു. അധികം തിരക്കുണ്ടാകുവാന്‍ ഇടയില്ലാത്ത മാര്‍ച്ച് ആദ്യവാരം പോകുവാന്‍ തീരുമാനമായി. പഴനി മലയുടെ അടിവാരത്തുള്ള സാമാന്യം നല്ല ഹോട്ടലില്‍ താമസം കാലേകൂട്ടി ഉറപ്പിച്ചു.

രാവിലെ ഏഴര മണിക്കുള്ള കെ എസ് ആര്‍ ടി സി സൂപര്‍ഫാസ്റ്റില്‍ എറണാകുളത്തുനിന്നും യാത്ര തിരിച്ചു. മുമ്പിലെ സീറ്റുകള്‍ കിട്ടിയതുകൊണ്ട് യാതൊരു അല്ലലുമില്ലാതെ മനോഹരമായ വഴിയോരക്കാഴ്ചകള്‍ കണ്ടുരസിച്ചങ്ങനെ ഞങ്ങള്‍ നെന്മാറ വഴി യാത്ര ചെയ്ത് ഉച്ചക്ക് ഒന്നരയോടുകൂടി പഴനിയിലെത്തി. ഇനി എങ്ങനെ എന്ന് ചിന്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ തന്നെ, അത് മനസ്സിലാക്കിയിട്ടെന്നവണ്ണം, ഒരു കുതിരവണ്ടിക്കാരന്‍ സവാരി പ്രതീക്ഷിച്ച് ഞങ്ങളെ ചുറ്റിപ്പറ്റിനില്‍ക്കുന്നത് കണ്ടു. ഒരു ഓര്‍മ്മ പുതുക്കലായി കുതിരവണ്ടിയില്‍ താമസസ്ഥലത്തേക്കുള്ള ആ യാത്ര!

താമസിക്കുന്ന ഹോട്ടലില്‍നിന്നും ഉച്ചഭക്ഷണം കഴിച്ച്, കുറച്ചു വിശ്രമിച്ച ശേഷം ക്ഷേത്രത്തിലേക്ക് പോകാം എന്ന് തീരുമാനിച്ചു. ഉണര്‍ന്നപ്പോള്‍ അഞ്ചു മണിയായി. വിഞ്ചിലോ, റോപ് വേയിലോ കയറി മലമുകളില്‍ എത്താം എന്നു തീരുമാനിച്ചാണ് എറണാകുളത്തുനിന്നും യാത്ര പുറപ്പെട്ടത്. എന്തായാലും പുറത്തേക്കിറങ്ങി. നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഫ്രീയായി ചെരുപ്പ് സൂക്ഷിക്കുന്ന സ്ഥലം എന്ന പരസ്യപ്പലക കണ്ടപ്പോള്‍ അവിടെ കയറി ചെരുപ്പുകള്‍ ഏല്‍പ്പിച്ച് റോപ് വേയ് / വിഞ്ച് സ്റ്റേഷനിലേക്കുള്ള വഴി അന്വേഷിച്ച് നടപ്പു തുടങ്ങി. ഞങ്ങള്‍ ചോദിക്കുന്നത് അവര്‍ക്കും, അവര്‍ പറയുന്നത് ഞങ്ങള്‍ക്കും മനസ്സിലായില്ല. ഒടുവില്‍ എത്തിയത് മലയുടെ പടവുകള്‍ ചവിട്ടിക്കയറുന്ന അടിവാരത്തായിരുന്നു. ഇരുവശത്തും കടകള്‍. ഞങ്ങള്‍ മുകളിലേക്കുനോക്കി പകച്ചുനിന്നു. ‍ മധ്യവയസ്ക്കനായ ഒരു വ്യാപാരി അടുത്തുവന്ന് ഇങ്ങനെ പറഞ്ഞു: “രാത്രി പത്തു മണിവരെയും ആളുകള്‍ ഉണ്ടാകും. വെളിച്ചവും ഉണ്ടാകും. നിങ്ങളെപ്പോലെയുള്ളവര്‍ മല കയറാറുണ്ട്. സാവകാശം കയറിയാല്‍ മതി”.

വൃക്ഷങ്ങള്‍ക്കിടയിലൂടെ മലമുകളിലേക്ക് സന്ദേഹത്തോടെ നോക്കി. 160 മീറ്റര്‍ ഉയരം. 693 പടവുകള്‍. 2.4 കിലോ മിറ്റര്‍ ചുറ്റളവില്‍ ഗിരിവീഥി. എല്ലാവരും നെടുവീര്‍പ്പുതിര്‍ത്തു. തമ്മില്‍ തമ്മില്‍ നോക്കി. മൂവരും പെട്ടെന്നൊരു ധൈര്യവും ഉന്മേഷവും ഉണ്ടായതുപോലെ ഒന്നു രണ്ട് മൂന്ന് എന്നിങ്ങനെ പടികള്‍ ഓരോന്നായി ചവുട്ടി കയറിത്തുടങ്ങി. പിടിക്കാന്‍ ഇരുവശത്തും സ്റ്റീലുകൊണ്ടുള്ള ബലമുള്ള കൈവരികള്‍. തമ്മില്‍ അധികം ഉയരത്തിലല്ലാത്ത ചവിട്ടു പടികള്‍. അതുകൊണ്ട് കാല് ഉയര്‍ത്തിവെക്കേണ്ട. ആയാസം വളരെ കുറവ്. ഏതാണ്ട് പത്തു പടികള്‍ കഴിഞ്ഞാല്‍ നിരപ്പായി കയറ്റം. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുന്നതിനായി മേല്‍ക്കൂരയുള്ള മണ്ഡപങ്ങള്‍. അതില്‍ ഇരുവശത്തും വൃത്തിയുള്ള ഇരിപ്പിടങ്ങള്‍. കഴുകി വെടുപ്പാക്കിയ സ്റ്റീല്‍ ബേസിനും ടാപ്പും! അവിടെ കുടിവെള്ളം എന്ന് എഴുതിവെച്ചിരിക്കുന്നു. ഈ ചുറ്റുപാടില്‍ വെയിലത്ത് വാടാതെയും മഴയത്ത് നനയാതെയും മല ചവിട്ടാം. എല്ലാവര്‍ക്കും മുകളില്‍ എത്താന്‍ പറ്റും എന്നൊരു തോന്നല്‍ വന്നു.

പടവുകളുടെ ഇരുവശത്തും നിറയെ വൃക്ഷങ്ങള്‍. കൂട്ടത്തില്‍ ചന്ദനമരവും സുഗന്ധമുള്ള പൂക്കള്‍ വിരിയുന്ന കദംബവുമുണ്ട്. ഇരുവശത്തും കാടാണെങ്കിലും പടിയിലെങ്ങും ഒരു ഇല പോലും കാണാനില്ല. കാരണം, സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന ശുചീകരണ തൊഴിലാളികളുടെ സംഘം അടിച്ചുകൊണ്ടേയിരിക്കുന്നു എന്നതുതന്നെ. ഇരിപ്പിടങ്ങളും വൃത്തിയായി വെച്ചിരിക്കുന്നു. കൂടാതെ, ഇടയ്ക്കിടയ്ക്ക് ബയോശൌചാലയങ്ങളും സജ്ജീകരിച്ചിരിക്കുന്നു. യാതൊരു ദുര്‍ഗന്ധവും ഇല്ല തന്നെ! എല്ലായിടത്തും നല്ല വെളിച്ചം. സുരക്ഷ ഉറപ്പാക്കുന്നതില്‍ വെളിച്ചം വലിയൊരു പങ്ക് വഹിക്കുന്നു.

വളരെ തിരക്ക് കുറഞ്ഞ ഒരു ഇടദിവസമായിരുന്നതിനാല്‍ തള്ളിയിടുമെന്ന ഭീതികൂടാതെ ഞങ്ങള്‍ മുന്നേറിക്കൊണ്ടിരുന്നു. ഇടയ്ക്കിടയ്ക്ക് ‘വേല്‍മുരുകാ ഹരോഹരാ’ എന്ന മന്ത്രം ജപിച്ചുകൊണ്ട് കാവടി തോളിലേറ്റിയ ഭക്തര്‍ ഞങ്ങളെ പിന്നിലാക്കി കടന്നുപോകുന്നുണ്ടായിരുന്നു.  എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഘടകം മുഴുവന്‍ സമയവും മുഴങ്ങിക്കൊണ്ടിരുന്ന ഭക്തിഗാനാലാപനമായിരുന്നു. അതില്‍ ലയിച്ചു ചേര്‍ന്നതുകൊണ്ടാവാം പഴനി ആണ്ടവര്‍, കുറിഞ്ഞിആണ്ടവര്‍, കുളന്തൈവേലന്‍, അറുമുഖന്‍, ഷണ്‍മുഖന്‍, ദേവസേനാപതി, സ്വാമിനാഥന്‍, വള്ളിമണാളന്‍, ദേവയാനൈമണാളന്‍, ജ്ഞാനപണ്ഡിതന്‍, ശരവണന്‍,  വേലായുധന്‍, സേവര്‍കോടിയോന്‍, കാര്‍ത്തികേയന്‍, മുരുകന്‍, ബാലസുബ്രമണ്യന്‍, സ്കന്ദന്‍, കുമാരന്‍ എന്നീ പര്യായങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഞാനും അറിയാതെ അവയെ ഉരുവിട്ടുകൊണ്ടിരുന്നു. ഭക്തിഗാനങ്ങള്‍ ആസ്വദിച്ചങ്ങനെ നീങ്ങുമ്പോള്‍ മേലോട്ടുള്ള ഗമനം ആയാസരഹിതമായ ഹൃദ്യമായ അനുഭവമായി.

ഏതാണ്ട് നാല്‍പ്പതു വര്‍ഷം മുന്‍പൊരിക്കല്‍ ഞാന്‍ പഴനിയില്‍ പോയിട്ടുണ്ട്. അന്ന് അവിടെ ഭിക്ഷാടകരുടെ ശല്യം അതി രൂക്ഷമായിരുന്നു. ഭീഭത്സവും ദാരുണവും ഭീതി ഉളവാക്കുന്നതുമായ ദൃശ്യങ്ങളായിരുന്നു എവിടെയും. വൃത്തിശൂന്യമായ പരിസരം. തീര്‍ത്ഥാടകര്‍ കൂട്ടം കൂടിയിരുന്ന് ഭക്ഷണം കഴിച്ചുപേക്ഷിച്ച ഉച്ഛിഷ്ടങ്ങളും വാഴയിലകളും കടലാസുപൊതികളും ചിന്നിച്ചിതറിക്കിടന്നിരുന്നു. കൂടാതെ, വിസര്‍ജജ്യത്തിന്‍റെ ദുര്‍ഗന്ധവും. ആകപ്പാടെ ഒച്ചയും ബഹളവും. ഇന്നാകട്ടെ, പടികളില്‍ ഭിക്ഷാടകര്‍ ആരുമില്ല. കച്ചവടക്കാര്‍ പോലും ഇല്ല. കാറ്റിന് സുഗന്ധവും കണ്ണിന് കുളിര്‍മ്മയും കര്‍ണ്ണങ്ങള്‍ക്ക് ഇമ്പവുമേകുന്ന ശാന്തമായ അന്തരീക്ഷം. ഈ മാറ്റത്തില്‍ എനിക്ക് ഏറെ സന്തോഷം തോന്നി. ഇടയ്ക്ക് ഞങ്ങള്‍ സേവകരോട് ചോദിക്കും: “എത്താറായോ”? ഉടനെ ഒരു പുഞ്ചിരിയോടെ മറുപടി വരും: “ഇനി അധികമില്ല”. അങ്ങനെ നടന്നും, നിന്നും, ഇരുന്നും, കിതച്ചും മുന്നേറിക്കൊണ്ടിരിക്കവെ പെട്ടെന്ന് ക്ഷേത്രഭാഗങ്ങള്‍ സുവര്‍ണ്ണ ഗോപുരo ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു.
ഇനി രണ്ടേരണ്ടു കൂട്ടം പടികള്‍ മാത്രം. പക്ഷെ അവ കുത്തനേയുള്ളവയായിരുന്നു. ഒന്നു കൂടി വിശ്രമിച്ച് ആഴത്തില്‍ ശ്വാസമെടുത്ത് കൈവരിയില്‍ പിടിച്ച് വീണ്ടും ഏറിത്തുടങ്ങി. ഒടുവിലത്തെ പടികടന്ന് ക്ഷേത്രാങ്കണത്തില്‍ വലതു കാല്‍ കുത്തിയപ്പോളുണ്ടായ അനുഭൂതി അവാച്യം അവര്‍ണ്ണനീയം. എവറെസ്റ്റ് കീഴടക്കിയതുപോലെയുള്ള സന്തോഷം. അസാധ്യമായത് സാധ്യമായതിലുള്ള സംതൃപ്തി.
ഒരു ക്യൂവും കാണാനില്ല. ഒരു സ്വാമി ഒരിടത്ത് വെറുതെ നില്‍ക്കുന്നു. അങ്ങോട്ടേക്ക് നടന്നു. പ്രത്യേക ദര്‍ശനത്തിന് ടിക്കറ്റ് എടുത്തിട്ടില്ല എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം അലസമായി ഒരിടത്തേക്ക് കൈ ചൂണ്ടി ക്ഷേത്രവാതില്‍ കാണിച്ചു തന്നു. ഞങ്ങള്‍ക്ക് കൃത്യമായി മനസ്സിലാകാതിരുന്നതുകൊണ്ട് കുറച്ചകലെ ചെറിയൊരു ആള്‍ക്കൂട്ടം കണ്ട് അവരെ സമീപിച്ചു. അവരില്‍ ചിലര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ ഒരുങ്ങി നില്‍ക്കുന്നവരായിരുന്നു. അവരോടൊപ്പം ധര്‍മ്മ ദര്‍ശനത്തിനുള്ള നിരയില്‍ ഞങ്ങളും കൂടി. പെട്ടെന്നതാ കാണുന്നു, കഴുത്തില്‍ രുദ്രാക്ഷമാലയണിഞ്ഞ് തിരുനെറ്റിയില്‍ വിഭൂതി ചാര്‍ത്തി ഇടതുകൈ ഇടുപ്പില്‍ ഊന്നി വലതു കയ്യില്‍ ദണ്ഡവുമായി നീണ്ടുമെലിഞ്ഞ് സന്യാസി വേഷത്തില്‍ പീഠത്തില്‍ നില്‍ക്കുന്ന കുമാരനെ! യാതൊരു തള്ളും ഇല്ല. ‘തള്ളിപ്പോ’” എന്ന ആക്രോശങ്ങളില്ല. കുമാരനായ ദണ്‍ഡായുധപാണി സ്വാമിയെ, പഴനി ആണ്ടവറെ കണ്‍കുളുര്‍ക്കെ കണ്ട് മനം നിറഞ്ഞ് തൊഴുതു. അമിതമായ മോഹങ്ങള്‍ ഈശ്വരനില്‍ സമര്‍പ്പിച്ച്‌ ആത്മനിര്‍വൃതി നേടി.

യോദ്ധാവായ, ദേവസേനാധിപതിയായ, ദണ്‍ഡായുധപാണിയായ ബാലസുബ്രഹ്മണ്യന്‍റെ മൂലവിഗ്രഹം തീര്‍ത്തിരുന്നത് പീഠത്തില്‍ നില്‍ക്കുന്ന സന്യാസി ഭാവത്തിലാണ്: സുന്ദരന്‍; കൃശന്‍; ദൃഢഗാത്രന്‍; ഇടുപ്പില്‍ ഊന്നി ഇടതുകൈ; ദണ്ഡo ഏന്തി വലതുകൈ; ഗളത്തില്‍ രുദ്രാക്ഷമാല; കൌപീനധാരി. എന്നാല്‍ ഇന്ന് രാജകുമാരന്‍, വേടന്‍, വിഭൂതിയണിഞ്ഞ സന്യാസി എന്നിങ്ങനെ വിവിധ വേഷഭൂഷാദികള്‍ അണിയിച്ചൊരുക്കുന്നു. 3000 ബി സി യില്‍ ജീവിച്ചിരുന്ന ഭാരതത്തിലെ 18 സിദ്ധന്മാരില്‍ ഒരാളായ ഭോഗര്‍ ആണ് ഈ വിഗ്രഹത്തിന്‍റെ ശില്‍പ്പി എന്ന് വിശ്വസിക്കപ്പെടുന്നു. 4448 വൃക്ഷമൂലസസ്യലതാദികളില്‍നിന്നും വേര്‍തിരിച്ചെടുത്ത നവപാഷാണങ്ങളുടെ പ്രത്യേക കൂട്ടുപയോഗിച്ചാണത്രെ ഈ പ്രതിമ നിര്‍മ്മിക്കപ്പെട്ടത്. ഈ വിഗ്രഹത്തിന് ഔഷധഗുണമുണ്ടെന്നും അഭിഷേകത്തിന് ഉപയോഗിക്കപ്പെടുന്ന വസ്തുവിലേക്ക് ആ ഗുണം വ്യാപരിക്കപ്പെടുന്നുണ്ടെന്നും ഭക്തര്‍ വിശ്വസിക്കുന്നു. ചന്ദനം ചാര്‍ത്തിയാണ് സാധാരണ പള്ളിക്കുറുപ്പിനായി വിഗ്രഹത്തെ ഒരുക്കുന്നത്. രാത്രി മുഴുവന്‍ ചന്ദനത്തില്‍ അഭിഷിക്തനായി കിടക്കുന്നതുകൊണ്ട് രാക്കാല ചന്ദനത്തിന് ആവശ്യക്കാര്‍ ഏറെയാണ്. ഇന്ന് ഈ വിഗ്രഹത്തിനുമേല്‍ ക്ഷേത്രാഭിഷേകം മാത്രമാണ് നടത്തുന്നത്. പൊതു അഭിഷേകത്തിനായി ലോഹനിര്‍മ്മിതമായ മറ്റൊരു വിഗ്രഹം തീര്‍ത്തിട്ടുണ്ട്. തങ്കമയില്‍ വാഹനത്തിലും തങ്കരഥത്തിലും ഏറിയുള്ള സ്വാമി പുറപ്പാട് ഉത്സവദിനങ്ങളിലൊഴികെ ഭക്തജനങ്ങളുടെ വഴിപാടായി ദിവസേന സായം സന്ധ്യയ്ക്ക് നടക്കാറുണ്ട്. പഴനി മലയുടെ മധ്യഭാഗത്തു് ശ്രീകോവിലിനു താഴെ ഒരു ഗുഹയില്‍ സിദ്ധഭോഗര്‍ ഇന്നും സമാധിയായി ഇരിക്കുന്നുണ്ടത്രെ! ഗുഹാകവാടത്തില്‍ ഭോഗര്‍ ക്ഷേത്രം പണിതിരിക്കുന്നു.

പഴനി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഏറ്റവും വിശിഷ്ടമായ പ്രസാദം പഞ്ചാമൃതമാണ്. താരതമ്യേന ജലാംശം കുറവുള്ള ഈന്തപ്പഴം, വാഴപ്പഴം, ഉണക്ക മുന്തിരി തുടങ്ങിയവയില്‍ തേന്‍, ശര്‍ക്കര, കല്‍ക്കണ്ടം, നെയ്യ് എന്നിവ ചേര്‍ത്തു് സ്വാദിഷ്ടമായ പഞ്ചാമൃതം ആദ്യം തയ്യാറാക്കിയത് ഗണപതിയാണെന്നാണ് വിശ്വാസം. ഞങ്ങള്‍ പ്രസാദം ക്ഷേത്രമതില്‍ക്കെട്ടിനകത്തുള്ള വിപണന കേന്ദ്രതില്‍നിന്നുതന്നെ വാങ്ങി. മാസങ്ങളോളം ഇത് കേടുകൂടാതെയിരിക്കും. നേരം വൈകിയതുകൊണ്ട് രാക്കാലപൂജ കഴിഞ്ഞുള്ള പ്രസാദ ഊട്ടിന് നില്‍ക്കാതെ മടക്കയാത്ര ത്വരിതപ്പെടുത്തുവാന്‍ തീരുമാനമായി. രാക്കാലപൂജ കഴിഞ്ഞാല്‍ അധികം വൈകാതെ പഴനി ആണ്ടവറെ പള്ളിയറയിലേക്ക് ആനയിക്കും. അതിനുമുമ്പായി ഖജാന്‍ജി രഹസ്യമായി അന്നന്നത്തെ വരവുചിലവു കണക്കുകള്‍ ആണ്ടവരെ ബോധ്യപ്പെടുത്തുo. ഇന്ന് വരവും ചിലവും കുറഞ്ഞിരിക്കുവാനാണ് സാധ്യത. പുറത്തുനിന്ന് ഒരിക്കല്‍ കൂടി പഴനി ആണ്ടവരെ തൊഴുത് ഞങ്ങള്‍ മല ഇറങ്ങുവാന്‍ ഒരുങ്ങി.

എന്റെ മനസ്സില്‍ പഴനിയെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍ തിങ്ങി നിറഞ്ഞു. ഒരിക്കല്‍, മഹാദേവന്റെ ആസ്ഥാനമായ ഹിമവല്‍ പര്‍വ്വതനിരകളിലെ കൈലാസത്തില്‍ വെച്ച് ദേവന്മാരുടെയും മഹര്‍ഷിമാരുടെയും ഒരു മഹാസംഗമം നടന്നു. അവരുടെ എല്ലാം ഭാരം താങ്ങാനാവാതെ ഭൂമി പതുക്കെ ചെറുതായി ഒരു വശത്തേക്ക് ചെരിഞ്ഞു. ഉടന്‍ തന്നെ അഗസ്ത്യമുനിയോട് തെക്ക് വശത്തേക്ക് കുറച്ചു ഭാരം നീക്കുവാന്‍ വേണ്ടതു ചെയ്യുവാന്‍ മഹാദേവന്‍ ആവശ്യപ്പെട്ടു. മുനി വേഗം തന്റെ ശിഷ്യനായ ഇടുമ്പന്‍ (ഹിഡുംബന്‍) എന്ന അസുരന്റെ സഹായം തേടി. ഇടുമ്പന്‍ അനായാസേന രണ്ട് പര്‍വ്വതങ്ങളെ പൊക്കിയെടുത്തു. അവയെ ഓരോന്നായി ബ്രഹ്മാവ് നല്കിയ ഒരു ദണ്ഡിന്റെ രണ്ടറ്റത്തായി ഭുമിയിലെ നാഗങ്ങളെ ഉപയോഗിച്ച് ഉറപ്പിച്ചു. പിന്നീട്, മദ്ധ്യം തോളില്‍ വെച്ച് നടപ്പുതുടങ്ങി. കുറെ ദൂരം ചെന്നപ്പോള്‍ ഇടുമ്പന് അല്‍പ്പം ക്ഷീണം തോന്നി. ഭാരം അവിനാന്‍ കുടി എന്നസ്ഥലത്ത് ഇറക്കിവെച്ച് വിശ്രമിച്ചു. പിന്നീട് ദണ്ഡ് ഉയര്‍ത്തുവാന്‍ നോക്കിയപ്പോള്‍ പൊങ്ങുന്നില്ല. ഇടുമ്പന്‍ അമ്പരന്നു. ചുറ്റും നോക്കിയപ്പോള്‍ അതികോമളനായ ഒരു കുമാരന്‍ കൌപീനധാരനായി വലതു കൈയ്യില്‍ ഒരു ദണ്ഡുമായി ‍‍‌‌കൂസലില്ലാതെ അവിടെ നില്‍ക്കുന്നു. ഇടുമ്പന്‍ ദേഷ്യത്തോടുകൂടി അവനെ ആക്രമിക്കുവാന്‍ ഒരുമ്പെട്ടു. ദ്വന്ദയുദ്ധത്തില്‍ ഇടുമ്പന്‍ പരാജിതനായി മരിച്ചു വീണു. അവിടെ ഓടിയെത്തിയ അഗസ്ത്യമുനി കുമാരന്‍ ബാലസുബ്രഹ്മണ്യനാണെന്ന് തിരിച്ചറിഞ്ഞു. ഇടുമ്പനെ മുനി പുനരുജ്ജീവിപ്പിച്ചു. കുമാരന്‍ ആരാണെന്ന് മനസ്സിലായപ്പോള്‍ സുബ്രഹ്മണ്യ ഭക്തനായ ഇടുമ്പന്‍ ക്ഷമായാചനം ചെയ്തു. ഇടുമ്പന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതനായ ബാലസുബ്രഹ്മണ്യന്‍ രണ്ടു വരങ്ങള്‍ ഇടുമ്പന് നല്‍കി: 1. സുബ്രഹ്മണ്യന്റെ ആസ്ഥാനത്ത് ദ്വാരപാലകനാകാനുള്ള അവകാശം. 2. സ്വാമി ദര്‍ശനത്തിന് വ്രത ശുദ്ധിയോടെ കാവടി (കാവി + ആടി) യുമായി എത്തുന്ന എല്ലാ ഭക്തര്‍ക്കും സ്വാമിയുടെ അനുഗ്രഹം. ഈ രണ്ടു വരങ്ങള്‍ നേടി സന്തുഷ്ടനായ ഇടുമ്പന്‍ ഒരു മല മാത്രം തോളില്‍ വെച്ച് ദക്ഷിണഭാഗത്തേക്ക് യാത്രയായി. ആ മല പിന്നീട് സ്വാമിമല എന്ന് അറിയപ്പെട്ടു. ബാലസുബ്രഹ്മണ്യനാകട്ടെ ആ മലമുകളില്‍ ധ്യാനനിരതനായി. അവിടെയാണ് പഴനി ദണ്ഡായുധപാണിസ്വാമി ക്ഷേത്രം പണിതിരിക്കുന്നത്. പഴനി മല പകുതി കയറുമ്പോള്‍ തന്നെ ദ്വാരപാലകനായ ഇടുമ്പനെ കാണാം. ഇടുമ്പന്‍ രണ്ടു മലകള്‍ തോളില്‍ ചുമന്നതിന്റെ സങ്കല്‍പ്പമാണ് കാവടിയുടെ പിന്നിലുള്ളത്. നെയ്യ്, പാല്‍, തേന്‍, മഞ്ഞള്‍, നല്ലെണ്ണ, അരി, അരിപ്പൊടി, ശര്‍ക്കര, പഞ്ചസാര, കല്‍ക്കണ്ടം, പഴം, പുഷ്പം തുടങ്ങിയ സാധനങ്ങളാണ് കാവടിയുടെ രണ്ടറ്റത്തും തൂക്കി ഭക്തര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്.

പഴനി എന്ന പേര്‍ എങ്ങനെ വന്നു? ഇതിന്റെ ഉത്തരം മേലുദ്ധരിച്ച അഗസ്ത്യമുനിയുടെയും ഇടുമ്പന്റെയും ബാലസുബ്രഹ്മണ്യന്റെയും പാർവതീപരമേശ്വരന്മാരുടെയും കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഒരു നാള്‍ മഹാദേവനും, പാര്‍വ്വതിയും, വിനായകനും, സുബ്രഹ്മണ്യനും അടങ്ങുന്ന സന്തുഷ്ട കുടുംബo കൈലാസത്തില്‍ പാര്‍ത്തുവരുമ്പോള്‍ നാരദമുനി അവിടെയെത്തി. അദ്ദേഹം ഒരു വിശിഷ്ട പഴം (മാതളo / മാമ്പഴം?) മഹാദേവന് സമ്മാനിച്ചു. മഹാദേവന്‍ അത് പ്രിയതമയായ പാര്‍വ്വതിയെ ഏല്‍പ്പിച്ചു. പാര്‍വ്വതിയാകട്ടെ അത് രണ്ടായി പകുത്ത് മക്കള്‍ക്ക് നല്‍കുവാന്‍ തുനിഞ്ഞു. നാരദന്‍ അപ്പോള്‍ ചാടിവീണ്, ആ വിശിഷ്ട പഴം മുറിച്ചാല്‍ അതിന്‍റെ ഗുണം നഷ്ടപ്പെടുമെന്നുപറഞ്ഞ് ഉമയെ ആ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിച്ചു. രണ്ടു മക്കളില്‍ പഴം ആര്‍ക്കാണെന്ന ആശയക്കുഴപ്പം ഒഴിവാക്കുവാന്‍ മഹാദേവനും ഉമയും ഒരു സൂത്രം പ്രയോഗിച്ചു. അവര്‍ ഇങ്ങനെ പറഞ്ഞു: “ആരാണോ ഭൂമിക്ക് വലം വെച്ച് ആദ്യം എത്തുന്നത് ആ ആള്‍ക്ക് പഴം കിട്ടും”. രണ്ടു പേരും ആ തീരുമാനം അംഗീകരിച്ചു. ബാലസുബ്രഹ്മണ്യന്‍ മയില്‍വാഹനത്തില്‍ അതിവേഗം കയറി ധരണിക്ക് ചുറ്റും വട്ടമിട്ട് പറന്നു തുടങ്ങി. വിജയഭാവത്തില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. വിനായകനിരുന്ന് ശാന്തനായി പഴം കഴിക്കുന്നു!

മയിലിനേക്കാള്‍ വേഗത ചുണ്ടെലിക്കുണ്ടോ? എന്താണുണ്ടായത്? “ശിവനും ശക്തിയുമായ മാതാപിതാക്കളാണ് എന്റെ വര്‍ത്തമാനവും ഭൂതവും ഭാവിയും. നിങ്ങളാണെന്റെ ലോകം” എന്ന് അവരോടു പറഞ്ഞ് ഗണപതി അവര്‍ക്ക് മൂന്നു വലം വെച്ചു. പുത്രന്റെ പ്രായോഗിക പരിജ്ഞാനത്തില്‍ സന്തുഷ്ടരായ മഹാദേവനും ഉമയും പഴം അവന് നല്‍കുകയാണുണ്ടായത്. വിയര്‍ത്തൊലിച്ച് ഉലകം ചുറ്റി തിരിച്ചെത്തിയ ബാലസുബ്രഹ്മണ്യന്, പഴം നഷ്ടപ്പെട്ടതിന്‍റെ കുണ്ഡിതവും കോപവും അടക്കാനായില്ല. സുഖ സൌകര്യങ്ങളെല്ലാം അവിടെ തന്നെ ഉപേക്ഷിച്ച് കൌപീനധാരിയായായി ഒരു സന്യാസിയെപ്പോലെ കൈലാസത്തില്‍ നിന്നും ഒരു കൊടുങ്കാറ്റു പോലെ ഇറങ്ങിപ്പോയി. ലക്ഷ്യമില്ലാതെ ചുറ്റിക്കറങ്ങി. ഒടുവില്‍ അവിനാന്‍ കുടി എന്ന സ്ഥലത്തു് നിലയുറപ്പിച്ചു. മഹാദേവനും ഉമയും അവിടെയെത്തി കാര്‍ത്തികേയനെ സമാശ്വസിപ്പിച്ചു. അവര്‍ പറഞ്ഞു: ‘പഴം നീ’.’ നീ ‘ജ്ഞാനപ്പഴം; അറിവിന്‍റെ കേദാരം. പിന്നെ വേറെ പഴം നിനക്കെന്തിനാണ്?” അന്നു മുതല്‍ രണ്ടു മലകള്‍ ഉള്‍ക്കൊള്ളുന്ന ആ സ്ഥലം ‘‘പഴം നീ’ പഴനിയായി.

ഇവരെല്ലാം തന്നെ കഥാപാത്രങ്ങളാകുന്ന അല്‍പ്പം വ്യത്യസ്തമായ ഒരു വ്യാഖ്യാനം കൂടി പ്രചാരത്തിലുണ്ട്. ഉത്തര ഭാഗത്ത്‌ ഹിമാലയ സാനുക്കളില്‍ കൈലാസത്തിനടുത്ത് ഒരിക്കല്‍ അഗസ്ത്യമുനി കഠിനമായ തപസ്സുതുടങ്ങി. ഒരു ദിവസം ശിവനും പാര്‍വ്വതിയും ശിവഗിരി ശക്തിഗിരി എന്നിങ്ങനെ അടുത്തടുത്തായി കിടക്കുന്ന രണ്ട് പര്‍വ്വതങ്ങളുടെ തു‌‌‍‌‌‍ഞ്ചത്ത്‌ പ്രത്യക്ഷപ്പെട്ട് അഗസ്ത്യമുനിക്ക് ദര്‍ശനം നല്‍കി. അഗസ്ത്യമുനി ഇവരുടെ സാന്നിധ്യം കൊണ്ട് പാവനമായ ആ രണ്ടു മലകളും തന്‍റെ ആശ്രമത്തിനടുത്ത് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. മഹാദേവന്‍ സസന്തോഷം സമ്മതിച്ചു. തന്റെ ശിഷ്യനായ ഇടുമ്പനെ ഇരുമലകളും ദക്ഷിണ ഭാഗത്തുള്ള അഗസ്ത്യകൂടത്തില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇരുമലകളെയും ഒരു ദണ്ഡിന്‍റെ രണ്ടറ്റത്തായി ഉരഗങ്ങള്‍ കൊണ്ടു ബന്ധിച്ച് കാവടിയാക്കി മദ്ധ്യം തോളില്‍വെച്ച് ഇടുമ്പന്‍ നടപ്പുതുടങ്ങി. കുറെ ദൂരം പിന്നിട്ടപ്പോള്‍ അല്‍പ്പം വിശ്രമിക്കാനിരുന്നു. അപ്പോഴാണ്‌ പഴത്തെ ചൊല്ലി കലഹിച്ച് ബാലസുബ്രഹ്മണ്യന്‍ അവിടെയെത്തിയത്. ഭൌതിക സുഖങ്ങളെല്ലാം ഉപേക്ഷിച്ച് ബാലസുബ്രഹ്മണ്യന്‍ കുടിയിരുന്ന മലയാണ് പഴനി.

പില്‍ക്കാലത്ത് പഴനി ദണ്‍ഡായുധപാണിക്ഷേത്രം കാനന വൃക്ഷലതാദികളാല്‍മൂടിപ്പോയി. വര്‍ഷങ്ങള്‍ക്കുശേഷം 11-)o ശതകത്തില്‍ ചേരമാന്‍ പെരുമാള്‍ ആ ഭാഗത്ത് വേട്ടക്കു ചെന്നപ്പോള്‍ ബാലസുബ്രഹ്മണ്യന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടുവത്രെ. സ്വാമി ആഗ്രഹിച്ചതുപോലെ ചേരമാന്‍ പെരുമാള്‍ വളരെ പണിപ്പെട്ട് പ്രതിഷ്ഠ കണ്ടെടുത്ത് അവിടെ ഒരു ക്ഷേത്രം പണിതു. പിന്നീട്, ചോള പാണ്ഡ്യന്‍മാര്‍ ശ്രീകോവിലിനുമുകളില്‍ ഗോപുരവും, ചുറ്റമ്പലവും പണിതു. ക്ഷേത്രത്തിന്‍റെ ദര്‍ശനം പശ്ചിമദിശയിലേക്കാണ്. അതായത്, ബാലസുബ്രഹ്മണ്യന്‍റെ ദൃഷ്ടിയും ജാഗ്രതയും പശ്ചിമഭാഗത്തുള്ള കേരളത്തിലേക്കുമുണ്ട് എന്നു വ്യാഖ്യാനിക്കാo. അതുകൊണ്ടും ചേരമാന്‍ പെരുമാളുമായുള്ള ബന്ധം കൊണ്ടുo ആയിരിക്കാം കേരളീയര്‍ ഇവിടെ കൂടുതലായി എത്തുന്നത്. കുഞ്ഞിന്‍റെ ആദ്യത്തെ മുടി മുറിക്കുന്നതിനും ചോറൂണിനും മറ്റുമായി കേരളത്തില്‍നിന്നും ഭക്തര്‍ ഇവിടെ എത്തുന്നു. ബാലസുബ്രഹ്മണ്യന്‍ അടയാഭരണങ്ങളും സുഖസൌകര്യങ്ങളും ത്യജിച്ചത്തിന്‍റെ ഓര്‍മ്മയ്ക്കായി സ്ത്രീപുരുഷഭേദമന്യേ നാനാഭാഗത്തുനിന്നും ആബാലവൃദ്ധo ജനങ്ങള്‍ വ്രതമെടുത്ത് കാവി വസ്ത്രമുടുത്ത് കഴുത്തില്‍ രുദ്രാക്ഷ മാലയണിഞ്ഞു് തോളില്‍ കാവടിയേന്തി നഗ്നപാദരായി പഴനിയില്‍പോയി തല മുണ്ഡനം ചെയ്യുന്നതിനും ചന്ദനവും വിഭൂതിയും തലയിലും നെറ്റിയിലും വാരിപ്പൂശുന്നതിനും വഴിപാടുകള്‍ നേരുന്നു.  പണ്ടൊക്കെ ഇരുകവിളുകളിലും നാക്കിലുമൊക്കെ ശൂലം കുത്തി  കാവടി ആടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.     യാത്രയ്ക്കുമുമ്പായി പിച്ചയെടുക്കുന്ന പതിവുമുണ്ട്.

തമിഴ് കലണ്ടര്‍ പ്രകാരം തൈ (ജനുവരി- ഫെബ്രുവരി) മാസത്തിലെ പൌര്‍ണ്ണമി നാളില്‍ തൈപ്പൂയം, പൈങ്കുനി (ഏപ്രില്‍- മെയ്) മാസത്തില്‍ ഉത്രം, വൈഖാശി (ജൂണ്‍- ജുലായ്) മാസത്തില്‍ വിശാഖം തുടങ്ങിയവ ആഘോഷങ്ങളാണ്. തൈപ്പൂയം വളരെ വിശിഷ്ടമാണ്. അന്നാണ് മാതാവായ പാവ്വതീദേവി ദേവസേനാപതിയായി അവരോധിക്കപ്പെട്ട തന്റെ പുത്രന് വേല്‍ (ശൂലം) ശൂരപത്മന്‍ എന്ന അസുരനെ നേരിടുന്നതിനായി സമ്മാനിക്കുന്നത്. ത്രിമൂര്‍ത്തികള്‍ക്കു പോലും കീഴ്പ്പെടുത്തുവാന്‍ പറ്റാത്തത്ര അസാമാന്യ ശക്തി ശൂരപത്മന് മഹാദേവനില്‍നിന്നും വരമായി കിട്ടിയിരുന്നു. ആ ഗര്‍വ്വില്‍ ദേവന്മാരെയും മനുഷ്യരെയും ഉപദ്രവിക്കുക എന്നത് ഒരു ശീലമാക്കി മാറ്റിയിരുന്നു. ദേവന്മാര്‍ ശിവനെക്കണ്ട് സങ്കടം ബോധിപ്പിച്ചു. ശിവന്റെ തൃക്കണ്ണില്‍നിന്നും തീപ്പൊരി ഉതിര്‍ന്നു. അത് അഗ്നിയായി ജ്വലിച്ചു. വായു ഭഗവാന്‍ അതിനെ വേഗം ഗംഗയിലേക്ക് തള്ളിയിട്ടു. അത് ആറു് കഷണങ്ങളായി ചിതറി. ഒഴുക്കില്‍പെട്ട് ഇവയെല്ലാം ശരവണ പൊയ്കയില്‍ എത്തിച്ചേര്‍ന്നു. ആറ് തുണ്ടുകളും ആറുകുഞ്ഞുങ്ങളായി രൂപാന്തരപ്പെട്ടു. മഹര്‍ഷിമാരുടെ നക്ഷത്രങ്ങളായ പത്നിമാര്‍ അവരെ സംരക്ഷിച്ചു. പാര്‍വതീദേവി ഈ വിവരം അറിഞ്ഞു. അവര്‍ ആറ് കുഞ്ഞുങ്ങളെയും സ്വന്തം കരവലയത്തിലാക്കി മാറോടണച്ചു. ഒരു അത്ഭുതം നടന്നു. ആറ് തലകളുള്ള തേജസ്സുള്ള പിഞ്ചോമന പാര്‍വ്വതീദേവിയുടെ കയ്യില്‍! അറുമുഖന്‍, ഷണ്മുഖന്‍ പിറന്നു.

ഇതെല്ലാം ഓര്‍ത്തെടുത്തുകൊണ്ടിരുന്നതിനാലാവാം മല ഇറങ്ങി നിരത്തിലെത്തിയത് അറിഞ്ഞതേയില്ല. രാത്രി പേശി കോച്ചലോ കാല് വേദനയോ ഒക്കെ ഉണ്ടാവുമെന്ന് ഉറപ്പിച്ചാണ് കിടന്നത്. പക്ഷേ, ഒന്നും സംഭവിച്ചില്ല. ശാന്തമായി ഉറങ്ങി. ഇന്നും മല കേറാനുള്ള ഊര്‍ജ്ജം എവിടെനിന്നു കിട്ടി എന്നതോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു. പഴനി ആണ്ടവറുടെ ശക്തി എന്നല്ലാതെ എന്തു പറയുവാന്‍. മുരുകന്റെ കൃപാകടാക്ഷങ്ങളുണ്ടായാല്‍ വീണ്ടും ഒരിക്കല്‍ കൂടി പഴനിയില്‍ പോകണം; ദര്‍ശനം നടത്തണം; ചുറ്റുപാടും ശരിയായി കാണണം. ഇതുപോലത്തെ അനുഭവം തന്നെയാവാം വീണ്ടും വീണ്ടും പഴനിയില്‍ പോകുവാന്‍ ഭക്തരെ പ്രേരിപ്പിക്കുന്നത്.

Adi Sankara said: “My eyes should feast on your elegance and beauty, my ears should hear your songs, my tongue should utter your glory and my hands and heart should continuously engage in your service”.

മേരി സത്യദാസ് മാഡത്തിന് എന്റെ ആദരാഞ്ജലികള്‍

(ഓർമ്മ ചെപ്പേടില്‍നിന്നും അടര്‍ത്തിയെടുത്തത്)


2016 ഡിസംബർ 28 ലെ മാതൃഭൂമി ദിനപത്രത്തില്‍ ചരമം എന്ന് ശീര്‍ഷകം നല്കിയിട്ടുള്ള പേജിലെ ആള്‍ക്കൂട്ടത്തിനിടയില്‍ എന്റെ ജീവിതത്തില്‍ ഒരുപാട് വഴിത്തിരിവുകള്‍ക്കിടയാക്കിയ  ഒരു വ്യക്തിയുടെ ചരമക്കുറിപ്പും അവരുടെ ചിത്രവുമുണ്ടായിരുന്നു.  അവര്‍ എന്റെ  സുഹൃത്തായിരുന്നു; അഭ്യുദയകാംക്ഷിയായിരുന്നു. ഞാന്‍ ആദരവോടെ ഓര്‍ക്കുന്ന ആ മഹതി കേരളത്തിലെ ആദ്യത്തെ (1957) കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി, പ്രഭാഷകന്‍, നിരൂപകന്‍, കഥാകൃത്ത്, വിദ്യാഭ്യാസചിന്തകന്‍ എന്നീ മേഖലകളില്‍ പ്രശസ്തനുമായിരുന്ന പ്രൊഫസ്സര്‍ ജോസഫ് മുണ്ടശ്ശേരിയുടെ മകളും, കോട്ടയം മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ പ്രൊഫസ്സറായിരുന്ന ഡോ. സത്യദാസിന്റെ ഭാര്യയും, അവിടത്തെ ഫാര്‍മകോളോജി വിഭാഗം മേധാവിയും ആയിരുന്ന ഡോ. പ്രൊഫ. മേരി ജോസഫ് എന്ന മേരി സത്യദാസ് ആയിരുന്നു. അവരുടെ ജോലിയിലുള്ള അര്‍പ്പണമനോഭാവം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.

1969 ഫെബ്രുവരി 5 ന് ആയിടെ എം ബി ബി എസ് പരീക്ഷ പാസായതിനുശേഷമുള്ള ഒരു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഞാന്‍ ആലപ്പുഴയിലെ ടി ഡി (തിരുമല ദേവസ്വം) മെഡിക്കല്‍ കോളേജിലെ  ഫാര്‍മക്കോളോജി വിഭാഗത്തില്‍ ട്യൂടര്‍ തസ്തികയില്‍ ജോലിക്ക് പ്രവേശിച്ചു. പ്രൊമോഷന്‍ കിട്ടണമെങ്കില്‍ ഫാര്‍മക്കോളോജിയില്‍ ഉന്നത ബിരുദം (എം ഡി) എടുക്കണം. തന്നിഷ്ട പ്രകാരം ഒരു മലയാളിയെ  വിവാഹം കഴിച്ചതുകൊണ്ടു ബന്ധുബലവും സാമ്പത്തികവും വലിയ വെല്ലുവിളികള്‍ തന്നെയായിരുന്നു. പോരാത്തതിന്, കഷ്ടിച്ച് ഒന്നര വയസ്സുമാത്രമുള്ള ഒരു മകളും. ഭര്‍ത്താവ് കുടുംബഭാരം മുഴുവനും ഏറ്റെടുക്കാം എന്നു നല്ല മനസ്സോടെ സമ്മതിച്ചതുകൊണ്ടുമാത്രമാണ്  ഞാന്‍ ഫാര്‍മക്കോളോജി എം ഡിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്.  1971-ല്‍  ട്രിവാന്‍ഡ്രo (തിരുവനന്തപുരം) മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന് ഫാര്‍മക്കോളോജിയില്‍   ഉന്നതബിരുദം നേടുന്നതിനായി ഞാനന്ന് ജോലിചെയ്തിരുന്ന ടി ഡി മെഡിക്കല്‍ കോളേജില്‍ രണ്ടു വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്കി. അപ്പോള്‍  അതിനു കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു: “ആര്‍ജ്ജിത അവധിയുള്‍പ്പെടെ എല്ലാം അനുവദിച്ചു തരാം; നിങ്ങളുടെ അപേക്ഷ സര്‍ക്കാരിലേക്ക് അയക്കുകയും ചെയ്യാം. തിരിച്ചു വരുമ്പോഴത്തെ സ്ഥിതി എന്താണെന്ന് ഇപ്പോള്‍ പറയുക വയ്യ”. എന്തായാലും പഠനം തുടരുവാന്‍ തന്നെ തീരുമാനിച്ചു.

ആലപ്പുഴയിലെ ടി ഡി (തിരുമല ദേവസ്വം) മെഡിക്കല്‍ കോളേജ് 1963-ല്‍ സ്വാശ്രയ കോളേജ് ആയിട്ടാണ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത് എന്നറിയുമ്പോള്‍ പലര്‍ക്കും അവിശ്വസനീയമായി തോന്നാനിടയുണ്ട്. തലവരി പണം സ്വീകരിക്കുന്നതിനെതിരെ കേരള സര്‍വ്വകലാശാല നിലപാടെടുത്തപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടിലായ തിരുമല ദേവസ്വത്തിന് കോളേജ് നടത്തിക്കൊണ്ടുപോകുവാന്‍ പറ്റാത്ത അവസ്ഥ വന്നു. 1967-ല്‍ 5 വര്‍ഷത്തേക്ക്  ഈ കോളേജ് സർക്കാര്‍ ഏറ്റെടുത്തു. അന്ന് മുതല്‍ കോളേജും ജീവനക്കാരും അര്‍ദ്ധസര്‍ക്കാര്‍ എന്ന നിര്‍വചനത്തില്‍ പെട്ടു.  5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായപ്പോള്‍   തിരുമല ദേവസ്വത്തിന് കോളേജ് തിരിച്ചെടുക്കുവാനായില്ല. അങ്ങനെ,   1972 ഒക്ടോബര്‍ മാസത്തില്‍ കോളേജ്  പൂര്‍ണ്ണമായും സര്‍ക്കാരിന്റെ അധീനതയിലായി.

1973 ഒടുവില്‍  ഞാന്‍  തിരിച്ചെത്തിയപ്പോള്‍ അര്‍ഹതപ്പെട്ട  അവധി കഴിഞ്ഞുള്ള സമയം പഠനാവശ്യത്തിലേക്ക് വേതനമില്ലാത്ത അവധി എന്നാക്കി തന്നു. ഓപ്ഷന്‍ കൊടുത്ത്   ഞാനും സര്‍ക്കാര്‍ ജീവനക്കാരിയായി.  1974 ജൂണ്‍ മാസത്തില്‍ എം‌ ഡി ബിരുദം നേടിയ  ഞാന്‍ പ്രമോഷന്‍ സ്വപ്നവുമായി  നടക്കുമ്പോള്‍ ഒരു ദാരുണ സത്യം മനസ്സിലാക്കി:  “ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ തസ്തികയില്ല.  പുതിയ തസ്തിക സൃഷ്ടിക്കപ്പെടണം അല്ലെങ്കില്‍ സ്വാധീനം ഉപയോഗിച്ച് ഏതെങ്കിലും വിഭാഗത്തില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികയില്‍ താല്‍ക്കാലികമായി നിയമനം തേടി ഫാര്‍മക്കോളോജിയില്‍ ജോലി ചെയ്യണം”.   രണ്ടും എന്നെക്കൊണ്ടു അസാധ്യമായ കാര്യങ്ങള്‍. ബന്ധു ബലവും രാഷ്ട്രീയ സ്വാധീനവും അധികസമ്പത്തുമില്ലാതെ കുടുംബ പ്രാരാബ്ദങ്ങള്‍ക്കു മാത്രം യാതൊരു കുറവുമില്ലാതിരുന്ന ഞാന്‍ നിരാശയുടെ പടുകുഴിയില്‍ വീണു. എന്നിട്ടും, ഒരു തസ്തിക അനുവദിച്ചു കിട്ടുന്നതിനുവേണ്ടി ഞാന്‍ ധാരാളം നിവേദനങ്ങള്‍ ആരോഗ്യ വകുപ്പിലെ മേലധികാരികള്‍ക്കയച്ചു. തിരുവനന്തപുരത്ത് പല തവണ പോകുകയും എന്റെ സങ്കടം അറിയിക്കുകയും ചെയ്തു. പോകുക എന്നു പറഞ്ഞാല്‍ വളരെ പ്രയാസമേറിയ കാര്യമായിരുന്നു. തനിച്ചു പോകുവാന്‍ പറ്റില്ല. അതിരാവിലെ  നാലുമണിക്കുള്ള ബസില്‍ പോയാല്‍ മാത്രമെ അന്ന് തന്നെ തിരിച്ചെത്തുവാന്‍ സാധിക്കുകയുള്ളു. ബസ് സ്റ്റോപ്പില്‍ ആ സമയത്ത് എത്തിപ്പറ്റാന്‍ അതിലേറെ പ്രയാസം. ആകപ്പാടെ സെക്രട്ടേറിയട്ടില്‍ ധനകാര്യ വകുപ്പുമേധാവിയുടെ സെക്രട്ടറിയെ  മാത്രമായിരുന്നു എനിക്ക്  പരിചയം. അവര്‍ മുഖാന്തിരമാണ് ആരോഗ്യവകുപ്പില്‍ തന്നെ  കേറിപ്പറ്റിയിരുന്നത്. എന്നിട്ടുള്ള അവസ്ഥയോ, ഇങ്ങനെ: “സെക്ഷനില്‍ ആളുള്ള സമയം തന്നെ കുറവ്; ഉണ്ടെങ്കിലോ എന്റെ നിവേദനം അവിടെയൊന്നും കണ്ടു കിട്ടുകയില്ല; അല്ലെങ്കില്‍ ഒഴുക്കന്‍ മട്ടില്‍ എന്തെങ്കിലും എഴുതി മേലോട്ടു വിട്ടു കാണും. ചന്തക്ക് പോയി ഒന്നും കിട്ടാതെ മടങ്ങിയ  ശ്വാനനെ  പോലെ തിരിച്ചു വരും.”  സെക്രട്ടേറിയറ്റ് നിരങ്ങലില്‍നിന്നും ഞാനൊരു പാഠം പഠിച്ചു; അല്ല തീരുമാനമെടുത്തു എന്നു പറയുന്നതാവും കൂടുതല്‍ ശരി: “സര്‍ക്കാരിന്റെ ശമ്പളം പറ്റി, പണി എടുക്കാതെ, ശരിയായ  തീരുമാനങ്ങളെടുക്കാതെ, ഒളിച്ചുകളി നടത്തുന്ന,  കടമകളെക്കുറിച്ച് ബോധപൂറ്വ്വം വിസ്മരിച്ച് സംഘബലത്തില്‍ അവകാശങ്ങള്‍  നേടിയെടുക്കുന്ന ഒരു വ്യക്തിയായി  ഞാന്‍ മാറുകയില്ല.”

‘ടൂടര്‍ എമിററ്റസ്’ എന്നു സ്വയം വിശേഷിപ്പിച്ചു ഖിന്നയായി നടക്കുമ്പോള്‍  ഒരു നാള്‍ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു: “ഡോ. മേരി ജോസഫ് രാജിവെച്ചു സര്‍വീസില്‍ നിന്നും പിരിഞ്ഞു പോയതുമൂലം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഫാര്‍മകോളോജി വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസ്സരുടെ   ഒരു ഒഴിവുവന്നിരിക്കുന്നു”. ഞാന്‍ തിരക്കിട്ട് അപേക്ഷ സമര്‍പ്പിച്ചു കാത്തിരുന്നു. കുറെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു വിവരം കേട്ടു: “എന്നെക്കാള്‍ ഒരു വർഷം ജൂനിയര്‍ ആയ വ്യക്തിക്കു നിയമനം നല്കിയിരിക്കുന്നു. ഞാന്‍ ടി ഡി മെഡിക്കല്‍ കോളേജ് സ്റ്റാഫ് ആയിരുന്നതുകൊണ്ടാണത്രെ എന്റെ  അപേക്ഷ പരിഗണിക്കപ്പെടാതിരുന്നത്.” എനിക്കു ഒരിക്കലും പ്രൊമോഷന്‍ കിട്ടുകയില്ല എന്ന യാഥാര്‍ഥ്യം എന്നെ വേട്ടയാടി; എന്റെ രാവുകള്‍ ദു:സ്വപ്നങ്ങള്‍ നിറഞ്ഞതായി. എന്നിട്ടും പിന്‍വാങ്ങുവാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.  ഞാന്‍ അവരുടെ  ബയോഡാറ്റ മനസ്സിലാക്കുവാന്‍ ശ്രമം തുടങ്ങി: “ചങ്ങനാശ്ശേരിയിലെ സമ്പന്ന കുടുംബത്തിലെ അംഗം; ടി ഡി മെഡിക്കല്‍ കോളേജിലില്‍നിന്നും എം ബി ബി എസ് ബിരുദം; തിരുവനന്തപുരത്ത്  പി എസ് സി വഴി ടൂടര്‍  ആയി നിയമനം; എം ഡി ക്കു എന്റെ ഒരു വർഷം ജൂനിയര്‍”.   പി എസ് സി വഴി ടൂടര്‍  ആയി ചേര്‍ന്നതുകൊണ്ടു അതുയര്‍ത്തിപ്പിടിച്ചായിരിക്കണം  അവര്‍ എനിക്കെതിരെ കരു നീക്കിയത് എന്നു ഞാന്‍ വിശ്വസിച്ചു. പക്ഷെ, ഒരു കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടു:  “അസിസ്റ്റന്‍റ് പ്രൊഫസ്സറുടെ ഒഴിവ് പ്രഖ്യാപിച്ച ദിവസം അവര്‍ എം ഡി പരീക്ഷ എഴുതിക്കഴിഞ്ഞിരുന്നുവെങ്കിലും പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നില്ല.” ഈ വിവരം ഉയര്‍ത്തിപ്പിടിച്ച്, എനിക്കാണ് പ്രൊമോഷന്‍ യോഗ്യത    എന്നു  ഘോഷിച്ച്,  ഞാന്‍  വീണ്ടും വീണ്ടും  നിവേദനങ്ങള്‍ സമര്‍പ്പിച്ചു. ഒന്നിനും ഒരു  മറുപടി പോലും കിട്ടിയില്ല. ഒടുവില്‍, സാമ്പത്തിക ഭദ്രതയില്ലാതിരിന്നിട്ടുകൂടി ഞാന്‍ എന്നോടു കാണിക്കുന്ന നീതി നിഷേധത്തിനെതിരെ കോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചു. അയല്‍ക്കാരനായിരുന്ന സുഹൃത്ത് എന്നെ സഹായിക്കുവാന്‍ മുന്നോട്ട് വന്നു. (ഇന്നും രണ്ടു കുടുംബക്കാരും സുഹൃത്ത് ബന്ധം നില നിർത്തുന്നു). അദ്ദേഹം എറണാകുളത്ത്  ഒപ്പം വന്ന് വളരെ പ്രസിദ്ധനായ ഒരു ക്രിമിനല്‍ അഭിഭാഷകനെ പരിചയപ്പെടുത്തി തന്നു. അഭിഭാഷകനാകട്ടെ ഫീസ് വാങ്ങാതെ കേസ് ഏറ്റെടുത്തു നടത്തി. മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ഇടയ്ക്കിടക്ക് കേസിന്റെ പുരോഗതി ഞാന്‍ അഭിഭാഷകനെ വിളിച്ച് അന്വേഷിക്കുമായിരുന്നു. അപ്രതീക്ഷിതമായിട്ടൊരിക്കല്‍ മറുപടി കിട്ടി: “വിധി വന്നിട്ടുണ്ട്.” എറണാകുളത്ത് ചെന്ന് പകര്‍പ്പ് വാങ്ങി അതിവേഗം തിരുവനന്തപുരത്തേക്ക് യാത്രയായി. വിധിയുടെ പകര്‍പ്പ്  അഡീഷണല്‍സെക്രട്ടറിയെ കാണിച്ചു. സെക്രട്ടേറിയേറ്റില്‍ ഞാന്‍  പറയുന്നതു കേള്‍ക്കാന്‍ സന്മനസ്സുകാണിച്ച ഒരേ ഒരു വ്യക്തിയായിരുന്നു അദ്ദേഹം എന്നു പറയുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്.  ഒരാഴ്ചയ്ക്കകം  എനിക്ക്  കോട്ടയം മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസ്സര്‍ ആയി പ്രമോഷന്‍ നല്‍കിക്കൊണ്ടുള്ള  നിയമനോത്തരവു കിട്ടി. മനസ്സ് തുടികൊട്ടി പാട്ട് പാടി.

ഫാര്‍മക്കോളോജി ഡിപ്പാര്‍ട്മെന്‍റില്‍ നിന്നും ആദ്യമായി  അന്യ സംസ്ഥാനത്തുള്ള  ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജിലേക്ക് ജോലിക്കായി പോയത് മേരി സത്യദാസ് മാഡമായിരുന്നു. സത്യദാസ് സാറിന്റെ പെട്ടെന്നുണ്ടായ നിര്യാണംമൂലമുണ്ടായ സാമ്പത്തിക ഞെരുക്കം ഒരു പക്ഷെ കൂടുതല്‍ വേതനം കിട്ടുന്ന ജോലി സ്വീകരിക്കുവാന്‍ അവരെ പ്രേരിപ്പിച്ചതാവാം എന്നു ഞാന്‍ വിശ്വസിക്കുന്നു. അവരുടെ രാജി എന്നെ എങ്ങനെ ബാധിച്ചു എന്നു അവരറിയുവാന്‍ ഇടയില്ല. പിന്നീട്, ബംഗളൂരു, മൈസൂര്‍ തുടങ്ങിയ സര്‍വശാലകള്‍ നടത്തുന്ന മെഡിക്കൽ പരീക്ഷകളില്‍  പുറമേനിന്നുള്ള പരീക്ഷകര്‍ എന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ച്  പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചു വർഷങ്ങള്‍ക്കു മുന്‍പൊരിക്കല്‍ കാനഡായില്‍ താമസിക്കുന്ന എന്റെ സഹോദരീപുത്രി,  മേരി സത്യദാസ് മാഡം അവരുടെ ഒരു മകന്റെ കൂടെ അവരുടെ വീടിന്റെ അടുത്ത് താമസിക്കുന്ന വിവരം എന്നോടു പറഞ്ഞിരുന്നു.

പിതാവിനെപ്പോലെ തന്നെ ആദർശങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്ന ഒരു  വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന മേരി സത്യദാസ് മാഡത്തിന്   എന്റെ ആദരാഞ്ജലികള്‍.

ഒരു പ്രഭാതം – ജാലകപ്പഴുതിലൂടെ

flowerമെല്ലെ കണ്ണുതുറന്ന് ഞാന്‍ ജാലകപ്പഴുതിലൂടെ നോക്കി. പുറത്ത് ഇരുട്ടുതന്നെയാണ്. മഴ ചാറുന്നുമുണ്ട്. സുഖദമായ ശീതളതയില്‍ മുടിപ്പുതച്ച് മഴയുടെ താളശ്രുതിലയങ്ങള്‍ ശ്രവിച്ചുകൊണ്ട് ഉണര്‍ന്നിട്ടും ഉണരാതെ കിടന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ! പിന്നീട്, പതുക്കെ എഴുന്നേറ്റ് ജാലകത്തിരശ്ശീല ചുമരിനോടടുപ്പിച്ച് പശ്ചിമദിക്കിലേക്ക് ദൃഷ്ടി പായിച്ചുകൊണ്ട് കട്ടിലില്‍ തന്നെ അലസമായിട്ടിരുന്നു. തുലാവര്‍ഷത്തിലെ പതിവ് കോലാഹലങ്ങളായ ഇടിയും മിന്നലുമൊന്നുമില്ലാതെ ശാന്തമായി പെയ്തുകൊണ്ടിരുന്ന രാത്രി മഴ പുലരിയിലും തുടരുന്നു. ‘മേഘമേ, നീ ആരെയാണ് പ്രണയിച്ചതിങ്ങനെ കണ്ണുനീര്‍ തൂകുവാന്‍’അര്‍ത്ഥവത്തായ ആ വരികള്‍ ഫേസ്ബുക്കില്‍ വായിച്ചതാണ്. പെയ്തുപെയ്ത് മിഴിനീര്‍ താനെ വറ്റട്ടെ. ആ മിഴിനീര്‍ നമുക്ക് ജീവജലമല്ലെ; കാത്തിരിക്കാം. വാസ്തവത്തില്‍, എത്രയോ ആഴ്ചകളായി ദാഹിക്കുന്ന വേഴാമ്പല്‍ പക്ഷിയെപ്പോലെ വടക്കുകിഴക്ക് മിഴിയും നട്ട് ആകാംക്ഷയോടെ കാത്തിരിപ്പുതുടങ്ങിയിട്ട്. എന്നിട്ടെന്താ, മോഹിപ്പിച്ച് ദാ വന്നു, ദേ പോയി; അത്ര തന്നെ. പേമാരി ചൊരിയട്ടെ; ജലാശയങ്ങള്‍ നിറഞ്ഞുതുളുമ്പട്ടേ; വറ്റിവരണ്ടുവിണ്ടുകിടക്കുന്ന വയലുകള്‍ നനയട്ടെ; നാടിന് സമ്പല്‍സമൃദ്ധിയുണ്ടാകട്ടെ..

കൂരയുടെ മേല്‍ത്തട്ടില്‍നിന്നും ഇറ്റിറ്റായി വീഴുന്ന നീര്‍ത്തുള്ളികള്‍ നോക്കിയിരിക്കെ, ഒരു കാക്ക കരഞ്ഞുകൊണ്ട് എങ്ങോട്ടോ തിരക്കുപിടിച്ച് പറന്നകലുന്നു. ഇടവഴിക്കപ്പുറത്തുള്ള മുന്‍വശത്തെ വീടിന്റെ മുകളില്‍ മേഞ്ഞിരിക്കുന്ന ഓടിനടിയിലെ പൊത്തില്‍നിന്നും ഒരു അണ്ണാന്‍ തലനീട്ടി ചുറ്റും നോക്കി വേഗം ഉള്‍വലിയുന്നു. അയല്‍പക്കത്തുള്ള പവിഴമല്ലിയുടെയും, മന്ദാരത്തിന്റെയും, നന്ത്യാര്‍വട്ടത്തിന്റെയും, പ്ലാവിന്റെയും മണിമരുതിന്റെയും മാവിന്റെയും മരച്ചില്ലകളില്‍ തട്ടി തെറിച്ചു വീഴുന്ന ജലകണങ്ങള്‍ ഭൂമിദേവിയെ നമസ്ക്കരിക്കുവാന്‍ തിരക്കുകൂട്ടുന്നു. ഹരിത വര്‍ണ്ണം വാരിക്കോരി പൂശിയ പത്രങ്ങളാല്‍ സമൃദ്ധമായ മുറ്റത്തെ ജാതിയുടെ നീട്ടിയ കരങ്ങള്‍ പോലെയുള്ള ചില്ലകളില്‍ അങ്ങിങ്ങ് ഇളം പച്ചനിറത്തില്‍ ചെറിയ ഗോളകങ്ങള്‍ പോലെ പല വലിപ്പത്തിലുള്ള കായ്കള്‍ ഞാന്നുകിടക്കുന്നു. കാറ്റൊന്ന് മെല്ലെ വീശുമ്പോള്‍ ഇലകളും ശിഖരാഗ്രങ്ങളും മരം പെയ്തുകൊണ്ട് കുഞ്ഞുങ്ങളെപ്പോലെ ആര്‍ത്തുല്ലസിക്കുന്നു.

വീടിനുമുമ്പിലുള്ള ഇടവഴിയില്‍ മതിലിനോടുചേര്‍ന്നുവളരുന്ന ചെമ്പരത്തികളാകട്ടെ ജാതിയുടെ കമ്പുകള്‍ക്കിടയിലൂടെ നുഴഞ്ഞു കയറി എന്നെ നോക്കൂ എന്ന ഭാവത്തില്‍ മത്സരിച്ച് തല ഉയര്‍ത്തിനില്‍ക്കുന്നു. അവയില്‍ ചുവപ്പും, ഇളം കാവി നിറത്തില്‍ നടുക്കുമാത്രം ചുവപ്പുവൃത്തമുള്ള കുസുമങ്ങളുടെ മൊട്ടുകള്‍ വിരിയാന്‍ വെമ്പല്‍കൊണ്ട് വ്രീളാവിവശരായി പാതിവിരിഞ്ഞുനില്‍ക്കുന്നു. കൂമ്പിനില്‍ക്കുന്ന കുസുമ ദളങ്ങള്‍ക്ക് ഒരു പോറല്‍പോലും നീര്‍മണിമുത്തുകള്‍ ഏല്‍പ്പിച്ചിട്ടില്ല. ഇളം മൊട്ടുകളാകട്ടെ തെല്ലസൂയയോടെ വിടരാനുള്ള മോഹം മറച്ചു വെച്ച് ഊഴം കാത്തിരിക്കുന്നു. കൂടാതെ, ഇന്നലത്തെ മോഹിനികള്‍ പൊലിഞ്ഞ സ്വപ്നങ്ങളുമായി അരങ്ങൊഴിയുവാന്‍ വിസമ്മതിച്ച് ഞെട്ടില്‍ വാടിച്ചുളുങ്ങി തൂങ്ങിക്കിടക്കുന്നു.  ചെമ്പരത്തികളുടെ ഇടയിലൂടെ  എത്തിനോക്കുന്ന ഒരു കൂട്ടര്‍  കൂടിയുണ്ട്.  അമ്മ കറുത്തത്; മോളു വെളുത്തത്; മോക്കടെ മോളൊരു സുന്ദരക്കുട്ടി എന്ന കടം കഥയിലെ താളിയാണത്.  

വീട്ടുവളപ്പിനകത്ത് മതിലില്‍ ചേര്‍ന്നുകിടക്കുന്ന പയറിന്റെ വള്ളികള്‍ എന്നെ വെല്ലുവിളിച്ച് ജാതിയിലേക്കും ചെമ്പരത്തിയിലേക്കും പടരാനുള്ള ശ്രമത്തിലാണ്. താഴെ ഗ്രോബാഗില്‍ വളരുന്ന തക്കാളിച്ചെടികള്‍ ചാഞ്ഞു കിടക്കുന്നു. അറ്റത്ത് മഞ്ഞ നിറത്തില്‍ കുഞ്ഞു നക്ഷത്രലോലാക്കുകള്‍ പോലെ പൂക്കള്‍ വിരിഞ്ഞിരിക്കുന്നു. ചിലതില്‍ ഇളം കായകളും കാണാം. നേര്‍ത്തുനീണ്ട ഇലകളുള്ള ഇഞ്ചിയും നീണ്ട് വീതികൂടിയ ഇലകളുള്ള മഞ്ഞളും തലയെടുപ്പോടെ ഒന്നും സംഭവിക്കാത്ത മട്ടില്‍ അന്തസ്സോടെ നില്ക്കുന്നു. വെളുത്ത കുഞ്ഞുപൂക്കള്‍ പേറിയ മുളകുതൈകളും അതുപോലെ തന്നെ.

ഞാന്‍ ശ്രദ്ധിച്ചു: മഴയില്‍ക്കുതിര്‍ന്ന്‍ പവിഴമല്ലിയുടെ സുഗന്ധം നഷ്ടപ്പെട്ടിരിക്കുന്നു. മുന്‍വശത്തെ വീട്ടിലെ മുറ്റത്തെ മാവ് പൂത്തിട്ടില്ല. പ്ലാവിലാകട്ടെ, ഇടിച്ചക്ക പരുവത്തില്‍ മൂന്നാലെണ്ണം തൂങ്ങിക്കിടപ്പുണ്ട്. ‘വേണമെങ്കില്‍ ചക്ക വേരിലും കായിക്കും’ എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്നതുപോലെ ഈ പ്ലാവിന്റെ ചൊട്ടകള്‍ പൊട്ടുന്നത് തടിയുടെ വളരെ താഴെയായാണ്. ഇടവപ്പാതിയാകുമ്പോള്‍ ഒരു ചക്ക പോലും ബാക്കിയുണ്ടാവില്ല. പ്ലാവിന്റെ ശാഖകള്‍ക്കിടയില്‍ക്കൂടി കാര്‍മേഘാവൃതമായ ആകാശം കാണാം.

ഞാനങ്ങനെ നോക്കിയിരിക്കെ മാനം തെളിഞ്ഞുവന്നു. പൊടുന്നനെ, ആരെയും മോഹിപ്പിക്കുന്ന ആ ദൃശ്യം ഞാന്‍ കണ്‍കുളുര്‍ക്കെ കണ്ടു, ആസ്വദിച്ചു, അനുഭവിച്ചു. പൂര്‍വദിക്കിലുദിച്ച ആദിത്യന്റെ ആദ്യകിരണങ്ങള്‍ ജലകണങ്ങള്‍ക്കുള്ളില്‍ വരഞ്ഞെടുത്ത ഒരു മനോഹര ചിത്രം ഏഴുവര്‍ണ്ണങ്ങളാല്‍ ശോഭിതമായ മാരിവില്ല്. ജാലകപ്പഴുതിലൂടെ ആ വിസ്മയക്കാഴ്ച എറെനേരം നോക്കിയിരുന്നു. അന്നത്തെ പ്രഭാതം ധന്യമായി.

എവിടെയോ വെറുതെ ഒരു നൊമ്പരം

aarumaasam2016 സെപ്തെംബര്‍ 18, ഞായറാഴ്ച, ഞാന്‍ ഉള്‍പ്പെടുന്ന റെസിഡെന്‍ഷിയല്‍ അസ്സോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ നടന്നു. ഞങ്ങളുടേത് താരതമ്യേന ഒരു ചെറിയ കൂട്ടമാണെന്ന് പറയാം. കുറെ വര്‍ഷങ്ങളായിട്ട് അടുത്തുതന്നെയുള്ള അധികം വാടക ഈടാക്കാത്ത ഒരു ആഡിറ്റോറിയത്തിലാണ് ഞങ്ങള്‍ ഓണാഘോഷവും പുതുവര്‍ഷവും സംഘടിപ്പിക്കാറുള്ളത്.

പരിപാടി ചിട്ടപ്പെടുത്തിയിരുന്നതുപ്രകാരം ഞായറാഴ്ച, 2016 സെപ്തംബര്‍ 18 ന് രാവിലെ 9 മണിക്കു തന്നെ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടം ഹാളിലെത്തി. പലരും കത്രികയും കത്തിയും പലകയുമെല്ലാം കയ്യില്‍ കരുതിയിരുന്നു. സെക്രട്ടറി നേരത്തെ തന്നെ പൂക്കള്‍ ഇലകള്‍ തുടങ്ങിയവ ഹാളില്‍ എത്തിച്ചിരുന്നു. കൂടാതെ, നീണ്ട രണ്ടു മേശകളും ചുറ്റും കുറെ കസേരകളും അവിടെ ഇടുകയും ചെയ്തിരുന്നു. മേശമേല്‍ മൊത്തം കടലാസുവിരിച്ച് പൂക്കളും ഇലകളുമെല്ലാം നിരത്തി. ഒരു നറുമണം അവിടെ പറന്നു. ഞാനുള്‍പ്പെടെ കുറേപ്പേര്‍ മേശക്കുചുറ്റുമിരുന്നു. മനോഹരമായി വിടര്‍ന്നിരുന്ന പല നിറങ്ങളിലുള്ള ബെന്തിയും ജമന്തിയും ഞങ്ങള്‍ കൂച്ചിപ്പിടിച്ച് വെട്ടിനുറുക്കി പൊടിരൂപത്തിലാക്കി വെവ്വേറെ വെച്ചു. ചുവന്ന ചീരയിലയും പച്ചചീരയിലയും പ്രത്യേകം അരിഞ്ഞുവെച്ചു. താരതമ്യേന ചെറുപ്പക്കാരായവര്‍ ആ സമയത്ത് ഇടത്തരം വലിപ്പമുള്ള കളം വരച്ചു. ഏതാണ്ട് 11 മണിയോടുകൂടി അഴകുള്ള പൂക്കളം ഒരുങ്ങി. നിലവിളക്കിനുചുറ്റും തുമ്പക്കുടങ്ങളും മുക്കൂറ്റിയും തുളസിക്കതിരുകളും നിരത്തി. ഉച്ചയ്ക്ക് കാണാമെന്ന് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.

12 മണിയോടുകൂടി കുടുംബാംഗങ്ങള്‍ എത്തിത്തുടങ്ങി. കുശലം പറയാന്‍ എല്ലാവര്‍ക്കും കുറെ സമയം കിട്ടി. ഏതാണ്ട് ഒരു മണിയായപ്പോള്‍ എല്ലാവരേയും സാക്ഷിയാക്കി ഓണപ്പൂക്കളത്തിനഭിമുഖമായി സെക്രട്ടറി നിലവിളക്ക് കൊളുത്തി ഞങ്ങളുടെ ഓണപരിപാടികള്‍ അനൌപചാരികമായി ഉത്ഘാടനം ചെയ്തു. ആദ്യത്തെ ഇനം സദ്യയായിരുന്നു. കുട്ടികള്‍, അവരുടെ മാതാപിതാക്കള്‍, മുതിര്‍ന്ന പൌരര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്കി. നാക്കിലയില്‍ തന്നെയാണ് സദ്യ വിളമ്പിയത് എന്ന കാര്യം എടുത്തു പറയട്ടെ. കായ ഉപ്പേരി, ശര്‍ക്കര വരട്ടി, നാരങ്ങാക്കറി, പുളിയിഞ്ചി, വെണ്ടക്ക കിച്ചടി, ഓലന്‍, കാളന്‍, കൂട്ടുകറി, തോരന്‍, അവിയല്‍, പപ്പടം, പഴം, സാമ്പാര്‍, രസം, മോര്, രണ്ടു തരം പായസം, തുടങ്ങിയവയായിരുന്നു വിഭവങ്ങള്‍. അസ്സോസിയേഷന്‍ അംഗങ്ങള്‍ തന്നെയായിരുന്നു വിളമ്പുകാര്‍. സമൃദ്ധമായ ഊണ് കഴിഞ്ഞു. കുറേപ്പേര്‍ വിശ്രമിക്കുവാന്‍ ഗൃഹങ്ങളിലേക്ക് മടങ്ങി. മറ്റുള്ളവര്‍ അവിടെത്തന്നെ തങ്ങി. നാലു വയസ്സുള്ള കുട്ടികള്‍ മുതല്‍ എഴുപത്തിയഞ്ചുകാരായ മുതിര്‍ന്ന പൌരന്‍മാര്‍ വരെ മിഠായി പെറുക്കല്‍, ലെമണ്‍ ആന്‍ഡ് സ്പൂണ്‍, പാസ്സിങ് ദ പാര്‍സല്‍, കസേര കളി തുടങ്ങിയ കളികളിലേര്‍പ്പെട്ട് രസിച്ചു. ഉറിയടി കണ്ട് ഊറി ഊറി ചിരിച്ചു. നാലര മണിയോടെ എല്ലാവരും കളിക്കളം വിട്ടു. പൊതുയോഗവും കലാപരിപാടികളും സന്ധ്യയ്ക്കാണ്.

വൈകുന്നേരം ആറരയോടെ കുടുംബാംഗങ്ങള്‍ വീണ്ടും ഒത്തുകൂടി. സ്ത്രീകളും പരിപാടിയില്‍ പങ്കെടുക്കേണ്ട കുട്ടികളും അണിയറയില്‍ തിരക്കിലായി. ആറേമുക്കാലോടുകൂടി പൊതുയോഗം തുടങ്ങി. പതിവുപോലെ ഈശ്വര പ്രാര്‍ത്ഥനയോടെ നടപടിക്രമങ്ങള്‍ക്ക് തുടക്കമായി. അറിവിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി നിലവിളക്ക് കൊളുത്തി. മാവേലിയെ മനസ്സില്‍ സങ്കല്‍പ്പിച്ച് അദ്ദേഹത്തെ പ്രകീര്‍ത്തിക്കുന്ന സംഘ ഗാനം ആലപിച്ചു. പിന്നീട്, കുറേപ്പേര്‍ ഓണ സന്ദേശങ്ങള്‍ നല്കി. അവയില്‍ എനിക്ക് ശ്രദ്ധേയമായി തോന്നിയ ചിലവ ഇവിടെ ഉദ്ധരിക്കട്ടെ: “അധിക ദിവസങ്ങളിലും പൂക്കളം വൃത്താകൃതിയിലാണ് രൂപപ്പെടുത്തുന്നത്. അത് സമഭാവനയെ സൂചിപ്പിക്കുന്നു. ഓണത്തിനെക്കുറിച്ചുള്ള ഐതിഹ്യം എന്തുമാകട്ടെ, കള്ളവും ചതിയുമില്ലാത്ത സമത്വ സുന്ദരമായ ഐശ്വര്യപൂര്‍ണ്ണമായ ഒരു കാലഘട്ടത്തിന്റെ അല്ലെങ്കില്‍ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ ഓര്‍മ പുതുക്കലാവാം ഓണം. ഓണത്തിനെ മനോഹരമായി ചിത്രീകരിച്ച സ്വന്തം കവിത ചൊല്ലി സദസ്സിനെ കയ്യിലെടുത്ത അനുഭവവുമുണ്ടായി. ഒരു സമ്പന്ന ജന്മി കുടുംബാംഗത്തിന്റെ ഓര്‍മയിങ്ങനെ: ‘ഒന്നാം ഓണo തട്ടീം മുട്ടീം. അതായത് ഉത്രാടപ്പാച്ചിലിനിടയില്‍ സൂത്രത്തിലൊരു സദ്യ; രണ്ടാം ഓണം ഗംഭീരം തിരുവോണ സദ്യ; മൂന്നാം ഓണം മുക്കീം മൂളീം; നാലാം ഓണം നക്കീം തുടച്ചും’. മറ്റൊരംഗം ഇപ്പോഴത്തെ തലമുറയുടെ നിസ്സംഗതയേക്കുറിച്ചും ഒരാഘോഷവും ഉത്സവമാക്കുവാന്‍ താല്‍പ്പര്യമില്ലായ്മയെക്കുറിച്ചോര്‍ത്തു വിലപിച്ചു. പിന്നീട്, കൌമാരക്കാര്‍ എങ്ങനെ സമൂഹത്തിന്റെ ഭാഗമാകണം എന്ന് ഓണാഘോഷത്തെ ആസ്പദമാക്കി ഒരംഗം സംസാരിക്കുകയുണ്ടായി. ‘മാ വേലി’ അതായത് വേലിക്കെട്ടുകള്‍ വേണ്ട എന്ന സന്ദേശമാണ് മറ്റൊരംഗം നല്‍കിയത്.”

ഇനി എന്റെ ഭാഗം കുറച്ചു വിശദമായിതന്നെ പറയട്ടെ. പ്രകൃതിയുടെ ഉത്സവമാണ് ഓണം. കന്നി – തുലാമാസങ്ങളില്‍ ഏത്തനും, കുംഭ മാസത്തെ വെളുത്തവാവിന് ചേനയും നട്ട് മേടമാസത്തില്‍ വിഷു കഴിഞ്ഞ് നെല്ലു വിതച്ചും ഞാറുനട്ടും പരിചരിച്ചുകൊണ്ടിരിക്കുമ്പോള്‍ മാനം കറുത്ത് പേമാരി ചൊരിഞ്ഞുകൊണ്ട് കര്‍ക്കിടകമിങ്ങെത്തും. ഇടയ്ക്ക് പത്തു വെയില് തെളിയുമ്പോള്‍ നടുതലനട്ട് കാത്തിരിപ്പിനൊടുവില്‍ മഞ്ഞ വെളിച്ചം പകരുന്ന പകലുകളും ഏറ്റവും പ്രകാശമുള്ള നിലാവുള്ള രാത്രികളുമായി പൊന്നും ചിങ്ങത്തിന്റെ വരവായി.

ഭൂമിദേവി അങ്ങനെ ഈറനുടുത്ത് സുന്ദരിയായി നില്‍ക്കുമ്പോള്‍ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത ചെടികള്‍ മാത്രം നാം കാണുന്നു. പാടത്ത് വിളഞ്ഞ സുവര്‍ണ്ണ നെല്‍ക്കതിരുകള്‍. കുലകളേന്തിയ വാഴത്തൈകള്‍. നീണ്ടു കിടക്കുന്ന പയര്‍, പടവലം, പീച്ചില്‍, പാവല്‍. സൂര്യനെ നോക്കി ചിരിക്കുന്ന വെണ്ട. എരിവൊളിപ്പിച്ചുവെച്ച മുളക്. താഴെ ഇഴയുന്ന വള്ളികളില്‍ വെള്ളരി, മത്തന്‍, കുമ്പളം. ധരണിയെ ആശ്ലേഷിച്ച് കിടക്കുന്ന അരിപ്പൂക്കള്‍; കുറച്ചുയരത്തില്‍ മഞ്ഞമുക്കൂറ്റി; അതിലുമുയരെ ശ്വേതദളങ്ങളുമായി തുമ്പക്കുടങ്ങള്‍. ദേവ സങ്കല്‍പ്പവുമായി തുളസിക്കതിരുകള്‍. നന്ത്യാര്‍വട്ടം, തെച്ചി, മന്ദാരം, നെല്ലി, കദളി, കൃഷ്ണകിരീടം (ആറുമാസപ്പൂവ്), ശവം നാറി അങ്ങനെ എത്ര എത്ര പൂക്കള്‍. പാറി നടക്കുന്ന പൂമ്പാറ്റകളും തുമ്പികളും. ചിലച്ചു കൊണ്ടിരിക്കുന്ന അണ്ണാനും ചെറുകിളികളും. ഇതൊക്കെ പോരേ പ്രകൃതിക്ക് ചിങ്ങം മുഴുവനും ഉത്സവഛായ നല്കുവാന്‍! നെല്ലറകള്‍ നിറയുന്ന ചിങ്ങ മാസം തന്നെ മാവേലി മന്നനെ വരവേല്‍ക്കുവാന്‍ നാം തിരഞ്ഞെടുത്തതില്‍ അതിശയിക്കാനുണ്ടോ?

ശ്രദ്ധിക്കൂ, ചിങ്ങമാസത്തിലെ ആചാരങ്ങള്‍. ഓണത്തിന്റെ മുന്നോടിയായി കൊയ്ത്തുതുടങ്ങുമ്പോള്‍ ക്ഷേത്രങ്ങളില്‍ ഇല്ലം നിറ വല്ലം നിറ, പുത്തരി നിവേദ്യം തുടങ്ങിയ ചടങ്ങുകള്‍. ജന്മി ഗൃഹങ്ങളിലാകട്ടെ, ആദ്യം അറുത്തെടുത്ത കറ്റകള്‍ ചാണകം മെഴുകി ശുദ്ധമാക്കിയ അങ്കണത്തില്‍ വെച്ച് തലപ്പുലയന്റെ കയ്യില്‍ നിന്നും ഗൃഹനാഥ തെളിക്കുന്ന നിലവിളക്കിന്റെ സാന്നിധ്യത്തില്‍ ഗൃഹനാഥന്‍ ഏറ്റുവാങ്ങി പൂമുഖത്ത് വാതില്‍പ്പടിയില്‍ അല്ലെങ്കില്‍ ഉത്തരത്തില്‍ തൂക്കുന്നു. പിന്നീടാണ് മെതിച്ച നെല്ല് പത്തായത്തില്‍ നിറയ്ക്കുന്നത്. ജന്മി കുടിയാന്‍ ബന്ധം സുദൃഢമാകുന്ന ഒരവസരം കൂടിയാണ് ഓണം. അത്തം പത്തിന് പൊന്നോണം എന്നാണ് പഴമൊഴിയെങ്കിലും അത്തം നാള്‍ മുതല്‍ ഓണമായി എന്ന് പറയാം. ആദ്യദിവസം ചെറിയ വട്ടത്തില്‍ നന്ത്യാര്‍വട്ടവും, മന്ദാരവും, തുമ്പക്കുടവും, തുളസിക്കതിരും കൊണ്ടുള്ള പൂക്കളം. ഓരോദിവസവും വൃത്തം വലുതായ് വരും. അഞ്ചാം നാള്‍ മുതല്‍ വര്‍ണ്ണപകിട്ടുള്ള പുഷ്പങ്ങള്‍ കൂടി ഉപയോഗിച്ച് തുടങ്ങുന്നു. ഏതു പൂ വേണമെങ്കിലും ഉപയോഗിക്കാം. പരിമളം, ആകൃതി, വര്‍ണ്ണം, വലുപ്പം ഒന്നും പ്രശ്നമല്ല. എല്ലാവര്‍ക്കും തുല്യ പരിഗണന, തുല്യ നീതി. അതാണ് ഓണം. ഉത്രാടനാളും തിരുവോണനാളും മാവേലിയെ വരവേല്‍ക്കാനായ് പൂക്കള്‍ വീട്ടിനുപുറത്തും വിതറുന്നു. കൂടാതെ കളിമണ്ണുപയോഗിച്ചുണ്ടാക്കിയ മാവേലിയുടെയും വാമനന്റെയും പ്രതിരൂപങ്ങളും പൂക്കളത്തിനൊപ്പം വെക്കുന്നു. തിരുവോണം നാള്‍ പുലര്‍ച്ചെ ആര്‍പ്പുവിളിയോടെ നിലവിളക്കുകൊളുത്തി മാവേലിയെ സ്വീകരിച്ച് പൂവട നിവേദിക്കുന്നു. പിന്നീടാണ് സസ്യലതാദികളില്‍ നിന്നും സമാഹരിച്ച ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ സമൃദ്ധമായ ഓണ സദ്യ. ചിലപ്പോള്‍ പതിനെട്ട് വിഭവങ്ങള്‍ വരെ കാണും.

ഓണ സദ്യ കഴിഞ്ഞാല്‍ എല്ലാവരും പലതരം വിനോദങ്ങളിലേര്‍പ്പെടുന്നു. ബലമുള്ള വള്ളികള്‍ പിരിച്ചെടുത്തുണ്ടാക്കിയ ഊഞ്ഞാലില്‍ ഓലമടല്‍ ചെത്തിയുണ്ടാക്കിയ പടിയിലിരുന്നുകൊണ്ട് ഉയരത്തിലേക്കൊരു ഊഞ്ഞാലാട്ടം, ഓലപ്പന്തുകൊണ്ടുണ്ടാക്കിയ തലപ്പന്തുകളി, ഓലകൊണ്ട് കാറ്റാടി പിടിച്ച് വേഗത്തില്‍ ഓടുക, കുട്ടീം കോലും കളി, തുമ്പി തുള്ളല്‍, കൈകൊട്ടിക്കളി, പട്ടം പറത്തല്‍ തുടങ്ങി അനേകം കളികള്‍. കേരളത്തില്‍ ജലാശയങ്ങള്‍ ധാരാളമുണ്ടായിരുന്നതുകൊണ്ട് ഓണക്കാലത്ത് ജലോത്സവങ്ങളും നീന്തല്‍ മത്സരങ്ങളും നടന്നിരുന്നു. ആറന്മുള വള്ളം കളിയും വള്ളസദ്യയുമൊക്കെ ഇന്നും നടക്കുന്നു. നല്ലൊരു വിളവു കിട്ടിയതിന്റെ ആഹ്ലാദ പ്രകടനമായിരുന്നു ഓണം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം വിളിച്ചോതുന്ന ഒരാഘോഷം തന്നെയായിരുന്നു ഓണം.

പൂക്കളത്തിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാനറിയാതെ എന്റെ ഉള്ളില്‍ ഒരു നൊമ്പരം എവിടന്നോ കടന്നു വന്നു. രാവിലെ പൂക്കളം ഇടാന്‍ പോരുമ്പോള്‍, ഞാന്‍ താലോലിച്ച് വളര്‍ത്തിയ ചെടികളില്‍നിന്നും ശേഖരിച്ച തുമ്പക്കുടങ്ങളും മുക്കൂറ്റിയും തുളസിക്കതിരുകളും കയ്യില്‍ കരുതിയിരുന്നു. ഗതകാല സ്മരണയ്ക്കായി നമ്മുടെ പൈതൃകത്തിന്റെ പ്രതീകമായി ഇവയ്ക്ക് എവിടെയെങ്കിലും ഒരു ഇടം നല്‍കണമെന്ന് ഞാന്‍ സൂചിപ്പിക്കുകയും ചെയ്തു. ഒടുവില്‍, ചാരുതയാര്‍ന്ന പൂക്കളo തീര്‍ന്നപ്പോള്‍ എന്റെ പൊതി മാത്രം ഒരു മൂലയ്ക്ക് അനാഥമായിക്കിടന്നിരുന്നു. ഞാന്‍ തന്നെ മുന്‍കൈയെടുത്ത് നിലവിളക്കിനുചുറ്റും അവയ്ക്കൊരു സ്ഥാനം കണ്ടുപിടിച്ചു. വൈകുന്നേരം നോക്കിയപ്പോള്‍ നിലവിളക്കുമില്ല എന്റെ പാവം പൂക്കളുമില്ല. നിലവിളക്ക് മാറ്റിയപ്പോള്‍ അവരും സ്ഥാനഭ്രഷ്ടരായി. ആ സംഭവം എന്തുകൊണ്ടോ എവിടെയോ വെറുതെ ഒരു നൊമ്പരമായി ഇടയ്ക്കിടെ ഇന്നും എന്നെ നുള്ളി നോവിക്കുന്നു.

ഇന്ന്‍ ഒക്ടോബര്‍ ഒന്ന്. വയോജനദിനം. ഞാനും സ്ഥാനഭ്രഷ്ടയായ  ഒരു (വന്ദ്യ) വയോധിക!

PERPLEXED

(Write up to highlight the prompt word perplexed)

In general, I  enjoy advertisements.   One  advertisement  amused me every time I watched it.  One day,  a  girl  and her boy friend   are having a good time  sitting in her room. Suddenly, her father knocks at the door and enters.  No doubt, she is confused and  perplexed. Some how , the boy friend  manages  to hide behind the door.  Daughter shows   a  brand new     mobile to her father and he is impressed by the  umpteen number of new features  it has   and is  very much  excited  over its  low e price  and happily  leaves the room.

My grand son has the typical red and black  helmet usually worn by the cyclists. Very often, I see the helmet left on the verandah of my house and his cycle will be missing.  On one such  occasion, his father took away the helmet and walked home.   After a while,  my grandson returned jovially and started searching for the helmet.  He  sensed that he was going to be  caught red handed for  duping.  He was totally  perplexed  and did not dare to face his father.

In life, we can see small children lying  and  we elders    should avoid scolding or  beating them for that. Instead, narrate stories to them at bed time and try to  inculcate good habits.  Remember, children are watchful and they try to imitate elders. Hence, we too have to be careful.